ഇന്ത്യയുടെ നാൽപത്തിനാലാമത്തെ യുനെസ്കോ ലോകപൈതൃക സ്മാരകമായി ‘മറാത്ത മിലിറ്ററി ലാൻഡ്സ്കേപ്സ്’ തിരഞ്ഞെടുത്തിരിക്കുന്നു. പതിനേഴാം നൂറ്റാണ്ട് മുതൽ പത്തൊമ്പതാം നൂറ്റാണ്ട് വരെ പലപ്പോഴായി മറാത്ത ഭരണാധികാരികൾ നിർമിച്ചതും ആ സാമ്രാജ്യത്തിന്റെ ചരിത്രത്തിൽ നിർണായക പോരാട്ടങ്ങളിൽ സ്ഥാനം പിടിക്കുകയും ചെയ്ത ഒരു ഡസൻ കോട്ടകൾ ചേർന്നതാണ് മറാത്ത മിലിറ്ററി ലാൻഡ്സ്കേപ്സ്. പാരീസിൽ നടന്നു വരുന്ന വേൾഡ് ഹെറിറ്റേജ് സമിതിയുടെ 47ാമത് കൺവൻഷനിൽ വച്ചാണ് ഈ പ്രഖ്യാപനമുണ്ടായത്. ലോകപൈതൃക പട്ടികയിലേക്കുള്ള ഇന്ത്യയുടെ 2025ലെ ഔദ്യോഗിക നാമനിർദേശവും മറാത്തയിലെ ശക്തിദുർഗങ്ങളായിരുന്നു.

മഹാരാഷ്ട്രയിലെ 11 കോട്ടകളും തമിഴ്നാട്ടിലെ ഒരു കോട്ടയും ചേർന്നതാണ് മറാത്ത മിലിറ്ററി ലാൻഡ്സ്കേപ്സ്. തെക്കൻ മുംബൈയിൽ കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന ഖണ്ഡേരി ഫോർട്ട്, പൂനെയ്ക്കു സമീപമുള്ള മലയോര കോട്ടയായ ലോഹാഗഡ്, കോലാപുരിൽ നിന്ന് 20 കിലോമീറ്റർ മാറിയുള്ള പനാലാ കോട്ട, നാസിക്കിലെ സലേർ കോട്ട, ഛത്രപതി ശിവജിയുടെ ജന്മസ്ഥലം കൂടിയായി ആഘോഷിക്കുന്ന ജുനാറിലെ ശിവനേരി കോട്ട, റായ്ഗഡിലെ മഹാഡിലുള്ള റായ്ഗഡ് കോട്ട, മൺസൂൺ സഞ്ചാരങ്ങൾക്ക് പ്രശസ്തമായ പൂനെ രാജ്ഗഡ് കോട്ട, മഹാബലേശ്വറിനു സമീപമുള്ള പ്രതാപ് ഗഡ്, മുംബൈയ്ക്കും ഗോവയ്ക്കും ഇടയിലുള്ള ദ്വീപിൽ നിർമിച്ച സുവർണ ദുർഗ്, പടിഞ്ഞാറൻ തീരത്ത് ദേവ്ഡഗ് താലൂക്കിൽ കടലിനാൽ ചുറ്റപ്പെട്ട വിജയദുർഗ്, കൊങ്കൺ തീരത്ത് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന സിന്ധുദുർഗ് എന്നിവയാണ് മഹാരാഷ്ട്രയിലെ പതിനൊന്ന് കോട്ടകൾ.

ചെന്നൈയിൽ നിന്ന് 160 കിലോമീറ്റർ മാറി വില്ലുപുരം ജില്ലയിലാണ് പന്ത്രണ്ടാമത്തെ കോട്ടയായ ജിഞ്ജി ഫോർട്ട്. കിഴക്കിന്റെ ട്രോയ് എന്നും അറിയപ്പെട്ടിരുന്ന ഈ കോട്ട 12ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. പിന്നീട് പതിനേഴാം നൂറ്റാണ്ടിൽ ശിവജിയുടെ കീഴിലുള്ള മറാത്ത സാമ്രാജ്യം പിടിച്ചെടുക്കുകയായിരുന്നു. തമിഴിൽ സെഞ്ചിക്കൊട്ടൈ എന്നും അറിയപ്പെടുന്ന ജിഞ്ജിക്കോട്ട ബെംഗളൂരു–പുതുച്ചേരി റൂട്ടിൽ ദേശീയപാതയുടെ സമീപത്തുതന്നെയാണ്.

കടൽക്കോട്ടകളും മലയോരക്കോട്ടകളും നഗരത്തിലുള്ളവയും അടക്കം വിവിധ ഭൂപ്രകൃതികളും നിർമാണ കൗശലങ്ങളും തന്ത്രപ്രധാന ഇടങ്ങളും ഒത്തുചേർന്നവയാണ് ഈ പന്ത്രണ്ട് കോട്ടകൾ.