Friday 10 June 2022 03:28 PM IST

സ്കൂൾ തുറക്കുന്നുവെന്ന് കേൾക്കുന്നത് നിങ്ങളുടെ കുട്ടിയെ വിഷമിപ്പിക്കുന്നുണ്ടോ?: 10 ഗെയിമുകളിലൂടെ അവരെ മിടുക്കരാക്കാം

Rakhy Raz

Sub Editor

know-ur-child

കോവിഡും ലോക്ഡൗണും കുട്ടികളുടെ സാമൂഹിക ഇടപെടലിനെയും പെരുമാറ്റത്തെയും പൊതുവിൽ ബാധിച്ചിട്ടുണ്ട്. സ്കൂൾ തുറക്കുന്നുവെന്ന് കേൾക്കുന്നത് കുട്ടിയെ വിഷമിപ്പിക്കുന്നുണ്ടോ? എങ്കിൽ അതു സാമൂഹികമായി ഇടപെടാനുള്ള മടി മൂലമാകാം. ചില ഗെയിമുകളിലൂടെ കുട്ടിയെ സാമൂഹിക ഇടപെടൽ നിപുണത ശീലിപ്പിക്കാം.

1. Staring contest – കുട്ടിയെ കണ്ണിൽ നോക്കി സംസാരിക്കാൻ പ്രേരിപ്പിക്കുക. ഏറെ നേരം ഒരേയിടത്തേക്ക് നോക്കിയിരിക്കാൻ ശീലിപ്പിക്കുന്നതിനായി ‘സ്റ്റെയറിങ് കോ ൺടെസ്റ്റ്’ വീട്ടിൽ നടത്താം. നിശ്ചിത നേരം നോക്കിയിരുന്നാൽ സമ്മാനം നൽകാം.

2. Identify the emotion – സന്തോഷം, ദേഷ്യം, സങ്കടം, കുസൃതി, ആശ്ചര്യം, ക്ഷീണം, ഭയം തുടങ്ങിയ വികാരങ്ങൾ അനുകരിക്കാൻ പ്രേരിപ്പിക്കുക. വിവിധ വികാരങ്ങളുള്ള മുഖങ്ങളുടെ ചിത്രം കാണിച്ച് ഏതു വികാരം ആണെന്ന് തിരിച്ചറിയാൻ പറയുക.

3. Ask a question game – പാവക്കുട്ടിയോട് ചോദ്യം ചോദിക്കാൻ പ്രേരിപ്പിക്കാം. മറ്റുള്ളവരോട് വിവരങ്ങൾ തിരക്കുന്നത് സാമൂഹിക ഇടപെടലിന്റെ പ്രധാന ഭാഗമാണ്. സ്കൂളിലെത്തിയാൽ കുട്ടികളോടും ടീച്ചർമാരോടും ഇടപെടാനും ആവശ്യമുള്ളത് ചോദിക്കാനുള്ള ആത്മവിശ്വാസം നേടാനും ഇത് സഹായിക്കും. ചോദ്യങ്ങൾ ചോദിക്കുമ്പോൾ ദയവായി, അനുവദിക്കുമോ, (പ്ലീസ്, ലെറ്റ് മീ) എന്നീ വാക്കുക ൾ ഉപയോഗിച്ചു ചോദിക്കാൻ പ്രേരിപ്പിക്കുക.

4. Answer me buddy – ചോദ്യം ചോദിച്ചാൽ നന്നായി മറുപടി പറയാൻ പരിശീലിപ്പിക്കാം. ഇഷ്ടമുള്ള ഭക്ഷണം ഏതാണ്? ഇഷ്ട ഭക്ഷണത്തെപ്പറ്റി രണ്ടു വാക്ക് പറയൂ. എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയിക്കുക.

5. ‘Wish me’ and get a gift – നിത്യവും എല്ലാവരെയും വിഷ് ചെയ്യാൻ പ്രേരിപ്പിക്കുക. അപ്പൂപ്പനോടും അമ്മൂമ്മയോടും മാതാപിതാക്കളോടും ഗുഡ് മോണിങ്, ഗുഡ് ആഫ്റ്റർനൂൺ, താങ്ക് യൂ എന്നിങ്ങനെയുള്ള വാക്കുകൾ പറയാൻ പ്രേരിപ്പിക്കുക. അത് ചെയ്യുന്നതിന് ചെറിയ സമ്മാനങ്ങ ൾ നൽകുക. പെൻസിലോ, ഷാർപ്നെറോ, സ്കെയിലോ ഒക്കെ നൽകിയാൽ മതിയാകും.

