Tuesday 19 October 2021 04:53 PM IST : By Mitra Satheesh

ദൈവങ്ങളുടെ ദ്വീപ്, ബാലി

bali 3

കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിൽ ബാലി ദൈവങ്ങളുടെ ദ്വീപാണ്. ബാലി ഒരിക്കൽ സന്ദർശിച്ച ആർക്കും ഈ വിശേഷണത്തിൽ അതിശയോക്തി തോന്നില്ല. ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട ആചാരുനുഷ്ഠാനങ്ങളും ബാലി ജനതയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ പുരാതന ക്ഷേത്രങ്ങള്‍ പോലും അവർ സംരക്ഷിക്കുന്നു. ഈ ക്ഷേത്രങ്ങളുടെ തനിമയാർന്ന കൊത്തുപണികളും വാസ്തു വിദ്യയും പഠിക്കാനും ,ആസ്വദിക്കാനുമായി പല രാജ്യങ്ങളില്‍ നിന്നും ധാരാളം സഞ്ചാരികൾ ബാലി സന്ദര്‍ശിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമാണ് ഇന്തൊനീഷ്യ. അവിടെയാണ് ആയിരം ക്ഷേത്രങ്ങളുടെ നാട് എന്നറിയപ്പെടുന്ന ബാലി സ്ഥിതി ചെയ്യുന്നത്. ബാലിയിലെ ക്ഷേത്രങ്ങള്‍ എല്ലാം തന്നെ വളരെ പ്രകൃതി രമണീയമായ സ്ഥലത്താണ് നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്ര ദര്‍ശനത്തിനൊപ്പം പ്രകൃതി ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണ് ബാലി...ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് ദൈവത്തിന്റെ ദ്വീപ് കാണാനൊരു യാത്ര.

ഉത്സവങ്ങളുടെ ദ്വീപ്

bali 5

ക്ഷേത്രങ്ങളുടെ നാട്ടിൽ ഉത്സവങ്ങൾക്ക് കുറവുണ്ടാകില്ലല്ലോ. കേരളത്തിലെ ആചാരാനുഷ്ടാനങ്ങളിൽ നിന്നും ഉത്സവങ്ങളിൽ നിന്നും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു ബാലിയിലെ ആഘോഷങ്ങൾ. ബാലിക്കാരുടെ ഒരു പ്രധാന ഉത്സവമാണ് Galungan . തിന്മക്കു മേൽ നന്മയുടെ വിജയം പ്രധാനം ചെയ്യുന്നതാണ് ഈ ഉത്സവം. അന്നേ ദിവസം പൂർവികരുടെ ആത്‌മാക്കൾ വിരുന്നു വരുമെന്നും പത്തു ദിവസം ഭൂമിയിൽ കാണുമെന്നുമാണ് ഇവർ വിശ്വസിക്കുന്നത്. ആത്മാക്കൾ മടങ്ങി പോകുന്ന പത്താം ദിവസത്തെ Kuningan എന്നാണ് വിളിക്കുന്നത്. അന്ന് പരംപൊരുളായ Sang Hang Widhi ഭൂമിയിൽ വന്നു മനുഷ്യരെ അനുഗ്രഹിക്കുമത്രെ.

ഇതു പോലെ ഒട്ടേറെ ഉത്സവങ്ങൾ ഇവർ കൊണ്ടാടാറുണ്ട്. ലോഹ സംബന്ധമായ സാധന സാമഗ്രികൾ പൂജിക്കുന്ന ദിവസമാണ് Tumpek Landep. വർഷത്തിൽ രണ്ടു ദിവസമാണ് ഇത് ആഘോഷിക്കുന്നത്. പണ്ട് കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന കത്തി മുതലയാവയായിരുന്നു പൂജിച്ചിരുന്നത് . പക്ഷേ ഇന്ന് മൊബൈൽ ഫോൺ , വാഹനങ്ങൾ തുടങ്ങിയവ ആയെന്നുമാത്രം. ഇതു പോലെ നിരവധി ഉത്സവങ്ങളുണ്ടിവിടെ.

