പല സിനിമകളിലായി പല റോളുകൾ ചെയ്ത് ആരാധകരുടെയും വിമർശകരുടേയും പ്രശംസ നേടാൻ അനശ്വര എന്ന നടിക്ക് സാധിക്കുന്നു. സിനിമാഭിനയം പോലെ തന്നെ അനശ്വരയുടെ നിലപാടുകളും വസ്ത്രങ്ങളും അതിലൂടെ ഒരു വ്യക്തിയുടെ വളർച്ചയും ഒക്കെ ചർച്ച ചെയ്യപ്പെടുന്നു. അനശ്വര അതുകൊണ്ട് എപ്പോഴും ‘നമുക്കൊപ്പമുള്ളൊരാളായി’ മാറുന്നു...
‘ഉദാഹരണം സുജാത’ മുതൽ ഇന്ന് വരെ അനശ്വര എന്ന നടിക്കും വ്യക്തിക്കും എന്തൊക്കെ മാറ്റങ്ങൾ വന്നു?
രണ്ട് രീതിയിലും ഒരുപാട് മാറ്റം വന്നിട്ടുണ്ട്. വ്യക്തിയെന്ന നിലയിൽ ആദ്യം പറയേണ്ടത് ഒരുപാട് കാര്യങ്ങൾ അൺലേൺ ചെയ്തു എന്നതാണ്. പഠിച്ചു വച്ചിരുന്നതെന്താണോ അതൊക്കെ അങ്ങനെ മാത്രമല്ല നിലനിൽക്കുന്നതെന്ന് പലരോടും ഇടപഴകിയതു വഴി മനസിലായി.
ഇപ്പോഴും ചില സമയം ഞാനൊരു നടിയാണെന്ന് വിശ്വസിക്കാൻ പറ്റാറില്ല. ഐ ആം ആൻ ആക്സിഡന്റൽ ആക്റ്റർ. മുൻകൂട്ടി തീരുമാനിച്ച് സിനിമയിൽ വന്ന ആളല്ല. നല്ല കുറേ ബന്ധങ്ങളുണ്ടായി. കുറേ സ്ഥലങ്ങൾ കണ്ടു. സ്വപ്നം കാണാത്ത എന്നാൽ സ്വപ്നതുല്യമായ കുറേ കാര്യങ്ങൾ നടന്നു. അതിൽ നിന്നൊക്കെ ഞാനെന്ന ആർട്ടിസ്റ്റ് കുറേ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്.
കഥാപാത്രത്തിനുള്ള തയാറെടുപ്പുകൾ എങ്ങനെ?
കാര്യമായി തയാറെടുത്ത് ചെയ്ത കഥാപാത്രം ‘നേരി’ലെ സാറയാണ്. സാറ എന്ന കഥാപാത്രം കാഴ്ചയില്ലാത്ത ആളാണ്. ലൈംഗികാത്രിക്രമം അതിജീവിച്ചയാളാണ്...
ബാക്കിയൊരുവിധമുള്ള കഥാപാത്രങ്ങളെ എവിടെയൊക്കെയോ എനിക്ക് അറിയാം. ഒന്നുകിൽ എന്നിലൂടെ തന്നെ അല്ലെങ്കിൽ ചുറ്റുമുള്ളവരിലൂെട. മുൻപ് ചെയ്തവയിൽ മിക്കതും സെറ്റിലെത്തി ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ പടത്തിന്റെ മീറ്ററെന്താണെന്നും കഥാപാത്രം എന്താണെന്നും മനസ്സിലാകും. സാറ അങ്ങനെയായിരുന്നില്ല, അവൾക്കായി വേറെ തന്നെ ഹോംവർക്ക് ചെയ്യേണ്ടി വന്നു. കാഴ്ചയില്ലാത്തവരുടെ സ്പർശം എങ്ങനെയാണ്. അവരുടെ ചലനങ്ങൾ എങ്ങനെയാണ്. അവരുടെ ലുക്ക് എങ്ങനെയാണ് എന്നതൊക്കെ നോക്കി പഠിച്ച് കാര്യമായി തയാറെടുത്താണ് ആ റോൾ ചെയ്തത്. അതിൽ തൃപ്തിയുമുണ്ട്. വായനയാണ് കഥാപാത്രത്തെ മനസ്സിലിട്ട് പാകപ്പെടുത്താൻ സഹായിക്കുന്നത്. കൂടാതെ കാഴ്ചയില്ലാത്തവരുടെ അഭിമുഖങ്ങൾ ധാരാളം കണ്ടു. മാനറിസങ്ങൾ നോക്കി പഠിച്ചു.
