ADVERTISEMENT

രൂപം പോലെ സുന്ദരമായിരുന്നു അവരുടെ പേരും–റിന്‍സെന്‍ പേമ. ‘ബുദ്ധിമതി’ യെന്നാണ് റിന്‍സെന്‍റെ അര്‍ഥം. പേമയെന്നാല്‍ താമര.  ബുദ്ധമതവിശ്വാസികള്‍ക്കിടയില്‍ പരിചിതമായ പെണ്‍പേരുകളാണ് രണ്ടും. നാലു വ യസ്സുകാരനായൊരു കുട്ടിയെയും തോളിലിരുത്തി റിന്‍സെന്‍ പേമയെന്ന വീട്ടമ്മ െെടഗേഴ്സ് നെസ്റ്റ്  സന്യാസിമഠത്തിേലക്കുള്ള കാട്ടുവഴി അനായാസം നടന്നുകയറുകയായിരുന്നു. അപ്പോഴാണവര്‍, നടന്നു ക്ഷീണിച്ച് വഴിയരികില്‍ വെറും മണ്ണില്‍ കുത്തിയിരിക്കുന്ന എന്നെ കണ്ടത്. ഒറ്റയ്ക്കൊരു പെണ്‍കുട്ടിയെന്നു തോന്നിയിട്ടാവണം, റിന്‍സെന്‍ എനിക്കു നേരേ സൗമ്യമായി പുഞ്ചിരിച്ചു. പിന്നെ കുടിവെള്ളം നീട്ടി. അവിടുന്നങ്ങോട്ട് ഞങ്ങള്‍ കൂട്ടുകാരായി. ആ ചങ്ങാത്തത്തിന്‍റെ തണലിലാണ് പിന്നീടാ ചെങ്കുത്തായ മലയത്രയും കയറിത്തീര്‍ത്തത്.

പെട്ടെന്നെടുത്തൊരു തീരുമാനത്തിന്‍റെ ബലത്തില്‍, അബ്ദുൾ റഷീദ്, രാമൻ നാരായണൻ എന്നീ ചങ്ങാതിമാര്‍ക്കൊപ്പം ഭൂട്ടാനിലേക്ക് ചാടിപ്പുറപ്പെടുമ്പോള്‍  െെടഗേഴ്സ് നെസ്റ്റ് മൊണാ സ്ട്രിയെപ്പറ്റി കേട്ടിരുന്നില്ല. ഞങ്ങളുടെ െെഗഡാണ് പറഞ്ഞത്: “ഭൂട്ടാനില്‍ വന്നിട്ട്  െെടഗേഴ്സ് നെസ്റ്റില്‍ പോകാതെ മടങ്ങരുത്. അവിടേക്കുള്ള യാത്ര ബുദ്ധിമുട്ടേറിയതാണ്. പക്ഷേ, മലമുകളിലെ ‘രണ്ടാം ബുദ്ധനെ’ കാണുമ്പോള്‍ അത്രനേരത്തെ പ്രയാസങ്ങള്‍ എല്ലാം നിങ്ങള്‍ മറന്നുപോകും..”

tigernest4
ADVERTISEMENT

ആ വാക്കു വിശ്വസിച്ച് ഞങ്ങള്‍ യാത്രതുടങ്ങി. പ്രസിദ്ധമായ പാറോ നഗരത്തിന്‍റെ താഴ്‍‍വാരത്തുനിന്നാണ് െെടഗേഴ്സ് നെസ്റ്റിലേക്കുള്ള മലകയറ്റം തുടങ്ങുന്നത്. സമുദ്രനിരപ്പില്‍നിന്ന് പതിനായിരമടി ഉയരെ, പാറോ താഴ്‍‍വരയില്‍നിന്ന് 900 മീറ്റര്‍ മുകളിലാണ് മൊണാസ്ട്രി. പത്തു കിലോമീറ്റര്‍ കുത്തനെ കാട്ടുവഴികളിലൂടെ കയറി വേണം ലക്ഷ്യത്തിലെത്താന്‍. 600 രൂപകൊടുത്താല്‍ കഴുതപ്പുറത്തു കയറ്റി മലമുകളില്‍ എത്തിക്കുന്ന സംഘങ്ങളുണ്ട്. പക്ഷേ, തിരിച്ചു നടന്നിറങ്ങണം. പലവട്ടം മലകയറി ക്ഷീണിതരായി നില്‍ക്കുന്ന കഴുതകളുടെ െെദന്യതകണ്ടപ്പോള്‍ യാത്ര കാല്‍നടതന്നെ മതിയെന്നുറപ്പിച്ചു.

