നഗരക്കാഴ്ചകളിൽ നിന്ന് മാറി ചെന്നെത്തുന്ന ഓരോ നാടിന്റെയും മിടിപ്പറിയാൻ നല്ലത് ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരമാണ്. അന്നാട്ടിലെ തദ്ദേശീയരെ കുറിച്ച് ആധികാരികമായി മനസ്സിലാക്കാനായാൽ അത് അവരുടെ സംസ്കാരത്തെ കുറിച്ചറിയാൻ കൂടി വഴിയൊരുക്കും. ഓസ്ട്രേലിയയിലേക്ക് കുടിയേറിയതു മുതൽ കേൾക്കുന്നതാണ് അവിടത്തെ ഗോത്രവർഗക്കാരായ അബോർജിൻസിനെ കുറിച്ച്. വ്യത്യസ്തങ്ങളായ വേഷവിധാനം ജീവിതരീതി എന്നിവയൊക്കെ കാണാന്നും അവരോടൊപ്പം സംസാരിക്കാനും കിട്ടുന്ന അവസരം പരമാവധി ഉപയോഗപ്പെടുത്താൻ തന്നെ തീരുമാനിച്ചു. അവരുടെ കുറച്ചു ചിത്രങ്ങൾ എടുക്കണമെന്ന ആഗ്രഹത്തിൽ കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അവരുടെ ടെറിറ്ററിയിലേക്ക് അന്യരെ പ്രവേശിപ്പിക്കില്ല എന്നത്. അതോടെ ആ ആഗ്രഹം ഏതാണ്ട് അവസാനിച്ചു. എന്നാൽ ആത്മാർഥമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നടത്താൻ പ്രകൃതി പോലും കൂടെയുണ്ടാകും എന്നാണല്ലോ!
അബോർജിൻസിന്റെ ജീവിതരീതിയും നായാട്ടു രീതികളും അവതരിപ്പിക്കുന്ന ഷോ നടക്കുന്ന ഒരു സാങ്ച്വറി ഉണ്ടെന്നും അവിടെ പോയാൽ ഇവരെ അടുത്ത് കാണാൻ സാധിക്കുമെന്നും ഒരു സുഹൃത്ത് പറഞ്ഞു. ഇതനുസരിച്ച് വീണ്ടും അന്വേഷണം തുടങ്ങി. ഗോൾഡ് കോസ്റ്റിന്റെ അടുത്താണ് കുറുമ്പിൻ സാങ്ച്വറി (Currumbin Wildlife Sanctuary) എന്നറിഞ്ഞു. പിന്നീട് ആ യാത്രയ്ക്കായുള്ള കാത്തിരിപ്പിന്റെ ദിനങ്ങളായിരുന്നു. ജീവിതം ഇവിടെ അവതരിപ്പിക്കുന്നു ക്വീൻസ്‌ലാൻഡിലെ ബ്രിസ്ബണിൽ നിന്ന് ഏതാണ്ട് 100 കിലോമീറ്റർ അകലെയാണ് കുറുമ്പിൻ സാങ്ച്വറി. ബ്രിസ്ബണിൽ നിന്നു ട്രെയിൻ മാർഗം ഗോൾഡ്കോസ്റ്റ് എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു. അവിടെ വരെയേ ട്രെയിൻ സർവീസ് ഉള്ളൂ. പിന്നീട് അഞ്ചോ പത്തോ മിനിട്ട് ഇടവിട്ട് വൈൽഡ് ലൈഫ് പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ബസ് സർവീസുണ്ട്.

