തിരുവില്വാമല, നിളയുടെ കരവലയത്തിൽ മയങ്ങി കിടക്കുന്ന ഗ്രാമം. മലനിരകളും വൃക്ഷലതാദികളും വയലേലകളും പച്ചയുടുപ്പിച്ച ഭംഗിയാർന്ന ഭൂഭാഗം. പുഴയുടെ മറുകരയിൽ മഹാകവി കുഞ്ചൻ നമ്പ്യാരുടെ കിള്ളിക്കുറിശ്ശിമംഗലം തറവാട്. തിരുവില്വാമലയാകട്ടെ ഗദ്യകുഞ്ചനായ വി. കെ. എന്നിന്റെയും മദ്ദളമേളത്തിൽ പ്രശസ്തനായ തിരുവില്വാമല വെങ്കിച്ചൻ സ്വാമിയുടെയും നാട്. മലയാണ്മയുടെ മഹാകവി പി. കുഞ്ഞിരാമൻ നായർ രണ്ടാം ജന്മനാടായി സ്വീകരിച്ച നാട്. എല്ലാത്തിലുമുപരി ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിന്റെ പേരും പെരുമയും പുണ്യവും കൊണ്ട് പ്രശസ്തമായ നാട്...

ഗുഹയിലെ സ്വർണവില്വം
എറണാകുളത്ത് നിന്ന് പുറപ്പെട്ട് കുതിരാൻ തുരങ്കം താണ്ടി വാണിയമ്പാറയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ്, എളനാട് വഴി തിരുവില്വാമല എത്തി. വില്വാദ്രിനാഥ ക്ഷേത്രഗോപുരത്തിനു മുൻപിലെ പടർന്നു പന്തലിച്ചുനിൽക്കുന്ന ആൽമരത്തണലിലൂടെ പടവുകൾ കയറി. വലതു വശത്ത് സരസ്വതീകുണ്ഡ്. അവിടെ കല്ലുകൾ പെറുക്കിവച്ചു കശ്യപമഹർഷിയുടെ പുത്രനെ തീർഥാടകർ ആരാധിക്കുന്നു.

കേരളത്തിലെ പുരാതന ശ്രീരാമ - ലക്ഷ്മണ ക്ഷേത്രങ്ങളിലൊന്നാണ് തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം. സ്വയംഭൂവായ രാമനെ പടിഞ്ഞാറെ നടയിലും ലക്ഷ്മണനെയും ഹനുമാനെയും കിഴക്കേ നടയിലും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണ് ലക്ഷ്മണ വിഗ്രഹമെന്നു വിശ്വാസം. ക്ഷേത്രത്തിനടിയിൽ ഒരു സ്വർണ വില്വം (കൂവളം) ഉണ്ടെന്നാണ് വിശ്വാസം. വില്വം അടിയിലുള്ള മല, വില്വമലയായി. ദേവസാന്നിധ്യത്തിന്റെ ഐതിഹ്യത്താൽ തിരുവില്വാമല എന്ന സ്ഥലപ്പേര് രൂപപ്പെട്ടു. സംസ്കൃതത്തിലാക്കിയപ്പോൾ അത് ശ്രീവില്വാദ്രിയുമായെന്നു കഥ.

