കെനിയൻ തീരദേശ പട്ടണമായ മലിന്ദിയിൽ എനിക്കൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു, കെനിയയിലെ ‘ലിറ്റിൽ ഇറ്റലി’. കെനിയൻ അഭിവാദ്യം ‘ജാംബോ’യെക്കാൾ അധികം ഇറ്റാലിയൻ ഭാഷയിലെ ‘സിയാവോ സിയാവോ’ കേൾക്കുന്ന സ്ഥലം... കെനിയയിൽ ഏറ്റവും മികച്ച സീ ഫൂഡ്സും പാസ്തയും കിട്ടുന്നത് അവിടെത്തന്നെ. ഇറ്റാലിയൻ വിനോദസഞ്ചാരികൾ നിറഞ്ഞ മനോഹരമായ ബീച്ചുകളെപ്പറ്റി എടുത്തു പറയേണ്ടതില്ല.
ശിലാസ്തംഭങ്ങളോടുകൂടിയ 15ാം നൂറ്റാണ്ടിലെ ശവകുടീരങ്ങളും സ്വാഹിലി വാസ്തുകലയെ മാതൃകയാക്കി 16ാം നൂറ്റാണ്ടിൽ നിർമിച്ച ഓല മേഞ്ഞ പോർച്ചുഗീസ് ചാപ്പലും മലിന്ദിയെ പ്രിയങ്കരമാക്കി. കുറേ ആഴ്ചകൾ ആഫ്രിക്കൻ കുറ്റിക്കാടുകളിലൂടെ അലഞ്ഞ എനിക്ക് അതു സ്വർഗതുല്യം അനുഭവപ്പെട്ടു. ആഫ്രിക്കൻ കാടിനെ അവമതിച്ചു പറഞ്ഞതല്ല, എങ്കിലും കാട്ടിൽ അലയുമ്പോൾ കടൽക്കാറ്റും ഞണ്ടുകറിയും പോലെ പല ആഡംബരങ്ങളും ഉപേക്ഷിക്കേണ്ടി വരും.
സഫാരി ഡ്രൈവർ പറയുമ്പോഴാണ് വടാമു, മലിന്ദി സ്ഥലങ്ങളെപ്പറ്റി ആദ്യം കേൾക്കുന്നത്. അദ്ദേഹത്തിന്റെ നിർദേശം സ്വീകരിച്ച് അവിടേക്കു പോയതിൽ ദുഃഖിക്കേണ്ടി വന്നില്ല. രണ്ടാം ദിവസം കെനിയൻ–ഇറ്റാലിയൻ ഭക്ഷണം രുചിച്ച് കടൽതീരത്ത് ഇരിക്കുമ്പോഴാണ് ഗെഡി എന്ന സ്ഥലത്തെപ്പറ്റി അറിയുന്നത്. പ്ലേറ്റിലെ ഞണ്ടിന്റെ തോടു പൊട്ടിക്കാൻ ബുദ്ധിമുട്ടുന്നതു കണ്ട് സഹായിക്കാനെത്തിയ, പുഞ്ചിരിയോടെ സംസാരിക്കുന്ന ഹോട്ടൽ ജീവനക്കാരനാണ് ഗെഡിയെക്കുറിച്ച് സംസാരിച്ചത്. ‘ഈ ഞണ്ടുകൾ ഏറെ പ്രായമുള്ളവയാണ്, തോടിന് കല്ലുപോലെ കട്ടിയുണ്ടാകും. ഇവയേക്കാൾ പ്രായമുള്ള ചിലതൊക്കെ ഈ പരിസരത്തുണ്ട്. ഗെഡി കണ്ടിട്ടുണ്ടോ?;’

മധുരമുള്ള ഞണ്ടിറച്ചി ചവച്ചിറക്കുന്നതിനിടയിൽ ഞാൻ നിഷേധാർഥത്തിൽ മൂളി. ‘എങ്കിൽ തീർച്ചയായും കാണണം വടാമുവിലെ ഗെഡി. അവിടെ പ്രേതങ്ങളാണെന്നൊക്കെ ചിലർ പറയും. മാത്രമല്ല ഈ രാജ്യത്തെ ഏറ്റവും മനോഹരമായ ബീച്ച് വടാമുവിലാണ്.’