മല കയറുമ്പോള്‍ ഉൗന്നി നടക്കാനുള്ള വടി 50 രൂപയ്ക്ക് താഴ്‍‍വാരത്തുനിന്നു വാങ്ങി. താഴ്‍‍വാരം നിറയെ വഴിയോര കച്ചവടക്കാരാണ്. ബുദ്ധരൂപങ്ങള്‍, പ്രാര്‍ഥനാചക്രങ്ങള്‍, മണികള്‍... വിലപേശലുകളോ ആരവങ്ങളോയില്ലാതെ ശാന്തരായി അവര്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. മല കയറിത്തുടങ്ങിയപ്പോഴാണ് മനസ്സിലായത്,  പലയിടത്തും വഴിതന്നെയില്ല. നടന്നുകയറാവുന്ന വഴികള്‍ വളഞ്ഞുചുറ്റി െെദര്‍ഘ്യം കൂടിയവയാണ്. കുറുക്കുവഴികളുണ്ട്, പക്ഷേ മണ്ണിലൂടെ അള്ളിപ്പിടിച്ചു കയറണം.  ഇരുവശവും കൊടുംവനമാണ്. ഭൂട്ടാന്‍ വിനോദ സഞ്ചാരവകുപ്പിന്‍റെ ചെറിയൊരു കോഫിഷോപ്പ് ഒഴിച്ചാല്‍ മറ്റു കടകളൊന്നുമില്ല. കാട്ടരുവികളില്‍നിന്ന് ഒഴുകിവരുന്ന തെളിനീരു മാത്രമുണ്ട്, ദാഹമകറ്റാന്‍.

tigernest5
ADVERTISEMENT

റിന്‍സെന്‍ പേമ എന്ന വഴികാട്ടി  

യാത്ര തുടങ്ങി അധികം കഴിയും മുമ്പേ ഞാന്‍ എന്‍റെ സഹയാത്രികരുടെ ഏറെപ്പിന്നിലായി. അപ്പോഴാണ് റിന്‍സെന്‍ പേമ സ‍ൗഹൃദത്തിന്‍റെ ഉന്മേഷവുമായി കൂട്ടിനെത്തിയത്. നാലാം ക്ലാസ്‍‍വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും തെളിഞ്ഞ ഇംഗ്ലിഷിലാണ്  റിന്‍സെന്‍റെ സംസാരം. മതവും  പ്രകൃതിയും ജീവിതവുമെല്ലാം നിറച്ച നിഷ്കളങ്കമായ പറച്ചിലുകള്‍.
“ക്ഷേത്രത്തിലേക്കുള്ള പടവുകള്‍ കയറുമ്പോള്‍ സൂക്ഷിക്കണം, പാറക്കെട്ടില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരു വിദേശി കഴിഞ്ഞ വര്‍ഷം താഴേക്കു വീണു. ഇതുവരെ ശരീരം കിട്ടിയിട്ടില്ല..” റിന്‍സെന്‍ പറഞ്ഞു. എനിക്കു പേടിതോന്നി. അങ്ങകലെ ചെങ്കുത്തായ പാറക്കെട്ടുകളിലൊരു വിചിത്രശില്പംപോലെ നിറഞ്ഞുനില്‍ക്കുന്ന ക്ഷേത്രത്തിലേക്കു ഞാന്‍ നോക്കി. മനസ്സു പറഞ്ഞു– “ബുദ്ധാ, ഇനിയുമെത്ര ദൂരം..!” സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചിറങ്ങി വരുന്ന ഒരു തമിഴ്നാട്ടുകാരന്‍ പറഞ്ഞു–“കയറുന്നതിലും ബുദ്ധിമുട്ടാണ് തിരിച്ചിറങ്ങാന്‍..!”