കാനന പാതയിലൂടെ
ഗണപതി, ധർമശാസ്താവ്, മഹാദേൻ, പാർവതീദേവി, നാഗദൈവങ്ങൾ, ശ്രീഗുരുവായൂരപ്പൻ എന്നിവർ ക്ഷേത്രത്തിലെ ഉപദേവതമാർ. കല്ലു പാകിയ ക്ഷേത്രമുറ്റം പൗരാണികതയ്ക്കു സാക്ഷ്യം പറയുന്നു. മലമുകളിലെന്നോണം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമുറ്റത്ത് സദാ ശാന്തമായ അന്തരീക്ഷം, ഒപ്പം അങ്ങകലെയുള്ള ഭൂതൻമലയെ തഴുകിയെത്തുന്ന കുളിർകാറ്റും. ഭൂതൻമലയിലാണ് പുനർജനി ഗുഹ.
പുനർജനി ഗുഹയുടെ താഴത്തെ കവാടം ലക്ഷ്യമിട്ട് ക്ഷേത്രത്തിൽ നിന്നിറങ്ങി. പ്രദേശവാസിയായ അപ്പു പാനാരിയൽ ചേട്ടനെ വഴികാട്ടിയായി കൂടെകൂട്ടി. ക്ഷേത്രത്തിന് തെക്കുകിഴക്കുള്ള ഭൂതന്മലയിൽ മാനും മയിലും കുറുക്കനും കാട്ടുപന്നിയും കുരങ്ങുമൊക്കെ ഇറങ്ങാറുണ്ടായിരുന്നുവെന്ന് അപ്പുച്ചേട്ടൻ പറഞ്ഞു.

ബസ് സ്‌റ്റാൻഡ് കടന്ന് പാലക്കാട്ടേക്കുള്ള റോഡിലൂടെ രണ്ടു കിലോമീറ്റർ പോയാൽ ആൽത്തറ കാണാം. അവിടെ നിന്ന് ഇടത്തോട്ട് ഒരു കിലോമീറ്റർ ഫോറസ്റ്റ് ഏരിയയിലൂടെ നടന്നു കയറണം പുനർജനി ഗുഹയുടെ താഴത്തെകവാടത്തിലെത്താൻ. കാട്ടു പാതയിലൂടെ നടക്കുമ്പോൾ പക്ഷികളുടെ കൂജനവും ചീവിടുകളുടെ കരച്ചിലും മാത്രം. ഇടയ്ക്ക് അവ നിലയ്ക്കുമ്പോൾ കനത്ത നിശ്ശബ്ദത. വൃക്ഷങ്ങളുടെ ഇലച്ചാർത്തുകൾ ഇരുളിമ പരത്തി. കയറ്റം കയറിയ കിതപ്പോടെ ഗുഹാകവാടത്തിനു മുൻപിലെത്തി.
പുനർജനി ഉത്സവം
ഭൂതമലയും വില്വമലയും ചേരുന്നിടത്തുള്ള പാറക്കെട്ടിലാണ് പുനർജ്ജനി ഗുഹ. അഞ്ഞൂറടി നീളമുണ്ട് ഗുഹയ്ക്ക്. ക്ഷത്രിയരെ വധിച്ച പാപത്തിൽ നിന്ന് മോചനം കിട്ടാൻ പരശുരാമനും കൗരവരെ വധിച്ചതിന്റെ പാപമോചനത്തിനായി പഞ്ചപാണ്ഡവരും ഇവിടെ എത്തിയിട്ടുണ്ടെന്ന് ഐതിഹ്യം. പരശുരാമന്റെ അഭ്യർഥന മാനിച്ച് ദേവശിൽപിയായ വിശ്വകർമാവ് നിർമിച്ചതാണ് പുനർജനി ഗുഹ എന്നാണ് വിശ്വാസം. ഗുഹയുടെ ഉള്ളിൽ പലയിടത്തും വെള്ളമുണ്ട്. ഗണപതി തീർഥം, പാപനാശിനിതീർഥം, ശ്രീരാമ അമ്പുതീർഥം, കൊമ്പുതീർഥം എന്നിങ്ങനെയാണ് അവ അറിയപ്പെടുന്നത്.