ദൈവം വാഴുന്ന മണ്ണിൽ

bali 2

ദൈവം സ്വർഗത്തിലും, മനുഷ്യൻ ഭൂമിയിലും, ഭൂതങ്ങളും ദുർദേവതകളും ഭൂമിക്കടിയിലും വസിക്കുന്നു എന്നാണ് ബാലിക്കാരുടെ വിശ്വാസം. പിശാചും , രാക്ഷസന്മാരും, തിന്മയും കടലിൽ വസിക്കുന്നു എന്ന വിശ്വാസമുള്ളതുകൊണ്ട് കടലോരത്ത് ഇവർ വീട് പണിയാറില്ല. ബാലിയിലെ കടല്‍ തീരത്തുള്ള ഏഴു ക്ഷേത്രങ്ങള്‍ വളരെ പ്രശസ്തമാണ്. ഇവ തെക്കു പടിഞ്ഞാറന്‍ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു മാലയിലെ മുത്തുകള്‍ പോലെ ഈ ക്ഷേത്രങ്ങൾ തീരത്തെ പരസ്പരം ബന്ധിപ്പിക്കുന്നു. കടല്‍ ക്ഷേത്രങ്ങളുടെ അടിത്തട്ടില്‍ വസിക്കുന്ന വിഷ പാമ്പുകള്‍ ദുഷ്ട ശക്തികളില്‍ നിന്നും ക്ഷേത്രത്തെ കാത്തുകൊള്ളുന്നു എന്നാണ് വിശ്വാസം.

ബാലിനീസ് ക്ഷേത്രങ്ങള്‍ കാഴ്ചയിലും കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നും വളരെയധികം വേറിട്ട് നില്‍ക്കുന്നതാണ്. ബാലിനീസ് ഹിന്ദു ക്ഷേത്രങ്ങളെ 'പുര' എന്നാണ് വിളിക്കുന്നത്. വലിയ ചുറ്റുമതില്‍ കെട്ടിനുള്ളിലാണ് ഓരോ ക്ഷേത്രങ്ങളും.'മേരു' എന്ന് വിശേഷിക്കപ്പെടുന്ന തട്ടുകളായുള്ള പുല്ല് മേഞ്ഞ മേല്‍ക്കൂര ഈ ക്ഷേത്രങ്ങളുടെ ഒരു സവിശേഷതയാണ്.

ഈ തട്ടുകളിൽകൂടിയാണ് ദൈവം ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് എന്നാണ് വിശ്വാസം .

പരമ്പരാഗതമായ കൊത്തുപണികളും, ശിൽപങ്ങളും കൊണ്ട് നിര്‍മിച്ച ഈ ക്ഷേത്രങ്ങള്‍ ആദ്യ കാഴ്ചയിൽ തന്നെ നമ്മെ അതിശയിപ്പിക്കും. ഏക്കറുകളോളം പരന്നു കിടക്കുന്ന ഓരോ ക്ഷേത്രവളപ്പിലും മനോഹരമായ പൂന്തോട്ടങ്ങളും തണല്‍ മരങ്ങളും നിറയെ കാണാം. മനസ്സിൽ ഭക്തിയും കുളിർമയും ഒന്നുചേർന്ന് അനുഭവപ്പെടുന്നു.

തുറസ്സായ സ്ഥലവും, പൂന്തോട്ടവുമടങ്ങിയ ഭാഗത്തെ ജബ പിസാന്‍ അഥവാ ജബ പുരാ എന്നാണ് വിളിക്കുന്നത്. ഇവിടെയാണ് മതേതരമായ കൂടിക്കാഴ്ചകളും ഉത്സവ സമയത്തെ നൃത്തനൃത്യങ്ങളുമെല്ലാം അരങ്ങേറുന്നത്. ഇവിടെ നിന്നും പ്രവേശന കവാടം വഴി രണ്ടാമത്തെ ഭാഗത്തേക്ക് കടക്കാന്‍ സാധിക്കും. ജബ തെങാഹ് (Jaba Tengah) എന്നാണ് പൂജക്കുള്ള തയാറെടുപ്പുകള്‍ നടത്തുന്ന മണ്ഡപങ്ങൾ ഉൾപ്പെടുന്ന ഭാഗം അറിയപ്പെടുന്നത്.

