Tuesday 14 February 2023 04:06 PM IST

‘ശങ്കരൻകോവിലിൽ എല്ലാ ശിവരാത്രിയ്ക്കും മഴ പെയ്യും, അതൊരു അദ്ഭുതമാണ്’: 18 ഭാവങ്ങളിൽ കുടികൊള്ളുന്ന ശങ്കരന്റെ തിരുനടയിൽ

V R Jyothish

Chief Sub Editor

shankara1 ഫൊട്ടോ: രാജൻ എം തോമസ്

എന്നിട്ടും കാറ്റിന് കലി തീരാത്തതുപോലെ. കുംഭച്ചൂടിൽ ഉരുകിക്കിടന്ന ശങ്കരൻകോവിലിനു മുകളിൽ പെയ്യാനോങ്ങിനിന്ന മഴമേഘങ്ങളെ ആ കാറ്റ് തട്ടിയെടുത്തു. കാറ്റിന്റെ ശക്തിയിൽ രാജഗോപുരത്തിന്റെ ഓരങ്ങളിൽ നിന്നു പ്രാവുകൾ പറന്നുയർന്നു.

ഒഴിഞ്ഞുപോയ മഴമേഘങ്ങളെ നോക്കി കനകാംബാൾ പറഞ്ഞു;‘ശിവരാത്രി വരേക്കും തീരും കാറ്റേ നിന്നുടയാ കള്ളത്തര വിളയാട്ടം....’

േകാവിലിനു മുമ്പിൽ ആൾരൂപങ്ങൾ വിൽക്കാനിരിക്കുന്ന കനകാംബാൾ അങ്ങനെ പറയാൻ കാരണമുണ്ട്. ശങ്കരൻകോവിലിൽ എല്ലാ ശിവരാത്രിക്കും  മഴ പെയ്യും. അതൊരു അദ്ഭുതമാണ്. ഇതുപോലെ ഒളിപ്പിച്ചു വച്ച ഒരുപാടു അദ്ഭുതങ്ങളുണ്ട് ഇവിടെ, ഈ ശങ്കരന്റെ തിരു നടയിൽ. തിരുനെൽവേലി ജില്ലയിൽ ചെങ്കോട്ട നിന്ന് അമ്പതു കിലോമീറ്റർ അകലെയാണ് ശങ്കരൻകോവിൽ. പുളിയങ്കുടിയിൽ നിന്ന് പതിനഞ്ചു കിലോമീറ്റർ ദൂരം. താലൂക്കിന്റെയും മുനിസിപ്പാലിറ്റിയുെടയും സ്ഥലത്തിന്റെയും ക്ഷേത്രത്തിന്റെയുമെല്ലാം പേര് ഒന്നുതന്നെ; ശങ്കരൻകോവിൽ. ശിവചൈതന്യം തുടിക്കുന്നതാണ് ഇവിടുത്തെ തൂണുകൾ പോലും. ബ്രഹ്മാവിനോടു പോലും ക്ഷമിക്കാനാകാത്ത കാലഭൈരവനും, നാദശരീരനായ നടരാജനും വിഷ്ണുവിനോടു േചർന്നിരിക്കുന്ന ശങ്കരനാരായണനും പാർവ തിപ്രിയനും ഗംഗാധരനും അങ്ങനെ എത്രയോ ഭാവങ്ങൾ....

ഈ ശിവഭാവങ്ങൾ കാണാൻ പുറത്ത് നിന്നെത്തുന്ന ഭക്തരിൽ കൂടുതലും മലയാളികൾ. രാത്രിയിലും പകലുമായി ഏഴുകാല പൂജ, മലയാളികളുടേതിനു തുല്യമായ ഉത്സവങ്ങൾ, ആയിരത്തെട്ടു വിളക്കുകൾ തെളിയുന്ന ശിവരാത്രി, കാറ്റാടിയന്ത്രങ്ങൾക്കിടയിലെ പൂപ്പാടങ്ങൾ, നെൽവയലുകൾ... മലയാളിയെ സംബന്ധിച്ച് ഗൃഹാതുരമായ ഓർമ പോലെയാകുന്നു ശങ്കരൻകോവിലിലേക്കുള്ള യാത്രകളും.

