Wednesday 07 July 2021 11:57 AM IST

കടം കനക്കുന്നു, സീസൺ തുടങ്ങിയാലും ഹൗസ് ബോട്ട് വെള്ളത്തിലിറക്കാൻ കടമ്പകളേറെ...

Akhila Sreedhar

Sub Editor

house boat 2

കേരളത്തിന്റെ ടൂറിസം മേഖലയിൽ കോവിഡ് മൂലം ഈ വർഷം ഇതുവരെ 34000 കോടിയുടെ നഷ്ടം. കേരളാടൂറിസത്തിന്റെ പ്രധാന ഭാഗമായ വഞ്ചിവീട് ബിസിനസ്സും നേരിടുന്ന പ്രതിസന്ധി ചെറുതല്ല. രണ്ടാം തവണയും സീസൺ മുടങ്ങിയതോടെ ഹൗസ് ബോട്ട് ഉടമസ്ഥരും ജീവനക്കാരും പ്രതിസന്ധിയിലായി. ബാങ്കില്‍ നിന്നും സ്വകാര്യവ്യക്തികളിൽ നിന്നും കടം വാങ്ങിയ തുക എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് ഇവർ. അനേകമാസമായി അനക്കമില്ലാതെ കിടക്കുന്ന ഹൗസ് ബോട്ടുകളിൽ പലതും ജീർണിച്ച് തുടങ്ങിയിട്ടുണ്ട്. ഇനി ഇവ പുതുക്കി പണിത് ഓടാൻ പാകത്തിലാക്കിയെടുക്കാൻ ലക്ഷങ്ങൾ ചെലവ് വരും. കോവിഡ് കാലത്തെ ഹൗസ് ബോട്ട് ഉടമകളുടെയും ജീവനക്കാരുടെയും അവസ്ഥ പറയുകയാണ് കുമരകം ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി പ്രസിഡന്റ് ഷനേജ് കുമാർ.

കോവിഡ് ഒന്ന്, രണ്ട് തരംഗങ്ങൾ ഏതൊക്കെ രീതിയിലാണ് ഹൗസ് ബോട്ട് ടൂറിസത്തെ ബാധിച്ചിട്ടുള്ളത്. ഈ രംഗം നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ത്?

house boat 3

എല്ലാ മേഖലയും ഇപ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധി സാമ്പത്തികം തന്നെയാണ്. 2020 ഡിസംബറോടെയാണ് കോവിഡ് ഒന്നാം തരംഗം ഏതാണ്ട് പൂർണമാകുന്നത്. ആ ഒരു കാലയളവിൽ അത്ര നാളും അനക്കമില്ലാതെയിരുന്ന ഹൗസ് ബോട്ടുകൾ പുതുക്കിപണിത് വെള്ളത്തിലിറക്കാനുള്ള ശ്രമമുണ്ടായി. ലക്ഷങ്ങൾ ബാങ്കിൽ നിന്നും പലരുടെയും കയ്യിൽ നിന്നും പലിശയ്ക്ക് എടുത്താണ് പണി തുടങ്ങിയത്. കോവിഡ് കാലത്ത് മിക്ക തൊഴിലാളികളും മറ്റ് ഉപജീവനമാർഗം തേടി പോയിരുന്നു. എന്നിരുന്നാലും ഹൗസ് ബോട്ട് ഓടാവുന്ന അവസ്ഥയിലെത്തിച്ച് വെള്ളത്തിലിറക്കിയപ്പോഴാണ് പൂർണമായും ഈ മേഖലയെ സ്തംഭിപ്പിച്ചുകൊണ്ട് കോവിഡ് രണ്ടാം തരംഗം വരുന്നത്. ഇപ്പോൾ ഹൗസ് ബോട്ടുകൾ മാസങ്ങളായി അനക്കമില്ലാത്ത അവസ്ഥയിലാണ്. വീണ്ടും മെയ്ന്റനൻസ് നടത്തി വെള്ളത്തിലിറക്കുന്നത് ഇരട്ടി സാമ്പത്തിക ബാധ്യതയാണ്. ഇപ്പോൾ തന്നെ പലരും കടം കയറി ആത്മഹത്യയുടെ വക്കിലാണ്.

സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകൾ, സാമ്പത്തികസഹായം എന്നിവയെ കുറിച്ച്?

ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടായി. നാല് ശതമാനം പലിശയ്ക്ക് ലോൺ അനുവദിച്ചിരുന്നു. എന്നാൽ മിക്ക ഉടമസ്ഥർക്കും ഈ ലോൺ കിട്ടിയില്ല. അതുപോലെ ഗ്രാന്റ് അനുവദിച്ചിരുന്നു. ഒന്നും രണ്ടും ബെഡ് റൂം ഉള്ള ബോട്ടുകൾക്ക് 8000 രൂപയും മൂന്ന് ബെഡ് റൂം ഉള്ള ബോട്ടുകൾക്ക് ഒരു ലക്ഷം രൂപയും അതിനു മുകളിലേക്ക് 1,20000 രൂപയുമാണ് അനുവദിച്ചത്. എന്നാൽ അർഹതപ്പെട്ടവരുടെ കൈകളിലേക്ക് ഈ തുക എത്തിക്കാനുള്ള കൃത്യമായ നടപടി ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. മിക്ക ഹൗസ് ബോട്ടുകളുടെയും ലൈസൻസ് കാലാവധി അവസാനിച്ചിരിക്കുകയാണ്. ഇതു പുതുക്കിയെങ്കിൽ മാത്രമേ ഗ്രാന്റ് കിട്ടൂ. കെ വി നമ്പറുള്ള എല്ലാ ഹൗസ് ബോട്ടുകൾക്കും ഗ്രാന്റ് അനുവദിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ലൈസൻസ് ഒരു മാനദണ്ഡം വച്ചതുകൊണ്ട് 15 ശതമാനം ആൾക്കാർക്കു പോലും ഇതു കിട്ടിയില്ല എന്നതാണ് സത്യം.

വഞ്ചി വീട് ടൂറിസം പഴയരീതിയിൽ സജീവമാകാൻ നേരിടേണ്ടി വരുന്ന വെല്ലുവിളികളെന്ത്?

സമയമാണ് പ്രധാന വെല്ലുവിളി. ഈ വ്യവസായം പഴയതു പോലെ സജീവമാകണമെങ്കിൽ കേരളത്തിലെ എഴുപതു ശതമാനം ആളുകള്‍ക്കെങ്കിലും വാക്സിനേഷൻ പൂർത്തിയാകണം. മാത്രമല്ല മാസങ്ങളായി നിർജീവമായി കിടക്കുന്ന ഹൗസ് ബോട്ടുകളു അറ്റകുറ്റപ്പണികളെല്ലാം തീർക്കണം. പല തൊഴിൽ മേഖലകളിലേക്ക് പോയ തൊഴിലാളികളെ തിരിച്ചുകൊണ്ടുവരണം. ഇതൊക്കെ പൂർത്തീകരിയാകുന്നതു മുതൽ മാത്രമേ ഹൗസ് ബോട്ട് ടൂറിസത്തിന് പ്രതീക്ഷയ്ക്ക് വകുപ്പുള്ളൂ

house boat 1

കടം, ബാങ്ക് വായ്പ എന്നിവയുണ്ടോ? എങ്ങനെയാണ് ഈ സാഹചര്യം മറികടക്കാൻ പോകുന്നത്?

ഈ രംഗത്തെ നൂറുശതമാനം ഉടമസ്ഥർക്കും ഭീമമായ തുക കടം ഉണ്ട്. ബാങ്കിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചയുണ്ടായെങ്കിൽ മാത്രമേ ഈ സാഹചര്യം മറികടക്കാൻ പറ്റൂ. കഴിഞ്ഞ മാർച്ചിൽ സ്റ്റാൻഡേർഡ് ആയി നിൽക്കുന്ന അക്കൗണ്ട് ഉള്ളവർക്ക് മാത്രമേ മൊറട്ടോറിയം ഗവൺമെന്റ് അനുവദിച്ചിട്ടുള്ളൂ. ഇളവുകൾ ഇല്ലാതെ എങ്ങനെ മുന്നോട്ടുപോകുമെന്് അറിയില്ല.

house boat 4

ഇക്കാലയളവിൽ ഒരു ഹൗസ് ബോട്ടു വച്ച് കണക്കാക്കിയാൽ എത്ര രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്?

120 വഞ്ചിവീടാണ് കുമരകത്തുള്ളത്. ഇതിൽ ഒരു ബെഡ് റൂം തൊട്ട് ഏഴു ബെഡ് റൂം വരെയുള്ള ബോട്ടുകളുണ്ട്. ഏകദേശ തുക വച്ച് കണക്കാക്കിയാൽ ഈ കാലയളവിൽ ശരാശരി ഒരു ബോട്ടിന് 30 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായിട്ടുണ്ട്.

വീഡിയോ കാണാം,

 

Tags:
  • Manorama Traveller