മൂക്കിൽക്കൂടിയൊന്നു ശ്വാസം വിടാൻ ഞാൻ കൊതിച്ചു. പക്ഷേ, അതിനുള്ള യാതൊരു സാധ്യതയുമില്ലാത്ത വിധം കിതയ്ക്കുകയായിരുന്നു അപ്പോൾ. അപകടമേഖലയിൽക്കൂടിയാണ് ഞങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ എൻറെ വഴികാട്ടിയായ ആഫ്രിക്കക്കാരൻ സുഹൃത്ത് സിറാജിയുമുണ്ടായിരുന്നു. പോലെ...പോലെ എന്ന് സൂക്ഷിച്ച് നടക്കാൻ നിർദേശം നൽകിക്കൊണ്ടിരുന്നു. അന്തരീക്ഷത്തിൽ ഓക്സിജൻ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുന്നോട്ടുള്ള നീക്കം അപകടകരമാണ്. ഈ അവസ്ഥയിൽ നമ്മളുടെ കുറവുകൾ സ്വയം തിരിച്ചറിഞ്ഞ് ഒതുങ്ങിക്കൂടുന്നതാണ് ഏറ്റവും നല്ലത്. അതായത്, ‘കിബോ ഹട്ടി’ൽ പോയി വിശ്രമിക്കുക. (കിളിമഞ്ചാരോ പർവതത്തിൽ സാഹസിക യാത്രികർ ക്യാംപ് ചെയ്യുന്ന താത്കാലിക ടെന്റാണ് കിബോ ഹട്ട്). കിളിമഞ്ചാരോ മലയുടെ മുകളിലേക്ക് ഒറ്റയ്ക്കു വലിഞ്ഞു കയറുന്നത് രസകരമായ സാഹസികതയല്ല. താഴേയ്ക്കിറങ്ങുന്നതാണ് ഉചിതമെന്ന തോന്നൽ കലശലായി. മഞ്ഞിന്റെയും കാറ്റിന്റെയും തലോടലേറ്റ് പർവതത്തിന്റെ പകുതിയിൽ നിൽക്കുമ്പോൾ ഒരു പഴഞ്ചൊല്ലാണ് മനസ്സിലേക്ക് ഓടിയെത്തിയത്.
‘പർവതാരോഹണം ഓരോരുത്തരുടേയും താത്പര്യമാണ്. ഉയരങ്ങൾ കീഴടക്കിയവർ ഒരിക്കൽ മലയിറങ്ങേണ്ടി വരുമെന്നത് നിയമവും.’
‘നല്ല ഉദ്ദേശ്യത്തോടെ’ ഉയരങ്ങൾ കീഴടക്കിയ ശേഷം അത്രയും താഴ്ചയിലേക്ക് ഇറങ്ങി വരേണ്ടി വന്ന ഒരാളാവണം ഈ വാക്കുകളുടെ ഉടമ.
സമുദ്രനിരപ്പിനു മുകളിലേക്കു മല കയറുമ്പോൾ അതുവരെ ഉണ്ടായിരുന്ന സന്തോഷമെല്ലാം നഷ്ടപ്പെടും. മഞ്ഞു കട്ടകളിൽ കാൽ മുട്ടുകൾ കൂട്ടിയുരഞ്ഞുള്ള നീറ്റലുമായി മലയിലൂടെ അള്ളിപ്പിടിച്ചിറങ്ങുമ്പോൾ സന്തോഷത്തിനുള്ള സ്ഥലമല്ല ഇതെന്നു നാം തിരിച്ചറിയും.
യാത്ര തുടങ്ങുന്നു...