കിലോമീറ്ററുകൾക്ക് അപ്പുറത്തു നിന്നേ രാജഗോപുരം കാണാം. െനൽവയലുകൾക്കും കാറ്റാടിപ്പാടങ്ങൾക്കും നടുവിൽ പഴമയുെട ഭംഗി അറിയിച്ചുകൊണ്ട് ഒറ്റനിറമുള്ള രാജഗോപുരം. ഒറ്റനിറത്തിൽ ഒമ്പതു നിലകളോടു കൂടിയ രാജഗോപുരത്തിന് 125 അടി ഉയരമുണ്ട്. കരിങ്കല്ലിൽ തീർത്ത രാജഗോപുരത്തിന്റെ ലാവണ്യം അദ്ഭുതപ്പെടുത്തുന്നതാണ്. പ്രകൃതിയുടെ ചൈതന്യം പോലെ ശിവസാന്നിധ്യം. കൃഷിയെ ഉപജീവനമാക്കിയ ഇവിടുത്തെ ജനതയ്ക്ക് പ്രകൃതിക്ഷോഭങ്ങളെ എന്നും പേടിയായിരുന്നു. അതുകൊണ്ട് അവർ ശങ്കര സന്നിധിയിൽ പ്രകൃതിവിഭവങ്ങൾ തന്നെ കാണിക്ക വച്ചു. ആടുമാടുകൾ, കോഴി, ഏത്തക്കുല അങ്ങനെ കാണിക്കയായി എത്തുന്ന വിഭവങ്ങൾ ഏറെ.

‘എല്ലാം ശങ്കരൻ. ശങ്കരനല്ലാതെ ഞങ്ങൾക്ക് മറ്റൊന്നുമില്ല.’ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററായ വീരമണിയുടെ വാക്കുകൾ. രാജഗോപുരത്തിനു ചുവടെ നൂറ്റാണ്ടുകൾ പടി കടന്നുവന്ന ശങ്കരന്റെ അപദാനങ്ങൾ എഴുതിയ ശില്പങ്ങൾ. ഓരോ ശില്പവും ഓരോ കഥയാണ്. ജീവന്റെ തുടിപ്പുകളുള്ള വിശ്വാസമാണ്.

ഒറ്റനിറമുള്ള ഗോപുരം

പതിനൊന്നാം നൂറ്റാണ്ടാണ് ശങ്കരൻകോവിലിന്റെ നിർമാണ കാലമായി പറയുന്നത്. അന്ന് ഈ പ്രദേശം ഉഗ്രപാണ്ഡ്യ മഹാരാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു. ഇന്ന് ക്ഷേത്രമിരിക്കുന്ന ഇടങ്ങൾ അന്ന് പുന്നമരക്കാടായിരുന്നു. പുന്നയ്ക്ക േശഖരിക്കാൻ പോയ മണിക്കിരുവർ എന്നയാൾ കാടിനുള്ളിൽ ഒരു ചിതൽപ്പുറ്റ് കാണുകയും ആ ചിതൽപ്പുറ്റിൽ ൈദവസാന്നിധ്യം അറിയുകയും ആ വിവരം ഉഗ്രപാണ്ഡ്യ മഹാരാജാവിനെ അറിയിക്കുകയും െചയ്തു. ഉഗ്രപാണ്ഡ്യ മഹാരാജാവ് മന്ത്രിയുെട സഹായത്തോെട ആ ചിതൽപ്പുറ്റ് പൊളിച്ചു. അതിനകത്ത് വിശേഷപ്പെട്ട ശിവലിംഗമുണ്ടായിരുന്നു. ആ ശിവലിംഗ പ്രതിഷ്ഠയാണ് ഇപ്പോഴും ശങ്കരൻകോവിലിൽ ഉള്ളത്. നൂറ്റാണ്ടുകൾ കടന്നുവന്ന പുന്നമരങ്ങൾ ക്ഷേത്രപരിസരങ്ങളിൽ ഇപ്പോഴുമുണ്ട് മണിക്കിരുവരുടെ ഓർമ്മയ്ക്കായി. മാത്രമല്ല ക്ഷേത്രത്തിലെ സ്ഥലവൃക്ഷം പുന്നമരമാണ്.

ഉഗ്രപാണ്ഡ്യ മഹാരാജാവ് ഈ ക്ഷേത്രം നിർമിച്ചതിന് മറ്റൊരു കാരണം കൂടിയുണ്ട്. മധുര മീനാക്ഷിക്ഷേത്രത്തിലേക്കായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം അമ്പലയാത്രകൾ. ഒരുപാടു ദിവസം നീണ്ടുനിൽക്കുന്ന, ദുർഘടമായ വഴികളിലൂടെയുള്ള യാത്ര അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. എന്നാൽ ൈദവവിശ്വാസിയായ ഉഗ്രപാണ്ഡ്യന് ക്ഷേത്രദർശനം ഒഴിച്ചുകൂടാനാകാത്തതായിരുന്നു. അങ്ങനെ മധുരയിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും കൂടിയാണ് ഉഗ്രപാണ്ഡ്യൻ ശങ്കരൻകോവിൽ നിർമിച്ചതെന്ന് കഥകൾ. അതിന് അദ്ദേഹത്തിന് ഉമാപതിശിവം എന്ന ഉപദേശകന്റെ സഹായവും ലഭിച്ചിരുന്നു.

