ചെന്നെത്താൻ ബുദ്ധിമുട്ടേറിയ ഡെസ്റ്റിനേഷനാണ് അരുണാചൽ പ്രദേശിലെ തവാങ്. അവിടെ നിന്ന് തണുപ്പും ശീതക്കാറ്റും വെല്ലുവിളികളുയർത്തുന്ന മലമ്പാതകളിലൂടെ ഇന്ത്യ–ചൈന അതിർത്തി ഗ്രാമങ്ങളിലൂടെ 2019 ൽ സഞ്ചരിച്ച അനുഭവങ്ങളിലൂടെ ബൈക്കിൽ പലവട്ടം ഇന്ത്യൻ പര്യടനം നടത്തിയിട്ടുള്ള ക്രിസ്റ്റി റോഡ്രിഗ്സ്...

അരുണാചൽപ്രദേശിലെ തേസ്പുരിൽ സുഹൃത്തിനൊപ്പം താമസിച്ച് തവാങ് പെർമിറ്റിന് അപേക്ഷിച്ചു. ഇന്നർ പെർമിറ്റ് ഓഫിസിൽ ആധാർ കാർഡും 3 ഫോട്ടോയും 150 രൂപയും കൊടുത്ത് 7 ദിവസത്തേക്കുള്ള യാത്രാനുമതി നേടി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അരുണാചലിനൊപ്പം നാഗാലാൻഡ്, മിസോറാം എന്നിവിടങ്ങളിലും പെർമിറ്റ് നിർബന്ധം. പക്ഷേ, അരുണാചലിൽ ഓരോ ജില്ലയ്ക്കും പ്രത്യേകം പെർമിറ്റ് ആവശ്യമാണ്. അടുത്ത ദിവസം രാവിലെ തന്നെ തവാങ് ലക്ഷ്യമാക്കി യാത്ര തിരിച്ചു. 330 കിലോ മീറ്റർ സഞ്ചരിക്കണം. സായാഹ്നത്തിനു മുൻപ് ബുംഡില പട്ടണത്തിലെത്തി രാത്രി അവിടെ തങ്ങാനാണ് പദ്ധതി. വടക്കു കിഴക്കൻ ഇന്ത്യയുടെ ഭൂപ്രകൃതി ആസ്വദിച്ചു സഞ്ചരിക്കുമ്പോൾ പാതയുടെ വലതുവശം ചേർന്ന് കാമേങ് നദി ഒഴുകുന്നു.
ഈ വഴി യാത്ര ചെയ്യരുതായിരുന്നു...
പാതയോരത്തെ ഹരിതാഭമായ ഭൂമിയിലൂടെ മഞ്ഞുരുകിയ ജലം അരുവികളായി ഒഴുകുന്നു. ബാലുപോങ് എന്ന സ്ഥലമെത്തിപ്പോൾ പ്രധാന പാത അടച്ചിരിക്കുകയാണ്. ബുംഡിലയ്ക്കുള്ള പാതയിൽ പല ഭാഗത്തും ബ്ലാസ്‌റ്റിങ് ജോലികൾ നടക്കുനന്തിനാൽ ഇനി 3 മണിക്കേ പാത ഗതാഗതത്തിനു തുറക്കുകയുള്ളു.
അപ്പോൾ സമയം 10, എന്തു ചെയ്യണം എന്നറിയാതെ നിന്നപ്പോൾ വലതുവശത്തേക്കു തിരിഞ്ഞു പോകുന്ന വീതികുറഞ്ഞ വഴിയിലേക്കു ചൂണ്ടി തദ്ദേശവാസിയായ യുവാവ് പറഞ്ഞു ‘ഈ വഴി പോയാൽ ബുംഡിലയ്ക്ക് അടുത്തെത്താം.’ പിന്നെ മടിച്ചു നിന്നില്ല, യുവാവ് ചൂണ്ടിക്കാട്ടിയ വഴിയിലേക്ക് ബൈക്ക് തിരിച്ചു.
10 കിലോ മീറ്റർ സഞ്ചരിച്ചപ്പോൾ പാതയുടെ സ്വഭാവം മാറി. വഴി കാട്ടുവഴിയായി. മരങ്ങൾ ഇടതൂർന്നു വളരുന്ന കാട്. ഇടയ്ക്കിടെ മുളങ്കാടുകൾ. വിജനമായ പാത. ഇത്ര ദൂരം സഞ്ചരിച്ചതിൽ ഇടവഴികളൊന്നും കാണാതിരുന്നതിനാൽ വഴി തെറ്റിയിട്ടില്ല എന്ന ധൈര്യത്തിൽ യാത്ര തുടർന്നു. ഉള്ളിൽ അൽപം ഭയം തോന്നിയെങ്കിലും ഇരുവശത്തെയും കാഴ്ചകൾ കണ്ണിന് ആനന്ദം നൽകി. ഇടയ്ക്ക് ചില ഭാഗത്ത് കറുത്ത ചെളിയും വെള്ളച്ചാലുകളും ശ്രദ്ധിച്ചു. ചില ഭാഗത്ത് ഒട്ടേറെ ചിത്രശലഭങ്ങൾ. സമയം ഉച്ചയ്ക്ക് 2 ആയി. ദാഹവും വിശപ്പും ശല്യപ്പെടുത്താൻ തുടങ്ങി. ആഹാരം കയ്യിലെടുത്തിരുന്നില്ല, വെള്ളം തീരുകയും ചെയ്തു.
