Tuesday 24 September 2024 11:39 AM IST

നൂറു വയസ്സു കടന്ന് കാറിൽ കുതിക്കുകയാണ് മല്ലപ്പള്ളിക്കാരൻ കുട്ടിക്കുഞ്ചായൻ

Baiju Govind

Sub Editor Manorama Traveller

Photos: Harikrishnan Photos: Harikrishnan

ചവിണിക്കാമണ്ണിൽ കുട്ടിക്കുഞ്ചായന് നൂറു വയസ്സു തികഞ്ഞു. ഈ പ്രായത്തിലും കുട്ടിക്കുഞ്ചായൻ ഒറ്റയ്ക്കു കാറോടിച്ചാണ് പള്ളിയിൽ പോകാറുള്ളത്. പരിചയക്കാരുടെ വീടു സന്ദർശനത്തിനു മാത്രമല്ല, ബാങ്കിൽ പോകാനും അദ്ദേഹം മറ്റാരുടേയും സഹായം തേടാറില്ല. നൂറു വയസ്സുള്ള ഒരാൾ കാർ ഓടിക്കുമെന്നു പറയുമ്പോൾ വിശ്വാസം വരണില്ല അല്ലേ; ഇത് നിങ്ങൾ വിശ്വസിച്ചില്ലെങ്കിൽ ഇനി പറയാമ്പോണത് നിങ്ങൾ വിശ്വസിക്കത്തേയില്ല.

കോട്ടയം ജില്ലയിൽ മല്ലപ്പള്ളിക്കു സമീപം നെടുങ്ങാടപ്പള്ളിക്കടുത്തു താമസിക്കുന്ന ഫിലിപ് എന്ന കുട്ടിക്കുഞ്ചായൻ സെഞ്ചുറിയുടെ നിറവിൽ എത്തി നിൽക്കുകയാണ്. ആശംസ അറിയിക്കാമെന്നു കരുതി വീട്ടിൽ ചെന്നപ്പോൾ പുള്ളി സ്ഥലത്തില്ല. പപ്പ പള്ളിയിൽ പോയിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ ഇളയ പുത്രൻ സാജൻ പറഞ്ഞു. നൂറ്റാണ്ടു പൂർത്തിയാക്കിയ പുരുഷനെ നേരിൽ കാണാൻ പറ്റിയ സ്ഥലം പള്ളിമേടയാണെന്നു നിശ്ചയിച്ച് അങ്ങോട്ടു പുറപ്പെട്ടപ്പോഴേക്കും വീടിന്റെ ഗേറ്റു കടന്ന് അതാ വരുന്നു പ്രീമിയർ പദ്മിനി കാർ.

അമ്പതാണ്ടു പിന്നിട്ട കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് കുട്ടിക്കുഞ്ചായൻ പുറത്തിറങ്ങി. അഞ്ചടി ഉയരം. വെള്ള മുണ്ടും ഷർട്ടും. കണ്ണട വച്ചിട്ടില്ല. പരമാവധി എഴുപത്തഞ്ച്, അതിലധികം പ്രായം തോന്നില്ല. നൂറു വർഷം താണ്ടിയ യൗവനത്തിന് ആശംസ അറിയിക്കാൻ വന്നതാണെന്നു പറഞ്ഞപ്പോൾ കുട്ടിക്കുഞ്ചായൻ ചിരിച്ചു.

‘‘വാ അകത്തോട്ട് കേറ് ’’ ഓർമകളുടെ പൂമുഖത്തേക്ക് സെഞ്ചൂറിയന്റെ ക്ഷണം.