ശങ്കരൻകോവിലിൽ ഇന്നും മരുന്ന് പ്രസാദമായി നൽകുന്നുണ്ട്. മരുന്ന് പ്രസാദമായതിന് ഒരു ഐതിഹ്യമുണ്ട്. ചിതൽപ്പുറ്റിൽ നിന്നു ലഭിച്ച വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം പണിതപ്പോൾ സംഭവിച്ച മറ്റൊരു അദ്ഭുതം ശിവലിംഗത്തിന്റെ ആകൃതിയിൽ വീണ്ടും വീണ്ടും പുറ്റുകൾ ഉണ്ടായിക്കൊണ്ടിരുന്നു എന്നതാണ്. പൊടിഞ്ഞു വീഴുന്ന ചിതൽപ്പുറ്റായിരുന്നു ക്ഷേത്രത്തിൽ നിന്നു പ്രസാദമായി കൊടുത്തിരുന്നത്. പിന്നീട് ചിതൽപ്പുറ്റിന്റെ തന്നെ ആകൃതിയിൽ മണ്ണു കൊണ്ട് ശിവലിംഗമുണ്ടാക്കി. മൺപുറ്റിന്റെ ആകൃതിയിൽ തന്നെയുള്ള വിശേഷപ്പെട്ട ഒരു ശിവലിംഗവും ശങ്കരൻകോവിലിൽ ഇപ്പോഴുണ്ട്. ചിതൽപ്പുറ്റിൽ നിന്നു പിറവിയെടുത്ത വാല്മീകിെയ ഓർമ്മിപ്പിച്ചുകൊണ്ട് ഈ ശിവന് ഒരു പേരു കൂടിയുണ്ട്, വാല്മീക നാഥൻ.
ശൈവവൈഷ്ണവ സംഘങ്ങളുടെ സംഘർഷങ്ങൾ പുരാതന ചരിത്രത്തിൽ ഏറെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ശിവാംശത്തെയും ൈവഷ്ണവാംശത്തെയും ഒന്നിപ്പിക്കുന്ന ശങ്കരനാരായണ പ്രതിഷ്ഠയുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഒരേ വിഗ്രഹത്തിന്റെ പകുതി ശിവനും പകുതി വിഷ്ണുവുമാണ്. വിഗ്രഹങ്ങൾക്ക് രണ്ടുതരം ചാർ‌ത്തും അലങ്കാരവുമാണ്. പൂജയിൽ ൈശവ ൈവഷ്ണവ മന്ത്രങ്ങൾ ഒരുപോലെ ഉൾപ്പെടുത്തിയിരിക്കുന്നു. സ്വർണ്ണ കൊടിമരമുണ്ട്. പഞ്ചലോഹങ്ങളിലുള്ള കൊടിമരങ്ങൾ വേറെയുമുണ്ട്. എന്നാൽ ഒരു ഗോപുരം ഒഴികെ എല്ലായിടത്തും കൊടിമരങ്ങൾക്ക് ശരാശരി ഉയരം മാത്രമേയുള്ളു. രാജഗോപുരത്തിന്റെ തലയെടുപ്പിന് അലങ്കാരമാകുന്നുണ്ട് ഈ കൊടിമരങ്ങൾ. മാത്രമല്ല ഓരോ വിശേഷദിവസങ്ങൾക്കും കൊടിയേറ്റുമുണ്ട്.

രാജഗോപുരത്തിന് തൊട്ടടുത്ത് ഒരു കൂവളമരമുണ്ട്. ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുണ്ടാകും ആ കൂവളത്തിനെന്ന് പഴമക്കാർ പറയുന്നു. ഓരോ കെട്ടിട നിർമ്മാണത്തിനും ശിഖരങ്ങൾ വെട്ടി ഇപ്പോൾ ഏറെ ശോഷിച്ചുപോയി ആ കൂവളം. എങ്കിലും ശങ്കരന്റെ പൂജയ്ക്ക് ഇവിടുത്തെ കൂവളത്തില നിർബന്ധമാണ്.