വലിയൊരു കുന്ന് കയറി മുകളിലെത്തിയപ്പോൾ ഒട്ടേറെ പട്ടാള വണ്ടികൾ. മുളങ്കാട്ടിൽ നിന്ന് മുള വെട്ടി എടുക്കുകയാണ് പട്ടാളക്കാർ. അവരുടെ വാഹനങ്ങൾക്കരികിലുടെ സഞ്ചരിക്കവേ ഒരു വണ്ടിയിൽ നിന്നു മലയാളത്തിൽ ചോദ്യം, ‘ഹേയ്, എന്താ ഈ വഴി...’ ബൈക്ക് നിർത്തി. തിരുവനന്തപുരം സ്വദേശിയായ ജവാനായിരുന്നു ആ ശബ്ദത്തിന്റെ ഉടമ. കഥ മുഴുവന്‍ കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു, ‘എന്തായാലും ഈ വഴി യാത്ര ചെയ്യരുതായിരുന്നു. പാക്കി ടൈഗർ വനത്തിലൂടെയാണ് നിങ്ങൾ സഞ്ചരിച്ചത്. ആനയും കരടിയും ഒട്ടേറെയുള്ള കാട്. വണ്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നേൽ വലിയ അപകടം സംഭവിക്കാമായിരുന്നു...’ എന്റെ അവസ്ഥ കണ്ട് ദയ തോന്നിയിട്ടാകും പട്ടാളവണ്ടിയിലെ ഇരുമ്പു ജാറിൽ നിന്ന് തണുത്ത ജലം കുടിക്കാൻ തന്നു. തുടർന്നുള്ള വഴിയെപ്പറ്റി ചില സൂചനകൾ അദ്ദേഹം പങ്കുവച്ചു. ‘അൽപം മുന്നോട്ടു ചെന്നാൽ ഗോത്രവിഭാഗക്കാരുടെ ഒരു ഗ്രാമമുണ്ട്. പെട്ടന്ന് അക്രമകാരികളാകുന്നവരാണ് അവർ. ആ ഗ്രാമത്തിൽ പ്രവേശിക്കരുത്.’
ജവാൻമാരോട് യാത്ര പറഞ്ഞ് ബൈക്ക് സ്‌റ്റാർട് ചെയ്തു. മുന്നോട്ടു പോകുന്തോറും ചൈനീസ് അതിർത്തി ഗ്രാമങ്ങളിൽ കാണുന്ന കല്ലു വാഴകൾ നിറഞ്ഞ കാട്ടുപ്രദേശങ്ങളായി വഴിയോരത്ത്. അതിനപ്പുറം സൂര്യപ്രകാശം കടക്കാത്ത വിധം വൃക്ഷങ്ങൾ ഇടതിങ്ങിയ വനം. ഒരു മണിക്കൂർ യാത്രയ്ക്കു ശേഷം ബുംഡിലയ്ക്ക് അടുത്തൊരു സ്ഥലത്തെത്തി. ശീതക്കാറ്റും അസ്ഥികളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പും. ബുംഡില അടുത്തെത്തി എന്നതുമാത്രമാണ് മുന്നോട്ടു നയിച്ച പ്രചോദനം. നഗരത്തോടു ചേർന്ന് ഹോംസ്‌റ്റേയിൽ താമസം തരപ്പെടുത്തി. നല്ല ചിക്കൻ സൂപ്പും ചപ്പാത്തിയും അകത്താക്കി വിശപ്പു ശമിപ്പിച്ചു. ഹോട്ടൽ മുറിയിലെ ബ്ലാങ്കറ്റുകൾക്കുപോലും തടുക്കാനാകാത്ത തണുപ്പ്. ഒരുവിധം ഇരുട്ടി വെളുപ്പിച്ചു എന്നു പറഞ്ഞാൽ മതി.

