കിളിമഞ്ചാരോ... ലോകത്ത് ഒറ്റയ്ക്കു നിൽക്കുന്ന പർവതങ്ങളിൽ ഏറ്റവും ഉയരമുള്ളത്, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി, പർവതാരോഹകരുടെ സ്വപ്നമായ സെവൻ സമ്മിറ്റ്സിൽ ഒന്ന്. സംഗീതംപോലെ മധുരതരമാണ് പേരെങ്കിലും അടുക്കുമ്പോഴെ അതിന്റെ കാഠിന്യം മനസ്സിലാകൂ. നടന്നു തീർക്കേണ്ട വഴിത്താരയുടെ ദൈർഘ്യം നോക്കിയാൽ എവറസ്റ്റിനോളം വരില്ലെങ്കിലും ലോകത്ത് ഏറ്റവും കഠിനമായ മലകയറ്റങ്ങളിലൊന്നായിട്ടാണ് ഈ ടാൻസാനിയൻ കൊടുമുടിയെ കണക്കാക്കുന്നത്. എന്നാൽ അടങ്ങാത്ത അഭിനിവേശവും സ്ഥിരോത്സാഹവും കൈമുതലാക്കുന്ന ആരെയും മൗണ്ട് കിളിമഞ്ചാരോ നിരാശപ്പെടുത്തില്ല എന്നാണ് തിരുവല്ല സ്വദേശി സീന മജ്നുവിന്റെ അഭിപ്രായം. സഞ്ചാരങ്ങളെയും കൊടുമുടികളെയും ഇഷ്ടപ്പെടുന്ന, എവറസ്റ്റ് ബെയ്സ് ക്യാംപ് ട്രെക്ക് ഉൾപ്പടെ ഒട്ടേറെ ട്രെക്കിങ്ങുകൾ പൂർത്തിയാക്കിയിട്ടുള്ള സീന തന്റെ കിളിമഞ്ചാരോ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
ആഫ്രിക്കയുടെ മേൽക്കുര
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ യഥാർഥത്തിൽ നിർജീവമായിത്തീർന്ന അഗ്നി പർവ്വതമാണ്. സമുദ്ര നിരപ്പിൽനിന്നു 19341 അടി ഉയരമുള്ള ഈ പർവതത്തെ ആഫ്രിക്കയുടെെ മേൽക്കുര എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കിളിമഞ്ചാരോയുടെ മുകളിലേക്ക് കയറാൻ ഏഴ് വഴികളുണ്ട്. അതിൽ ഏതെങ്കിലും ഒരു വഴി എന്റെ മുൻപിൽ തുറക്കപ്പെടും എന്ന വിശ്വാസത്തിലാണ് സോളോ ക്ലൈംബിങ് എന്ന ആഗ്രഹവുമായി വീട്ടിൽ നിന്ന് പുറപ്പെടുന്നത്. കൊച്ചി, മുംബൈ വഴി ഫ്ലൈറ്റിൽ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ ആഡിസ് അബാബയിലേക്ക്. അവിടെ നിന്നാണ് ടാൻസാനിയയിലെ കിളിമഞ്ചാരോ എയർപോർട്ടിലേക്ക് പറന്നത്.
മൂന്ന് വോൾകനോ കോണുകൾ ചേർന്ന കിളിമഞ്ചാരോ മനുഷ്യന്റെ ഓർമയിൽ പൊട്ടിത്തെറിച്ചിട്ടില്ല. എന്നാൽ അതിന്റെ പർവതത്തിന്റെ രാസ, ജിയോളജിക്കൽ സ്വഭാവങ്ങളിൽ നിന്ന് ഏകദേശം രണ്ട് ലക്ഷം വർഷം മുൻപ് വരെ സജീവമായിരുന്നു ഇവിടത്തെ അഗ്നിപർവതങ്ങൾ എന്നു വ്യക്തം. ഈ കൊടുമുടിയുടെ മുകൾ ഭാഗം മഞ്ഞ്മൂടിയതും ഹിമാനികൾ ഉള്ളതുമാണ്. എന്നാൽ ആഗോള കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രതിഫലനമെന്നോണം ദ്രുതഗതിയിൽ അവയെല്ലാം ഉരുകിമാറുകയാണ്. 19ാം നൂറ്റാണ്ടിന്റെ അവസാനം 20 ചതുരശ്ര കിലോമീറ്ററായിരുന്നു കിളിമഞ്ചാരോയിലെ മഞ്ഞ് എങ്കിൽ ഇപ്പോഴത് കഷ്ടിച്ച് രണ്ട് ചതുരശ്ര കിലോമീറ്റർമാത്രമേയുള്ളു.