ക്ഷേത്രത്തിലെ ഏറ്റവും പരിപാവനമായ ഭാഗമാണ് ജെറോആന്‍ (Jeroan). ഇഷ്ടിക വൃത്തിയായി പാകിയ തറയും, തട്ടുകളായി പുല്ലു മേഞ്ഞ് നിര്‍മിച്ച മേല്‍ക്കൂരയുമൊക്കെയുള്ള ഇവിടമാണ് പ്രധാന ക്ഷേത്രം. ഓരോ അമ്പലത്തിലേയും പ്രതിഷ്ഠയെ അടിസ്ഥാനപ്പെടുത്തിയാണ് മേരു എന്നറിയപ്പെടുന്ന ഈ മേൽക്കൂരയുടെ നീളം കണക്കാക്കുന്നത്. ക്ഷേത്ര കവാടങ്ങള്‍ക്കുമുണ്ട് പ്രത്യേകതകള്‍. ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് തരത്തിലുള്ള ക്ഷേത്ര കവാടങ്ങള്‍ കാണാം. ആദ്യത്തേത്. കാന്‍ഡി ബേണ്ടാര്‍ (Candi bentar ), നെടുകെ പിളര്‍ന്ന മാതൃകയിലുള്ള കവാടമാണിത്.

bali 7

ശിവ ഭഗവാന്‍ മേരു പര്‍വതത്തെ ബാലി ദ്വീപില്‍ പ്രതിഷ്ഠിക്കുകയും , നന്മയെയും, തിന്മയെയും വേർതിരിക്കാൻ നെടുകെ രാണ്ടായി പിളര്‍ന്നു എന്നുമുള്ള ഐതിഹ്യമാണ് ഈ നിര്‍മിതിയുടെ അടിസ്ഥാനം. രണ്ടാമത്തേത്, കോരി അഗങ് ( kori agung ) എന്ന കവാടമാണ്. നീണ്ട ഗോപുരം കണക്കേയുള്ള മേല്‍ക്കൂരയുള്ള കവാടമാണ്. ഈ കവാടത്തിനു കാവലാളായി ഭീതിപ്പെടുത്തുന്ന മുഖമുള്ള രണ്ട് ശിൽപങ്ങളുണ്ട്. ഇതു വന ദൈവമായ ഭോമന്റെ രൂപമാണ്. ദുഷ്ട ശക്തികള്‍ ക്ഷേത്രത്തിനുള്ളില്‍ കയറാതിരിക്കാന്‍ വേണ്ടിയാണ് ഈ രൂപങ്ങള്‍ അവിടെ വച്ചിരിക്കുന്നതെന്നാണ് സങ്കല്‍പം. ആദ്യത്തെ അങ്കണത്തില്‍ നിന്നും രണ്ടാമത്തെ അങ്കണത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.

ക്ഷേത്രങ്ങളും കാഴ്ചകളും

bali 1

ആറു ദിവസത്തെ ബാലി സന്ദര്‍ശനത്തിനടിയില്‍ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളും കാഴ്ചകളും കണ്ടു. തീര്‍ത്ഥ എംബുള്‍ (Tirtha Embul), പുരാ ഉലുന്‍ദാനു (Pura Ulundanu ), തനാഹ് ലോട് (Tanah Lot ), പുരാ ഉലുവാട്ടു (Pura Uluwatu ), ഗോആ ഗജാഹ് (Goa Gajah ) എന്നിവയാണ് അവയിൽ പ്രധാനപ്പെട്ട ചില ക്ഷേത്രങ്ങൾ.