മുപ്പത്തിയഞ്ചു വർഷമായി ഭഗവാന്റെ തിരുനടയിലുണ്ട് അഴകപ്പൻ. മുഖ്യക്ഷേത്രപാലകനായി ജോലിയിൽ നിന്നു വി രമിച്ചു. എങ്കിലും ശങ്കരസവിധത്തിൽ നിന്നു വിട്ടുപോകാൻ മനസ്സ് അനുവദിച്ചില്ല. അങ്ങനെ ദിവസക്കൂലിക്ക് വീണ്ടും ജോലി ചെയ്യുന്നു. ക്ഷേത്രത്തിലെത്തുന്ന നൂറുകണക്കിന് മ ലയാളികൾക്ക് വഴികാട്ടിയുമാണ് അദ്ദേഹം. അഴകപ്പന്റെ ഭാര്യ മലയാളിയാണ്, കൊട്ടാരക്കരക്കാരി. മക്കളെ കല്യാണം കഴിച്ചതും മലയാളികൾ. തമിഴും മലയാളവും ഒരുപോലെ വ ഴങ്ങും അഴകപ്പന്. ‘എല്ലാം ഭഗവാന്റെ കൃപ. അഴകപ്പൻ ഒരു നിമിഷം ൈകകൂപ്പി കണ്ണുകൾ അടച്ചു. ശങ്കരസന്നിധിയിൽ നിന്നു മണിനാദം.

shankara4

ശങ്കര സന്നിധിയിലെ രാത്രികൾ

മറ്റു ക്ഷേത്രങ്ങളിലെന്നതുപോലെ ശങ്കരൻകോവിലിലും രാത്രി ദീപങ്ങളുടെ ഉത്സവമാണ്. ശിവരാത്രി പ്രത്യേകിച്ചും. അന്ന് അമ്പലം ഉറങ്ങാതിരിക്കും. ശിവരാത്രി ദിവസം പ്രത്യേകമായി ആയിരത്തിയെട്ടു ദീപങ്ങൾ െതളിക്കും. ഈ ദീപങ്ങളാണ് ശിവരാത്രിയെ ഉറക്കമില്ലാതാക്കുന്നത്. അന്ന് നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ശിവരാത്രി വിളക്കു കാണാൻ ആൾക്കാരെത്തും. ആയിരത്തിെയട്ടു ദീപങ്ങളും പുലർച്ചേ വരെ െകടാതിരിക്കും. ‘ക്ഷേത്രാത്സവം മറ്റു മാസങ്ങളിലാെണങ്കിലും ശിവരാത്രിയുെട അത്രയും ദീപപ്രഭ മറ്റൊരു ഉത്സവത്തിനും ഉണ്ടാകാറില്ല ഇവിടെ.’ സരസ്വതി ഒരുനിമിഷം ൈകയുയർത്തി. കഴിഞ്ഞ നാൽപതു വർഷമായി അവർ ശിവരാത്രിക്കു ശങ്കര ഭഗവാന്റെ നടയിലെത്തി ഉറക്കമൊഴിയുന്നു.
സൂര്യൻ ശിവനെ നമസ്കരിക്കുന്നതു കാണണമെങ്കിൽ ശങ്കരൻ കോവിലിലേക്കു വന്നാൽ മതി. വർഷത്തിൽ ആറു ദിവസം കോവിലിലെ എല്ലാ ദീപങ്ങളും അണയ്ക്കും. ആ ദിവസങ്ങളിൽ സൂര്യന്റെ രശ്മികൾ ഒരു നേർരേഖയിൽ എന്നതുപോലെ സഞ്ചരിച്ച് മൂലപ്രതിഷ്ഠയുെട നെറുകയിൽ പതിക്കും. മാർച്ച് 21,22,23 തീയതികളിലും െസപ്റ്റംബർ 21,22,23 തീയതികളിലുമാണ് ശങ്കരൻ കോവിലിൽ ഈ അദ്ഭുതം നടക്കുന്നത്.

തങ്കത്തേരും വെളളിത്തേരും തടി മാത്രം കൊണ്ടുള്ള തേരുകളും ക്ഷേത്രത്തിന്റെ ഒരു ഭാഗത്തായി ഒതുക്കി നിർത്തിയിട്ടുണ്ട്. ഇതിൽ ഉത്സവദിവസങ്ങളിൽ മാത്രമാണ് എല്ലാ തേരുകളും നടപ്പന്തലിലേക്കു ഉരുളുന്നതും േദവീദേവന്മാരെ വലംവയ്ക്കുന്നതും. മറ്റു ദിവസങ്ങളിൽ തങ്കത്തേര് എഴുന്നള്ളിപ്പു നടത്താറുണ്ട്. അതു ഭക്തരുെട നേർച്ചയുെട അടിസ്ഥാനത്തിൽ മാത്രം.