മാർച്ചിലായിരുന്നു കിളിമഞ്ചാരോയിലേക്കുള്ള എന്റെ യാത്ര. കുടിക്കാൻ കൊണ്ടു വന്ന വെള്ളം, കുപ്പിയുടെ ഉള്ളിൽ ഐസിന്റെ കട്ടയായി ഉറച്ചു. ക്യാമറയുടെ ലെൻസിൽ മഞ്ഞിന്റെ ഒരു കഷണം രൂപപ്പെട്ടു. മലയെ കീഴടക്കി വിജയക്കൊടി നാട്ടുന്ന ദിവസം സ്വപ്നം കണ്ടുകൊണ്ടു പുറപ്പെട്ട യാത്രയ്ക്ക് മങ്ങലേറ്റതുപോലെ തോന്നി. കിളിമഞ്ചാരോയിലെ നല്ല ദിവസങ്ങളല്ല ഇത്. അതിഥികളെ സൗഹൃദത്തോടെ സ്വീകരിക്കുന്ന പർവതമാണു കിളിമഞ്ചാരോ, ഇവിടെയെത്തുന്ന ആരെയും ഈ മലനിരകൾ കഷ്ടപ്പെടുത്താറില്ല.
സിറാജി അപ്പോഴും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. തലവേദനിക്കുന്നു എന്നാണ് സിറാജി പറഞ്ഞത്, ഞാൻ കേട്ടു. സാരമില്ല, 5835 മീറ്റർ ഉയരത്തിൽ നിൽക്കുമ്പോൾ അതൊരു വലിയ സംഭവമല്ല. എന്നെ അലട്ടിയിരുന്ന പ്രശ്നം മറ്റൊന്നായിരുന്നു. ഞാനാകെ മാനസിക സംഘർഷത്തിലായിരുന്നു. പാറപ്പുറത്ത് കല്ലുരയ്ക്കുന്നതുപോലെ സിറാജിയുടെ ശബ്ദം എനിക്കു കേൾക്കാം.
നിർത്താതെയുള്ള വർത്തമാനം ഈ തണുപ്പിനെ മറികടക്കാൻ എന്നെ സഹായിക്കുമെന്ന് അയാൾക്ക് അറിയാമായിരുന്നു. മല കയറാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ ഞാൻ കാണിച്ച ആവേശം ചോർന്നു തുടങ്ങി. കൂസലില്ലാതെ തണുപ്പിനെ കീറിമുറിച്ച് മുന്നേറുന്ന സിറാജിയെ നോക്കി ഞാൻ ഓരോ നിമിഷവും ഊർജം വീണ്ടെടുത്തു. കൈകളും വിരലും മരവിച്ച് ഐസായി. എന്നാലും മഞ്ഞു കട്ടകൾക്കു മീതെ ഞാൻ വെറുതെ തുഴഞ്ഞുകൊണ്ടിരുന്നു.
വാസ്തവം പറഞ്ഞാൽ അൽപ്പനേരം വിശ്രമിക്കണമെന്ന് അതിയായ അഗ്രഹമുണ്ടായിരുന്നു. പക്ഷേ, കണ്ണടച്ചാൽ ശരീരത്തിലെ സകല എല്ലുകളും നുറുങ്ങുന്ന വേദന. ഒരു നിമിഷം പോലും നിൽക്കാതെ നടക്കുക, ജീവൻ നിലനിർത്താനുള്ള ഒരേയൊരു പോംവഴി അതു മാത്രമായിരുന്നു. ബുദ്ധിമുട്ടോടെയാണെങ്കിലും, നടത്തം തുടർന്നതുകൊണ്ട് ശരീരം മരവിച്ച് ഐസാവാതെ കാത്തുസൂക്ഷിക്കാൻ സാധിച്ചു.
അൽപ്പം വിശ്രമിക്കാമെന്ന് പല തവണ ഞാൻ വിളിച്ചു പറഞ്ഞിട്ടും സിറാജി മൈൻഡ് ചെയ്തില്ല. വിശ്രമം എന്ന ചിന്ത പതുക്കെപ്പതുക്കെ ഞാനും മറന്നു.
ശുദ്ധവായു കിട്ടിയപ്പോൾ അത് ആസ്വദിച്ച് ശ്വസിക്കുന്നതിനു പകരം ഞാൻ എന്റെ ശപഥം ആവർത്തിച്ചു – ‘ജീവിതത്തിലൊരിക്കലും ഇനി പർവതാരോഹണത്തിന് ഇറങ്ങിപ്പുറപ്പെടില്ല.’