തീര്‍ത്ഥക്കുള ക്ഷേത്രമായി അറിയപ്പെടുന്ന ഇടമാണ് തീർത്ഥ എംബുള്‍. പിതൃതര്‍പ്പണത്തിനും, രോഗശാന്തിക്കുമായാണ്ആളുകള്‍ ഇവിടെ എത്തിച്ചേരുന്നത് . AD 960 ല്‍ പണിത ക്ഷേത്രത്തില്‍ വിഷ്ണു ഭഗവാനെയാണ് ആരാധിക്കുന്നത്. ഈ തീര്‍ത്ഥക്കുളത്തെ കുറിച്ച് രസകരമായൊരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്.

“മായാദേവനവന്‍ എന്ന ദുഷ്ടനായ ബാലി രാജാവിനെ തുരത്താന്‍ ഇന്ദ്രഭഗവാന്‍ സൈന്യവുമായി ബാലിയില്‍ എത്തി. തോല്‍വിയോട് അടുക്കാറായപ്പോള്‍ രാജാവ്, ഇന്ദ്രന്റെ സൈന്യം വെള്ളം ശേഖരിക്കുന്ന നീരുറവയില്‍ വിഷം കലര്‍ത്തി. അങ്ങനെ അനേകം ഭടന്മാര്‍ മരണപ്പെട്ടു. കാര്യം മനസിലായ ഇന്ദ്രഭഗവാന്‍, അമൃത് വരുന്ന ഒരു നീരുറവ സൃഷ്ടിച്ച് ഭടന്‍മാരെ പുനര്‍ജനിപ്പിച്ചു. അങ്ങനെയാണ് പോലും ദൈവീക ശക്തിയുള്ള, രോഗശാന്തിക്ക് സഹായിക്കുന്ന നീരുറവ അവിടെ ഉണ്ടായത്.”

ക്ഷേത്രത്തിലെ പരിപാവനമായ നീരുറവകളില്‍ നിന്നും വരുന്ന വെള്ളം ദീര്‍ഘചതുരാകൃതിയിലുള്ള രണ്ട് കുളങ്ങളിലേക്കാണ് എത്തപ്പെടുന്നത്. കല്ലുകൊണ്ട് തട്ടുകളായി കെട്ടി ദൃഢമാക്കിയ കുളത്തിന്റെ വശങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള മുപ്പത് ഓവുകളില്‍ കൂടിയാണ് ഈ പവിത്രമായ ജലം കുളത്തിലേക്ക് പതിക്കുന്നത്. ഇവയില്‍ രണ്ടു ഓവുകളില്‍ നിന്നും വരുന്ന വെള്ളം പിതൃതര്‍പ്പണത്തിനായി എത്തുന്നവര്‍ക്ക് മാത്രമാണ് തീർത്ഥ‍ എംബുളിലെത്തുന്നവർ ഇവരുടെ പരമ്പരാഗത വസ്ത്രമായ സാറോങ് ധരിക്കണം. അതിനു ശേഷം കുളത്തിലേക്ക് ഇറങ്ങുന്ന സ്ഥലത്തുള്ള മണ്ഡപത്തില്‍ ഇരുന്നു പ്രാര്‍ത്ഥിക്കണം. കുളത്തില്‍ നെഞ്ചിന്റെ പൊക്കം വരെ നല്ല തണുത്ത വെള്ളമാണ്. ഓരോ ഓവിന് മുന്നിലും സ്‌നാനത്തിന് എത്തിയവരുടെ നിര കാണാം. നിരയില്‍നിന്ന് നമ്മുടെ ഊഴമാകുമ്പോള്‍ വെള്ളം വരുന്ന ഓവിനടിയിൽ തല പിടിക്കണം.ശേഷം അടുത്ത വരിയില്‍ നില്‍ക്കണം. ഇങ്ങനെ ഇരുപത്തെട്ട് ഓവുകളില്‍ നിന്നും വരുന്ന തണുത്ത വെള്ളം തലയില്‍ വീഴ്ത്തി പുറത്തോട്ട് ഇറങ്ങുമ്പോള്‍ ഒരു പ്രത്യേക ഊര്‍ജം കൈവന്നതായി അനുഭവപ്പെടും.