കിളിമഞ്ചാരോയുടെ മുകളിലേക്ക് നടക്കാൻ ഏഴു വഴികളാണ് ഉള്ളത്. അതിൽ ലേമോഷോ വഴിയുള്ള ക്ലൈംബിങ്ങാണ് തിരഞ്ഞെടുത്തത്. പർവതത്തിന്റെ പടിഞ്ഞാറു വശത്തുകൂടിയാണ് ഈ റൂട്ടിൽ നടന്നു കയറുന്നത്.
വീട്ടിൽ നിന്ന് പുറപ്പെട്ട് രണ്ടാം ദിവസം ഉച്ചയ്ക്കു ശേഷമാണ് ബെയ്സ് ക്യാംപിനു സമീപമുള്ള നഗരത്തിലെത്തിയത്. ട്രെക്കിങ്ങിന് ആവശ്യമായ ഏതാനും സാധാനങ്ങൾകൂടി വാങ്ങിയശേഷം വിശ്രമിക്കാൻ ശ്രമിച്ചു. എന്നാൽ കിളിമഞ്ചാരോയുടെ മുകളറ്റത്തോളം എത്തിയ ആവേശം ഓരോ നിമിഷവും എന്നെ അക്ഷമയാക്കി.
ഒന്നാം ദിവസം
താമസ സ്ഥലത്തു നിന്നു രാവിലെ വാഹനത്തിൽ ട്രെക്കിങ് തുടങ്ങുന്ന ലെമോഷോ ഗേറ്റിൽ എത്തി. ഗൈഡിനെക്കൂടാതെ രണ്ട് പോർട്ടർമാരും ഭക്ഷണം പാകം ചെയ്യാൻ പാചകക്കാരനും കൂടി ചേർന്നതായിരുന്നു ടീം. ലോകത്തെ വലിയ കൊടുമുടികളിലൊന്നിന്റെ മുകളിലേക്കുള്ള ആദ്യചുവടുകളെന്ന ആദരവോടെ, എന്നാൽ ആകാശമേലാപ്പോളം ഉയരത്തിലേക്ക് എന്ന ഭയപ്പാടൊന്നുമില്ലാതെ ലെമോഷോ ഗേറ്റിനുള്ളിലേക്ക് കടന്നു.
ലെമോഷോ പാതയുടെ ഏറ്റവും വലിയ സവിശേഷത കിളിമഞ്ചാരോയുടെ മുകളിലേക്കുള്ള ഏറ്റവും മനോഹരമായ വഴി എന്നതാണ്. ആദ്യ ദിവസത്തെ നടത്തം പൂർണമായും മഴക്കാടുകളിലൂടെ ആയിരുന്നു. 6890 അടി ഉയരത്തിൽ നിന്ന് 9498 അടിയിലേക്ക് നടന്നു കയറാൻ ഏകദേശം നാല് മണിക്കൂറോളം വേണ്ടിയിരുന്നു.
മഴക്കാടിനുള്ളിൽ MTI MKUBWA ക്യാമ്പിലാണ് ആദ്യദിവസം അന്തിയുറങ്ങുന്നത്. ഫോറസ്റ്റ് ക്യാംപ് എന്നും ഇതിനു പേരുണ്ട്. ഇവിടം മുതൽ ടെന്റ് വാസം മാത്രമേയുള്ളു.
