Monday 25 October 2021 04:07 PM IST : By Christy Rodriguez

ബോധഗയ, രാജ്ഗീർ, നളന്ദ... ബുദ്ധപാദങ്ങൾ പതിഞ്ഞ നാട്ടുവഴികളിലൂടെ

budha circuit nalanda0

രണ്ടു വർഷം മുൻപ് നടത്തിയ ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ ബൈക്ക് യാത്ര. ഇന്ത്യയുടെ കൽക്കരി നഗരമായ ധൻബാദിൽ എത്തിയിട്ട് മൂന്നു ദിവസമായി. ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴയ്ക്കും നവരാത്രി ആഘോഷത്തിന്റെ ആവേശത്തെ കെടുത്താനായില്ല. ധൻബാദ് കാഴ്ചകൾക്ക് അവധി നൽകി ബീഹാറിലേക്കു നീങ്ങി. ഒരു കാലത്ത് ലോകമെമ്പാടുമുള്ളവർ സഞ്ചരിക്കാൻ ആശിച്ചിരുന്ന യാത്രാവഴികളിലൂടെ പോകണം... ശ്രീബുദ്ധന്റെ പാദങ്ങൾ പതിഞ്ഞ നാട്ടുവഴികളിലൂടെ, അളവറ്റ വിജ്ഞാനത്തെ ഭേദചിന്തകളില്ലാതെ അന്വേഷിച്ചെത്തിയവർക്കു വിളമ്പിയ ലോകകലാശാലയിലൂടെ, ഇന്നത്തെ സഞ്ചാരികളുടെ ‘ബുദ്ധ സർക്യൂട്ടി’ലേക്ക്....

നാടോടിക്കഥകളിലെ ഗ്രാമം

സിദ്ധാർഥ രാജകുമാരന് ബോധോദയം ലഭിച്ച സ്ഥലം എന്നു വിശ്വസിക്കുന്ന ബോധഗയയിലാണ് ബുദ്ധ പഥത്തിൽ ആദ്യം എത്തിയത്. മനുഷ്യ കുലത്തിനു മുഴുവൻ ആശ്രയിക്കാവുന്ന ലളിതവും അർഥവത്തുമായ ജീവിത സിദ്ധാന്തം മുന്നോട്ടു വയ്ക്കാനുള്ള ഉൾവെളിച്ചം ‌തെളിയാൻ, ബുദ്ധനായി മാറാൻ സിദ്ധാർഥ രാജകുമാരനു തണലായ മഹാബോധി വൃക്ഷം നിസ്സംഗതയോടെ നിൽക്കുന്നത് ഇന്നും കാണാം. ചൈന, തായ്‌ലൻഡ്, മ്യാൻമർ, ലാവോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടക സഞ്ചാരികളെയാണ് അവിടെ കൂടുതലായി കണ്ടത്.

ബോധഗയയിൽ നിന്ന് 70 കിലോമീറ്റർ സഞ്ചരിക്കേണ്ടിയിരുന്നു രാജ്ഗീറിലേക്ക്. ബുദ്ധന്റെ ഒട്ടേറെ പ്രഭാഷണങ്ങൾക്കു വേദിയൊരുക്കിയ രാജഗൃഹം എന്ന നാടാണ് രാജ്ഗീർ എന്ന് ഇപ്പോൾ അറിയപ്പെടുന്നത്. ലോകത്ത് ആദ്യമായി ഒരു രാജ്യാന്തര ബുദ്ധമത സമ്മളനം നടന്നതും ഇവിടെയാണ്. ചൈനീസ് സഞ്ചാരിയായ ഹുയാങ് സാങ്ങിന്റെ കാലടികൾ പതിഞ്ഞ രാജ്ഗീർ സന്ദർശിക്കാൻ സാധിച്ചത് ഈ യാത്രയിലെ വലിയൊരു നേട്ടമായിരുന്നു.

budha circuit rajgir

ഉദ്ദേശം നാലു മണിയായി രാജ്ഗീറിൽ എത്തിയപ്പോൾ. വളരെ വർഷങ്ങൾ പിന്നോട്ടു സഞ്ചരിച്ച് നാടോടിക്കഥകളിലെ ഒരു നാട്ടിലെത്തിയ പ്രതീതിയാണ് രാജ്ഗീറിന്റെ ആദ്യ കാഴ്ചയിൽ അനുഭവപ്പെട്ടത്. വളരെ ഉയരം കൂടിയ, തിളങ്ങുന്ന നിറത്തിലുള്ള കുതിരവണ്ടികൾ സഞ്ചരിക്കുന്ന തെരുവീഥി കൗതുകമുണർത്തി. നളന്ദ വിശ്വവിദ്യാലയത്തിനു സമീപമുള്ള നഗരം എന്ന നിലയ്ക്ക് ഒരു കാലത്ത് രാജ്ഗീറിന് ലോകരാജ്യങ്ങൾക്കിടയിൽ സവിശേഷ സ്ഥാനമുണ്ടായിരുന്നു. ഇവിടുത്തുകാരനായ സുഹൃത്തും അധ്യാപകനുമായ രാജുവിനെക്കൂടെ കൂട്ടി നളന്ദ സന്ദർശിക്കാൻ പോകാം എന്നാണ് ആലോചിച്ചിരുന്നത്.