കഥാപാത്രം തിരഞ്ഞെടുക്കുന്നതിൽ ആദ്യത്തെ ഘടകം സംവിധായകൻ തന്നെയാണ്. ആദ്യം മുതലവസാനം വരെ വേണമെന്നല്ല ഒരു റോൾ ആ കഥാഗതിയെ എത്രത്തോളം സ്പർശിക്കുന്നു എന്ന് നോക്കാറുണ്ട്. കേൾക്കുമ്പോൾ കൺഫ്യൂഷൻ ഉണ്ടാക്കുന്ന തരത്തിലുള്ളവ ഇ പ്പോൾ തിരഞ്ഞെടുക്കാറില്ല.
വീട്ടുകാരുടെ പിന്തുണയെത്രത്തോളമുണ്ട്?
എന്റെ ഏറ്റവും വലിയ സപ്പോർട്ട് ചേച്ചിയാണ്. (മേക്കപ്പിനിടെ മേക്കപ് ആർട്ടിസ്റ്റ് റിസ്‌വാൻ അനശ്വരയോട് ‘ആഹാ... ഇങ്ങനൊക്കെ പറയുമല്ലേ?)
‘അവളില്ലല്ലോ അതോണ്ട് അവളെ പറ്റി നല്ലതു പറയാം’.
എന്റെ സപ്പോർട്ട് സിസ്റ്റവും വലിയ ക്രിട്ടിക്കും ചേച്ചിയാണ്. ചിലപ്പോൾ ഒരു കാര്യം ചെയ്യണ്ട എന്ന് ആരു പറഞ്ഞാലും ഞാൻ കേൾക്കില്ല പക്ഷേ, അവള് പറഞ്ഞാൽ കേൾക്കും. ഏതു പ്രശ്നം വന്നാലും അവളാണ് ഒപ്പം.
മൂന്ന് കൊല്ലം മുൻപ് സൈബർ ബുള്ളിയിങ് ഉണ്ടായപ്പോഴും അതിന് ശേഷം ആളുകൾ പലതും പറയുമ്പോഴും അതു നീ കേൾക്കണ്ട, ശ്രദ്ധിക്കണ്ട എന്നൊക്കെ പറഞ്ഞ് തൊട്ടടുത്തു നിന്നത് അവളാണ്. കുറേ പ്രശ്നങ്ങളൊക്കെ അവള് തന്നെയാണ് ഏറ്റെടുത്തതും നേരിട്ടതും. എന്നെക്കാളും കൂടുതൽ എന്റെ പേരിൽ കഷ്ടപ്പെട്ടത് അവളാണ്. അഭിമുഖമൊക്കെ കണ്ടിട്ട് അത് ശ്രദ്ധിച്ച് ഇനി പറയാനുള്ള പോയിന്റുകളൊക്കെ നോക്കി വച്ച് പറഞ്ഞ് തരും. അവളിൽ നിന്ന് കുറേ കോപ്പിയടിച്ചാണ് ഞാൻ ചിലപ്പോൾ ചില കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
സാരിയോടുള്ള അടുപ്പത്തെക്കുറിച്ച് പറയാമോ?
എനിക്ക് ഡോപമിൻ റഷ് തരുന്നതാണ് സാരി, കുപ്പിവള ഒക്കെ. വീട്ടിൽ ചിലപ്പോൾ ഡാർക്ക് അടിച്ചിരിക്കുന്ന നേരത്തൊക്കെ ചുമ്മാ സാരിയുടുത്ത് ഒരുങ്ങി പുറത്ത് പോയാൽ ഒാകെ ആകാറുണ്ട്. സാരിയുടുക്കാൻ ഒരു കാര്യവും വേണ്ടാത്ത ആൾക്കാരാണ് ഞാനും ചേച്ചിയും. വെറുതെ ചായ കുടിക്കാനിറങ്ങുമ്പോൾ സാരിയുടുത്ത് പൊട്ടു തൊട്ട് കുപ്പിവളയും പാദസരവുമിട്ട് കട്ടി കൺമഷിയൊക്കെ എ ഴുതി പോകും. ഒരു രസം.