ADVERTISEMENT

ഭൂട്ടാനിലെത്തുന്ന ഏതൊരു സഞ്ചാരിയുടെയും പ്രധാന അനുഭവം Lhakhangs എന്നറിയപ്പെടുന്ന ബുദ്ധക്ഷേത്രങ്ങളും Goenpas എന്നറിയപ്പെടുന്ന സ ന്യാസിമഠങ്ങളുമാണ്. അവിടങ്ങളിലെ സ്വച്ഛതയും ശാന്തതയും ധ്യാനഭരിതനിമിഷങ്ങളുമാണ് ഈ ഹിമാലയന്‍ രാജ്യത്തിന്‍റെ ഏറ്റവും വലിയ സ്വത്ത്. രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളും മഠങ്ങളും ഈ രാജ്യത്തുണ്ട്. ഒാരോ ഗ്രാമത്തിലും ഒാരോ മലമുകളിലും അവയങ്ങനെ തലയുയര്‍ത്തിനില്‍ക്കുന്നു. മിക്കവയും അനവധി നൂറ്റാണ്ടുകളുടെ ചരിത്രമുള്ളവ. ഭൂട്ടാനിലെ നൂറു കണക്കിന് മൊണാസ്ട്രികളില്‍‍‍വച്ച് ഏറ്റവും പ്രശസ്തമാണ് െെടഗേഴ്സ് നെസ്റ്റ്. അതിനെ തൊടാതെ മടങ്ങുന്നതെങ്ങനെ?

tigernest2

“നോ, െഎ കാണ്‍ഡ്.. െഎ വില്‍ റെസ്റ്റ് ഹിയര്‍..” പ്രായമായ ഒരു വിദേശി, യാത്ര പാതിവഴിയില്‍ നിറുത്തി വഴിയരികിലെ മരബെഞ്ചിലിരുന്നു. അവിടവിടെയായി പലരും തളര്‍ന്നിരിക്കുന്നുണ്ട്. മലയിറങ്ങിവരുന്നവരോട് പലരും പ്രതീക്ഷയോടെ ചോദിക്കുന്നു, “ഇനിയെത്ര ദൂരം?” പക്ഷേ, മറുപടി ഒട്ടും ആശാവഹമല്ല–“സുഹൃത്തെ, നിങ്ങള്‍ നാലിലൊന്നു ദൂരമേ കടന്നിട്ടുള്ളൂ..”

ഇനിയും മലകയറണമോയെന്ന് ഞാനും സംശയിച്ചു. എന്‍റെ ആശങ്ക കണ്ട്  റിന്‍സെന്‍ പേമ വീണ്ടും ഇടപെട്ടു. “ഇവിടെ ഈ ക്ഷേത്രം ഉണ്ടാവാന്‍തന്നെ കാരണം സ്ത്രീയാണ്. അപ്പോള്‍ നമ്മള്‍ സ്ത്രീകള്‍ തോറ്റു പിന്‍മാറരുത്. വരൂ..” എന്നെ ചേര്‍ത്തുപിടിച്ചു നടത്തിക്കൊണ്ട് റിന്‍സെന്‍ പേമ ആ കഥ പറഞ്ഞു, മലമുകളിലെ ‘രണ്ടാം ബുദ്ധന്‍റെ’ കഥ.