ലോകം പഠനത്തിനെത്തിയ കലാശാല

രാജ്ഗീറിൽ നിന്ന് 13 കിലോ മീറ്റർ ദൂരമുണ്ട് നളന്ദ സർവകലാശാലയുടെ ചരിത്രശേഷിപ്പുകളിലേക്ക്. 14 ഏക്കർ വ്യാപിച്ചു കിടക്കുന്ന സംരക്ഷിത സ്മാരകത്തിലേക്ക് ടിക്കറ്റെടുത്തു വേണം പ്രവേശിക്കാൻ. ചുവന്ന കല്ലു പാകിയ നടവഴികളിലൂടെ നടക്കുമ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലാസ് മുറികളും രസതന്ത്ര പരീക്ഷണ ശാലകളും അധ്യാപകർ താമസിച്ചിരുന്ന കെട്ടിടങ്ങളും കാണാം. ആക്രമണത്തിൽ കത്തി നശിച്ച ഗ്രന്ഥശാല കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും വിസ്മയത്തോടെ മാത്രമേ കാണാൻ സാധിക്കൂ.

budha circuit nalanda3

7ാം നൂറ്റാണ്ടിൽ നളന്ദയിൽ എത്തി ഏതാനും വർഷം അവിടെ താമസിച്ച് പഠനം നടത്തിയ ഹുയാങ് സാങ്ങിന്റെ വർണനകളാണ് പൗരാണിക നളന്ദയെപ്പറ്റിയുള്ള ഏറ്റവും മികച്ച വിവരണം നൽകിയിട്ടുള്ളത്. അക്കാലത്ത് ലോകമെങ്ങും അറിയപ്പെടുന്ന സർവകലാശാലകളായിരുന്നു നളന്ദയും തക്ഷശിലയും. 8 വർഷം നീണ്ട തന്റെ നളന്ദ പഠന കാലത്തെപ്പറ്റി ഹുയാങ് സാങ് വിവരിക്കുന്നത് ഇങ്ങനെ

"ലോകത്തിന്റെ പല ഭാഗത്തുനിന്നു പതിനായിരകണക്കിന് വിദ്യാർഥികൾ ഓരോ വർഷവും നളന്ദയിൽ എത്തും. പ്രവേശനകവാടത്തിൽ നിൽക്കുന്ന കാവൽക്കാരുടെ ചോദ്യങ്ങൾക്കു ശരി ഉത്തരം നൽകുന്നവർക്കുമാത്രമേ പഠനത്തിന് അർഹത ലഭിക്കു. പ്രവേശനം ആഗ്രഹിച്ച് എത്തുന്നവർ ഭൂരിഭാഗവും പരാജയപ്പെട്ടു മടങ്ങുന്നതാണ് പതിവ്.. കവാടത്തിൽ വിജയിക്കുന്നവർക്ക് ഇഷ്ടമുള്ള വിഷയത്തിൽ പഠനം നടത്താം.

budha circuit nalanda1

തർക്കശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവ ആയിരുന്നു പ്രധാന വിഷയങ്ങൾ. 6 വിദ്യാർഥികൾക്ക് ഒരു ഗുരുനാഥൻ എന്ന രീതിയിൽ ഗുരുകുല സമ്പ്രദായമായിരുന്നു നളന്ദയിൽ നടപ്പിലാക്കിയിരുന്നത്. അവിടെ വിദ്യാർഥികളുടെ മുഴുവൻ ചെലവും വഹിച്ചിരുന്നത് രാജ്ഗീറിലെ ഗ്രാമീണർ ആയിരുന്നു. ആയൂർവേദ ആചാര്യനായ നാഗാർജുനൻ, ശീലഭദ്രൻ, ധർമപാലൻ, ധർമ കീർത്തി എന്നിവരൊക്കെ ഇവിടെ അധ്യാപകരായിരുന്നു.”