വൃശ്ചികമാസത്തിലെ ഏകാദശി ദിവസം മാത്രമേ ഗുഹയ്ക്കുള്ളിലേക്ക് ആളുകൾ പ്രവേശിക്കാറുള്ളു. ഇത് പുനർജനി ഗുഹ നൂഴൽ ഉത്സവം എന്നാണറിയപ്പെടുന്നത്. നീളമേറിയ പ്രകൃതിദത്ത ഗുഹയിലൂടെ കുനിഞ്ഞു നടന്നും നിരങ്ങിയും വലിഞ്ഞു കേറിയും കമിഴ്ന്നു കിടന്ന് ഇഴഞ്ഞും മറു പുറത്തെത്തുമ്പോൾ സകല പാപങ്ങളും തീർന്ന പുനർജന്മമാണ് ലഭിക്കുന്നത് എന്നാണ് വിശ്വാസം. കഠിനവും സാഹസികവുമാണ് പുനർജനിഗുഹ നൂഴൽ.
വൃശ്ചികത്തിലെ ഏകാദശി ദിവസം പുലർച്ചെ മൂന്നരയ്ക്ക് വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്ന് വാദ്യഘോഷങ്ങളോടെ പൂജാരിയും സംഘവും പുനർജ്ജനിയിലെത്തും. ഗുഹാമുഖത്തെ പൂജകൾക്കു ശേഷം ഒരു നെല്ലിക്ക ഗുഹയിലേക്കിടും. ഗുഹയുടെ അങ്ങേ കവാടത്തിലൂടെ നെല്ലിക്ക പുറത്തേക്കു വരുന്ന കാഴ്ച അദ്ഭുതകരമാണ്. പുനർജ്ജനി നൂഴുന്ന ദിവസം മാത്രമേ ആളുകൾ തിരുവില്വാമലയിലെ കാടിനുള്ളിൽ കയറാറുള്ളൂ.
ഗുഹയിൽ നിന്നു പുറത്തിറങ്ങി മലമുകളിലൂടെ പടിഞ്ഞാട്ടു നടന്നാൽ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ലക്ഷ്മണസ്വാമി പ്രതിഷ്ഠയുടെ മുന്നിലെത്താം .
വി.കെ.എൻ. ചിരി
ചിരിയുടെ ആഴങ്ങൾ മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്തിയ സാക്ഷാൽ വി. കെ. എൻ. എന്ന വി. വടക്കേ കൂട്ടാല നാരായണൻകുട്ടി നായരുടെ തിരുവില്വാമലയിലെ ജന്മഗൃഹം തേടിയാണ് പിന്നെപ്പോയത്. ഭാരതപ്പുഴയുടെ സമീപത്തുള്ള ആ ഭവനം കാണിച്ചു തന്നത് വി. കെ. എന്നിന്റ അമ്മാവന്റെ മകളാണ്. തറവാട്ടിലേക്ക് കയറും മുൻപ് കേരള സാഹിത്യ അക്കാദമി നിർമിച്ച വി.കെ.എൻ. സ്മാരകമന്ദിരം കണ്ടു. വി. കെ. എൻ. നൽകിയ സ്ഥലത്താണ് അത് നിർമിച്ചിട്ടുള്ളത്.

നൂറുവർഷം പഴക്കമുണ്ട് വടക്കേകൂട്ടാല തറവാടിന്. വൃക്ഷലതാദികൾ നിറഞ്ഞ പുരയിടത്തിൽ തലയുയർത്തി നിൽക്കുന്ന ഇരുനിലമാളിക. കാലപ്പഴക്കം മൂലം ആൾത്താമസം ഒഴിവാക്കിയിരിക്കുകയാണ്. വി. കെ. എൻ. ജനിച്ചു വളർന്ന മണ്ണിൽ നിന്നപ്പോൾ മലയാളിയെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിരിയുടെ മർമരം കേൾക്കുന്നതു പോലെ തോന്നി.