ആ പറഞ്ഞകാര്യങ്ങളിലെ ബന്ധം എനിക്ക് മനസ്സിലായില്ല. എങ്കിലും രണ്ടു ദിവസത്തിനു ശേഷം ഞാൻ വടാമുവിലേക്കു യാത്ര പുറപ്പെട്ടു. ആദ്യം പോയത് അരബുകോ സൊകോകി നാഷനൽ പാർക്കിലേക്കായിരുന്നു. കിഴക്കേ ആഫ്രിക്കയിൽ അവശേഷിക്കുന്ന തീരദേശ വനങ്ങളിൽ ഏറ്റവും വലുതും വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ പക്ഷികളുടെ പാർപ്പിടവുമാണ് ഈ പാർക്ക്. മസായി മാരയുമായി താരതമ്യം ചെയ്യാനില്ലെങ്കിലും അരബുകോ സൊകോകിക്കു മാത്രമായി ചിലതൊക്കെയുണ്ട്.
തനിച്ചു വന്നാലും ഒറ്റയ്ക്കാകില്ല
ഓരോ രാജ്യത്തിന്റെയും ചരിത്രത്തിലേക്കുള്ള കിളിവാതിലാണ് അവിടങ്ങളിലെ പുരാതന ശേഷിപ്പുകൾ. ഗെഡിയിലെ നാശാവശിഷ്ടങ്ങളിലേക്കു പടവിറങ്ങുമ്പോൾ എന്റെ മനസ്സു മന്ത്രിച്ചു. അവിടെ സന്ദർശകർ ആരുമില്ല. മനസ്സിൽ ഭയം തോന്നി, ഒപ്പം മാന്ത്രികമായ ഒരു ആകർഷണവും. ‘ഇവിടെ വേറെ ആരോ ഒരാൾകൂടിയുണ്ട്.’ വിറയ്ക്കുന്ന ശബ്ദത്തിൽ ഗൈഡ് മോംബോയൊടു ഞാൻ പറഞ്ഞു. ‘ആരോ എന്നെ നിരീക്ഷിക്കുന്നതു പോെല... ഇതൊരു പ്രത്യേക സ്ഥലം തന്നെ’ മോംബോ തല കുലുക്കി. ‘അതേ, നിങ്ങളിവിടെ തനിച്ചു വന്നാലും ഒറ്റയ്ക്കാകില്ല. പഴമക്കാർ ചിലരുണ്ട് ഇവിടെ. ഗെഡിയിലെ പഴയ പുരോഹിതരുടെ ആത്മാവുകൾ എപ്പോഴും ഇവിടെയുണ്ട്. അവർ എല്ലാവരേയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണത്രേ.’ ‘അവർ കുഴപ്പക്കാരൊന്നുമല്ലല്ലോ?’

‘അല്ല, അവർ ക്ഷണിച്ചാൽ മാത്രമേ നമുക്ക് ഇവിടെത്താൻ സാധിക്കൂ. അവരെ ബഹുമാനിക്കണം, അല്ലങ്കിൽ അവർ ശപിക്കും. ഒരിക്കൽ ഇവിടെ വന്ന ഒരു ആർകിടെക്റ്റ് പുരോഹിതൻമാരുടെ ആത്മാവുകളെ അപമാനിച്ചു. അവർ അയാളെ ഓടിച്ചു. ആൾക്ക് പിന്നീട് ഭ്രാന്തായെന്നാണ് കേട്ടത്.’ മോംബോയുടെ മറുപടി കേട്ട് ഭാവഭേദമൊന്നും കാട്ടിയില്ലെങ്കിലും ഞാൻ മൗനമായൊന്നു പ്രാർഥിച്ചു.