സഹിക്കാനാവാത്ത തണുപ്പും വിശപ്പും. തലവേദന കാരണം സിറാജി എന്നെ ശ്രദ്ധിക്കുന്നു പോലുമില്ല. ഇക്കാര്യത്തിൽ അയാളെ തെറ്റിദ്ധരിച്ചതിൽ എനിക്കു വിഷമം തോന്നി.
പർവതത്തിനു മുകളിൽ വിജയക്കൊടി പാറിച്ച ശേഷം ആ കഥ പറയാനായി ജീവിക്കണമെന്ന് ആഗ്രഹമില്ലാത്ത ഒരാളെക്കുറിച്ച് ഞാൻ നേരത്തേ തന്നെ വ്യക്തമായൊരു ചിത്രം തയാറാക്കണമായിരുന്നു. ‘‘നിങ്ങളെയോർത്ത് നിങ്ങളുടെ കുടുംബം അഭിമാനിക്കും’’ – സിറാജി പറഞ്ഞു. അതു കേട്ട് ഞാൻ അയാളെ തറപ്പിച്ചു നോക്കി.
സിറാജിയെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ചായിരുന്നു പിന്നീട് എന്റെ ആലോചന. അതുവരെ എന്നെ അലട്ടിയിരുന്ന ചിന്തകളെല്ലാം പതുക്കെ മാഞ്ഞു തുടങ്ങി.
മല കേറാനോ, താനോ...?
ഞാൻ മല കയറാനെത്തിയതാണെന്നു പറഞ്ഞപ്പോൾ അയാൾ ആകെ പകച്ചു. എന്റെ ‘തടി’യായിരിക്കും അയാളെ അങ്കലാപ്പിലാക്കിയത്. അതു തുറന്നു പറയാനാവാതെ അയാൾ കുറേ നേരം എന്റെ മുന്നിൽ നിന്നു ചിണുങ്ങി. മല കയറിത്തുടങ്ങിയപ്പോഴാണ് അയാൾക്ക് എന്നെക്കുറിച്ചുള്ള സംശയങ്ങൾ മാറിത്തുടങ്ങിയത്. അയാളുടെ വീട്ടിലുണ്ടാക്കിയ ഭക്ഷണം ഞാൻ ആർത്തിയോടെ വാരിത്തിന്നു. അയാളുടെ ഭാര്യയെക്കുറിച്ചും കുട്ടികളെക്കുറിച്ചും കുറേ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വാസ്തവം പറയട്ടെ, രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങൾ ഏറെക്കാലമായി പരിചയമുള്ളരെപ്പോലെയായി. പർവതവാസികളുടെ ഭക്ഷണം എനിക്കിഷ്ടമായി. കുക്കുമ്പർ സൂപ്പും ചിക്കൻ ഫ്രൈയുമാണു കൂടുതൽ സ്വാദ്. ഈ രണ്ടു വിഭവങ്ങളും ഇവിടത്തുകാരുടെ വിശ്വാസപ്രകാരം മലദൈവങ്ങൾക്കുള്ളതാണ്. എന്തായാലും അതൊക്കെ ഞാൻ സുഭിക്ഷമായി വെട്ടിവിഴുങ്ങി.
ഗിൽമാൻസ് പോയിന്റിനും കിബോയ്ക്കും ഇടയ്ക്ക് കുത്തനെയുള്ള ചെരിവുകളുണ്ടായിരുന്നു. ഇവിടം കടന്നു കിട്ടാൻ ‘കുറച്ചുകൂടി’ കഷ്ടപ്പെടേണ്ടി വരുമെന്നു സിറാജി ഓർമിപ്പിച്ചു. കഴിഞ്ഞ അഞ്ചു ദിവസത്തെ യാത്രകൊണ്ട് ഈ ‘കഷ്ടപ്പാടിന്റെ’ വ്യത്യാസങ്ങൾ ഞാൻ മനസ്സിലാക്കിയിരുന്നു. എന്തു വന്നാലും അതിനെയെല്ലാം മറികടക്കാനുള്ള ധൈര്യം പകരുന്ന സിറാജിയുടെ വാക്കുകൾ എനിക്കു കരുത്തു പകരും. മനസ്സിന്റെ ഭയം ഇല്ലാതാക്കും.
