ADVERTISEMENT

അസമിലെ അഹോം രാജവംശത്തിന്റെ മൺ ശവകുടീരങ്ങൾ ഇനി ലോകപൈതൃകം. ന്യൂഡെൽഹിയിൽ നടന്നു വരുന്ന യുനെസ്കോ ലോകപൈതൃക കമ്മിറ്റിയുടെ 46 ാമത് സമ്മേളനത്തിലാണ് മറ്റ് 26 സൈറ്റുകൾക്കൊപ്പം

മെയ്ദാം എന്നും മൊയ്ദാം എന്നും അറിയപ്പെടുന്ന മൺശവകുടീരങ്ങളെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്ന വിവരം പ്രഖ്യാപിച്ചത്. ഈ വർഷം ഇന്ത്യയിൽ നിന്നുള്ള ഏക നോമിനേഷനായിരുന്നു മൊയ്ദാം.

ADVERTISEMENT

പതിമൂന്നാം നൂറ്റാണ്ടു മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെ അസം ഭരിച്ചിരുന്ന രാജവംശമാണ് അഹോം. മണ്ണുകൊണ്ട് തയാറാക്കുന്ന ശവകുടീരമാണ് അസമിലെ പിരമിഡ് എന്നു വിശേഷിപ്പിക്കാറുള്ള മൊയ്ദാം. കിഴക്കൻ അസമിലെ ചരായ്ദിയോയിൽ കണ്ടെടുത്തശവസംസ്കാര സ്ഥലമാണ് ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. അസമിൽ ആകെ കണ്ടെടുത്തിട്ടുള്ള 390 ഓളം മൺ ശവകുടീരങ്ങളിൽ 90 എണ്ണം ഇവിടെയാണ്.

moidamahomunesco2
Photos courtesy - sivasagar.assam.gov.in

ഒറ്റ നോട്ടത്തിൽ ഒരു മൺകൂനപോലെ തോന്നിപ്പിക്കുന്ന ശവകുടീരങ്ങളാണ് മെയ്ദാമുകൾ. മൃതദേഹം പ്രത്യേക രീതിയിൽ ഇരുത്തി അതിനുചുറ്റുമായി മണ്ണും ഇഷ്ടികയും ഉപയോഗിച്ചാണ് ഇവ ഒരുക്കുന്നത്. ഘടനാപരമായി മൂന്നു ഭാഗമാണ് ഇവയ്ക്കുള്ളത്. ഏറ്റവും അകത്ത് ഇഷ്ടിക പടുത്ത് നിർമിച്ച കല്ലറ, അതിനു മുകളിൽ അർധവൃത്താകൃതിയിൽ മണ്ണുകൊണ്ടുള്ള കൂന, അതിനെ വലയം ചെയ്ത് എട്ടുകോണുകളുള്ള മതിലും ഉണ്ടാകും. കല്ലറയ്ക്ക് മുൻപിലേക്ക് എത്തും വിധം കമാനാകൃതിയിലുള്ള വാതിലും മൊയ്ദാമിനു പതിവുണ്ട്. വാർഷികമായി ചടങ്ങുകൾ ആചരിച്ചിരുന്നത് ഇവിടെയാണ് എന്നു കണക്കാക്കുന്നു.

ADVERTISEMENT

അസമിലെ നിവാസികൾ പ്രകൃതിയുടെ ഭാഗമായ കുന്നുകളും കാടുകളും ജലവുമായി എത്രമാത്രം ലയിച്ചാണ് ജീവിച്ചിരുന്നത് എന്നുകാണിക്കുന്നതും ആ ജനതയുടെ പൗരാണിക സംസ്കൃതി തൊട്ടറിയാനുള്ള മാർഗവുമാണ് ഈ മൗണ്ട് ബറിയലുകൾ എന്നാണ് നോമിനേഷൻ വിലയിരുത്തിയ സമിതി മൊയ്ദാമിനെപ്പറ്റി അഭിപ്രായപ്പെട്ടത്.

ബുർകിനോ ഫാസോയിലെ റോയൽ കോർട് ഓഫ് ടിബിലി, ചൈനയിലെ ബീജിങ് സെൻട്രൽ‍ ആക്സിസ്, ജോർദാനിലെ ഉം അൽ–ജിമാൽ, ദക്ഷിണാഫ്രിക്കയിലെ നെൽസൺ മണ്ടേല ലെഗസി സൈറ്റ്സ്, ജപ്പാനിലെ സാദോ ദ്വീപ് ഗോൾഡ് ഐലൻഡ് തുടങ്ങിയവയാണ് പുതിയതായി ഇടംപിടിക്കുന്ന മറ്റു ചില സാംസ്കാരിക പൈതൃകങ്ങൾ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ യുനെസ്കോ സാംസ്കാരിക പൈതൃക സ്ഥലവും ഇന്ത്യയിലെ 35ാമത് സാംസ്കാരിക പൈതൃകവുമാണ്. അസമിലെ കാസിരംഗ നാഷനൽ പാർക്ക് അടക്കം 7 നാച്ചുറൽ സൈറ്റ്സും കാഞ്ചൻ ജംഗ നാഷനൽ പാർ‌ക്ക് എന്ന കൾച്ചറൽ–നാച്ചുറൽ മിക്സ്ഡ് സൈറ്റും ഉൾപ്പടെയാണ് രാജ്യത്ത് 43 യുനെസ്കോ ഹെറിറ്റേജ് സൈറ്റ് ഉള്ളത്.

ADVERTISEMENT
ADVERTISEMENT