2 kuttikunjayan

പ്രീമിയർ പദ്മിനി – അര നൂറ്റാണ്ട്

ചവിണിക്കാമണ്ണിൽ ഇട്ടിയവരയുടെ ഒൻപതു മക്കളിൽ ഇളയ പുത്രനായി 1926ലാണ് ഫിലിപ് ജനിച്ചത്. വീട്ടുജോലികളിൽ അപ്പച്ചന്റെ സഹായിയായി വളർന്ന ഇളയ മകൻ ഫിലിപ്പിനെ എല്ലാവരും കുട്ടിക്കുഞ്ചായൻ എന്നാണു വിളിച്ചിരുന്നത്. ഗ്രാമപ്രദേശമായിരുന്നെങ്കിലും അക്കാലത്ത് മലപ്പള്ളിയിൽ ട്രാവൻകൂർ ബാങ്കിന്റെ ശാഖ പ്രവർത്തിച്ചിരുന്നു. കുട്ടിക്കുഞ്ചായന് അവിടെ ക്ലർക്കായി ജോലി കിട്ടി. ഏറെ വൈകാതെ കോട്ടയത്തിനടുത്തു കാനത്തു നിന്നു വിവാഹം കഴിച്ചു. തങ്കമ്മ–ഫിലിപ് ദമ്പതികൾക്കു മൂന്നു മക്കളുണ്ടായി. സിസിലി, സുജ, സാജൻ. കാലം അങ്ങനെ മുന്നോട്ടു പോകവെ, കുട്ടിക്കുഞ്ചായൻ ഒരു കാർ വാങ്ങി. അക്കാലത്തു സത്യന്റെയും നസീറിന്റെയും സിനിമകളിൽ മാത്രം കണ്ടിരുന്ന പ്രീമിയർ പദ്മിനി കാറിൽ കുട്ടിക്കുഞ്ചായനും കുടുംബവും മല്ലപ്പള്ളിയിലൂടെ യാത്ര ചെയ്തു.

അര നൂറ്റാണ്ടു കഴിഞ്ഞെങ്കിലും കെഎൽ 5 സി 456 അതിന്റെ സുഖസഞ്ചാരം തുടരുകയാണ്. ഡ്രൈവർ സീറ്റിൽ നൂറ്റാണ്ടു പൂർത്തിയാക്കിയ കുട്ടിക്കുഞ്ചായനുമുണ്ട്. നൂറു വർഷം പിന്നിടുന്ന ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്നു ചോദിച്ചപ്പോൾ കുട്ടിക്കുഞ്ചായൻ കാര്യങ്ങൾ വിസ്തരിച്ചു പറഞ്ഞു.

എല്ലാവരും കഴിക്കുന്നതൊക്കെ തന്നെയാണ് ഞാനും കഴിക്കാറുള്ളത്. രാവിലെ പുട്ട്, ഒട്ടുമിക്ക ദിവസവും പ്രഭാതഭക്ഷണം പുട്ടാണ്. ഉച്ചയ്ക്ക് കുറച്ചു ചോറുണ്ണും. അതിന്റെ കൂടെ എന്താണോ കറിയുള്ളത് അതിൽ നിന്നെല്ലാം കുറച്ചു വീതം കഴിക്കും. ബീഫ് കറി വലിയ ഇഷ്ടമായിരുന്നു. അടുത്ത കാലത്തായി ദഹനക്കേടിന്റെ പ്രശ്നമുണ്ട്. ഇപ്പോ ബീഫ് കഴിക്കാറില്ല.’’

തിരിഞ്ഞു കടിക്കാത്തതൊക്കെ കഴിക്കണമെന്നുള്ള തീരുമാനത്തിൽ നിന്നു കടുകിട മാറാൻ തയാറല്ല നൂറാം പടി ചവിടിട്ടിയ മല്ലപ്പള്ളിക്കാരൻ.

കുട്ടിക്കാലത്ത് അധ്വാനിച്ചതിന്റെ കൈത്തഴമ്പു കാട്ടിക്കൊണ്ടാണ് അദ്ദേഹം കാറിന്റെ വളയം പിടിക്കുന്നത്. വീട്ടിൽ മൂന്നു പശുക്കളുണ്ടായിരുന്നു. അതുങ്ങക്കു തീറ്റ കൊടുക്കലും കറവയുമൊക്കെ കുട്ടിക്കുഞ്ചായന്റെ ഡ്യൂട്ടിയായിരുന്നു. തിളപ്പിക്കാതെ രണ്ടു കപ്പ് പാൽ കുടിക്കും. നൂറു വർഷമായിട്ടും ആരോഗ്യം കാത്തുരക്ഷിക്കുന്ന ‘ജീവൻടോൺ’ അതാണെന്നു വിശ്വസിക്കാനാണ് കുട്ടിക്കുഞ്ചായൻ ഇഷ്ടപ്പെടുന്നത്.

‘‘ചെറുപ്പക്കാർ മടിയന്മാരാകരുത്. അവനവനെക്കൊണ്ടു പറ്റുന്ന ജോലി ചെയ്യണം. ചെന്നു കയറാൻ സ്വാതന്ത്ര്യമുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തണം. നമുക്കു വയ്യാതാകുമ്പോഴാണ് നമ്മൾ എവിടെയൊക്കെയാണു പോകാതിരുന്നത് എന്ന കാര്യത്തിലൊരു തിരിച്ചറിവുണ്ടാവുക. ആ സമയത്ത് മച്ചിൻമുകളിലേക്കു നോക്കിയിരുന്നു സങ്കടപ്പെടുന്നതിൽ അർഥമുണ്ടോ?’’ ഈ നൂറ്റാണ്ടിലെ പ്രശസ്തമായ ചോദ്യമാണ് കുട്ടിക്കുഞ്ചായൻ ഉന്നയിക്കുന്നത്.