ആലോചിച്ചു നോക്കൂ : ‘‘ഗിൽമാൻസ് പോയിന്റ് നടന്നു കയറിയാൽ, നിനക്ക് തീർച്ചയായും ഉഹ്റു കീഴടക്കാൻ കഴിയും’.’ – ഇന്നലെ അർധരാത്രിയിൽ എന്നോട് സിറാജി പറഞ്ഞു. ഞാൻ അദ്ദേഹത്തെ വിശ്വസിച്ചു.
നെറ്റിക്കു കുറുകെ കെട്ടിവച്ചിട്ടുള്ള ഹെഡ് ലാംപിന്റെ വെളിച്ചം കാൽച്ചുവട്ടിൽ കിട്ടുന്നതിനായി മുതുകു നന്നായി വളച്ച്, കുനിഞ്ഞാണ് ഞങ്ങൾ നടക്കുന്നത്. ഗിൽമാൻസ് പോയിന്റ് ഒരു കൂർത്ത വളവാണ്. 70 ഡിഗ്രി കുത്തനെയുള്ള ചെരിവിൽ കട്ടിയായി മഞ്ഞ് കുന്നുകൂടി കിടക്കുകയാണ് അവിടെ. അതിനു മീതേകൂടി അഞ്ച് മണിക്കൂർ നടന്നുവേണം ഉഹ്റുവിനു മുകളിലെത്താൻ. ഇടയ്ക്കിടെ ആഞ്ഞു വീശുന്ന ശീതക്കാറ്റിനെ മറികടക്കലാണ് വലിയ വെല്ലുവിളി.
ഗിൽമാൻസ് പോയിന്റിനു മുകളിലെത്താൻ എത്ര നേരം വേണ്ടി വരുമെന്നു പലതവണ ചോദിച്ചിട്ടും, കൃത്യമായ ഒരു മറുപടി പറയാത്തതിനു കാരണം എന്താണെന്നു ഞാൻ സിറാജിയോടു ചോദിച്ചു. കടുപ്പിച്ചൊരു നോട്ടമായിരുന്നു സിറാജിയുടെ പ്രതികരണം. അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കൊടുങ്കാറ്റും മഞ്ഞൊലിപ്പും കാരണം ഈ മലയിലേക്കുള്ള ദൂരം കൂടിയും കുറഞ്ഞുമിരിക്കും. മഞ്ഞിന്റെ അളവിനനുസരിച്ച് ദൂരത്തിൽ വ്യത്യാസം വരാം. അടുത്തിടെയുണ്ടായ മാറ്റങ്ങൾ മഞ്ഞിനെ ചെങ്കുത്തായി നിർത്തിയതാണ് ഞങ്ങളുടെ യാത്രയിൽ നേരിടാനുള്ള ദൂരം.നിരപ്പുള്ള ഒരു സ്ഥലത്തെത്തിയപ്പോൾ സിറാജി നടുനിവർത്തി നിന്ന് എന്നെ തോണ്ടി വിളിച്ചു.
‘‘അവിടെയാണ്’’ മുകളിൽ ഒരിടത്തേക്കു വിരൽ ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. അതോടെ ഞാൻ വർത്തമാനം നിർത്തി. മലകയറുന്നവർക്കു ഗൈഡുകൾ പ്രചോദനം നൽകുന്നത് ഇങ്ങനെയാണ്. ഗിൽമാൻസ് പോയിന്റിലേക്ക് എത്താറായിരിക്കുന്നു.
ഇറക്കം ചിത്രവധം...
ഈ സമയത്ത് ഞാൻ ഒരുകാര്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. മല കയറുന്നത് മരണ വേദനയാണെങ്കിൽ, ഈ പർവതത്തിൽ നിന്നു താഴോട്ടുള്ള നടത്തം ‘ചിത്രവധം’ ആയിരിക്കും. ഗിൽമാൻസ് പോയിന്റ് കടന്നപ്പോൾ ഇനിയും കൂടുതൽ ദൂരം പോകണോ എന്ന വിഷമമായിരുന്നു മനസ്സിൽ.