സോഷ്യൽ മീഡിയ ബാക്‌ലാഷ് എങ്ങനെ നേരിടുന്നു?
ആദ്യം അതുണ്ടായ സമയത്തു തരണം ചെയ്യാൻ ശരിക്ക് ബുദ്ധിമുട്ടി. ‘തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം എല്ലാ അ ഭിമുഖത്തിനും താഴെ മോശം കമന്റുകൾ വരാൻ തുടങ്ങി. അന്നൊക്കെ വല്ലാതെ ഡൗൺ ആയിപ്പോയിരുന്നു. എന്റെ ഫോട്ടോ കണ്ടാൽ എടുത്തു നോക്കില്ല, അത്രയ്ക്ക് ഇൻസെക്യൂരിറ്റി വന്നു. അതിനു ശേഷമുള്ള അഭിമുഖങ്ങളിൽ പോലും വളരെ പതുങ്ങിപ്പോയി. പൊതുവേ വളരെ ലൗഡ് ആയിട്ടുള്ളൊരാളാണ്. അറിയുന്നവരൊക്കെ കണ്ടിട്ട് നീയെന്താ ഇങ്ങനെ എന്നൊക്കെ ചോദിക്കാൻ തുടങ്ങി.
അതിൽ നിന്ന് മാറി എന്നെ തിരികെ കൊണ്ടു വരുന്നത് ഇപ്പോഴാണ്. ഇപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി ലൈറ്റ് ആയെടുക്കാൻ തുടങ്ങി. മുൻപ് ഭയങ്കര ദേഷ്യമായിരുന്നു ‘എന്തിനാ ഇവരൊക്കെ ഇങ്ങനെ പറയുന്നേ...?’ എന്ന് തോന്നിക്കൊണ്ടിരിക്കും. ഇപ്പോ ‘ലെറ്റ് ഇറ്റ് ബി’ എന്നാണ് കരുതുന്നത്. അത് തരുന്നൊരു ശാന്തതയുണ്ട്. അത് മതി.
ഒരുപാടു പേർ അന്നും ഇന്നും അനശ്വരയോട് ഐക്യപ്പെട്ടിരുന്നല്ലോ. അതിൽ സന്തോഷം തോന്നിയോ?
അന്ന് എന്താണീ കാണിക്കുന്നത്, ഇതൊക്കെ വേണോ എ ന്ന് ഒരു ഭാഗത്തു നിന്നു ചിലർ അലറുമ്പോൾ അപ്പുറത്തു നിന്നു ഞങ്ങൾ നിനക്കൊപ്പമുണ്ട് എന്ന് പറഞ്ഞ സ്ത്രീകളും പുരുഷന്മാരുമൊക്കെയുണ്ട്. ജീവിതത്തിലെ ഏതോ ഘട്ടത്തിൽ അവരും ഇത്തരം അപമാനം നേരിട്ടിട്ടുണ്ടാവാം. സിനിമാക്കാരുടെ കാര്യം മാത്രമല്ല പറയുന്നത്. സാധാരണ ഒരു വീട്ടിലെ പെൺകുട്ടി അവൾക്കിഷ്ടമുള്ളൊരു വസ്ത്രം ഇട്ടാൽ അപ്പുറമിപ്പുറം നിന്ന് അവരെ അലട്ടുന്ന നോട്ടങ്ങളും ചോദ്യങ്ങളും ഒക്കെ വരുന്നുണ്ട്.
അന്ന് മിണ്ടാൻ പറ്റാത്തവർ കൂടിയാണ് സഹിച്ച് മടുത്ത് പൊട്ടിത്തെറിച്ചത്. ഇനി മതി എന്ന് പറഞ്ഞത്. ഞങ്ങൾക്കും കാലുണ്ട് എന്നു പറയേണ്ടി വന്നത്. അവരൊക്കെ എന്നിലൂടെ അവർക്കും മറ്റുള്ളവർക്കും വേണ്ടി കൂടിയാണു സംസാരിച്ചത്. എനിക്കും ഇതുണ്ടായി എന്നു തുറന്നു പറയുമ്പോൾ അതു കേൾക്കാതിരിക്കുകയല്ല ചെയ്യേണ്ടത്. മറിച്ചു കേട്ടിട്ടു നമുക്കുള്ളിലെ പാട്രിയാർക്കിയെ ചോദ്യം ചെയ്യുകയാണു വേണ്ടത്.
