ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതൽ മരണമടഞ്ഞവരുള്ള നഗരമാണ് അമേരിക്കൻ ഐക്യനാടുകളിലെ സാൻഫ്രാൻസിസ്കോയ്ക്കു സമീപം കോൾമ സിറ്റി. 17 സെമിത്തേരികളുള്ള ഇവിടെ ഉദ്ദേശം 1.5 മില്യൺ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ട്. കലിഫോർണിയയിലെ സൻ മറ്റിയോ കൗണ്ടിയിൽ ഉൾപ്പെടുന്ന കോൾമ സിറ്റിയിലെ ആകെ ജനസംഖ്യ 2000 മാത്രമാണ്. വീടുകളെക്കാൾ കൂടുതൽ കല്ലറകളുള്ള കോൾമ നഗരവാസികളുടെ വാക്യം ‘ഇറ്റ്സ് ഗ്രേറ്റ് റ്റു ബി എലൈവ് ഇൻ കോൾമ’ എന്നാണ്.

മഹാനഗരമായി വികസിക്കുന്ന കാലത്തു തന്നെ സാൻഫ്രാൻസിസ്കോ നേരിട്ട വലിയ പ്രശ്നങ്ങളിലൊന്നായിരുന്നു സ്ഥലപരിമിതി. കലിഫോർണിയൻ അധികൃതർ 1900 ൽ തന്നെ നഗരപരിധിക്കുള്ളിൽ ശവസംസ്കാരം നിരോധിച്ചു. അക്കാലത്ത് പൊട്ടിപ്പുറപ്പെട്ട പ്ലേഗ് മഹാമാരിയും അതിനൊരു കാരണമായിരുന്നു. സ്ഥല ദൗർലഭ്യം രൂക്ഷമായതോടെ ഗ്രീക്ക് സംസ്കാരത്തിലെ നെക്രോപോളിസുകളെ മാതൃകയാക്കി സെമിത്തേരികൾക്കു മാത്രമായി ഒരു നഗരം നിർമിക്കുകയായിരുന്നു അധികൃതർ.

സാൻഫ്രാൻസിസ്കോയിൽ നിലനിന്ന സെമിത്തേരികൾ 1912 മുതൽ സമീപത്തുള്ള കാർഷിക ഗ്രാമമായ കോൾമയിലേക്കു മാറ്റി സ്ഥാപിച്ചു തുടങ്ങി. മരിച്ചവർക്കുള്ള നഗരമായ നെക്രോപോളിസ് പോലെ സെമിത്തേരികൾ നിറഞ്ഞ പ്രദേശത്തെ 1924 ൽ കോൾമ നഗരമായി അംഗീകരിച്ചു. ആദ്യകാലത്ത് ശവക്കുഴികളും സ്മാരകങ്ങളും തയാറാക്കുന്നവരും മരണാനന്തര കർമങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം തേടുന്നവരും ആയിരുന്നു അവിടുത്തെ ‘ജീവനുള്ള’ താമസക്കാർ. സാൻഫ്രാൻസിസ്കോയിലെ താമസ സൗകര്യം പരിമിതമായിത്തുടങ്ങിയതോടെ മറ്റു തൊഴിലുകൾ ചെയ്യുന്നവരും ഇവിടെ താമസമാക്കി.

1887 ൽ സ്ഥാപിതമായ ഹോളിക്രോസ് സെമിത്തേരിയാണ് കോൾമയിലെ ആദ്യ സെമിത്തേരി. 1912 മുതൽ കലിഫോർണിയയുടെ ശ്മശാനം എന്നു വിഖ്യാതമായ കോൾമയിൽ കത്തോലിക്ക, ജൂത, ഇറ്റാലിയൻ, സെർബിയൻ വിഭാഗങ്ങളുടേത് ഉൾപ്പടെ 17 സെമിത്തേരികളുണ്ട്. അതിൽ ഒരെണ്ണം ഓമനമൃഗങ്ങൾക്കു മാത്രമായി മാറ്റിവച്ചിരിക്കുന്നതുമാണ്. അമേരിക്കൻ ചരിത്രത്തിൽ ഇടംപിടിച്ച വ്യാറ്റ് ഇയർപ് മുതൽ പല മേഖലകളിൽ പ്രശസ്തരായ ഒട്ടേറെ ആളുകൾ ഈ കല്ലറകളിൽ അന്ത്യവിശ്രമം കൊള്ളുന്നു. പല സെമിത്തേരികളിലും ഉന്നതമായ ശിൽപ വിദ്യകൾ ദൃശ്യമാണ്. ഭൂമിയിൽ വസിക്കുന്നവരേക്കാൾ കൂടുതൽ മനുഷ്യർ കോൾമയിലെ മണ്ണിനടിയിലുണ്ട് എന്നു പറയാറുണ്ട്. ഇവിടെ മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള അനുപാതം 1000 മരിച്ചവർക്ക് ജീവിച്ചിരിക്കുന്ന ഒരാൾ എന്നാണ്.