കോല, പാമ്പുകൾ, വിവിധ വർണങ്ങളിലെ സുന്ദരി പക്ഷികൾ, കംഗാരു... തുടങ്ങിയവയായിരുന്നു വൈൽഡ് ലൈഫ് പാർക്കിലെ ആദ്യ ആകർഷണം. മിക്കവയും കൂടിനുള്ളിലാണ്. രാവിലെ തന്നെ ക്യാമറയും എടുത്തു ആ പാർക്കിൽ ചുറ്റിനടന്നപ്പോഴാണ് അറിയുന്നത് വൈകിട്ട് മൂന്നിനാണ് അബോർജിൻസിന്റെ പ്രോഗ്രാം നടക്കുന്നതെന്ന്. നേരത്തെ എത്തിയതിനാൽ നല്ല ചിത്രങ്ങൾ പകർത്താൻ പാകത്തിൽ ഇരിപ്പിടം ഉറപ്പിച്ച് കാത്തിരുന്നു. സ്റ്റേജിലല്ല ഗോത്ര വർഗക്കാരുടെ പരിപാടികൾ നടക്കുന്നത്. ആ പാർക്കിന്റെ ഒരു വശത്ത് മരങ്ങൾക്കിടയിലാണ്. പരമ്പരാഗത വേഷത്തിലാണ് അബോർജിൻസ് ഇവിടേക്ക് എത്തിയത്. ആദ്യം സ്വയം പരിചയപ്പെടുത്തുന്ന സെക്ഷൻ ആയിരുന്നു. ആരാണ് അബോർജിൻസ്, തങ്ങളുടെ ജീവിതരീതി, വേഷവിധാനങ്ങൾ, കുടുംബം... തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ളൊരു സംഗ്രഹം അറിയാൻ സാധിച്ചു. കാഴ്ചക്കാരോട് ഇംഗ്ലീഷിലാണ് ആശയവിനിമയം നടത്തുന്നതെങ്കിലും അവർക്ക് അവരുടെതായ ഭാഷയുണ്ട്. കുടുംബത്തോടെയാണ് അബോർജിൻസ് പരിപാടി അവതരിപ്പിക്കുന്നത്. പാട്ടും ആട്ടവുമായി ഒന്നര മണിക്കൂർ നീളുന്ന പരിപാടി കാഴ്ചക്കാരെ ഒട്ടും മടുപ്പിക്കില്ല. ഡിജിരിടു എന്നൊരു വാദ്യോപകരണമാണ് ഇവരുടെ ഇടയിലെ താരം. ഉള്ളുപൊള്ളയായ ഒരു തരം തടികൊണ്ട് ഉണ്ടാക്കുന്ന ഉപകരണമാണ് ഡിജിരിടു. പരിപാടിക്കിടെ ഇതുവായിച്ച് കേൾപ്പിക്കുന്നു. ശേഷം അവരുടെ വേട്ടയാടൽ, മീൻപിടുത്ത രീതിയെല്ലാം പാട്ടുരൂപേണ അവതരിപ്പിക്കുന്നു. തുടർന്ന് വേട്ടയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ പരിചയപ്പെടുത്തുന്നു.
കൂട്ടുകുടുംബരീതിയിലാണ് അബോർജിൻസ് താമസിക്കുന്നത്. ചുവന്ന ഭീമൻ പാറ അടുത്തയാത്ര ഓസ്ട്രേലിയയിലെ അബോർജിൻസ് അഥവാ ആദിമവാസികൾ പരിപാവനമായി കാണുന്ന ഭീമൻ പാറയായ ഉലുരു കാണാനായിരുന്നു പോയത്. അയേഴ്സ് റോക്ക് (Ayers Rock) എന്നും ഇതറിയപ്പെടുന്നു. നോർത്തേൺ ടെറിട്ടറിയിലെ ഉലുരു, കറ്റ ജുട്ട ദേശീയോദ്യാനത്തിലാണുള്ളത്. മുന്നൂറ്റി നാൽപ്പത്തിയെട്ട് മീറ്ററാണ് ഈ ചുവന്ന പാറയുടെ ഉയരം. സാംസ്കാരികമായും പ്രകൃതിദത്തമായ വൈവിധ്യങ്ങളാലും സമ്പന്നമാണ് ഇവിടം.
1994 ൽ യുനെസ്കോ ഇവിടം ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചതാണ്. ഈ പാറക്കെട്ടിന് അടുത്തായി ആദിമനിവാസികളുടെ സാംസ്കാരിക വിവരങ്ങൾ ശേഖരിച്ചുവച്ച കൾചറൽ സെന്റർ കാണാം. ലോകത്തിലെ ഏറ്റവും വലിയ ഏകശിലയായി ഉലുരു അറിയപ്പെടുന്നു. അൻപതിനായിരം വർഷങ്ങള്‍ക്ക് മുൻപേ ഓസ്ട്രേലിയയിൽ അബോർജിൻസ് ഉണ്ടായിരുന്നതായി നരവംശശാസ്ത്രം പറയുന്നു.