അനശ്വര എന്ന പ്രേക്ഷക അനശ്വര എന്ന് നടിക്കു പത്തിൽ ഇന്ന് എത്ര മാർക്ക് നൽകും?
എന്നെ കുറിച്ചു ‘നോട്ട് ബാഡ്’ എന്നാകും പറയുക. സാറയ്ക്ക് 7.5 കൊടുക്കും. പലതും കാണുമ്പോൾ ഇനിയും ന ന്നാക്കാമായിരുന്നു എന്നൊരു തോന്നലാണ് കൂടുതലും വരാറുള്ളത്. പക്ഷേ, അത്രയും അധ്വാനിച്ച് നല്ല ഔട്ട്പുട്ട് തരുന്ന ചില കഥാപാത്രം ചെയ്യുമ്പോൾ ഞാനെന്നെ അഭിനന്ദിക്കാനും മറക്കാറില്ല. ആക്‌ഷൻ സിനിമ ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ട്.
പുതിയ സിനിമകൾ ഏതൊക്കെ?
മലയാളി ഫ്രം ഇന്ത്യ ഇറങ്ങാനിരിക്കുന്നു. ഗുരുവായൂരമ്പല നടയിൽ– സിനിമയുടെ ഷൂട്ട് നടക്കുന്നു. എന്ന് സ്വന്തം പുണ്യാളൻ എന്നൊരു സിനിമ വരാനുണ്ട്, ഒരു തമിഴ് സിനിമ, കൂടാതെ പെരുങ്കളിയാട്ടം.
സാമ്പത്തിക സ്വാതന്ത്ര്യം തരുന്ന നേട്ടങ്ങൾ?
സാമ്പത്തിക സ്വാതന്ത്ര്യം ആത്മവിശ്വാസം കൂട്ടാറുണ്ട്. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ജോലിക്ക് പോയി ത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. അതുകൊണ്ടു തന്നെ പണ്ട് തൊട്ടേ ‘കല്യാണം കഴിക്ക്’ അമ്മ എന്നല്ല പറയുന്നത് മറിച്ച് ‘സാമ്പത്തിക ഭദ്രതയില്ലാതെ കല്യാണം കഴിക്കേണ്ട’ എന്നാണ് പറയാറുള്ളത്.
ആണ്– പെണ്ണ് എന്നൊന്നുമല്ല. എല്ലാവരും സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടതുണ്ട്. എന്റെ പാഷനിലൂടെ വരുമാനം നേടാൻ സാധിക്കുന്നു എന്നത് എന്നെ ഇരട്ടി സന്തോഷിപ്പിക്കുന്നു.
നിലവിൽ പഠിക്കുന്നുണ്ടോ?
വിദൂര വിദ്യാഭ്യാസ കോഴ്സായി ബിഎസ്ഡബ്ല്യു പഠിക്കുന്നു. രണ്ടാം വർഷമാണ്. പരീക്ഷ എഴുതിയിട്ടില്ല, എഴുതിയെടുക്കണം.
അഭിനയം കൂടാതെ മറ്റ് ഇഷ്ടങ്ങൾ? എന്താണു വീണ്ടും വീണ്ടും വാങ്ങുന്നവ?
വായന വലിയ ഇഷ്ടമാണ്. നിലവിൽ പത്മരാജന്റെ ‘ലോ ല’ വായിക്കുന്നു. ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് വൃത്തിയാക്കൽ. മുറി എല്ലാ ദിവസവും വൃത്തിയാക്കും അടുക്കിപ്പെറുക്കി വയ്ക്കും. പുസ്തകങ്ങൾ, ഉടുപ്പ്, മുറിയലങ്കരിക്കാനുള്ള വസ്തുക്കൾ ഒക്കയാണ് വാങ്ങിക്കൂട്ടുന്നത്. മുറിയും അങ്ങനെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. എന്റെ ഓർമകൾ അടുക്കി വച്ചിരിക്കുന്ന ഇടമായിട്ട്.