എണ്ണൂറു വർഷത്തെ സുവർണ കാലഘട്ടമുള്ള നളന്ദ മൂന്നു വട്ടം ആക്രമിക്കപ്പെട്ടു. ഗുപ്ത ഭരണകാലത്ത് മഹിരാകുലൻ പാഠശാലകൾ ആക്രമിക്കുകയും ഏതാനും കെട്ടിടങ്ങൾ തകർക്കുകയും ചെയ്തു. എങ്കിലും നന്ദഗുപ്തൻ കേടുപാടുകൾ തീർത്ത് കലാശാലയെ വീണ്ടും സജീവമാക്കി. പിന്നീട് 7ാം നുറ്റാണ്ടിൽ ഗൗഡകൾ നളന്ദ ആക്രമിച്ചു. ഇത്തവണ ഹർഷവർധനൻ ആണ് സംരക്ഷകനായത്. ഉദ്ദേശം 1200 ൽ ഇന്നത്തെ അഫ്ഗാനിസ്ഥാൻ പ്രദേശത്തു നിന്ന് പടയോട്ടം നടത്തി എത്തിയ ബക്ത്യാർ ഖിൽജിയുടെ ആക്രമണം നളന്ദയ്ക്കു സാരമായ ക്ഷതമേൽപ്പിച്ചു. സർവകലാശാല തീവെച്ചപ്പോൾ 9 ലക്ഷം പുസ്തകങ്ങളുണ്ടായിരുന്ന 9 നില ഗ്രന്ഥശാല കെട്ടിടം മൂന്നു മാസം നിന്നു കത്തുകയായിരുന്നത്രേ... തുടർന്ന് പഠന പ്രവർത്തനങ്ങൾ നിലച്ച് വിസ്മൃതിയിലാണ്ട നളന്ദയിലേക്ക് നൂറ്റാണ്ടുകളോളം ആരും കടന്നു വന്നില്ല. 19-ാം നൂറ്റാണ്ടിൽ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഉദ്ഖനനം നടത്തി വീണ്ടെടുത്തതാണ് ഇപ്പോൾ കാണുന്ന സംരക്ഷിത ഭാഗങ്ങൾ.

budha circuit nalanda2

ചൂടു നീരുറവകൾ

നളന്ദയിലെ കാഴ്ചകൾ അവസാനിച്ചപ്പോഴേക്ക് സായാഹ്നമായി. രാജ്ഗീർ നഗരത്തിൽ ഒരു അദ്ഭുതകാഴ്ച കൂടി ബാക്കിയുണ്ട് എന്ന് രാജു പറഞ്ഞു. നഗരത്തിന്റെ ഒരു ഭാഗത്ത് ക്ഷേത്രത്തോടു ചേർന്ന് 25 നീരുറവകളുണ്ട്. വ്യത്യസ്ത താപനിലകളിലുള്ള ജലം ഇവയിൽ ഓരോന്നിലൂടെയും പ്രവഹിച്ചുകൊണ്ടിരിക്കുന്നു. വിഷ്ണു ക്ഷേത്രത്തോടു ചേർന്ന് ഭൂമിക്കടിയിലേക്കെന്നോണം ഇറങ്ങി ചെല്ലാൻ പ്രത്യേകം പടവുകൾ കെട്ടി ഒരുക്കിയ ഭാഗത്താണ് ഈ നീരുറവകൾ. ഓരോ നീരുറവയോടും ചേർത്തു ഘടിപ്പിച്ചിരിക്കുന്ന കുഴലുകളിലൂടെ ജലം പുറത്തേക്ക് ഒഴുകി വീഴുന്നു. 30 ഡിഗ്രി മുതൽ 70 ഡിഗ്രി വരെ ചൂടുള്ള വെള്ളമുണ്ട്. അദ്ഭുതം തോന്നിപ്പിക്കുന്നത് അവസാനത്തെ നീരുറവ എത്തുമ്പോഴാണ്, അതിലൂടെ ഒഴുകുന്നത് തണുത്ത ജലമാണ്. ആളുകൾ ആദ്യത്തെ കുഴലിനു ചുവട്ടിൽ തുടങ്ങി 25 ാമത്തെ കുഴൽ വരെ ഓരോന്നിലെയും ജലം ശരീരത്തിലേറ്റുവാങ്ങി നടന്നു നീങ്ങും... യാത്ര ചെയ്ത് ക്ഷീണിച്ചെത്തുന്ന സഞ്ചാരികൾക്ക് നല്ല ഉന്മേഷം നൽകുന്നതാണ് ചൂടുനീരുറവകളിലെ സ്നാനം.