മാധുരി ദീക്ഷിതിന്റെ പേരിൽ തടാകം
പുലർച്ചെ 7 മണിക്കു തന്നെ തവാങ്ങിലേക്കു പുറപ്പെട്ടു. റോഡിൽ നിഴൽ വിരിക്കുന്ന പൈൻ മരങ്ങൾക്ക് ഇടയിലൂടെ കടന്നു പോകുന്ന മനോഹരമായ പാത. ഉച്ചയോടെ സേലാ പാസിൽ എത്തി. ശൈത്യം കാരണം സേലാ തടാകത്തിലെ ജലം ഉറഞ്ഞ് ഐസ് ആകാൻ തുടങ്ങിയിരിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തു നിന്നെത്തിയ സഞ്ചാരികളെ അവിടെ കണ്ടു. പട്ടാള ക്യാമ്പിലെ ഇരുമ്പ് ഹീറ്ററിന്റെ ചൂടുപറ്റി ഇരുന്ന് ഉച്ചഭക്ഷണം കഴിച്ചു.

തവാങ്ങിലേക്കുളള പാത അതിമനോഹരമായിരുന്നു. സായാഹ്നമായി തവാങ്ങിലെത്തിയപ്പോൾ. ചെറിയ വഴികളും ഇടതിങ്ങിയ കെട്ടിടങ്ങളും. പുരാതനമായ മൊണാസ്ട്രിയാണ് തവാങ്ങിലെ പ്രധാന ആകർഷണം. രണ്ടു ദിവസത്തെ തവാങ് കാഴ്ചയ്ക്കിടെ ബ്രിഗേഡിയർ പാസ് സംഘടിപ്പിച്ച് ചൈന അതിർത്തിയായ ബുംല പാസില്‍ പോയി. വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ മിലിറ്ററി ക്യാംപ് ഈ പ്രദേശത്താണ്. ഈ പര്യടനത്തിൽ മുൻപ് കൊടാരിയിൽ നേപ്പാൾ–ചൈന അതിർത്തി കണ്ടിരുന്നു. ഇപ്പോൾ ഇന്ത്യ–ചൈന അതിർത്തിയിലും എത്തിയിരിക്കുന്നു. ചൈനയെ അതിരു തൊട്ടു നിന്നു വീക്ഷിക്കാവുന്ന സ്ഥലമാണ് ബുംല. 1962 ലെ ചൈനീസ് ആക്രമണം ഈ വഴിയായിരുന്നു.

തവാങ് കാഴ്ചയ്ക്കു ശേഷം അൽപം കൂടി മുന്നോട്ടു സഞ്ചരിക്കാമെന്ന ആഗ്രഹത്തിലാണ് സെമിത്താങ്ങിലേക്കു പുറപ്പെട്ടത്. ദുർഘടമായ പാതകളിലൂടെയാണ് യാത്ര. പരമ്പരാഗത രീതിയിലുള്ള വസ്ത്രം ധരിച്ച അരുണാചൽ യുവതികളെ ഇടയ്ക്കു കണ്ടു. ആ വഴിയിലെ ആദ്യ കാഴ്ച സങ്കേശ്വർ തടാകമായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 15200 അടി ഉയരത്തിലുള്ള ഈ ജലാശയം മാധുരി തടാകമെന്ന പേരിലാണ് സഞ്ചാരികളുടെ ഇടയിൽ അറിയപ്പെടുന്നത്. 1997ൽ പുറത്തിറങ്ങിയ കോയ്‌ല എന്ന ബോളിവുഡ് ചിത്രത്തിൽ മാധുരി ദീക്ഷിതിന്റെ നൃത്തരംഗം സങ്കേശ്വർ തടാകത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണ് ഈ പേരുമാറ്റത്തിന്റെ കാരണം. തടാകത്തിനടുത്തുള്ള പട്ടാള ക്യാംപിൽ ഒന്നാന്തരം ഭക്ഷണം മാത്രമല്ല ഗുണനിലവാരമുള്ള കമ്പിളി വസ്ത്രങ്ങളും ജാക്കറ്റുകളും സഞ്ചാരികൾക്കു മേടിക്കാം. തവാങ്ങിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷനുകളിലൊന്ന് ഇപ്പോൾ മാധുരി തടാകമാണ്.
യുദ്ധസ്മൃതികളിലൂടെ