6. Write a letter – കൂട്ടുകാർക്ക് കത്തെഴുതാൻ പ്രേരിപ്പിക്കുക, വീട്ടിലുള്ളവർക്കു തന്നെ ഇ–മെയിൽ അയപ്പിക്കുക. ഇ ത് ആശയവിനിമയത്തിനുള്ള ഭയം അകറ്റും. കൂടുതൽ വാക്കുകൾ കണ്ടെത്താനും ഉപയോഗിക്കാനും പ്രേരണയാകും. ഓരോ കത്തിനും ചെറിയ സമ്മാനവും നൽകുക.

7. Virtual play time – സ്കൂളിലെ പഴയ കൂട്ടുകാരുമായി ഒരു വിഡിയോ ചാറ്റ് സംഘടിപ്പിക്കുക. സ്ക്രീനിൽ കൂട്ടുകാരെ നോക്കി പേരു വിളിച്ചു സംസാരിക്കാൻ പ്രേരിപ്പിക്കുക. പുതിയ രീതിയിൽ സാമൂഹിക ബന്ധം നിലനിർത്താൻ ഇതിലൂടെ കുട്ടി പഠിക്കും.

8. Expression mimicking game – സമയം കണ്ടെത്തി കുട്ടിയോടൊത്തു കളിക്കേണ്ട ഗെയിം ആണ്. സങ്കടം, സന്തോഷം, ഭയം, സംശയം തുടങ്ങിയ ഭാവങ്ങൾ അവതരിപ്പിക്കുകയും കുട്ടിയെക്കൊണ്ട് അത് അനുകരിപ്പിക്കുകയും ചെയ്യുക. ഓരോ വികാരവും എന്തിനായിരുന്നു എന്നു പറഞ്ഞു കൊടുക്കുക. ഈ കളിയിലൂടെ ഭാവിയിൽ യഥാർഥ സാമൂഹിക ഇടപെടൽ വേണ്ടപ്പോൾ മറ്റുള്ളവരുടെ വികാരം മനസ്സിലാക്കി പെരുമാറാൻ കുട്ടിക്ക് എളുപ്പമാകും.

9. Topic game – ഒരു വിഷയം തിരഞ്ഞെടുത്ത ശേഷം അതുമായി ബന്ധപ്പെട്ട വാക്കുകൾ എഴുതാൻ പ്രേരിപ്പിക്കുക. മൃഗങ്ങൾ ആണ് വിഷയമായി തിരഞ്ഞെടുക്കുന്നതെങ്കിൽ ഇംഗ്ലിഷ് അക്ഷരമാല അനുസരിച്ച് അതിൽ തുടങ്ങുന്ന ഓരോ മൃഗത്തിന്റെയും പേര് ഓർത്തു എഴുതാൻ പറയുക. ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ചെയ്യുന്ന പ്രവർത്തി തീരുന്നതു വരെ നിർദേശങ്ങൾ പിന്തുടരാനും ഇതു സഹായിക്കും. സ്കൂളിലെ നിർദേശങ്ങൾ അനുസരിക്കുക ഇതിലൂടെ പ്രയാസമില്ലാതാകും.

10. Name Game – വീട്ടിലുള്ളവരുടെ സഹകരണത്തോടെ ചെയ്യാവുന്നതാണ് ഈ കളി. വീട്ടിലൊരാൾ കുട്ടിയുടെ പേര് വിളിക്കുമ്പോൾ അവരുടെ പേര് പറഞ്ഞു കൊണ്ട് അവരുടെ നേർക്ക് പന്ത് ഉരുട്ടാൻ പറയുക. ഇതിലൂടെ ശ്രദ്ധയോടെ ഒരു പ്രവൃത്തി ചെയ്യാനും നമ്മളുമായി സഹകരിക്കുന്നവരുടെ പേരോർക്കാനും അവർ പഠിക്കും.


വിവരങ്ങൾക്ക് കടപ്പാട്:
ഡോ. കെ. നരേഷ് ബാബു
സീനിയർ ഒക്യുപേഷണൽ തെറപ്പിസ്റ്റ്
വർഷ ശരത്
സ്പീച്ച് തെറാപ്പിസ്റ്റ്
ജിൻസി സൂസൻ ടി. മത്തായി
പീഡിയാട്രിക് ഫിസിയോതെറപ്പിസ്റ്റ്
ലോറം വെൽനെസ് കെയർ, പനമ്പിള്ളി നഗർ, എറണാകുളം
സനു സത്യൻ, ചീഫ് കോ ഓർഡിനേറ്റർ,
പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ
ജിജു തോമസ്, കുട്ടികളുടെ പരിശീലകൻ
ലേൺവെയർ കിഡ്സ്, തിരുവനന്തപുരം.