tigernest13

രാജകുമാരി കടുവയായ കഥ

പണ്ടു പണ്ട്, 1200 വര്‍ഷംമുമ്പ് ഇന്ത്യയില്‍നിന്ന് ഗുരു പദ്മസംഭവ എന്ന ആചാര്യന്‍ ഹിമാലയന്‍ രാജ്യങ്ങളിലാകെ ബുദ്ധസന്ദേശവുമായി ചുറ്റിസഞ്ചരിച്ചു. ‘താമരയിതളില്‍നിന്ന് പിറന്നവന്‍’ എന്നാണ് ആളുകള്‍ അദ്ദേഹത്തെ വിേശഷിപ്പിച്ചിരുന്നത്. ബുദ്ധസന്ദേശവുമായി ടിബറ്റില്‍ എത്തിയ അദ്ദേഹത്തിന് അവിടെ വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. പക്ഷേ, അവിടെ അതിസുന്ദരിയായ ഒരു രാജകുമാരി അദ്ദേഹത്തിന്‍റെ ശിഷ്യയും ജീവിതപങ്കാളിയുമായി. ടിബറ്റന്‍ ബുദ്ധിസത്തിന്‍റെ മാതാവായി അറിയപ്പെടുന്ന യേഷേ സൊഗ്യാല്‍ രാജകുമാരിയായിരുന്നു അത്. തിബത്തില്‍നിന്ന് പുറത്താക്കപ്പെട്ട ഗുരുപദ്മസംഭവയെ രക്ഷിച്ച് ഭൂട്ടാനിലെത്തിച്ചത് ആ രാജകുമാരിയാണത്രെ. എങ്ങനെയെന്നോ? ആത്മീയശക്തികൊണ്ട് രാജകുമാരിയൊരു പെണ്‍കടുവയായി മാറി! പിന്നെ പദ്മസംഭവയെ പുറത്തിരുത്തി തിബത്തില്‍നിന്ന് ഭൂട്ടാനിലെ ഈ മലമുകളിലേക്ക് ആ പെണ്‍കടുവ പറന്നുവന്നത്രെ!

tigernest7

ആഹാ! ഗുരുവും പ്രണയിതാവുമായൊരു പുരുഷനെയും വഹിച്ച് സുന്ദരിയായൊരു രാജകുമാരി ചിറകുള്ള കടുവയായി പറന്നെത്തിയ അതേ മലമുകളിലേക്കാണല്ലോ എന്‍റെയീ യാത്ര. ‘ഇല്ലില്ല, ഇനി പിന്നോട്ടില്ല!’  പൂഴിമണ്ണുനിറഞ്ഞ മണ്‍‍‍വഴികളില്‍ പിടിച്ചുകയറിയും ഇരുന്നും ഞാനാകെ മുഷിഞ്ഞിരുന്നു. മലമുകളിനിന്നൊഴുകിവരുന്ന തെളിനീരില്‍ മുഖം കഴുകി. വെള്ളത്തിന് ഹിമാലയത്തിന്‍റെ തണുപ്പ്!

റിന്‍സെന്‍ കഥ തുടരുകയായിരുന്നു. ഈ മലമുകളിലെ പുലിമടകളിലൊന്നിലാണ് പദ്മസംഭവ പിന്നീട് ഏകാന്തധ്യാനത്തില്‍ മുഴുകിയത്. മൂന്നു വര്‍ഷവും മൂന്നു മാസവും മൂന്നു ദിവസവും മൂന്നു മണിക്കൂറും നീണ്ട അഗാധധ്യാനം. ഹിമാലയന്‍നാടുകളിലാകെ ബുദ്ധമതത്തിന്‍റെ പരമകാരുണ്യം പരത്താന്‍ അദ്ദേഹത്തെ പ്രാപ്തമാക്കിയ ധ്യാനമായിരുന്നു അത്. ലോകം പിന്നീട് അദ്ദേഹത്തെ ‘രണ്ടാം ബുദ്ധന്‍’ എന്നു വിളിച്ചു.

tigernest11

കഥ പാതിയില്‍ നിറുത്തി റിന്‍സെന്‍ പേമ എന്നെ നോക്കി. മൂന്നു മണിക്കൂര്‍ നീണ്ട നടത്തത്തിനൊടുവില്‍ ഞങ്ങള്‍ ക്ഷേത്രത്തിനടുത്ത് എത്തിയിരിക്കുന്നു. ഇനി കുത്തനെയുള്ള പാറക്കെട്ടുകളിലെ 850 കല്‍പടവുകൾ കൂടി കടന്നാല്‍ മൊണാസ്ട്രിയുടെ കവാടമായി.  അല്പമകലെയൊരു വെള്ളച്ചാട്ടം കാണാം. അതിനു ചുവടെ വെള്ളം ഉറഞ്ഞ് വലിയൊരു മഞ്ഞുമലയായി കിടക്കുന്നു. ‘ഇത്രയടുത്തെത്തിയല്ലോ ’ എന്ന ആശ്വാസത്തില്‍ പലരും വഴിയോരത്തെ മരബെഞ്ചുകളില്‍ വിശ്രമത്തിനിരിക്കുന്നു. ലോകത്തിന്‍റെ പല വന്‍കരകളില്‍നിന്നുള്ളവര്‍ ദിവസവും ഈ മലകയറുന്നുണ്ട്. പോയ വര്‍ഷം ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യയും എത്തിയിരുന്നു ഇവിടേക്ക്.