രണ്ടാം ദിവസം
അടുത്ത ദിവസം ഉന്മേഷത്തോടെ ഊർജസ്വലമായി എഴുന്നേൽക്കണമെല്ലോ എന്നോർത്ത് രാത്രി ടെന്റിനുള്ളിൽ വിശ്രമിച്ചു. പർവതങ്ങളുടെ മടിത്തട്ടിൽ കിടന്നുറങ്ങുന്നത് പലപ്പോഴും ഒട്ടേറെ ആശങ്കകൾ ഒളിപ്പിച്ച് പിടിച്ചാകും, എന്നാൽ ട്രെക്കിങ്ങുകൾക്ക് ശേഷം ഓർത്തെടുക്കുമ്പോൾ ഏറ്റവും സുഖകരമായ വിശ്രമവേളകൾ ഇത്തരം നിദ്രകളായിരിക്കുമെന്നാണ് തോന്നിയിട്ടുള്ളത്. രണ്ടാം ദിവസം പുലർച്ചെ തണുത്ത കരങ്ങൾ നീട്ടിയാണ് കിളിമഞ്ചാരോ വിളിച്ചുണർത്തിയത്. പെട്ടന്നു തയാറായി ട്രെക്കിങ്ങിനു തുടങ്ങുമ്പോൾ ഗൈഡ് പറഞ്ഞു, ഇനി നടക്കുന്നത് ‘പോലെ പോലെ’ ആകണമെന്ന്. സ്വാഹിലി ഭാഷയിൽ പോലെ പോലെ എന്നു പറഞ്ഞാൽ പതിയെ പതിയെ എന്നർഥം. പിന്നീടങ്ങോട്ട് ഗൈഡ് എന്നോട് ഏറ്റവുമധികം ആവർത്തിച്ചതും ഈ പദം തന്നെ.
രണ്ടാം ദിവസവും വലിയ വൃക്ഷങ്ങളും പച്ചപ്പും നിറഞ്ഞ മഴക്കാടുകളിലൂടെ ആയിരുന്നു ഏറെയും നടന്നത്. ഫോറസ്റ്റ് ക്യാംപിൽ നിന്ന് ഷിറ 1 ക്യാംപിലേക്കാണ് നടത്തം. ആറ് കിലോമീറ്റർ മാത്രമേ ഈ ക്യാംപുകൾക്ക് ഇടയിലുള്ളു എങ്കിലും ആറ് മണിക്കൂർ എടുത്തേ ഈ വഴി താണ്ടാൻ സാധിക്കൂ. അത്ര കഠിനമാണ് ഈ ഭാഗം.
മരങ്ങൾ നിറഞ്ഞ കാടുകളിലൂടെയും നീളുമുള്ള പുല്ല് നിറഞ്ഞ പുൽമേടും കാട്ടരുവികളുമൊക്കെയുള്ള വഴിത്താര കണ്ണുകൾക്ക് വിരുന്നായിരുന്നു.
മൂന്നാം ദിനം
ഷിറ ഒന്നിൽ മൂന്നാം ദിവസം പുലർച്ചെ ഉറക്കമുണർത്തിയത് ശീതക്കാറ്റായിരുന്നു. ഒക്ടോബർ മാസം കിളിമഞ്ചാരോയിലെ കാലാവസ്ഥ പൊതുവെ മോശമാണത്രേ. ഗൈഡിന്റെ പോലെ പോലെ മന്ത്രം പാലിച്ചുള്ള നടപ്പിൽ 14 കിലോമീറ്ററോളമാണ് താണ്ടിയത്. മൊട്ടക്കുന്നുകളും കുറ്റിക്കാടുകളും നിറഞ്ഞ, വരണ്ട ആഫ്രിക്കൻ മൂർ ലാൻഡ് എന്നറിയപ്പെടുന്ന ഭൂപ്രകൃതിയിലൂടെയായിരുന്നു നടപ്പ്. 13800 അടി ഉയരത്തിൽ ഷിറ രണ്ട് എന്ന ക്യാംപിലായിരുന്നു ആ രാത്രി തങ്ങിയത്.
നാലാം ദിനം
ഉണങ്ങി വരണ്ട പാറപ്പുറത്തുകൂടി, മരുഭൂമിയുമായി സാമ്യപ്പെടുത്താവുന്ന ഭൂപ്രകൃതിയിലൂടെ ഏഴ് കിലോമീറ്റർ താണ്ടിക്കടക്കേണ്ട ദിവസവമാണ് നാലാം ദിനം, എന്നാൽ 13800 അടി ഉയരത്തിൽ തുടങ്ങി, 15100 അടിയിൽ എത്തിയിട്ട് താഴോട്ട് ഇറങ്ങുകയാണ് ചെയ്യുന്നത്.