പക്ഷേ, ‘വഴിമുടക്കുന്ന’ എന്റെ ചിന്തകളെ സിറാജി തട്ടിയുണർത്തി. സ്വപ്നം സാക്ഷാത്കരിക്കാനാണല്ലോ ഈ യാത്രയെന്ന് ഓർമിപ്പിച്ചു. മുകളിൽ ഒരുപാടു കാര്യങ്ങൾ കാണാനുണ്ടെന്നു പറഞ്ഞ് അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു. നമ്മൾ കടന്നു പോകുന്നത് ‘സീറോ വിസിബിലിറ്റി സോണി’ൽക്കൂടിയാണ് എന്നു സിറാജി പറഞ്ഞതു ഞാൻ കേട്ടു. ഈ പ്രദേശത്ത് സൂര്യപ്രകാശമില്ല. മേഘപാളികൾ കൂടുകൂട്ടിയ ആകാശമാണു മുകളിൽ. താഴെ, മഞ്ഞു പാളികൾ അട്ടിയിട്ട പാറക്കെട്ടുകൾ. സൂര്യൻ എന്നൊരു പ്രകാശ ഗോളം ആകാശത്തുണ്ടെന്ന് അവിടെ നിന്നാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ഗിൽമാൻസ് പോയിന്റ് കടന്നതോടെ അതൊന്നും എനിക്കൊരു പ്രശ്നമല്ലാതായി.
ഈ അവസരത്തിൽ അങ്ങനെയുള്ള ആശങ്കകളൊന്നും മനസ്സിനെ അലട്ടരുത്. കാൽമുട്ടുകൾ കൂട്ടിയിടിക്കുന്ന തണുപ്പിനെ വകവയ്ക്കാതെ മുന്നോട്ടു നടക്കണം. കൊടും കുളിരിൽ പല്ലുകൾ കൂട്ടിയിടിക്കുമ്പോൾ അത് ഉണർത്തുപാട്ടാവണം. ‘അക്യൂട്ട് മൗണ്ടൻ സിൻട്രോം’ ബാധിക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു പറയണം. (2440 മീറ്റർ ഉയരത്തിലെത്തുമ്പോൾ ഉണ്ടാകുന്ന ശാരീരിക അവസ്ഥയാണ് എഎംഎസ്, അഥവാ അക്യൂട്ട് മൗണ്ടൻ സിൻട്രോം. ഉറക്കക്ഷീണവും തളർചയും ശ്വാസംമുട്ടലുമാണ് ഇതിന്റെ ലക്ഷണങ്ങൾ). എഎംഎസ് ബാധിച്ചാൽ നേരേ ഐസിയുവിൽ പ്രവേശിപ്പിക്കുക മാത്രമാണു ജീവൻ രക്ഷിക്കാനുള്ള ഏക നടപടി. ആഫ്രിക്കയുടെ മേൽപ്പുരയെന്നു വിശേഷിപ്പിക്കാവുന്ന ഉഹ്റുവിലേക്കു നടന്നു കയറുന്ന രണ്ടു മണിക്കൂർ യാത്രയ്ക്കായി മാത്രം നീക്കി വയ്ക്കുക. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കാതിരിക്കുക.
ഹെഡ് ലൈറ്റിൽ നിന്നുള്ള അരണ്ട വെളിച്ചം പതിഞ്ഞ നിലത്തുകൂടി ഞങ്ങൾ പതുക്കെ നടന്നു നീങ്ങി. കുറച്ചു ദൂരം കൂടി മുന്നോട്ടു ചെന്നപ്പോൾ ആ ബോർഡ് പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു.