കാലങ്ങൾ പിറകിലേക്ക്
ഗെഡി റൂയിൻസ് എന്ന നാഷനൽ മ്യൂസിയം സൈറ്റ് നന്നായി സംരക്ഷിക്കുന്നു. കെട്ടിടങ്ങളൊക്കെ ഭംഗിയായി സൂക്ഷിക്കുന്നു. ഏതോ പഴയകാല വീഥികളിലൂടെ നടക്കുന്ന അനുഭവം. ഭരണാധികാരിയുടെ വാസസ്ഥാനം എന്നു വിശ്വസിക്കുന്ന കൊട്ടാരസദൃശമായ കെട്ടിട സമുച്ചയത്തിന്റെ വളച്ചുവാതിൽ ശേഷിപ്പുകളിലൂടെ അകത്തേക്കു കടന്നു. ഉള്ളിൽ ഒട്ടേറെ മുറികളും നടുത്തളങ്ങളും ഉണ്ടായിരുന്നതിന്റെ അടയാളങ്ങൾ... മോസ്കിന്റെയും കൊട്ടാരത്തിന്റെയും വ്യാപാരിയുടെ കെട്ടിടത്തിന്റെയും അവശിഷ്ടങ്ങളിലൂടെ സാവധാനം നടന്നു. മറ്റു സന്ദർശകരൊന്നും ഇല്ലാത്തതിനാൽ യഥേഷ്ടം സൗകര്യമായി കാഴ്ച കണ്ടു.

ആകർഷകമായ നിർമിതിയായിരുന്നു രാജകൊട്ടാരം. ഉള്ളിൽ സ്ത്രീകളുടേയും പുരുഷൻമാരുടേയും മുറികളും സ്നാനഗൃഹവും ഖജനാവും കാണാം. സ്തംഭങ്ങളോടുകൂടിയ ചില ശവകുടീരങ്ങളുണ്ട്. ധനികരുടേതാണ് അതെന്നു കണക്കാക്കുന്നു. മോംബോയുടെ വിവരണങ്ങൾ കേട്ട് ചരിത്രശേഷിപ്പുകൾക്ക് ഇടയിലൂടെ നടക്കുമ്പോൾ ഒട്ടേറെ പുരോഗമിച്ച ഒരു സംസ്കൃതിയുടെ ചിത്രമാണ് തെളിഞ്ഞത്. ഉദ്ദേശം 2500 ആളുകളുള്ള ജീവസ്സുറ്റ ഒരു സമൂഹമായിരുന്നു ഗെഡി. ഫ്ലഷ് ടോയിലെറ്റും മലിനജലം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളോടുകൂടിയ കുളിമുറിയും അവിടെക്കാണാം. അന്നത്തെ സമൂഹത്തിന്റെ ഉയർന്ന ശുചീകരണ സംവിധാനങ്ങളെപ്പറ്റി മോംബോ വാചാലനായി. ചൈനയിൽനിന്നുള്ള മിങ് പാത്രങ്ങൾ, സ്പെയിനിൽനിന്നുള്ള കത്രിക, ഇന്ത്യയിൽനിന്നുള്ള വിളക്ക്, ഇറ്റാലിയൻ മുത്തുകൾ തുടങ്ങിയവ കണ്ടെത്തിയിട്ടുള്ള ഗെഡി ഒരു സമ്പന്ന നാഗരികതയായിരുന്നു എന്നാണ് പുരാവസ്തു ഗവേഷകർ അനുമാനിക്കുന്നത്. ഇവിടെ കണ്ടെത്തിയ വസ്തുക്കൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

12ാം നൂറ്റാണ്ടു മുതൽ 17ാം നൂറ്റാണ്ടു വരെ ജനവാസമുണ്ടായിരുന്ന ഗെഡി 15ാം നൂറ്റാണ്ടിലാണ് പരമോന്നതി പ്രാപിച്ചത് എന്നു കരുതുന്നു. ചെറുതും വലുതുമായ കിണറുകൾ ഉൾപ്പടെ ആസൂത്രിതമായ ജലവിനിയോഗ സംവിധാനം ഗെഡി ശേഷിപ്പുകളുടെ എല്ലാ ഭാഗത്തുമുണ്ട്. അന്നത്തെ നഗരാസൂത്രണത്തിൽ മഴവെള്ളം ശേഖരിച്ചിരുന്നതായും കരിങ്കൽക്കെട്ടുകളിൽ ശുചിമുറികൾ സ്ഥാപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വ്യാപാരി ഭവനമായി കണക്കാക്കുന്ന ഒരു കെട്ടിടത്തിൽ ബാത്ത് ടബ്ബിന്റെയും നീന്തൽക്കുളത്തിന്റെയും ശേഷിപ്പു കാണാമെന്ന് മോംബോ പറഞ്ഞു. മൂന്നു നിര സ്തംഭങ്ങളുള്ള ഗ്രേറ്റ് മോസ്കും പല കാലങ്ങളിലായി നിർമിച്ച രണ്ടു ചെറിയ മോസ്കുകളും കണ്ടെത്തിയിട്ടുള്ളതിനാൽ ഇസ്‌ലാം ആയിരുന്നിരിക്കണം ഇവിടുത്തെ പ്രധാന മതം എന്നു കരുതുന്നു.