bali 4

വസ്ത്രം മാറിയ ശേഷം അകത്തെ അങ്കണത്തില്‍ പ്രവേശിച്ചു പ്രാര്‍ത്ഥിക്കാം. സ്വര്‍ണ്ണ നിറത്തില്‍ അലങ്കരിച്ച ധാരാളം മണ്ഡപങ്ങള്‍ ഇവിടെ കാണാം. പുറത്തിറങ്ങുന്ന വഴിക്ക് മറ്റൊരു വലിയ കുളത്തില്‍ നിറയെ കോയി എന്ന സ്വര്‍ണ നിറത്തിലും വെള്ള നിറത്തിലുമുള്ള വലിയ മത്സ്യങ്ങള്‍ നീന്തി കളിക്കുന്നതു കാണാം. ഈ മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കാനുള്ള അവസരമുണ്ട്. ഈ ഒരു ക്ഷേത്രത്തില്‍ മാത്രമേ അവരുടെ ആചാരങ്ങളില്‍ പങ്കു ചേരാന്‍ നമുക്ക് സാധിക്കു.

പുരാ ഉലുന്‍ദാനു, തനാഹ് ലോട് ക്ഷേത്രങ്ങൾ

ബ്രട്ടന്‍ കായലിന്റെ തീരത്തു പണിത അതി മനോഹരമായ ക്ഷേത്രമാണ് പുരാ ഉലുന്‍ദാനു (Pura Ulundanu ). ബാലിയുടെ പല കറന്‍സി നോട്ടുകളിലും ഇതിന്റെ ചിത്രം കാണാം. ബാലിയുടെ ഒരു മുഖമുദ്രയാണ് ഈ ക്ഷേത്രവും, ഇതിന്റെ പതിനൊന്ന് തട്ടുകളുള്ള മേല്‍ക്കൂരയും.

ഇവിടെ ബ്രഹ്മ വിഷ്ണു മഹേശ്വരനൊപ്പം, ജല ദേവതയായ ദേവി ധനുവും ആരാധിക്കപ്പെടുന്നു.

പ്രധാന ക്ഷേത്രത്തില്‍ മൂന്ന് ഭാഗങ്ങളുണ്ട്. പതിനൊന്നു തട്ടുള്ള മേല്‍ക്കൂര വിഷ്ണു ഭഗവാന്റെ ക്ഷേത്രവും, ഏഴു തട്ടുള്ള ക്ഷേത്രം ബ്രഹ്മാവിന്റെയും, മൂന്നു തട്ടുള്ളത് ശിവ ഭഗവാന്റെയുമാകുന്നു. വിഷ്ണു ക്ഷേത്രത്തിന്റെ കവാടത്തില്‍ രണ്ടു ദേവി ശിൽപങ്ങളുണ്ട്. തദ്ദേശവാസികള്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാനായി ഇവിടെ വന്ന് പ്രാർത്ഥിക്കുന്നു.

വേനല്‍ക്കാലമൊഴികെ ബാക്കി സമയങ്ങളില്‍ കായല്‍ വെള്ളം അമ്പലത്തിന്റെ അടിത്തട്ടിലേക്ക് കയറും. അപ്പോള്‍ ക്ഷേത്രം വെള്ളത്തില്‍ പൊങ്ങി കിടക്കുന്നതു പോലെ തോന്നും എന്നതിനാല്‍ ‘വെള്ളത്തിലെ ക്ഷേത്രം’ എന്നും പുരാ ഉലുൻദാനു അറിയപ്പെടുന്നു.

കടല്‍ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തനാഹ് ലോട് (Tanah Lot ). കടൽത്തീരത്ത് പാറകള്‍ കൊണ്ടുണ്ടാക്കിയ ക്ഷേത്രമാണിത്. വേലിയേറ്റ സമയത്ത് ഇതിനു നാലു ഭാഗവും വെള്ളം കയറും തനാഹ് ലോട് എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ 'സമുദ്രത്തിലെ കര' എന്നാണ്.