പ്രഭാതഭക്ഷണത്തിനു ശേഷം ചെങ്കുത്തായ കയറ്റങ്ങൾ കയറാൻ തുടങ്ങി. മണിക്കൂറുകൾക്ക് ശേഷം. കാലങ്ങൾക്കു മുൻപുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ രൂപപ്പെട്ട കറുത്തിരുണ്ട കൂറ്റൻ ലാവ ടവറും കടന്ന് താഴേക്ക് ഇറങ്ങി. 13000 അടിയിലായിരുന്നു അന്നത്തെ ക്യാംപിങ് സൈറ്റായ ബരാങ്കോ. സമ്മിറ്റ് പോയിന്റായ ഉഹുറു പീക്ക്സിന്റെ ഉയരവുമായി ട്രെക്കേഴ്സിന് അക്ലൈമറ്റൈസേഷൻ ഉണ്ടാകാനും കൂടിസഹായിക്കുന്നതാണ് ഈ ദിവസത്തെ കയറ്റവും ഇറക്കവുമെന്ന് ഗൈഡ് പ്രത്യേകം പറഞ്ഞു.
അഞ്ചാം ദിനം
മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ട്രെക്കിങ് സമയം ഈ ദിവസങ്ങളിൽ കുറവാണ്. എന്നാൽ കടന്നുപോകുന്ന പാത ഏറെ ദുർഘടവും സാഹസികവുമാണ്. മാത്രമല്ല, ഈ ദിവസങ്ങൾ ഉയരമേറിയ പ്രദേശങ്ങളോടും അവിടത്തെ കാലാവസ്ഥയോടും പൊരുത്തപ്പെടാൻ സഹായിക്കുക എന്നതും ഈ ദിവസങ്ങളിലെ ലക്ഷ്യങ്ങളിലൊന്നാണ്.
രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ഗൈഡ് അഞ്ചാം ദിവസത്തെ ട്രെക്കിങ്ങിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും സാഹസികത ഈ ദിവസമായിരുന്നു. മതിൽപോലെ കുത്തനെ നിൽക്കുന്ന കിസിങ് റോക്ക് എന്ന പാറയെ കെട്ടിപ്പിടിച്ച് ഉമ്മവച്ചെന്നോണം മറുവശത്തേക്ക് നടക്കണം. അവിടെത്തുമ്പോൾ തൊട്ടുതാഴെ അഗാധമായ ഗർത്തം. കരാങ്ഗെ ക്യാംപിലാണ് അന്നു താമസം.
ആറാം ദിനം
ക്യാമ്പിൽ നിന്നു രാവിലത്തെ ഭക്ഷണം കഴിഞ്ഞ് ട്രെക്കിങ് ആരംഭിച്ചു ഓക്സിജന്റെ അളവ് കുറഞ്ഞു, കൂടാതെ കൊടും തണുപ്പ്, അതിശക്തമായ കാറ്റ്. ഇതെല്ലാം മറികടന്ന് 15300 അടി ഉയരത്തിലുള്ള ബറാഫു ക്യാമ്പിൽ എത്തിച്ചേർന്നു. ഇവിടെ ആണ് കിളിമഞ്ചാരോ ബേസ് ക്യാമ്പ്. ഇവിടെ നിന്ന് രാത്രി 12 മണിക്ക് ആണ് സമ്മിറ്റ് ലക്ഷ്യമാക്കിയുള്ള യാത്ര. അതിനാൽ വൈകുന്നേരം 6 മണിയോടെ അത്താഴം കഴിച്ച്, 8 മണിക്ക് ഉറങ്ങാൻ കിടന്നു.