ശനിയാഴ്ചകളിൽ പൊതുവെ തിരക്കു കൂടുതലാണ്. ശിവസന്നിധിയിൽ കന്യകമാരുടെ തിക്കും തിരക്കും അന്നുണ്ടാകും. ചൊവ്വാദോഷമുള്ള െപൺകുട്ടികളാണ് കൂടുതലും വരുന്നത്. നല്ല വരന്മാരെ ലഭിക്കാൻ, കല്യാണം മംഗളമായി നടക്കാൻ, പെൺകുട്ടികളും മാതാപിതാക്കളും മനസുരുക്കി പ്രാർഥിക്കുന്നതു കാണാം. ശിവനു തുല്യം പ്രാധാന്യമുണ്ട് ഇവിടെ പാർവതിക്കും. ഗോമതി അമ്മാളാണ് ഇവിടെ പാർവതി. പാർവതിയുടെ തിരുനടയിൽ സ്ത്രീജനങ്ങളാണു കൂടുതലും. ശിവനോടു ചേരുന്ന ശക്തിയായി ആ സ്ത്രീകൾ അവരവരെത്തന്നെ സങ്കൽപിക്കുന്നു. പാർവതി നടയിൽ ഏറ്റവും പ്രാധാന്യം ശ്രീചക്രസ്ഥാനത്തിനാണ്. ക്ഷേത്രത്തിന്റെ മൂലസ്ഥാനമെന്നു കരുതുന്നതാണ് ഈ ശ്രീചക്രം.

shankara2

സ്ത്രീകൾക്കു മാത്രമേ ഈ ശ്രീചക്രത്തിനു മുകളിൽ ഇരിക്കാനുള്ള അനുവാദമുള്ളു. വിവാഹം നടക്കാനും കുഞ്ഞുങ്ങൾ ഉണ്ടാകാനും രോഗം മാറാനും കുടുംബത്തിന്റെ േദാഷങ്ങൾ അകലാനും സ്ത്രീകൾ ശ്രീചക്രത്തിനു മുകളിൽ ഭജനമിരിക്കുന്നു. വ്രതമെടുത്താണ് ശ്രീചക്രത്തിലിരിക്കാൻ ഭക്തർ എത്തുന്നത്. ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദം മാത്രമേ വ്രതമുള്ള ദിവസങ്ങളിൽ കഴിക്കാൻ പാടുള്ളു. ക്ഷേത്രപരിസരം വിട്ട് പുറത്തുപോകാനും പാടില്ല. വ്രതത്തിന്റെ കാഠിന്യം അനുസരിച്ച് ഫലം കൂടുമെന്ന് അനുഭവസ്ഥർ.  
ഇടതുകൈയിൽ സർപ്പവാഹകനായ ഗണപതി പ്രതിഷ്ഠയുണ്ട് ശങ്കരൻകോവിലിൽ. ഇത് അപൂർവമാണ്. ഇവിടുത്തെ പൂജാവിധികളും പ്രത്യേകതകൾ ഉള്ളതാണ്. ഞായാറാഴ്ചകളിൽ രാഹുകാല സമയമായ ൈവകുന്നേരം 4.30 മുതൽ 6 മണി വരെയാണ് ഇവിെട പ്രധാന പൂജകൾ നടക്കുന്നത്. അ ദ്ഭുതഫലങ്ങളാണ് ഈ പൂജയിൽ പങ്കെടുക്കുന്നവർക്കു കിട്ടുന്നതെന്ന് അനുഭവസ്ഥർ പറയുന്നു.

ശങ്കരസവിധത്തിൽ നിന്ന് മൂന്നു പ്രസാദങ്ങളാണു ഭക്തർക്കു കൊടുക്കുന്നത്. ശിവക്ഷേത്രങ്ങളിൽ സാധാരണയുള്ളതുപോലെ ഭസ്മവും കുങ്കുമവുമാണ് രണ്ടെണ്ണം. മൂന്നാമത്തേത് മരുന്നാണ്. ചിതൽപ്പുറ്റിൽ നിന്ന് ഉണ്ടാക്കിയെടുക്കുന്ന അപൂർവയിനം മരുന്നാണ് ഇത്. ത്വക് രോഗങ്ങൾക്ക് ഫലപ്രദമെന്നാണ് ഭക്തരുടെ വിശ്വാസം. പ്രകൃതിവിഭവങ്ങൾ പോലെതന്നെ മധുരപ്രിയനുമാണ് ശങ്കര ഭഗവാൻ. ശങ്കരൻകോവിലിലെ ലഡു ഏറെ പ്രിയപ്പെട്ടതാണ് ഭക്ഷണപ്രേമികൾക്ക്. ഭഗവാന്റെ പ്രസാദമായ ഈ ലഡുവിന്റെ പ്രത്യേകത അതിന്റെ വലിപ്പമാണ്. സാധാരണ ലഡുവിൽ നിന്ന് മൂന്നിരട്ടിയോളം വലുപ്പമുണ്ട് ഇതിന്. ഈന്തപ്പഴവും ഉണക്കമുന്തിരിയും അരച്ചുചേർത്ത ല‍ഡുവിന്റെ രുചി ഒന്നുവേറെ തന്നെ. ഒരൊറ്റ ലഡു മതി ഒരു ദിവസത്തെ വിശപ്പ് മാറ്റാൻ.’ ക്ഷേത്രത്തിെല ലഡു കച്ചവടക്കാരനും രാഷ്ട്രീയ നേതാവുമായ അറുമുഖൻ ചിരിക്കുന്നു.