tigernest3

“ഒരു മണിക്ക് ക്ഷേത്രം അടയ്ക്കും. പിന്നെ ഒരു മണിക്കൂര്‍ കഴിയും തുറക്കാന്‍, വേഗം..” െെഗഡിന്‍റെ മുന്നറിയിപ്പ്. കൽപടവുകള്‍ ഞങ്ങള്‍ ഒാടിക്കയറുകയായിരുന്നു. റിന്‍സെന്‍റെ മുതുകിലെ മാറാപ്പില്‍നിന്നിറങ്ങിയ കുസൃതിക്കുട്ടന്‍ ഞങ്ങള്‍ക്കു മുന്നേ ഒാടി. മൊണാസ്ട്രിയിലെ സ്ഥിരതാമസക്കാരായ സന്യാസിമാര്‍ക്ക് ഭക്ഷണമുണ്ടാക്കാനുള്ള ധാന്യപ്പൊടികളും വിറകുമായി കഴുതകള്‍ ഞങ്ങളെ കടന്നുപോയി. അവയ്ക്കു പിന്നാലെ വേഗത്തില്‍ നടന്നുകൊണ്ട് റിന്‍സെന്‍ ബാക്കി ചരിത്രംകൂടി പറഞ്ഞു.

ഗുരു പദ്മസംഭവയുടെ ധ്യാനത്തിനും 800 വര്‍ഷങ്ങള്‍ക്കു േശഷമാണ് ഇവിടെ സന്യാസിമഠം പണിതത്. ഗുരു പദ്മസംഭവ ധ്യാനിച്ച ഗുഹയ്ക്കു ചുറ്റുമായി  ക്ഷേത്രവും മഠവും പണിതത് 1692–ല്‍ തെന്‍സിന്‍ റാബ്ഗേ എന്ന ഭരണാധികാരിയാണ്. ദുര്‍ഘടമായ ഈ മലമുകളിലെ പാറക്കെട്ടുകള്‍ പിളര്‍ത്തി ഈ അപൂര്‍‍‍വ നിർമിതി തീര്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താവും? ആ സംശയം റിന്‍സെനോടുതന്നെ ചോദിച്ചു. മറുപടി പെട്ടെന്നായിരുന്നു: “അതോ, തെന്‍സിന്‍ റാബ്ഗേ വെറും ഭരണാധികാരിയായിരുന്നില്ല. അദ്ദേഹം ഗുരു പദ്മസംഭവയുടെ പുനര്‍ജന്മം ആയിരുന്നു!” അങ്ങേയറ്റം അപകടംപിടിച്ച ഈ പാറക്കെട്ടില്‍ ക്ഷേത്രം പണിതിട്ടും പണിക്കിടെ ഒരാള്‍ക്കുപോലും അപകടം പറ്റിയില്ലത്രെ. അന്ന് പാറോ താഴ്‍‍വരയില്‍നിന്ന് മലമുകളിലേക്കു നോക്കിയ കര്‍ഷകര്‍ ആകാശത്തുനിന്ന് പുഷ്പങ്ങള്‍ പൊഴിയുന്നത് കണ്ടുവത്രെ!

tigernest12

കൺമുമ്പിൽ രണ്ടാം ബുദ്ധൻ

കഥകളുടെയും വിശ്വാസങ്ങളുടെയും കൽപടവുകള്‍ ചവിട്ടി ഞങ്ങള്‍ മൊണാസ്ട്രിയുടെ കവാടത്തിലെത്തി.  ചുറ്റും എല്ലാ മലമുകളിലും പ്രാര്‍ഥനാമന്ത്രങ്ങള്‍ എഴുതിയ വലിയ കൊടിമരങ്ങള്‍ കാണാം. ഭൂട്ടാനിലെവിടെയും ഇതുണ്ട്. എല്ലാ മലമുകളിലും വർണത്തുണികള്‍, അവയിലാകെ പ്രാര്‍ഥനാ മന്ത്രങ്ങള്‍. പ്രകൃതിക്ഷോഭങ്ങളില്‍നിന്നും മലയിടിച്ചിലുകളില്‍നിന്നും നാടിനെ രക്ഷിക്കുന്നത് ഈ മന്ത്രമെഴുത്താണെന്ന് ഭൂട്ടാന്‍കാര്‍ വിശ്വസിക്കുന്നു.

