ADVERTISEMENT

പഴമയുടെ സൗന്ദര്യവും നദീതീര ജീവിതത്തിന്റെ ശാന്തതയും ലാളിത്യത്തിന്റെ തിളക്കവും കൊണ്ട് ലോക സഞ്ചാരികളെ ആകർഷിക്കുന്ന നഗരമാണ് ഹോയി ആൻ. മഞ്ഞയുടെ നിറഭേദങ്ങളാൽ വെട്ടിത്തിളങ്ങുന്ന പകലും പട്ടു തുണികൾകൊണ്ടുള്ള വിളക്കുകൾ പ്രകാശം പരത്തുന്ന രാത്രിയും ഇവിടെ ഒരുപോലെ സജീവമാകുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് വിദേശവ്യാപാര വാണിജ്യബന്ധങ്ങൾക്കു ചുക്കാൻ പിടിച്ച തുറമുഖ നഗരമായിട്ടും ആധുനികതയെ വള്ളപ്പാടുകൾ അപ്പുറത്തു നിർത്തിയ ഹോയി ആനിൽ എത്തുന്നവർ ഇവിടെ കാലം സ്തംഭിച്ചു നിൽക്കുകയാണോ എന്ന് അമ്പരന്നുപോകും. മധ്യ വിയറ്റ്നാമിലെ ഡാ നാങ് നഗരത്തിൽനിന്ന് 30 കിലോ മീറ്റർ അകലെയുള്ള ഹോയി ആനിൽ 2000 വർഷം മുൻപുതന്നെ ജനവാസമുണ്ട്. ആധുനിക കാലത്ത് ചാം സാമ്രാജ്യത്തിന്റെ വാണിജ്യ ആസ്ഥാനമായിരുന്നു ഇവിടം. 7ാം നൂറ്റാണ്ടു മുതല്‍ 17ാം നൂറ്റാണ്ടു വരെ വാണിജ്യ തുറമുഖം എന്ന നിലയിൽ ഈ മേഖലയില്‍ പ്രധാനപ്പെട്ട സ്ഥാനം നിലനിർത്തി ഹോയി ആൻ.

hoian2

ശാന്തിയുടെ സംഗമതീരം

ADVERTISEMENT

തെക്കൻ ചൈന കടലിൽ നിന്ന് ഏതാനും കിലോ മീറ്റർ അകലെ, തു ബോൺ നദിയുടെ തീരത്താണ് ഹോയി ആൻ നഗരം. ‘ഹോയി ആൻ’ എന്ന വാക്കിന് അർഥം ശാന്തമായ കൂടിച്ചേരലുകളുടെ ഇടം എന്നാണ്. ചാം രാജ്യത്തിലേക്ക് കച്ചവടക്കാരായി ഇവിടേക്കു കുടിയേറിയ ചൈന, ജപ്പാൻ വംശജർ, പിൽക്കാലത്ത് ചാം സാമ്രാജ്യം ലയിച്ചു ചേർന്ന വിയറ്റ്നാം സംസ്കാരം, അറബ്, യൂറോപ്യൻ സംസ്കാരങ്ങൾ എന്നിങ്ങനെ പല സംസ്കൃതികളും ഈ നദീതീര ജനതയുടെ സംസ്കാരത്തിലേക്കു ശാന്തമായി അലിഞ്ഞു ചേർന്നിട്ടുണ്ട്. എങ്കിലും നദീതീരം ചേർന്നുള്ള കെട്ടിട സമുച്ചയങ്ങൾക്കും ജീവിത ശൈലിക്കും കാലമിത്ര കഴിഞ്ഞിട്ടും മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇന്നും കാറുകളും മോട്ടോർ ബൈക്കുകളും കയറാത്ത ആ ഹോയി ആൻ പൗരാണിക നഗരം ഇന്നും 15ാം നൂറ്റാണ്ടിലെ അല്ലങ്കിൽ 16ാം നൂറ്റാണ്ടിലെ ഒരു തുറമുഖ നഗരമായി നിലനിൽക്കുന്നു. പൗരാണികതയുടെ ഈ സംരക്ഷണത്തെ അംഗീകരിച്ചാണ് യുനെസ്കോ ഹോയി ആൻ പൗരാണിക നഗരത്തെ ഒരു പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചത്.