വി. കെ എന്നിനു ലഭിച്ച അവാർഡുകളും അദ്ദേഹത്തിന്റെ കൃതികളും സ്മാരക മന്ദിരത്തിൽ കാണാം. വി. കെ. എൻ. ഡൽഹിയിൽ കൊണ്ടുപോയ ട്രങ്ക് പെട്ടിയും കസേരയും അവിടെയുണ്ട്. നർമം കൊണ്ടു പുതിയ സാഹിത്യ വിഭാഗം തീർത്ത കൃതികളൊക്കെ കുഞ്ചൻ നമ്പ്യാർകൃതികൾ പോലെ ജനകീയമാണ്. ഹാസ്യത്തിൽ മുക്കിയ, പരിഹാസമുനയുള്ള തൂലികയാൽ എഴുതിയ അവ സമൂഹത്തിലും അധികാരവർഗത്തിലുമുള്ള തെറ്റുകുറ്റങ്ങളിലേക്ക് വിരൽ ചൂണ്ടി പരിഹസിക്കുന്നുണ്ട്.
ഒരു കാലഘട്ടത്തിലുണ്ടായിരുന്ന സ്ഥലത്തെയും വ്യക്തികളെയും സംഭവങ്ങളെയും മറ്റൊരു സ്ഥലത്ത് അതിസൂക്ഷ്മമായി വി. കെ. എൻ പ്രതിഷ്ഠിക്കുന്നു – ഒരു വിദൂഷകനെപ്പോലെ. പല സ്വരങ്ങൾ കലരുന്ന, അർഥം വാക്കിനെ ഭേദിച്ചു പായുന്ന, വ്യാകരണ നിയമങ്ങൾ ലംഘിക്കപ്പെടുന്ന ഭാഷാക്രമമാണ് വി. കെ. എന്നിന്റെ നോവലുകളിൽ പലയിടത്തും കാണുക. 'വ്യാകരണല്ല, താളാണ് ഭാഷ്ടെ ജീവൻ' എന്ന് വി. കെ. എൻ. സൂചിപ്പിച്ചിട്ടുണ്ട്.
ഐതിഹ്യപ്പെരുമയിൽ ഐവർമഠം
ഐവർമഠമാണ് ഇനി ഒരു കാഴ്ച. പഞ്ചപാണ്ഡവർ പാപപ്രായശ്ചിത്തത്തിനായും പിതൃബലിതർപ്പണത്തിനായും എത്തിയ ഇടം എന്ന വിശ്വാസത്തിൽ ഇന്നും ഇവിടെ ശേഷക്രിയകളും പാപശമനക്രിയകളും നടക്കുന്നു, ശവദാഹവും. നിശബ്ദയായി ഒഴുകുന്ന നിളയുടെ തീരത്തു കുറെ നേരം നിന്നു. മറുകരയുടെ ഹരിതാഭയ്ക്കു മുകളിൽ വെൺ മേഘങ്ങൾ ചാമരം വീശി നിൽക്കുന്നു. സ്വച്ഛശാന്തമായ ഗ്രാമഭംഗി ആവോളം നുകർന്ന് പുഴയുടെ അക്കരെയിക്കരെ പറക്കുകയാണ് പക്ഷികൾ. മനസ്സിനു കുളിർമ തോന്നി. തിരുവില്വാമലയിലെ വൈവിധ്യമായ കാഴ്ചകൾ കണ്ട് മടങ്ങുമ്പോഴും അതിന്റെ ആർദ്രത മനസ്സിലുണ്ടായിരുന്നു..

How to Reach
തൃശൂർ ജില്ലയിൽ പാലക്കാട് അതി
ർത്തിയോട് ചേർന്നുള്ള ഗ്രാമമാണ് തിരുവില്വാമല. തൃശൂർ–പാലക്കാട് റൂട്ടിൽ വാണിയമ്പാറ വഴിയും (47കിലോമീറ്റർ) തൃശൂർ–വടക്കാഞ്ചേരി–ചേലക്കര വഴിയും (46 കിലോമീറ്റർ) ഇവിടെത്താം. ഒറ്റപ്പാലത്തു നിന്ന് 14 കിലോമീറ്ററും പാലക്കാട് നിന്ന് 32 കിലോമീറ്ററുമുണ്ട് തിരുവില്വാമലയ്ക്ക്