ആദിമവാസികൾ, മണ്ണിന്റെ ഉടമകൾ വേഷത്തിലും സംസ്കാരത്തിലും
ഗോത്രസമൂഹത്തിന്റെ സങ്കൽപങ്ങളെ പ്രതിനിധീകരിക്കുന്നത് ‘സ്വപ്നസമയം’ എന്ന ആശയം ഉപയോഗിച്ചായിരുന്നു. ലോകസൃഷ്ടിയുടെ സമയം അബോർജിൻസിന് ഡ്രീം ടൈം ആണ്. സ്വപ്നസമയത്ത് വസിക്കുന്ന പൂർവികർ പാറകളോ മരങ്ങളോ പോലുള്ള ഭൂപ്രകൃതിയുടെ ഭാഗവുമായി ഒന്നായി ചേരുന്നു എന്നാണ് ഇവരുടെ വിശ്വാസം. അത്തരമൊരു വിശ്വാസത്തിന്റെ ഭാഗമാണ് ഉലുരു എന്ന ചുവന്ന പാറ. ആദിമവാസികൾ, മണ്ണിന്റെ ഉടമകൾ വേഷത്തിലും സംസ്കാരത്തിലും പഴമയിൽ നിന്നു അബോർജിൻ ഒരുപാട് മാറി. പ്രത്യേക സന്ദർഭങ്ങളിലോ സാംസ്കാരിക പരിപാടികളുടെ ഭാഗമായോ ഒക്കെയാണ് അവർ പരമ്പരാഗതവേഷം ധരിക്കുന്നത്. അല്ലാത്തപ്പോൾ സാധാരണ ടീ ഷർട്ടോ പാന്റ്സോ പോലുള്ള വേഷമാണ്.
1788ലെ കണക്കുപ്രകാരം മൂന്ന് മില്യൺ അബോർജിൻസാണ് ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നത്. കൃഷി ചെയ്തും വേട്ടയാടിയും മീൻപിടിച്ചും കുടുംബമായി അവർ വസിച്ചു. യൂറോപ്യൻ കോളനിവത്കരണം സാമൂഹ്യമായും സാംസ്കാരികമായും ഓസ്ട്രേലിയയിലെ അബോർജിൻസിനെ ബാധിച്ചു. അവരെ വൻ തോതിൽ കൂട്ടകൊല ചെയ്താണ് വിദേശികൾ ഇവിടെ സ്ഥാനമുറപ്പിച്ചത്. അബോർജിൻസിന് ഗവൺമെന്റ് ഇപ്പോൾ കൃത്യമായി ജീവനാംശം നൽകുന്നുണ്ട്.

കാലാകാലങ്ങളായി അവരനുഭവിച്ച ദുരിതങ്ങൾക്ക് മാപ്പ് ചോദിച്ചുകൊണ്ട് എല്ലാ വർഷവും മേയ് 26 ദേശീയ ക്ഷമാപണദിനമായും ആചരിക്കുന്നു. പരിപാടി കഴിഞ്ഞ് അബോർജിൻസിന്റെ കുടുംബവുമായി അടുത്തിടപഴകാൻ അവസരം കിട്ടി. ഫോട്ടോ എടുക്കുന്നതെന്തിനാണെന്ന് കുടംബനാഥൻ അന്വേഷിച്ചു. പലരും ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്ന വിഷമവും അദ്ദേഹം പങ്കുവച്ചു. നിങ്ങളുടെ കമ്മ്യൂണിറ്റിയെ കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹം കൊണ്ടുമാത്രമാണ് ഇവിടെ വന്നതെന്നും മറ്റൊരു ദുരുദ്ദേശവുമില്ലെന്നും അറിയിച്ചപ്പോൾ അദ്ദേഹം ചിരിച്ചു. ഇന്ത്യയിലെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. മടങ്ങാൻ നേരം ചെറുപുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു, നോക്കൂ നമ്മുടെ ചർമത്തിന്റെ നിറം ഒരു പോലെയാണ്...!.