ആയ കാലത്തു തമാശക്കുപോലും മദ്യപിച്ചിട്ടില്ല. പുകവലി ശീലമില്ല. ബാങ്കിലെ ജോലി. അതു കഴിഞ്ഞാൽ വീട്, വീട്ടുകാര്യങ്ങൾ. ഒഴിവു ദിവസങ്ങളിൽ ബന്ധുവീടുകൾ സന്ദർശിക്കും. ഇപ്പോഴും ശീലങ്ങൾ മാറ്റിയിട്ടില്ല. രാവിലെ ആറരയ്ക്ക് എഴുന്നേൽക്കും. പ്രഭാതകൃത്യങ്ങൾക്കു ശേഷം വേദപുസ്തകം വായന, അതു കഴിഞ്ഞ് പത്ര പാരായണം. പ്രാതലിനു ശേഷം അൽപനേരം വിശ്രമം.

പത്തരയായാൽ റെഡിയായി കാറുമെടുത്ത് എങ്ങോട്ടെങ്കിലും പോകും. പള്ളി, സുഹൃത്തുക്കളുടെ വീട്, ബാങ്ക് ഇതൊക്കെയാണ് സ്ഥിരം ഡെസ്റ്റിനേഷൻസ്. ചിലപ്പോൾ യാത്ര പ്രായമായവരുടെ വീടുകളിലേക്കായിരിക്കും. ചവിണിക്കാമണ്ണിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള കൊച്ചുകുഴിയിൽ വീട് ഇക്കൂട്ടത്തിൽപ്പെടുന്നു. പണ്ടു ബാങ്കിൽ കൂടെ ജോലി ചെയ്തിരുന്ന തോമസിന്റെ വീടാണ് അത്. അദ്ദേഹത്തിന്റെ പത്നി അന്നമ്മ ജീവിച്ചിരിപ്പുണ്ട്. പ്രായംകൊണ്ട് കുട്ടിക്കുഞ്ചായനെക്കാൾ നാലു വർഷം സീനിയറാണ് അന്നമ്മ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 104 തികഞ്ഞു.

4 kuttikunjayan

റിയൽ ലൈഫ് ഹീറോ

ചവിണിക്കാമണ്ണിൽ ഫിലിപ്പിന്റെ പേരിൽ ഡ്രൈവിങ് ലൈസൻസ് കിട്ടിയത് 1973ലാണ്. അതെന്തേ ലൈൻസ് എടുക്കാൻ വൈകിയതെന്നു ചോദിച്ചാൽ, സ്വന്തമായി കാർ വാങ്ങിയ ശേഷം ലൈസൻസ് എടുത്താൽ മതിയെന്നായിരുന്നു അന്നത്തെ തീരുമാനം. അക്കാലത്ത് പ്രീമിയർ പദ്മിനിയാണ് റോഡുകളുടെ ഫ്ളീറ്റ് ഓണർ.

ക്ലെച്ച്, ബ്രേക്ക്, ആക്സിലറേറ്റർ എന്നിവ മാത്രമേ കാറിന്റെ പ്ലാറ്റ്ഫോമിൽ ഉള്ളൂ. സ്റ്റിയറിങ്ങിന്റെ ഇടതുഭാഗത്താണു ഗിയർ. ഫസ്റ്റിൽ നിന്നു റിവേഴ്സിലേക്ക് ഗിയർ ഷിഫ്ട് ചെയ്യാൻ നല്ല പരിശീലനവും കൈക്കരുത്തും വേണം. അങ്ങനെയുള്ളൊരു കാറുമായി നൂറാം വയത്തിൽ മല്ലപ്പള്ളിയിലൂടെ അനായാസം സഞ്ചരിക്കുമ്പോഴാണ് കുട്ടിക്കുഞ്ചായനെ ആളുകൾ അദ്ഭുതത്തോടെ നോക്കുന്നത്.