പുഞ്ചിരിക്കുന്ന തൊട്ടിലുകൾ

ശിവചൈതന്യം നിറഞ്ഞു നിൽക്കുന്ന ശങ്കരൻ കോവിലിൽ മുരുകനും ഗണപതിക്കും ഏറെ പ്രാധാന്യമുണ്ട്. പളനിയിലേതു പോലെ തല മുണ്ഡനം ചെയ്യാൻ ഇവിടെ ഏറെപ്പേർ എത്താറുണ്ട്. െവള്ളി, ഞായർ ദിവസങ്ങളിലാണ് ഈ ചടങ്ങുകൾ നടക്കുന്നത്. തല മൊട്ടയടിച്ച് ചന്ദനം പൂശി ഹരഹരോ ഹര.... ശി വ ശിവ... മന്ത്രങ്ങൾ ഉരുവിട്ട് ഭക്തർ ക്ഷേത്രം വലം വയ്ക്കുന്നു. ഒരു നിമിഷം പളനിയിലാണോ എന്നു തോന്നിപ്പോയി ആ രംഗങ്ങൾ കണ്ടപ്പോൾ.

മറ്റിടങ്ങളിലെപ്പോലെ നാഗപൂജയും തൊട്ടിലെടുപ്പും സ്വർണ്ണത്താലിയും െവള്ളിത്താലിയും ഇവിടെയുണ്ട്. രാജഗോപുരത്തിന് തെക്കുവശത്തായി പരന്നു കിടക്കുകയാണ് ഈ ഉപദേവതാസ്ഥാനങ്ങൾ. മരം െകാണ്ടുള്ള കുഞ്ഞുതൊട്ടിലുകൾ കുന്നുകൂടി കിടക്കുകയാണ് ഇവിടെ. അനപത്യതാദുഃഖം അനുഭവിച്ചിരുന്ന ദമ്പതികളാണ് ശങ്കര ഭഗവാന് കുഞ്ഞുതൊട്ടിലുകൾ നേരുന്നത്. ഓരോ തൊട്ടിലും ഓരോ കുഞ്ഞു ചിരിക്കായുള്ള പ്രാർഥനയാണ്.

shankara3

പൂക്കൾ, പലതരം പൂക്കൾ

കോവിലിനു വടക്കാണ് പ്രശസ്തമായ ശങ്കരൻകോവിൽ പൂച്ചന്ത. ഓരോ സമയത്തും ഓരോ നിറമാണ് ഈ ചന്തയ്ക്ക്. ചിലപ്പോൾ പിച്ചിയുെടയും മുല്ലയുടെയും തൂവെള്ള നിറം. ജമന്തിപ്പൂക്കളുടെ നിറച്ചാർത്താകും ചിലപ്പോൾ. മറ്റു ചിലപ്പോൾ സൂര്യകാന്തിപ്പാടങ്ങളെപ്പോലെ സ്വർണ്ണം വാരി വിതറും. അരളിയും െതച്ചിയും തുളസിയും തുമ്പയും ഇടവിട്ടിടവിട്ട് കാണാം. പുലർച്ചേ തുടങ്ങുന്ന ചന്ത ഉച്ചയ്ക്ക് പൂവാടും നേരം വരെ നീണ്ടുപോകും. ശങ്കരസവിധത്തിലെത്തി തിരിച്ചുപോകുന്ന പൂവ് പവിത്രമായി കണക്കാക്കുന്നു. വീടുകളിൽ നിന്നാണ് പൂവ് കൊണ്ടുവരുന്നത്. തലേന്നു രാത്രിയോടെ വ്രതശുദ്ധിയോടെയാണ് പൂവ് നുള്ളുന്നത്. വാഴപ്പോളകൾ നിരത്തിവച്ച് അതിൽ പൂവുകൾ സൂക്ഷിക്കുന്നു. പിറ്റേന്ന് രാവിലെ തന്നെ പൂവ് ചന്തയിൽ എത്തിക്കുന്നു.

