കണ്ണൂർ: ഇരവശവും പടർന്നു പന്തലിച്ച് നിൽക്കുന്ന പച്ചപ്പ്. മഴക്കാലത്തെ പൂർണമായി ഉൾക്കൊണ്ട് കുത്തിയൊഴുകുന്ന തേജസ്വിനി പുഴ. ഈ നദിയുടെ ഓളങ്ങളെ തോൽപിച്ച് മുന്നേറാൻ തയാറായി നിൽക്കുന്ന റാഫ്റ്റിങ് ടീം. സാഹസിക സഞ്ചാരികൾക്കും അല്ലാത്തവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന റാഫ്റ്റിങ്ങാണ് മൺസൂൺകാലത്ത് കണ്ണൂർ ചെറുപുഴയ്ക്ക് അടുത്ത് പുളിങ്ങോമിൽ നിന്ന് തുടങ്ങുന്നത്.

64 കിലോമീറ്റർ നീളത്തിലൊഴുകുന്ന തേജസ്വിനി നദിയുടെ 20കിലോമീറ്റർ ദൂരമാണ് റാഫ്റ്റിങ്ങിന് യോജിച്ചത്. പരിചയസമ്പന്നരായ റിവർ റാഫ്റ്റിങ് ടീമാണ് പരിപാടിയ്ക്ക് നേതൃത്വം നൽകുന്നത്. ഈ റിവർ റാഫ്റ്റിങ്ങിൽ ട്രാവൽ ഏജൻസികളുടെ ഭാഗമായും അല്ലാതെയും നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. 11 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് റാഫ്റ്റിങ്ങിൽ പങ്കെടുക്കാൻ അനുമതിയില്ല. ഋഷികേശിലും ഇന്ത്യയിലെ മറ്റിടങ്ങളിലും നടക്കുന്ന റിവർ റാഫ്റ്റിങ്ങിനോട് കിടപിടിക്കുന്നതാണ് ചെറുപുഴയിലെ റാഫ്റ്റിങ്ങും. ജൂൺ ഒന്നിന് തുടങ്ങിയ റാഫ്റ്റിങ് സെപ്റ്റംബറോടെ അവസാനിക്കും.

പല ഏജൻസികളും റിവർ റാഫ്റ്റിങ്ങിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. ശബന പൊന്നാടിന്റെ നേതൃത്വത്തിലുള്ള, സ്വയം യാത്രചെയ്യാൻ ബുദ്ധിമുട്ടുന്ന യാത്രാപ്രേമികളെ സഞ്ചാരത്തിനായി സഹായിക്കുന്ന കൂട്ടായ്മയായ ടീം സഫാരിയും ചെറുപുഴ റിവർ റാഫ്റ്റിങ്ങിൽ കോർഡിനേറ്റ് ചെയ്യുന്നുണ്ട്. ജൂലൈ 27ന് ഇവരുടെ ടീമിന്റെ ഭാഗമാകാൻ സാഹസികപ്രിയർക്ക് അവസരമുണ്ട്. 1600 രൂപയാണ് ഒരാൾക്ക് ഈടാക്കുന്ന നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് – കോ ഓഡിനേറ്റർ രതീഷ്– 9847005878