സ്വന്തം നാട്ടിൽ പരിചയമുള്ള വഴികളിലൂടെ വണ്ടിയോടിക്കാനാണ് ഇദ്ദേഹത്തിനിഷ്ടം. കവലയുടെ അടുത്തുള്ള പള്ളിയാണ് നിത്യസന്ദർശന കേന്ദ്രം. പ്രീമിയർ പദ്മിനിയുടെ ഇരമ്പം കേൾക്കുമ്പൾ തന്നെ അതു കുട്ടിക്കുഞ്ചായനാണെന്ന് ഇവിടത്തുകാർക്ക് അറിയാം. മല്ലപ്പള്ളിയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്കെല്ലാം കുട്ടിക്കുഞ്ചായൻ സുപരിചിതനാണ്. അതേസമയം, ഇതിനു മുൻപുണ്ടായിരുന്ന തലമുറയേയും പരിചയമുള്ളയാളാണെന്നു പറഞ്ഞുകൊണ്ട് സ്വന്തം സീനിയോറിറ്റി ചൂണ്ടിക്കാട്ടുന്നു ഈ നൂറാം പിറന്നാളുകാരൻ.

ഫിലിപ് എന്ന കുട്ടിക്കുഞ്ചായന് മറ്റുള്ളവരെ പോലെ മെഡിക്കൽ ഷോപ്പിൽ സ്ഥിരമായി കയറിയിറങ്ങേണ്ടി വന്നിട്ടില്ല. ധീരതയോടെ ഒറ്റയ്ക്കു നീങ്ങുന്ന അച്ചായനു മുന്നിൽ ഷുഗറും പ്രഷറുമൊക്കെ വഴി മാറി കൊടുത്തിരിക്കുന്നു.

‘‘പനിയും ജലദോഷവും വന്നിട്ടുണ്ട്. തീരെ മേലാതാവുമ്പോ ഒരു പാരാസെറ്റമോളോ മറ്റോ വാങ്ങി കഴിക്കും. അല്ലാതെ പറയത്തക്ക രോഗങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അടുത്ത കാലത്തായി കേൾവിക്കുറവുണ്ട്. അതുകൊണ്ട് എനിക്കു പ്രശ്നമില്ല. എന്നോട് വർത്തമാനം പറയുന്നവർക്കാണു പ്രശ്നം’’ കോമഡി ട്രാക്കിലും കുട്ടിക്കുഞ്ചായൻ ഒട്ടും പുറകിലല്ല.

3 kuttikunjayan

മെയിൻ റോഡിൽ നിന്നു പള്ളിയിലേക്ക് നൂറു മീറ്ററുണ്ട്. മുറ്റത്തു നിന്നു പള്ളിയിലക്കു കയറാൻ കൽപടികളാണ്. അവിടെ എത്തിയപ്പോൾ കുട്ടിക്കുഞ്ചായൻ ഗോപുരത്തിനു മുകളിലേക്കു നോക്കി പ്രാർഥിച്ചു. തെന്നിവീണാൽ കാര്യങ്ങളാകെ കുഴപ്പത്തിലാകും. അതിനാൽ, സ്‌റ്റെപ്പ് കയറേണ്ടി വരുമ്പോൾ ആരടെയെങ്കിലും കൈപിടിക്കാറുണ്ട്.

കുട്ടിക്കുഞ്ചായൻ കൂട്ടുകാരനെ പോലെ തോളത്തു കയ്യിട്ടു. പത്തു പതിറ്റാണ്ടിന്റെ അനുഭവക്കരുത്തുള്ള കൈകൾ ഇപ്പോൾ പഞ്ഞിക്കെട്ടുപോലെ മൃദുലം. വിരലുകൾക്ക് മഴയുടെ ഈറൻ തൊട്ടതുപോലെ തണുപ്പ്. കാലം വരച്ചുചേർത്ത ചിത്രങ്ങൾ ചുളിവുകളായി തെളിഞ്ഞു കിടക്കുന്നു.

പള്ളി മുറ്റത്തു നിന്ന് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പറഞ്ഞപ്പോൾ കുട്ടിക്കുഞ്ചായൻ മുണ്ടു മടക്കിക്കുത്തി. കാറിന്റെ ബോണറ്റിലേക്കു ചാരി നിന്ന് അദ്ദേഹം ക്യാമറാമാനോട് ചോദിച്ചു:

‘ഞാനിപ്പോൾ ഇന്റർനാഷനൽ ഫിഗറായി അല്ലേ’’

അതെ, ചവിണിക്കാമണ്ണിലെ കുട്ടിക്കുഞ്ചായൻ ഇപ്പോൾ മല്ലപ്പള്ളിക്കാരുടെ മാത്രം ഹീറോയല്ല. നൂറു വയസ്സിന്റെ നിറവിലും കാറുമായി റോഡിലിറങ്ങുന്ന അച്ചായൻ കേരളക്കരയുടെ മൊത്തം പ്രിയങ്കരനാണ്, നൂറേനൂറിൽ പായുന്ന റിയൽ ലൈഫ് ഹീറോ.