വരുണ ദേവനെയാണ് ഇവിടെ പൂജിക്കുന്നത്. തിരകള്‍ അടിച്ചു നശിച്ചു പോയ ക്ഷേത്രത്തിന്റെ മൂന്നിലൊരു ഭാഗം 1980 ലാണ് പുനര്‍ നിര്‍മിച്ചത്. വേലിയിറക്ക സമയമായതിനാല്‍ ഞങ്ങള്‍ക്ക് ക്ഷേത്രത്തിന്റെ അടുത്ത് വരെ പോകാന്‍ സാധിച്ചു. ക്ഷേത്രത്തിന്റെ അകത്തേക്ക് പ്രവേശനമില്ല. പുറത്തു നില്‍ക്കുന്ന പൂജാരി, പ്രസാദം പോലെ നെറ്റിയില്‍ അരി മണി പതിച്ചു തന്നു. ഈ ക്ഷേത്രത്തിനടുത്തായി സൂര്യാസ്തമയത്തിന് പ്രശസ്തമായ ഒരു മലയുണ്ട്. ഇതിന്റെ താഴ്ഭാഗത്തുള്ള പാറക്കൂട്ടങ്ങളിൽ തിരമാല കളിടിച്ച് വലിയ ദ്വാരങ്ങൾ രൂപാന്തപ്പെട്ടിരിക്കുന്നത് കാണാം.

അസ്തമയത്തെ കെച്ചക് ഡാൻസ്

bali 6

സമുദ്രത്തിനു അഭിമുഖമായി മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് പുരാ ഉലുവാട്ടു (Pura Uluwatu ). പുരാ എന്നാല്‍ ക്ഷേത്രം. 'ഉലു' തലയും, 'വാട്ടു ' പാറയും. അങ്ങനെ പാറയുടെ ഏറ്റവും മുകളില്‍ ഉണ്ടാക്കിയ ക്ഷേത്രമായതു കൊണ്ടാണ് പുരാ ഉലുവാട്ടു എന്ന പേര് വന്നത്. ശിവരുദ്രനെയാണ് ഇവിടെ പൂജിക്കുന്നത്. ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് പണിതതാണ് ക്ഷേത്രം എന്നു കരുതുന്നു. മലയുടെ മുകളില്‍ നിന്ന് താഴോട്ട് നോക്കിയാല്‍ അടിവാരത്ത് തിരമാലകള്‍ ആഞ്ഞടിക്കുന്നത് കാണാം. ഇവിടുത്തെ സൂര്യാസ്തമയ കാഴ്ചയും മനോഹരമാണ്.

പുരാ ഉലുവാട്ടു ക്ഷേത്രത്തിലെ കെച്ചക് ഡാന്‍സ് പ്രസിദ്ധമാണ്. സൂര്യാസ്തമയ സമയത്ത് അരങ്ങേറുന്ന കെച്ചക് ഡാന്‍സ് കാണാന്‍ സഞ്ചാരിളുടെ തിരക്കാണ്. നേരത്തെ ടിക്കറ്റ് എടുത്ത് സീറ്റ് പിടിക്കണം. രാമായണത്തിന്റെ ഏടുകളാണ് ബാലെ രൂപത്തില്‍ അവതരിപ്പിക്കുന്നത്. ബാലെയുടെ ചുറ്റുമായി ആളുകള്‍ ചക് ചക് എന്ന് ശബ്ദമുണ്ടാക്കി കൊണ്ടിരിക്കും. അതിനാലാണ് ഇതിനെ കെച്ചക് ഡാന്‍സ് എന്ന് വിളിക്കുന്നത്. ഇതിന്റെ അവസാന ഭാഗത്ത് ഹനുമാന്‍ രംഗ പ്രവേശം ചെയുന്നുണ്ട്. ആ സമയം അവിടെ തീയിടും. അതിനാല്‍ ഇതിനെ ഫയര്‍ ഡാന്‍സ് എന്നും വിളിക്കാറുണ്ട്.