ഭൂട്ടാന്‍ റോയല്‍ പൊലീസിന്‍റെ പരിേശാധന കഴിഞ്ഞ് ഞങ്ങള്‍ മൊണാസ്ട്രിയുടെ ഉള്ളിലേക്ക് നടന്നു. ക്യാമറയും ബാഗുമൊന്നും അകത്തേക്ക് കടത്തില്ല. 20 വര്‍ഷംമുമ്പ് ഇവിടെയൊരു തീപിടുത്തമുണ്ടായിട്ടുണ്ട്. അതിനുേശഷം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ്.  

tigernest6

ലക്ഷ്യത്തിലെത്തിയല്ലോ എന്ന വിസ്മയത്തില്‍ ഞാന്‍ ചുറ്റും നോക്കി. മലമുകളിലെ കുത്തനെയുള്ള പാറക്കെട്ടുകളില്‍ ‘അള്ളിപ്പിടിച്ചു’ കിടക്കുന്ന കുറെ ചെറു നിർമിതികളാണ് െെടഗര്‍നെസ്റ്റ് മൊണാസ്ട്രി. നാലു പ്രധാന ക്ഷേത്രങ്ങള്‍, ചുറ്റും സന്യാസിമാര്‍ക്ക് താമസിക്കാനുള്ള ചെറിയ കെട്ടിടങ്ങള്‍. കല്ലുകളില്‍ തീര്‍ത്ത പടവുകള്‍കൊണ്ട് എല്ലാ കെട്ടിടങ്ങളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. പദ്മസംഭവ ധ്യാനത്തിലിരുന്ന പ്രധാന ഗുഹയും മറ്റ് ഏഴു പുണ്യഗുഹകളുമുണ്ട്. ഇടുങ്ങിയ കല്‍‍‍വിടവിലൂടെ നൂഴ്ന്നു വേണം പ്രധാന ഗുഹയിലേക്ക് കടക്കാന്‍. ബോധിസത്വ ചിത്രങ്ങളാണ് ഗുഹാകവാടത്തിന്‍റെ ഇരുവശവും. ‘താങ്ക’ എന്നറിയപ്പെടുന്ന ബുദ്ധ‍‍െെശലിയിലുള്ള കൂറ്റന്‍ പെയിന്‍റിങ്ങുകളാണവ.

ഇത്ര വലിയൊരു കഠിനമലകയറ്റം കഴിഞ്ഞെത്തുന്ന സഞ്ചാരിയുടെ അവശതകളെ അഗാധമായ ശാന്തികൊണ്ട് അലിയിച്ചുകളയുന്ന  അ ദ്ഭുതമാണ് ഈ ക്ഷേത്രം. ഒന്നു പിന്തിരിഞ്ഞു നോക്കിയാല്‍ ഭൂമിയുടെ നെറുകയിലാണ് നമ്മുടെ നില്‍പ്പെന്നു തോന്നും. ദൂരെയുള്ള മലകള്‍പോലും നമ്മെക്കാള്‍ വളരെ താെഴ. അങ്ങകലെ ഉറുമ്പുകളെപ്പോലെ കുന്നുകയറിവരുന്ന വിശ്വാസികള്‍. ‘ഇപ്പോ തൊടാമല്ലോ’ എന്ന മട്ടില്‍ അത്രയടുത്ത് നീലാകാശം. അവിടെ വിചിത്ര മേഘരൂപങ്ങളുടെ ഒഴുക്ക്. തണുത്തകാറ്റ് മലകയറിവന്ന് ശരീരത്തെയും മനസ്സിനെയും പൊതിഞ്ഞ് ഉമ്മവയ്ക്കുന്നു.