ആളുകളുമായി ഇടപഴകുമ്പോൾ സന്തോഷിപ്പിക്കുന്നതെന്ത്?
ഞാൻ നല്ലൊരു കേൾവിക്കാരിയാണ് ആളുകൾ സംസാരിക്കുന്നത് കേൾക്കാൻ ഇഷ്ടമാണ്. ഞാൻ തുറന്ന് സംസാരിക്കുന്നത് വളരെ ചുരുക്കം ചില ആളുകളുമായി മാത്രവും. ഒരു വ്യക്തിയുമായി ഇരിക്കുന്ന സമയം ആ ക്വാളിറ്റി ടൈം അവർക്കൊത്ത് ചെലവഴിക്കാൻ നോക്കാറുണ്ട്.
അതേപോലെ ഒരു കാര്യത്തിനു വേണ്ടി എഫേർട്ട് എടുക്കുന്നതു വളരെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഏതു തരം ബന്ധങ്ങളിലും എഫേർട്ട് എടുക്കുന്നത് ആ ബന്ധത്തെ കൂടുതൽ മനോഹരമാക്കും.
ഇന്നത്തെ സിനിമയിൽ ആകർഷകമായി തോന്നുന്നത്?
ഒരു കാര്യം പുതിയതായി പഠിക്കുക പരീക്ഷിക്കുക എന്നതൊക്കെ ആസ്വദിക്കുന്നുണ്ട്. ഒരു പുതിയ കാര്യം ഒരാൾ ചെയ്തെടുക്കുന്നത് കാണുമ്പോൾ തന്നെ നമുക്ക് അതിൽ നിന്നൊക്കെ ഒരുപാട് പഠിക്കാനുണ്ട്.
കോമഡി, ഫിക്‌ഷൻ തുടങ്ങിയവയിലൊക്കെ നല്ല കു റേ പുതുമകൾ പരീക്ഷിക്കപ്പെടുന്നുണ്ട്. ഒന്നാമത് ഇന്നത്തെ ആളുകൾ പലതരം കാഴ്ചകളോടും കലകളോടുമൊക്കെ എക്സ്പോസ്ഡാണ്.
അതുകൊണ്ട് തന്നെ അതിനേക്കാളും പുതുമ കൊണ്ടുവരിക എന്നതേ വെല്ലുവിളിയാണ്. അതിന് പലരും ശ്രമിക്കുന്നുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ അതൊക്കെ ഇറങ്ങുന്നത് കാണാൻ സാധിക്കുക എന്നത് തന്നെ സംതൃപ്തി തരുന്നുണ്ട്
സിനിമയിലെ മറ്റ് വശങ്ങൾ പരീക്ഷിക്കാൻ തോന്നാറുണ്ടോ?
സത്യം പറഞ്ഞാൽ എല്ലാ വശവും അതിശയിപ്പിക്കാറുണ്ട്. ക്യാമറയൊക്കെ കാണുമ്പോൾ ‘വൗ!! ഇവരിതൊക്കെ എ ങ്ങനെ ചെയ്യുന്നു!!’’ എന്ന് തോന്നും.
സിനിമയെ പറ്റി നന്നായി പഠിക്കാവുന്നത് സെറ്റിലാണ്. അങ്ങനെ ഏതെങ്കിലുമൊരു കാലത്ത് എന്തെങ്കിലും ചെയ്ത് നോക്കണം എന്ന് തോന്നിയാൽ അപ്പോ നോക്കാം.
സൗഹൃദങ്ങളെ ചേർത്തു നിർത്താറുണ്ടോ?
എട്ടു തൊട്ട് ഇപ്പോഴും ഒപ്പമുള്ള ബെസ്റ്റ് ഫ്രണ്ട്സാണ് സിയയും സാനിയയും. സിനിമയിൽ വന്നതിന് ശേഷം കിട്ടിയ സൗഹൃദങ്ങളുണ്ട് അവരൊക്കെ സിനിമയ്ക്കപ്പുറവും അടുപ്പം സൂക്ഷിക്കുന്നവരാണ്. പൊതുവേ സർക്കിൾ വളരെ ചെറുതാണ്. ഉള്ളവരെ ഒപ്പം നിർത്തുന്നു. ആഘോഷിക്കുന്നു.
ശ്യാമ
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ
</p>