പൂചന്തയിൽ നേരിട്ടുള്ള പണമിടപാടില്ല. സഹകരണസംഘങ്ങൾ വഴിയാണ് ൈപസ കൊടുക്കുന്നത്. സ്ഥിരമായി പൂ കൃഷിയുള്ളവർക്ക് കാർഡ് കൊടുത്തിട്ടുണ്ട്. അതിൽ അളവ് രേഖപ്പെടുത്തും. േശഖരിക്കപ്പെടുന്ന പൂക്കൾ അപ്പോൾ തന്നെ അതിർത്തി വിടും. കേരളമാണ് ഏറ്റവും വലിയ വിപണി. ശങ്കരൻകോവിലിലെ പൂക്കൾ രാവിലെ പതിനൊന്നുമണിയോടെ െകാല്ലം, കായംകുളം, മാവേലിക്കര, കരുനാഗപ്പള്ളി ആറ്റിങ്ങൽ ഭാഗങ്ങളിലെത്തും. അവിടെ നിന്ന് മറ്റിടങ്ങളിലേക്ക്.

‘പതിറ്റാണ്ടുകളായി ഇവിടെ പൂക്കച്ചവടം നടക്കുന്നു. ഇത് ശങ്കരന്റെ കൺവെട്ടത്തിൽ പൂക്കുന്നതാണ്. അതുകൊണ്ടുതന്നെ ശങ്കരന്റെ പ്രസാദമാണ് ഈ പൂക്കൾ...’ ഇരുപത്തിയഞ്ചു വർഷത്തിലേറെയായി പൂവ് അളന്നെടുക്കുന്ന വെള്ളൈദുരെ പറയുന്നു. ഒപ്പമുള്ള ഗണേശനും ഇരുപതു വർഷത്തിലേറെയായി പൂവ് അളന്നെടുക്കുന്ന ആളാണ്. സീസൺ അനുസരിച്ചാണ് ലാഭവും നഷ്ടവുമുണ്ടാകുന്നത്. ചില സമയങ്ങളിൽ പിച്ചിപ്പൂവിന് കിലോ ആയിരം രൂപ വരെ വില വരും. ചിലപ്പോ ൾ തീരെ കുറയും. എങ്കിലും പൂക്കൾ കുറയാറില്ല. െവള്ളം കിട്ടുന്നതിന് അനുസരിച്ച് കൃഷി നന്നായി നടക്കും.’ ഗണേശൻ പറയുന്നു.

ദിവസവും നൂറുപേർക്ക് അന്നദാനമുണ്ട് ഇവിടെ. ആയിരക്കണക്കിന് ആൾക്കാർ വരുന്നിടത്ത് നൂറുപേർക്ക് അന്നമൂട്ടുന്നത് എങ്ങനെ? അതാണ് ശങ്കരൻകോവിലിന്റെ പ്രത്യേകത. ഏറ്റവും അത്യാവശ്യക്കാരായ ൈകയിൽ ഒരു ഊണിനുള്ള പണമില്ലാത്ത നൂറു പേരെ കഴിക്കാൻ വരൂ. അതും ഉച്ചയ്ക്ക് ഒരു മണിക്കൂർ മാത്രം. ക്ഷേത്രത്തിനു ചുറ്റും അനേകം ചുമർചിത്രങ്ങളുണ്ട്. ശ്രീരം ഗനാഥന്റെ ചുമർചിത്രം കൂട്ടത്തിൽ അദ്ഭുതം ഉണ്ടാക്കുന്നതാണ്. നമ്മൾ ഏതു വശത്തു നിന്നു നോക്കിയാലും ശ്രീരംഗനാഥന്റെ കണ്ണുകൾ നമ്മളെത്തന്നെ നോക്കിക്കൊണ്ടിരിക്കും. ചുമർചിത്രകലയിലെ അദ്ഭുതമായാണ് ഈ ചിത്രത്തെ കണക്കാക്കുന്നത്.