പ്രശസ്തമായൊരു പേരല്ല സെമിത്താങ്. പടിഞ്ഞാറ് ഭൂട്ടാനും വടക്ക് ചൈനീസ് സ്വയംഭരണപ്രദേശമായ ടിബറ്റും അതിരിടുന്ന ഇന്ത്യൻ താലൂക്ക്. ഉദ്ദേശം 2500 ആണ് ഇവിടുത്തെ ജനസംഖ്യ. തവാങ്ങിൽ നിന്നു മാധുരി തടാകം വഴി സെമിത്താങ്ങിലേക്കുള്ള പാതയിൽ വാഹന സൗകര്യം ഇല്ല. സെമിത്താങ്ങിനെ തവാങ്ങുമായി ബന്ധിപ്പിക്കുന്ന മറ്റൊരു പാതയുണ്ട്. മടക്കയാത്ര ആ വഴിക്കാകട്ടെ എന്നാണ് കരുതുന്നത്. യാത്രയിൽ പലപ്പോഴും അലഞ്ഞു തിരിഞ്ഞു നടക്കുന്ന യാക്കുകൾക്കിടയിലൂടെ കടന്നുപോയി. കാഴ്ചയിൽ ഭീമനാണെങ്കിലും പ്രകൃതത്തിൽ സാധു മൃഗമാണ് യാക്കുകൾ.

1962 ലെ യുദ്ധകാലത്ത് ചൈന ഈ ഭാഗങ്ങളിലൊക്കെ കടന്നു കയറിയിരുന്നു, അന്ന് അവർ നിർമിച്ച ട്രെഞ്ചുകൾ വഴിയിലുടനീളം കണ്ടു. ഒട്ടേറെ വാതിലുകളുള്ള, ഭൂമിക്കടിയിലേക്ക് നീളുന്ന ട്രെഞ്ചുകൾ പലതും ഇപ്പോൾ തദ്ദേശിയർ വീടുകളായി ഉപയോഗിക്കുന്നു. ഒട്ടേറെ ഹെയർപിൻ വളവുകളും വലിയ കയറ്റങ്ങളും താണ്ടി ചെന്നെത്തിയത് ചൈനയ്ക്കു തൊട്ടടുത്തുള്ള ഒരു പ്രദേശത്താണ്. ഒരു ഭാഗത്ത് മരപ്പലകയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു, ‘താങ്കൾ ചൈനീസ് സേനയുടെ നിരീക്ഷണത്തിലാണ്.’ അങ്ങു താഴെ പച്ച പുതച്ച മനോഹര ഗ്രാമം സെമിതാങ്.

സുഖകരമായ കാലാവസ്ഥയുടെ ആനുകൂല്യത്തില്‍ സുഗമമായി സെമിതാങ്ങിലേക്കു നീങ്ങി. കിഴുക്കാംതൂക്കായ മലഞ്ചെരുവുകളിൽ പക്ഷിക്കൂടുകൾ പോലെ ഉറച്ചിരിക്കുന്ന വീടുകൾ. സെമിതാങ് നദിക്കു കുറുകെയുള്ള തടിപ്പാലം കടന്ന് ചെല്ലുമ്പോൾ വലിയൊരു പഗോഡ. ഗോർസാമ ചോർടൻ എന്ന ഈ നിർമിതിക്ക് എത്ര പഴക്കമുണ്ടെന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. 100 അടി ഉയരമുള്ള ഗോർസാമ ചോർടന് 4000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് ചിലർ പറയുന്നു. ഗ്രാമത്തിന്റെ പല ഭാഗത്തും മലമുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളച്ചാലുകളിൽ ഉറപ്പിച്ച, ജലചക്രങ്ങൾ പോലെ സദാ പ്രവർത്തന നിരതമായ പ്രാർഥനാ ചക്രങ്ങൾ കണ്ടു. ഇതുപോലുള്ള പ്രാർഥനാ ചക്രങ്ങൾ ഈ ഭാഗത്ത് സ്ഥിരം കാഴ്ചയാണ്.