ഇരട്ട മതിലുകളുള്ളതായിരുന്നു ഗെഡി പട്ടണം. ഉള്ളിലെ മതിൽക്കെട്ടിനകത്ത് ധനികരും പ്രമുഖരും വസിച്ചപ്പോൾ പട്ടണവും കൃഷിയിടങ്ങളും തോട്ടങ്ങളും അടങ്ങുന്ന പുറത്തെ മതിൽക്കെട്ടിനുള്ളിൽ മധ്യവർഗക്കാർ താമസിച്ചു. ദരിദ്രരുടെ സ്ഥാനം ഈ മതിൽക്കെട്ടിനു പുറത്തായിരുന്നു.
ഗെഡിയുമായി താരതമ്യം ചെയ്യുമ്പോൾ വടാമു നന്നേ ചെറുപ്പമാണ്, 1937 ൽ കപ്പൽഛേദത്തിൽ രക്ഷപ്പെട്ട് ഇന്നത്തെ ടർടിൽ ബീച്ചിൽ എത്തിയ ഐറിഷ് കുടുംബത്തിൽ നിന്നാണ് അതിന്റെ ചരിത്രം ആരംഭിക്കുന്നത്.
ആരും രേഖപ്പെടുത്താത്ത ജനത
20ാം നൂറ്റാണ്ടിൽ ബ്രിട്ടിഷുകാരാണ് സ്വാഹിലി അധിവാസത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തുന്നത്. ഒമാനിൽ നിന്നുള്ളവർ കുടിയേറിയതാണെന്നായിരുന്നു അവരുടെ ധാരണ. കാരണം ആഫ്രിക്കയ്ക്കും മിഡിൽ ഈസ്റ്റിനുമിടയിൽ സുഗന്ധവ്യഞ്ജനങ്ങളുമായി സ്ഥിരം സഞ്ചരിച്ചിരുന്നത് അവരായിരുന്നു. ഗെഡി നഗരത്തിന് ഉദ്ദേശം 600 വർഷം പഴക്കമുണ്ട്. എങ്കിലും അതിനെപ്പറ്റി ലിഖിതമായൊരു പരാമർശം എവിടേയും ഇതുവരെ കണ്ടെത്തിയിട്ടില്ല. അക്കാലത്തെ ഭൂപടങ്ങളിലൊന്നും ഈ ജനവാസകേന്ദ്രം അടയാളപ്പെടുത്തിയിട്ടുമില്ല. ഈ രഹസ്യാത്മകതയുടെ കാരണം അറിയില്ല, ഗെഡി സമൂഹത്തിന്റെ തകർച്ചയുടെ കാരണവും ചരിത്രപരമായി നിഗൂഢമാണ്.

സ്വാഹിലി ഭാഷയിൽ കുന്നിൻപുറം എന്ന അർഥത്തിൽ ‘കിലിമനി’ എന്നാണ് ഈ സ്ഥലത്തെ വിളിച്ചിരുന്നത്. പിന്നീട് ഒറോമോ ഗോത്രം ഇവിടെ കുടിയേറിയപ്പോൾ അമൂല്യമായ ജലവും പച്ചപ്പും എന്ന അർഥത്തിൽ ‘ഗെഡി’ എന്നു വിളിക്കാൻ തുടങ്ങി.