ആകാശത്ത് പച്ചപനംതത്തകൾ വില്ലുകൾ തീർത്തു. അവിടെയവിടെയായി പറന്നിറങ്ങുന്ന മയിൽക്കൂട്ടങ്ങൾ. ശങ്കരൻ കോവിലിൽ വീണ്ടും കാറ്റടിക്കുന്നു. ശിവഭാവങ്ങൾക്കിടയിൽ കനകാംബാൾ പറഞ്ഞതുേനരാണ്; എത്രയോ അദ്ഭുതങ്ങൾ ഒളിപ്പിച്ചിരിക്കുന്നു ശങ്കരൻ കോവിൽ. അതിലൊന്നാണ് ശിവരാത്രിക്കായി കാത്തിരിക്കുന്ന ആ മഴയും...

shankara5

മാവ് വിളക്കുകൾ

ആചാരമാണോ ആഹാരമാണോ എന്നു ചോദിച്ചാൽ ക്ഷേത്രം അധികൃതർക്കു പോലും സംശയമാകും. അതാണ് മാവ് വിളക്കിന്റെ പ്രത്യേകത. അതെന്തായാലും മറ്റൊരു ക്ഷേത്രത്തിലും ഇതുപോലൊരു വിളക്ക് ഉണ്ടാകുമെന്നു തോന്നുന്നില്ല. അത്രയ്ക്കും പ്രത്യേകതകൾ ഉണ്ട് ഈ മാവ് വിളക്കിന്.

അരിമാവ് കട്ടിക്കു കുഴച്ച് ഒരു വിളക്കിന്റെ രൂപം ഉണ്ടാക്കിയെടുക്കുന്നതാണ് മാവ് വിളക്ക് ഉണ്ടാക്കാനുള്ള ആദ്യ ചുവട്. മിക്കവാറും നിലവിളക്കിന്റെ തട്ടം പോലെയാണ് അരിമാവ് കുഴച്ച് ഉണ്ടാക്കിയെടുക്കുന്നത്. അരിമാവ് കുഴയ്ക്കുമ്പോൾ അൽപ്പം മധുരം തളിക്കാറുണ്ട് ചിലർ. വാഴയിലയിൽ അരിമാവ് നിലവിളക്കു പോലെ ഉണ്ടാക്കിവച്ച ആ വിളക്കു രൂപത്തിൽ നെയ്യ് ഒഴിക്കുന്നു. നെയ്യിൽ തിരിയിട്ടു കത്തിക്കുന്നു. ഒരു തിരി കത്തി തീരുന്നതുവരെ െനയ്യ് ഒഴിക്കുന്നു. തിരി കത്തി തീർന്നാൽ ആ അരിമാവ് നല്ലൊരു പലഹാരമാകുന്നു. ശങ്കരസവിധത്തിലെ ദിവ്യമായ പ്രസാദമായാണ് മാവ് വിളക്കിനെ കണക്കാക്കുന്നത്. ക്ഷേത്രനടപ്പന്തലുകളി ൽ മാവ് വിളക്ക് കത്തിക്കുന്ന ധാരാളം സ്ത്രീകളെ കണ്ടു. എങ്ങും മുഴങ്ങുന്ന പ്രാർഥനകൾ. ശങ്കരാ.. ശിവശങ്കരാ.

shankara6

How to reach

തിരുനെൽവേലി ജില്ലയിലാണ് ശങ്കരൻകോവിൽ. െചങ്കോട്ട മധുര റൂട്ടിൽ പുളിയങ്കുടിയിൽ നിന്ന് ശങ്കരൻകോവിലിലേക്ക് റോഡ് തിരിയും. പതിനഞ്ചു കിലോമീറ്റർ ദൂരം. ശങ്കരൻ  കോവിൽ റെയിൽവേസ്റ്റേഷനുണ്ട്. കേരളത്തിൽ നിന്ന് ഇപ്പോൾ നേരിട്ട് ട്രെയിനുകൾ ഇല്ല.

മധുരയിൽ നിന്ന് ശങ്കരൻ കോവിലിലേക്ക് തീവണ്ടി സർവീസ് ഉണ്ട്.  തെക്കൻ കേരളത്തിൽ നിന്നു പോകുന്നവർക്ക്  കൊല്ലം, ചെങ്കോട്ട, പുളിയാങ്കുടി വഴി ശങ്കരൻ കോവിൽ പോകുന്നതാണ് എളുപ്പം.  ചെങ്കോട്ട നിന്ന് ശങ്കരൻ കോവിലിലേക്ക് നേരിട്ട് ബസ് സർവീസ് ഉണ്ട്. മധുരയാണ് തൊട്ടടുത്ത വിമാനത്താവളം. ശങ്കരൻകോവിൽ മുൻസിപ്പാലിറ്റിയാണ്. താമസസൗകര്യമുണ്ട്. േദവസ്വം വക കുറഞ്ഞ ചെലവിൽ ഗസ്റ്റ് ഹൗസ് ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് 04636 222265