മറക്കാനാവാത്ത അരുണാചൽ

സെമിതാങ്ങിൽ നിന്ന് ഡൂങ് വഴി തിരികെ തവാങ്ങിലെത്തി. യാത്രയുടെ കാഠിന്യം കൂടുതലാണെങ്കിലും വഴിയോരക്കാഴ്ചകളും മനോഹരമായ പ്രകൃതിയും ഇന്ത്യ–ചൈന അതിർത്തിയിലെ അവസാന ഇന്ത്യൻ ഗ്രാമത്തിന്റെ അനുഭവവും മറക്കാൻ സാധിക്കില്ല. രാവിലെ 7 മണിക്കു തുടങ്ങിയ യാത്ര ഉദ്ദേശം 190 കിലോ മീറ്റർ താണ്ടി തവാങ്ങിൽ മടങ്ങിയെത്തുമ്പോൾ രാത്രിയായി.

അരുണാചൽ പ്രദേശിലെ യാത്രയിൽ ബുദ്ധമത വിശ്വാസികളുടെ ഉത്സവങ്ങളും ആഘോഷങ്ങളും പല സ്ഥലത്തും കണ്ടിരുന്നു. കലി എന്ന ദുർമൂർത്തിയെ ദൈവം ഓടിക്കുന്ന ഐതിഹ്യമായിരുന്നു ആ ഉത്സവങ്ങളുടെ ഐതിഹ്യ പശ്ചാത്തലം. ബുദ്ധസൂക്തങ്ങൾ ആലേഖനം ചെയ്ത ചെറിയ പേടകങ്ങൾ തലയിലേറ്റി ആരാധനാലയത്തിലേക്ക് നടക്കുന്ന കുട്ടികളും അരുണാചലിലെ സാധാരണ കാഴ്ചയായിരുന്നു. തവാങ്, സേലാ പാസ്, സെമിത്താങ്... മറക്കാനാവാത്ത ഒട്ടേറെ കാഴ്ചകളാണ് ഇവിടെ നിന്നു ലഭിച്ചത്.
തവാങ്ങിലെ തണുപ്പും ശീതക്കാറ്റും കഠിനം. ശൈത്യകാലത്തിന്റെ ആരംഭമാണ്. ഇനി ഓരോ ദിവസവും തണുപ്പ് വർധിക്കും. തേജ്പുരിലേക്കുള്ള മടക്കയാത്രയിൽ വഴിയോരത്ത് അരുവികൾ ഉറഞ്ഞ ഐസ് പാളികൾ കണ്ടു. സേലാ പാസ് താണ്ടുന്നത് വലിയ പരീക്ഷയായിരുന്നു. തണുപ്പു സഹിക്കാൻ കഴിയാതാകുമ്പോൾ ഇടയ്ക്കു കാണുന്ന പട്ടാള ക്യാംപുകളിൽ ഓടിക്കയറി അവിടുത്തെ ഹീറ്ററിനടുത്തിരുന്ന് ശരീരം ചൂടുപിടിപ്പിച്ചു. സേലാ തടാകം വലിയൊരു ഭാഗം ഉറഞ്ഞു കട്ട പിടിച്ചു. ഇല പൊഴിഞ്ഞ മരക്കൊമ്പുകളിൽ മഞ്ഞു കണങ്ങൾ പറ്റിപ്പിടിച്ച് വെളുത്ത ഐസ് മരങ്ങൾ കൗതുകക്കാഴ്ചയായി. ഇറക്കങ്ങളിൽ പലതവണ വണ്ടി മഞ്ഞിൽ തെന്നി മറിഞ്ഞു. ബുംഡില നഗരം തൊടാതെ ഭൂട്ടാൻ അതിർത്തി ചേർന്ന് സഞ്ചരിച്ചു, ഏതു വിധേനയും ഒരു ദിവസം പോലും വൈകാതെ തേസ്പുരിലെത്തുക എന്നതായിരുന്നു മനസ്സിൽ.