ഇരുണ്ട പുലിമടകള്‍, ധ്യാനഗുഹകള്‍, ചെറുക്ഷേത്രങ്ങളും അവയിലെ ചിത്രങ്ങളും... എല്ലാം ചുറ്റിക്കാണവെ മനസ്സിലായി, മനസ്സിനെ സ്വച്ഛവും ശാന്തവുമാക്കുന്ന എന്തോ ഒരദ്ഭുതം ഈ മലമുകളിലുണ്ട്.   ജീവിതത്തിന്‍റെ കഠിനമായ മലകയറ്റങ്ങള്‍ കഴിഞ്ഞു മാത്രം കിട്ടുന്ന ശാന്തത. കാനനപാത കടന്ന് അയ്യപ്പസ്വാമിയെ തൊഴുതുമടങ്ങുന്ന ശീലമുള്ള മലയാളിക്ക് അത് വേഗം മനസ്സിലാവും. പ്രധാനക്ഷേത്രത്തില്‍ ഗുരുപദ്മസംഭവയുടെ കൂറ്റന്‍ ‘താങ്ക’ ചിത്രം. ‘രണ്ടാം ബുദ്ധന്‍റെ’ രൂപത്തിനു മുന്നില്‍ കണ്ണടച്ചു പ്രാര്‍ഥിച്ചു. റിന്‍സെന്‍ മന്ത്രിക്കുംപോലെ ചോദിച്ചു: “അങ്ങകലെ ഇന്ത്യയുടെ തെക്കേയറ്റത്തുനിന്ന് വന്നിട്ട് ഞങ്ങളുടെ രണ്ടാം ബുദ്ധനോട് എന്താണ് പ്രാര്‍ഥിക്കുന്നത്?” കണ്ണുതുറക്കാതെ ഞാന്‍ മറുപടി പറഞ്ഞു: “ശാന്തി, മനസ്സിന്‍റെ ശാന്തി മാത്രം...”  അതു ശരിവെച്ച് പുറത്ത് മണികള്‍ മുഴങ്ങി.

tigernest2

TRAVEL INFO : KINGDOM OF BHUTAN, CAPITAL : THIMPU

മലയാളികള്‍ക്ക് എളുപ്പത്തില്‍, കുറഞ്ഞ ചെലവില്‍ എത്താവുന്ന രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍. ഒരൊറ്റ രാജ്യാന്തരവിമാനത്താവളം മാത്രമുള്ള ഭൂട്ടാനിലേക്ക് കൊല്‍ക്കത്ത, മുംെെബ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നും റോയല്‍ ഭൂട്ടാന്‍ എയര്‍െെലന്‍സ്  വിമാനസര്‍‍വീസ് നടത്തുന്നുണ്ട്. എന്നാലിത് താരതമ്യേന ചെലവേറിയതാണ്.

പകരം ചെലവുകുറഞ്ഞ മറ്റൊരു മാര്‍ഗമുണ്ട്. പശ്ചിമബംഗാളിലെ Bagdogra വിമാനത്താവളത്തിലേക്ക് കൊച്ചിയില്‍നിന്നും നേരിട്ട് ഇന്‍ഡിഗോ, എയര്‍ഇന്ത്യ, ജറ്റ് എയര്‍‍വെയ്സ് തുടങ്ങിയവരെല്ലാം സര്‍‍വീസ് നടത്തുന്നുണ്ട്. തിരക്കില്ലാത്ത സമയങ്ങളില്‍, മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ആറായിരം രൂപ മുതല്‍ വിമാനടിക്കറ്റുകള്‍ ലഭ്യമാണ്. Bagdogra യില്‍ നിന്ന് ടാക്സിയില്‍ 162 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇന്ത്യ–ഭൂട്ടാന്‍ അതിര്‍ത്തി ഗ്രാമമായ ജയ്ഗോണില്‍ എത്തും. അവിടെനിന്ന് ട്രാവല്‍ പെര്‍മിറ്റ് എടുത്ത് യാത്ര തുടര്‍ന്നാല്‍ ടാക്സിയില്‍ അഞ്ചു മണിക്കൂര്‍കൊണ്ട് ഭൂട്ടാന്‍ തലസ്ഥാനമായ തിമ്പുവില്‍ എത്താം. കുത്തനെയുള്ള മലകള്‍ തുരന്ന് നിർമിച്ച ജയ്ഗോണ്‍–തിമ്പു റോഡിലെ യാത്ര മനോഹരമായ ഒരനുഭവമാണ്. വിമാനത്തില്‍ നേരിട്ട് പാറോവില്‍ എത്തുന്നവര്‍ക്ക് കിട്ടാതെപോകുന്നതും ഇതാവും.