ഏഴാം ദിനം
രാത്രി 11 ന് എഴുന്നേറ്റു ചായ കുടിച്ചു. വസ്ത്രങ്ങൾ അഞ്ച് ലയർ ധരിച്ചു റെഡി ആയി രാത്രി 12 മണിയോടുകൂടി ആഫ്രിക്കയുടെ മേൽക്കൂര ആയ ഉഹുറു പീക്ക് ലക്ഷ്യം വെച്ച് നടന്നു തുടങ്ങി. കൂരിരുട്ട്, കൊടും കാറ്റ്, കൊടും തണുപ്പ് ഓക്സിജന്റ കുറവ് വെല്ലുവിളികൾ ഏറെ... തലയിലുറപ്പിച്ച ഹെഡ് ടോർച്ചിന്റെ ചെറിയ പ്രകാശത്തിൽ ആണ് നടന്നത്. കയ്യും കാലും ഉപയോഗിച്ച് വേണം പർവതത്തിന്റെ ഈ ഭാഗങ്ങൾ താണ്ടാൻ, തൊട്ട് സമീപം അഗാധമായ ഗർത്തം, ദാഹശമനത്തിന് കയ്യിലെടുത്ത വെള്ളം ഉറച്ചു കട്ട പിടിച്ചു. എന്നാൽ മനസ്സിലെ പോരാട്ടവീര്യം, എന്തും നേരിടാനുള്ള ആത്മധൈര്യം ഉറഞ്ഞുപോകാതെ സ്വയം ജ്വലിപ്പിച്ചു നിർത്തി. അൽപദൂരം നടന്നപ്പോഴേക്ക് ചുറ്റും മഞ്ഞ് നിറഞ്ഞ പ്രദേശമായി, രണ്ട് ഹിമാനികളുടെ ഇടയിലൂടെയാണ് കടന്നുപോയത്. നടന്നും ഇരുന്നും ഇഴഞ്ഞും കയറ്റങ്ങൾ കയറി. കുറേ സമയങ്ങൾക്കു ശേഷം മാനത്ത് ഉദയസൂര്യന്റെ വരവറിയിച്ച് പ്രകാശത്തിന്റെ കണികകൾ നിരന്നു. ഒടുവിൽ ഏഴുമണിയോടെ കിളിമഞ്ചാരോയുടെ ഉച്ചിയിൽ, ഉഹുറു പീക്കിൽ തൊട്ടു. പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു സന്തോഷം.. സമ്മിറ്റ് പോയിന്റിൽ നിന്നു നോക്കുമ്പോൾ ചുറ്റും ഐസ് മലകൾ 15 മിനിറ്റ് അവിടെ ചിലവഴിച്ചു. ഇന്ത്യയുടെ പതാക ഉയർത്തി ചിത്രങ്ങൾ പകർത്തി.
ഇനി തിരിച്ചിറക്കം കുത്തനെ ആയിരുന്നു താഴേക്കുള്ള ഇറക്കം. വീണ്ടും ബറാഫു ക്യാമ്പിൽ എത്തി. അൽപം വിശ്രമം, ഉച്ചഭക്ഷണം. അതിനുശേഷം കിളിമഞ്ചാരോയിൽ നിന്നുള്ള മടക്കയാത്ര ആരംഭിച്ചു. കയറിയ വഴിയല്ല ഇറങ്ങുന്നത്. ബറാഫുവിൽ നിന്ന് 12 കിലോമീറ്ററോളം താഴേക്ക് മ്വേക ക്യാംപ് ലക്ഷ്യമാക്കി നടന്നു. ഏഴു മണിക്കൂർ
എടുത്തു ക്യാംപിൽ എത്താൻ. കാടിനു നടുവിലാണ് ക്യാംപ് സൈറ്റ്. കഴിഞ്ഞ രാത്രിയുടെ രണ്ടാം പകുതിയിൽ തുടങ്ങിയ ദിവസം അവസാനിക്കുമ്പോൾ മനസ്സിൽ ഉഹുറു പീക്കിനോളം ഉയരത്തിൽ ആഹ്ലാദം ഉയർന്നിരുന്നു.
എട്ടാം ദിനം
കിളിമഞ്ചാരോയിലെ അവസാനത്തെ ദിനമാണ്. 13 കിലോമീറ്റർ കുത്തനെ ഇറക്കമിറങ്ങി മോഷിയിലെത്തി. ഔദ്യോഗികമായ അംഗീകാരമെന്ന നിലയ്ക്ക് കിളിമഞ്ചാരോ സമ്മിറ്റ് സർട്ടിഫിക്കറ്റ് കൈപ്പറ്റി. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഏറ്റവും ഉയരത്തിലുള്ള പോയിന്റിൽ എത്തിയിട്ട് മടങ്ങുന്നു എന്ന് എനിക്ക്് ഇനി വിശ്വസിക്കാം. സ്വാഹിലി ഭാഷയിൽ ഉഹുറു എന്നാൽ സ്വാതന്ത്ര്യം എന്നാണ്. അതേ, കിളിമഞ്ചാരോയുടെ ഉയരത്തെ കീഴടക്കനാകുമോ എന്ന ആശങ്കകളിൽ നിന്നൊക്കെ ഞാൻ സ്വതന്ത്രമായി. ഒപ്പം കഴിഞ്ഞ ഒരാഴ്ചക്കാലം എല്ലാ വിഷമഘട്ടത്തിലും എന്നെ ചേർത്തു നിർത്തിയ കിളിമഞ്ചാരോയുടെ സ്നേഹത്തിന്റെ ചുമലിലേറിയാണ് താഴേക്ക് നടന്നത്.