ഗോആ ഗജാഹ് എന്ന ഗുഹാക്ഷേത്രം

ഒരു രാക്ഷസന്റെ മുഖം കൊത്തിവെച്ചിരിക്കുന്ന ഗുഹാ ക്ഷേത്രമാണ് ഗോആ ഗജാഹ് (Goa Gajah ). കെബോ ഐവ എന്ന ഒരു രാക്ഷസന്‍ തന്റെ നഖം ഉപയോഗിച്ച് കല്ലില്‍ കൊത്തി എടുത്തതാണ് ഈ ഗുഹ എന്ന് പറയപ്പെടുന്നു.

bali 8

പടികള്‍ ഇറങ്ങി താഴേയ്ക്ക് ചെല്ലുമ്പോള്‍ കല്ലുകൊണ്ട് കെട്ടിയ ഒരു കുളം കാണാം. കുളത്തിന്റെ വശത്തു സുന്ദരികളായ സ്ത്രീ ശിൽപങ്ങള്‍ കല്ലില്‍ പണിതു വച്ചിട്ടുണ്ട്. ഇവരുടെ കയ്യിലുള്ള കുടത്തില്‍ നിന്നും ഈ കുളത്തിലേക്ക് വെള്ളം ധാര ധാരയായി ഒഴുകി കൊണ്ടിരിക്കുന്നു .

പ്രധാനപ്പെട്ട ആകര്‍ഷണമായ ഈ ഗുഹയില്‍ പ്രവേശിക്കുന്നത് രാക്ഷസന്റെ വായില്‍ കൂടിയാണ്. പണ്ട് ആളുകള്‍ ധ്യാനിക്കാന്‍ വേണ്ടിയാണ് ഈ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നത്. ഗുഹക്കുള്ളില്‍ ശിവലിംഗവും, ഗണേശ ഭഗവാന്റെ ഒരു രൂപവുമൊക്കെ കാണാം. യുനെസ്‌കോ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയ ക്ഷേത്രമാണിത്. പെട്ടനു നദിയുടെ അടുത്തായിട്ടാണ് ഈ ക്ഷേത്രം. നേരത്തെ, ഈ നദിയെ ലവ ഗജാഹ് എന്നായിരുന്നു വിളിച്ചിരുന്നത്. അങ്ങിനെയാണ് ഈ ക്ഷേത്രത്തിനു ഗോആ ഗജാഹ് എന്ന പേര് ലഭിച്ചത്. 1923ല്‍ ഡച്ച് പുരാവസ്തു ഗവേഷകരാണ് ഈ ക്ഷേത്രം കണ്ടെത്തിയത്. ഇതിന്റെ അടുത്ത് മനോഹരമായ പൂന്തോട്ടവും, താമരക്കുളവും മറ്റും സ്ഥിതി ചെയ്യുന്നുണ്ട്. പായല്‍ പിടിച്ച വലിയ കല്ലുകള്‍ക്കിടയില്‍ കൂടി മനോഹരമായ ചെറിയയൊരു വെള്ളച്ചാട്ടവും കാണാം. ഉത്സവ സമയമായതിനാല്‍ കുരുത്തോലയും, വർണക്കുടകളും, പട്ടു തുണികളും കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരുന്നു.

ഇരുപത്തഞ്ചിലേറെ പ്രശസ്തമായ ക്ഷേത്രങ്ങളുണ്ട് ബാലിയിൽ. മിക്ക വീടുകൾക്കും സ്വന്തമായി ക്ഷേത്രമുള്ള ഇടം. സമയ പരിമിതി മൂലം കാണാന്‍ ആഗ്രഹിച്ചിട്ടും കാണാന്‍ പറ്റാതിരുന്ന ധാരാളം ക്ഷേത്രങ്ങള്‍ ഇനിയുമുണ്ട്. ബാലിയിലെ ഏറ്റവും വലിയ ക്ഷേത്രമായ ബെസാഖി ക്ഷേത്രവും, ഗുണിങ് കാവി ക്ഷേത്രവും, താമന്‍ അയ്ന്‍ ക്ഷേത്രവുമെല്ലാം അതിൽ ഉള്‍പ്പെടും . എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളും സംസ്കാരവുമാണ് ബാലിയിലെ വിനോദ സഞ്ചാരമേഖലയെ ഇത്രമേൽ പ്രശസ്തമാക്കുന്നത്.

Tags:
  • Manorama Traveller