ദീര്‍ഘമായ െട്രയിന്‍ യാത്ര ഇഷ്ടമുള്ളവര്‍ക്ക് കൊല്‍ക്കത്തയില്‍നിന്ന് കാഞ്ചന്‍കന്യ എക്സ്പ്രസില്‍ ഒരു രാത്രി മുഴുവന്‍ യാത്രചെയ്താല്‍ ഭൂട്ടാന്‍ അതിര്‍ത്തിനഗരമായ ജയ്ഗോണിന് അടുത്തെത്താം. വടക്കന്‍ബംഗാളിന്‍റെ ഉള്‍നാടുകളെ മുറിച്ചുകടന്നുപോകുന്ന ഈ തീവണ്ടിയാത്രയും സവിേശഷമായ ഒരനുഭവമാണ്.
ഇന്ത്യക്കാര്‍ക്ക് ഭൂട്ടാനില്‍ കടക്കാന്‍ വിസയോ പാസ്പോര്‍ട്ടോ ആവശ്യമില്ല. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍കാര്‍ഡ് കാണിച്ചാല്‍ ജയ്ഗോണിലെ ഭൂട്ടാന്‍ എംബസിയില്‍നിന്ന് ട്രാവല്‍പെര്‍മിറ്റ് ലഭിക്കും. ഇന്ത്യക്കാര്‍ക്ക് ഇതിന് പ്രത്യേക ഫീസില്ല. (ഇന്ത്യക്കാരല്ലാത്ത വിദേശികള്‍ക്ക് പ്രവേശനഫീസടച്ച് അംഗീകൃത െെഗഡിനൊപ്പം മാത്രമേ ഭൂട്ടാനില്‍ പ്രവേശനമുള്ളൂ.) സാധാരണ പെര്‍മിറ്റില്‍ തിമ്പു, പാറോ എന്നിവിടങ്ങള്‍ മാത്രമേ സന്ദര്‍ശിക്കാന്‍ കഴിയൂ. ഹാ, ഫുനാക തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക പെര്‍മിറ്റ് എടുക്കണം.

ഇന്ത്യന്‍ രൂപ ഭൂട്ടാനില്‍ എവിടെയും സ്വീകരിക്കപ്പെടുമെന്നതിനാല്‍ കറന്‍സി എക്സ്ചെയ്ഞ്ചിനെപ്പറ്റി ആശങ്ക വേണ്ട. മൊണാസ്ട്രികളിലും കാര്യാലയങ്ങളിലുമൊക്കെ പ്രവേശനം സൗജന്യമാണ്. ചില മ്യൂസിയങ്ങളില്‍ മാത്രമാണ് പ്രവേശനഫീസുള്ളത്. അതാകട്ടെ ഇന്ത്യക്കാര്‍ക്ക് മറ്റു വിദേശികള്‍ക്കുള്ളതിന്‍റെ പകുതി മാത്രം. താമസവും ഭക്ഷണവും ഭൂട്ടാനില്‍ അധികം ചെലവേറിയതല്ല.

ഹിമാലയത്തിന്‍റെ െെകകളില്‍ കിടക്കുന്ന ഭൂട്ടാന്‍ ദിവസം മുഴുവന്‍ തണുപ്പുറഞ്ഞുനില്‍ക്കുന്ന നാടാണ്. നട്ടുച്ചയ്ക്കുപോലും കാറ്റിന്‍റെ തണുത്ത െെകകള്‍ നമ്മളെ വരിഞ്ഞുമുറുക്കും. തണുപ്പുകാല വസ്ത്രം നിര്‍ബന്ധം. എന്താണ് ഭൂട്ടാനില്‍ കാണാനുള്ളതെന്ന് ചോദിക്കുന്നവരോട് ഒറ്റ ഉത്തരം മാത്രം: ഭൂട്ടാന്‍ കാഴ്ചകളല്ല, അനുഭവമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട സ്വച്ഛത!

tigersnest14
ADVERTISEMENT