budha circuit villagers

നീരുറവ സന്ദർശിച്ച ശേഷം രാജുവിന്റെ ഗ്രാമത്തിലേക്ക് സഞ്ചരിച്ചു. പട്ടണം വിട്ട് നെല്ലു വിളഞ്ഞു നിൽക്കുന്ന പാടത്തിനരികിലൂടെ ഇടവഴികളിൽ വണ്ടി നീങ്ങി. നളന്ദയുടെ പോലെ, ചൂടു നീരുറവ പോലെ ഒരു ചെറു വിസ്മയമായിരുന്നു രാജുവിന്റെ വീടും... 800 വർഷം പഴക്കമുള്ള രണ്ടു നില മൺ വീട്. വീടിന്റെ മുകൾ നില മേഞ്ഞിട്ടുളളത് വൈക്കോൽ കൊണ്ട്. കുടുംബാംഗങ്ങളെ പരിചയപ്പെട്ട ശേഷം സാത്തു പൊറോട്ടയും ഉരുളക്കിഴങ്ങ് കറിയും കഴിച്ച് ബീഹാറി ഗ്രാമീണ ഭവനത്തിൽ കിടക്കാൻ സാധിച്ച സംതൃപ്തിയോടെ ഉറക്കത്തിലേക്ക്...

ഹുയാങ് സാങ് മ്യൂസിയം

രാജുവിന്റെ വീട്ടിൽ നിന്ന് 15 കിലോ മീറ്റർ ദൂരമുണ്ടായിരുന്നു ഹുയാങ് സാങ് മ്യൂസിയത്തിലേക്ക്. നളന്ദ വിശ്വവിദ്യാലയത്തിനു മുന്നിലൂടെയുള്ള പാത കുളങ്ങളും പാടവും തോടുകളും നിറഞ്ഞ ഗ്രാമങ്ങളിലേക്കു നീണ്ടു. പശുവിനെ വളർത്തി ഉപജീവനം കണ്ടെത്തുന്ന കർഷകർ ഉറങ്ങുന്നത് കാലിത്തൊഴുത്തിന്റെ സൗകര്യം പോലുമില്ലാത്ത കൊച്ചു കുടിലുകളിൽ... വൈദ്യുതിയുടെ ഉപയോഗം കണ്ടിട്ടില്ലാത്ത ഗ്രാമീണർ പലരും നിത്യവൃത്തിക്കുള്ള വക കിട്ടാൻ ചാണകവും വൈക്കോലും കൂട്ടിക്കുഴച്ച് ഉണക്കിയത് കോലൊന്നിന് 25 പൈസ നിരക്കില്‍ വിൽക്കുന്നതും കണ്ടു. വീടുകളിൽ അടുപ്പിൽ വിറകിനു പകരം കത്തിക്കാൻ ഇതുപയോഗിക്കും. ദാരിദ്ര്യം നിറഞ്ഞു നിൽക്കുന്ന ഇത്തരം ചുറ്റുപാടിലാണ് ഹുയാങ് സാങ് മ്യൂസിയം എന്ന മനോഹര നിർമിതിയുള്ളത്.

budha circuit Huyan museum

മനോഹരമായ പൂന്തോട്ടത്തിനു നടുവിലാണ് ചൈനീസ് വാസ്തുവിദ്യയില്‍ നിർമിച്ച മ്യൂസിയം കെട്ടിടം. അകത്ത് കാര്യമായ കാഴ്ചകൾ ഒന്നുമില്ലെങ്കിലും കെട്ടിടം അതിമനോഹരമാണ്. ഹുയാങ് സാങ്ങിന്റെ കൃഷ്ണശിലയിലുള്ള ശിൽപം കടന്നു വേണം മ്യൂസിയത്തിനു മുൻപിലേക്കെത്താൻ. ‘മാനവ സംസ്കാരത്തിന്റെ മൂല്യങ്ങളെ മനുഷ്യ സമൂഹത്തിന്റെ നൻമയ്ക്കായി വ്യാഖ്യാനിച്ച മഹദ് സമൂഹത്തിൽ ഒരാൾ’ എന്ന് ലളിതമായി ഹുയാങ് സാങ്ങിനെ പരിചയപ്പെടുത്തുന്ന വാക്കുകൾ ആലേഖനം ചെയ്തിരിക്കുന്നു ശിൽപത്തോടു ചേർന്നുള്ള ഫലകത്തിൽ.

ഹുയാങ് സാങ് മ്യൂസിയം കണ്ടിറങ്ങി യാത്ര തുടർന്നു. തുടർന്നുള്ള യാത്ര ബീഹാറിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായ രൺവീർ സേനയുടെ കൂട്ടക്കൊലകൾ അരങ്ങേറിയ ഗ്രാമങ്ങളിലൂടെ ലക്നൗവിലേക്ക്.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India