ഗെഡി ശേഷിപ്പുകളുടെ അതിരു ചേർന്ന് സ്വാഹിലി കൾചർ ബിൽഡിങ് കാണാം. അത്താഴ വിരുന്നുകൾക്കും യോഗത്തിനുമായി സർക്കാർ നിർമിച്ചതാണെങ്കിലും വേണ്ടത്ര സംരക്ഷണമില്ലാതെ അതും തകർന്ന അവസ്ഥയിലാണ്. ഉള്ളിലെ ഒരു മുറിയിൽ പഴയ നാണയങ്ങളും മൺപാത്രക്കഷ്ണങ്ങളും വിളക്കുകളും പ്രദർശനത്തിനു വച്ചിട്ടുണ്ട്. മറ്റൊരു മുറിയിൽ ഒരരു കൂറ്റൻ തിമിംഗലത്തിന്റെ അസ്ഥികൂടവും കാണാം. ഒറ്റയ്ക്ക് അതു കാണാൻ പോയാൽ ചിലപ്പോൾ പേടിച്ചെന്നിരിക്കും.
ചരിത്രാവശിഷ്ടങ്ങളെ വലയം ചെയ്യുന്ന ‘വിശുദ്ധവന’ത്തിന്റെ പ്രാധാന്യം മോംബോ വിശദീകരിച്ചു. നല്ല മഴ കിട്ടാനും വിളവുണ്ടാകാനും ആരോഗ്യത്തിനും ഒക്കെ ഗോത്രവിഭാഗക്കാർ പ്രാർഥിക്കുന്നത് ഇവിടെയാണത്രേ. കൂറ്റൻ ബാവുബബ് മരം, പുളി, അത്തി, കുരങ്ങുകൾക്കുപോലും കയറാനാകാത്തവിധം മിനുസമായ തടിയുള്ള ഒരു വൃക്ഷം എന്നിങ്ങനെ ജൈവവൈവിധ്യത്താൽ സമ്പന്നമാണ് വിശുദ്ധവനം.
ഗെഡി സൈറ്റ് ഉപേക്ഷിച്ചതു സംബന്ധിച്ച് 3 സാധ്യതകളാണ് മോംബോ പറയുന്നത്, കലഹമോ യുദ്ധമോ ആകാം. പോർച്ചുഗീസ് പര്യവേക്ഷകരെ സഹായിക്കാത്ത മൊംബാസ സുൽത്താനും അവരുടെ പക്ഷത്തു നിന്ന മലിന്ദി സുൽത്താനും തമ്മിലുള്ളതോ, അല്ലെങ്കിൽ സ്വാഹിലി ഒറോമോ ഗോത്രങ്ങൾ തമ്മിലോ ആയിരുന്നിരിക്കാം സംഘട്ടനം. ഭൂഗർഭജലനിരപ്പ് താഴ്ന്നതിനാൽ ഈ പ്രദേശം വിട്ടു പോയതാകാം. ഗെഡിയിലെ കിണറുകൾ ഏറെ താഴ്ചയിൽ കുഴിച്ചിരിക്കുന്നത് ആ സാധ്യത കാട്ടുന്നു. പ്ലേഗുപോലെ ഏതെങ്കിലും അപരിചിത പകർച്ചവ്യാധി വന്ന് കൊല്ലപ്പെട്ടതാകാം.
ഗെഡിയുടേ ശാപമോ ബാധയോ സ്ഥലത്തെപ്പറ്റിയുള്ള അജ്ഞതയോ കാരണമെന്തായാലും ഏറെ സഞ്ചാരികൾ ഇവിടെത്തുന്നില്ല. മടങ്ങാനൊരുങ്ങിയ എന്നെ എന്തോ ഒന്നു സ്പർശിച്ചു, കാറ്റോ പൊഴിയുന്ന ഇലയോ പഴമക്കാരുടെ ആത്മാവോ... അതെന്നോടു മന്ത്രിച്ചു ലോകത്തോട് ഞങ്ങളെപ്പറ്റി പറയൂ...