hoian3

മതിലു കെട്ടി തിരിച്ച്, പലകകളിൽ നിർമിച്ച 1100 കെട്ടിടങ്ങളും വിശാലമായ ചന്തയും വലിയ കടത്തു കടവുകളും ആരാധനാലയങ്ങളും തറവാട് കെട്ടിടങ്ങളും ചേരുന്നതാണ് ഈ പൈതൃകസ്ഥാനം. വീതികുറഞ്ഞ നടവഴിയുടെ ഇരുവശത്തുമായി നിരയൊപ്പിച്ചു പണിത കെട്ടിടങ്ങൾ പരമ്പരാഗത ശൈലിയിലുള്ള മരപ്പണികളാൽ മോടി പിടിപ്പിച്ചതുമാണ്. തെക്കു കിഴക്കൻ ഏഷ്യയിലെ പരമ്പരാഗത നഗരമാതൃകയുടെ യഥാർഥമാതൃകയായി ഹോയി ആനെ കണക്കാക്കുന്നു. പൗരാണികത കാത്തു സൂക്ഷിക്കാൻ നഗരത്തിലെ എല്ലാ കെട്ടിടങ്ങളുടെയും മുഖപ്പുകളില്‍ പരമ്പരാഗത ശൈലിയിലുള്ള ഹോയി ആൻ ലാന്റേണുകൾ എല്ലാ ദിവസവും തെളിയിക്കണമെന്ന് നഗരസഭ നിഷ്കർഷിച്ചിട്ടുണ്ട്. ഹോയി ആനിലെ മിക്കവാറും എല്ലാ കെട്ടിടങ്ങളുടെ ചുമരകളും മതിലുകളും കാണുന്നത് മഞ്ഞനിറത്തിലാണ്. അതിനാൽ വിയറ്റ്‌നാമിന്റെ യെല്ലോ സിറ്റി എന്നും ഇതിനെ വിളിക്കാറുണ്ട്.

hoian6
ADVERTISEMENT

സൈക്കിളുകളുടെയും ഉത്സവങ്ങളുടെയും നാട്

സഞ്ചാരികൾക്കു നടന്നു കാണാൻ സാധിക്കുന്ന നഗരമാണ് ഹോയി ആൻ. ഇക്കാലത്തും ഇവിടെ കാറുകൾ ഉപയോഗിക്കുന്നില്ല. സൈക്കിളാണ് ഏറ്റവും ജനകീയമായ വാഹനം. മോട്ടോർ സൈക്കിളുകളും ഉപയോഗിക്കുന്നവരുണ്ട്. സംരക്ഷിത പ്രദേശത്തേക്ക് വാഹനങ്ങൾക്കു നിയന്ത്രണമുണ്ട്.

ADVERTISEMENT

വർഷംതോറും നൂറിലധികം ഉത്സവങ്ങൾ ആഘോഷിക്കുന്നവരാണ് ഹോയി ആൻ കാർ. ഇതിൽ ഏറ്റവും പ്രധാനം ഹോയി ആൻ ലാന്റേൺ ഫെസ്റ്റിവലാണ്.

hoian4

ഫുകിയാൻ അസംബ്ലിഹാൾ, കാലങ്ങൾക്കു മുൻപ് വ്യാപാരികൾ താമസിച്ചിരുന്ന ടാൻ കി തറവാട്, ജാപനീസ് ബ്രിഡ്ജ് തുടങ്ങി ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ കാഴ്ചകൾ ഈ ചെറു നഗരത്തിലുണ്ട്. ഹോയി ആനിൽ ഏറ്റവും മനോഹരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള പഴയകാല കെട്ടിടങ്ങളിലൊന്നാണ് ടാൻ കി. നദിയുടെ മറുകരയിൽ ജപ്പാനിൽ നിന്നു കുടിയേറിയവരുടെ പ്രദേശത്തേക്കു കടക്കാൻ തടിയിൽ നിർമിച്ച പാലമാണ് ജാപനീസ് ബ്രിജ്. കൊത്തുപണികളാൽ അലംകൃതമായ പാലത്തിന്റെ മധ്യത്തിൽ ഒരു ക്ഷേത്രവുമുണ്ട്.

hoian5

രുചികരമായ തനതു ഭക്ഷണത്തിനു പ്രശസ്തമായ സ്ഥലംകൂടിയാണ് ഹോയി ആൻ. രാത്രിയിൽ ഹോയി ആൻ ലാന്റേണുകളുടെ പ്രകാശം നിഴലിക്കുന്ന നദീ തീരത്തു സ‍ഞ്ചരിച്ച്, പ്രാദേശിക ഭക്ഷണശാലകളിലെ വിഭവങ്ങൾ ആസ്വദിക്കുന്ന സഞ്ചാരികൾ പതിവു കാഴ്ചയാണ്. ഹോയി ആന്റെ മറ്റൊരു പ്രശസ്തി തുന്നൽക്കാരുടെ നഗരം എന്നാണ്. രണ്ടോ മൂന്നോ ദിവസത്തേക്കു നഗരത്തിൽ ചെല്ലുന്ന സഞ്ചാരികൾക്കു പോലും അളവെടുത്ത് വസ്ത്രങ്ങൾ തുന്നി നൽകുന്നു ഇവിടുത്തെ വിദഗ്ധരായ തയ്യൽക്കാർ. സൗന്ദര്യം വഴിഞ്ഞൊഴുകുന്ന, കാഴ്ചകൾക്കു പഞ്ഞമില്ലാത്ത വിയറ്റ്നാമിൽ സാംസ്കാരിക യാത്ര പൂർണമാകണമെങ്കിൽ ഹോയി ആൻ കൂടി കാണണം .

ADVERTISEMENT