മടക്കയാത്രയിൽ ഞാൻ ഒരുപാട് യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു. കിളിമഞ്ചാരോയിലേക്കുള്ള സാഹസിക യാത്ര എല്ലാവർക്കും പറ്റിയ പണിയല്ല. എത്ര ദൃഢനിശ്ചയമുള്ളയാളാണെങ്കിലും അതിനുമപ്പുറം ചില യോഗ്യതകൾ ആവശ്യമുള്ള സാഹസമാണിത്. ഒരാഴ്ചത്തോളം കുളിയും നനയുമില്ലാതെ ജീവിക്കാനുള്ള മനക്കരുത്ത് വേണം. വിശപ്പിനെ വിശപ്പുകൊണ്ട് തോൽപ്പിക്കാനുള്ള കഴിവുണ്ടാകണം. തീർന്നില്ല... കാൽമുട്ടുകളും തുടയെല്ലും മുറിഞ്ഞു പോകുന്ന വേദന സഹിക്കേണ്ടി വരും. മുഖവും ചുണ്ടുകളും വരണ്ടുണങ്ങി വിണ്ടു കീറും. ഉറക്കമില്ലാതെ തളർച്ചയുണ്ടാകും. – ഇതിനെല്ലാം പുറമെ, ഉയരത്തിലെത്തിയാൽ എന്നെങ്കിലുമൊരിക്കൽ താഴേയ്ക്ക് ഇറങ്ങിയേ പറ്റൂ – അതു വിധി ഹിതമാണ്.
ഏകദേശം ഒരു മണിയായിക്കാണും. ‘കിബോ ഹട്ട്’ എന്നെഴുതിയ ബോർഡിനടുത്തെത്തി. മഞ്ഞു മൂടിക്കിടക്കുന്ന, ചാര നിറമുള്ള ബോർഡിന് നേരത്തേ കണ്ട ബോർഡിൽ നിന്നു ചെറിയൊരു വ്യത്യാസം. വിരൽ ഉയർത്തി വിജയചിഹ്നം കാണിക്കാൻ ഇവിടെ ‘റെയ്ഞ്ചർ’ ഉണ്ട്. ഒടിഞ്ഞു വീഴാറായ ടെന്റിനു മുന്നിൽ നിന്ന് മരവിച്ച കൈകൾ വീശി അയാൾ ഞങ്ങളെ വരവേറ്റു. സ്ലീപ്പിങ് ബാഗിനു മുകളിലേക്ക് ഞാൻ മറിഞ്ഞുവീണു കിടന്നുറങ്ങി. കഷ്ടിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സിറാജി എന്നെ വിളിച്ചുണർത്തി. പോകാൻ സമയമായി.
പതുക്കെ പതുക്കെ തിരിച്ചിറക്കം...
ഞങ്ങൾ അവിടം വിടുമ്പോഴും കിബോ മഞ്ഞി ൽ പുതഞ്ഞു കിടക്കുകയായിരന്നു. കൈകൾ മുറുകെ പിടിച്ചൊരു ഷേക്ക് ഹാൻഡ് തന്ന് റെയ്ഞ്ചർ അഭിനന്ദിച്ചു. ഉഹ്റുവിനു മുകളിലേക്കു പുറപ്പെട്ട ഒരാൾ തളർന്നു വീണ് ആശുപത്രിയിൽകൊണ്ടുപോയ കാര്യം റെയ്ഞ്ചർ പറഞ്ഞു. ‘‘മഞ്ഞുവീഴ്ച കൂടുതലാണ്. ഇന്ന് മറ്റാരും മല കയറുന്നില്ല.’’– കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ഞങ്ങൾ വളരെ പതുക്കെ മലയിറങ്ങിത്തുടങ്ങി. ഒരോ മീറ്റർ താഴേയ്ക്കിറങ്ങുമ്പോഴും ഓക്സിജൻ കിട്ടുന്ന സ്ഥലത്തേക്കുള്ള ദൂരം കുറയുന്നു എന്നാണ് അർഥം. മലയുടെ നെറുകയിൽ ര ണ്ടു മഞ്ഞു പാളികൾ കുത്തനെ കൂടിച്ചേർന്ന ചെരിവുകളിലൂടെ ഞാൻ ഓടിയിറങ്ങി. പഠിച്ചതേ പറയുകയുള്ളൂ എന്നുറപ്പിച്ചയാളാണ് സിറാജി. അദ്ദേഹം അ തു പാലിച്ചു. ‘‘പോലേ, പോലേ’’ – ഞാൻ കേൾക്കാനായി സിറാജി ഉറക്കെ വിളിച്ചു പറഞ്ഞു. ‘‘നോ, ഝൽദി, ഝൽദി’’ – ഉറച്ച സ്വരത്തിൽ ഞാൻ അദ്ദേഹത്തിനു മറുപടി നൽകി.