മാസത്തിൽ അഞ്ച് ആരോഗ്യപ്രവർത്തകർ കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല.
അതു ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും. നിശ്ചയമാണ്.
ദുരന്ത നിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി 2023 ഏപ്രിൽ ഒന്നാം തീയതി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിത്.
2023 മേയ് പത്താം തീയതി ഈ വാക്കുകൾ സ ത്യമായി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച രോഗിയുടെ കുത്തേറ്റ് ഹൗസ് സർജൻ ഡോ. വന്ദന ദാസ് മരണമടഞ്ഞു.
അതുവരെയുള്ള എല്ലാ സംയമനവും നഷ്ടപ്പെട്ടു ഡോക്ടർമാർ തെരുവിലിറങ്ങി. ആത്മരോഷത്താൽ അവരുടെ വാക്കുകൾ വിറകൊണ്ടു. ഒപി ബഹിഷ്ക്കരിച്ച് അവർ സമരമുഖത്ത് അണിനിരന്നു. ആരോഗ്യരംഗത്ത് കേരളത്തെ ലോകത്തിനു തന്നെ മാതൃകയാക്കി മാറ്റിയ നമ്മുടെ ഡോക്ടർമാർ അർഹിക്കുന്നത് ഈ വിധമുള്ള മുറിവുകളാണോ? ഡോക്ടർമാർ പ്രതികരിക്കുന്നു.
ആറു മാസം മുൻപു തിരുവനന്തപുരം മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി സീനിയർ റസിഡന്റ് ആയ വനിതാ ഡോക്ടറെ രോഗിയുടെ കൂടെ വന്നയാൾ അടിവയറ്റിൽ ചവിട്ടി വീഴ്ത്തി. സംഭവത്തെത്തുടർന്നു ഡോക്ടർമാർ സമരത്തിലേക്കു നീങ്ങി. ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടാണു സംഭവം. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം രാത്രിയോടെ സങ്കീർണത ഉടലെടുക്കുകയും രോഗി മരിക്കുകയുമായിരുന്നു. മരണം അറിയിക്കാൻ ചെന്ന ഡോക്ടറെയാണു ചവിട്ടി വീഴ്ത്തിയത്.

ആർക്കും ചികിത്സ നിഷേധിക്കാറില്ല– ഡോ. നീരജ ഗോപി
ജൂനിയർ റസിഡന്റ്
ഗവൺമെന്റ് മെഡിക്കൽ കോളജ്, പാലക്കാട്
പഠനം കഴിഞ്ഞു ഹൗസ് സർജനായി കാഷ്വാലിറ്റിയിൽ നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന സമയത്താണു രണ്ടു വ്യക്തികൾ മദ്യപിച്ചു ബഹളം ഉണ്ടാക്കി കടന്നുവന്നത്. അസഭ്യമായ ഭാഷയിലാണു സംസാരം. വണ്ടി തട്ടി വഴിയരികിലെ ഓടയിലേക്കു വീണു തല പൊട്ടി ചോര വാർന്നൊലിച്ച അവസ്ഥയിലാണ് ഒരാൾ. ആശുപത്രിയിലെത്തിയെങ്കിലും അ ടുത്തു ചെല്ലുന്നവർ ഉപദ്രവിക്കാൻ വരുന്നു എന്നാണു മദ്യലഹരിയിൽ അവർക്കു തോന്നുന്നത്. അടുക്കുന്നവരെ ച വിട്ടുകയും അടിക്കുകയും ചെയ്യുകയാണ്.
നമുക്കു ചികിത്സിക്കാതിരിക്കാനാകില്ലല്ലോ. ബലം പ്രയോഗിച്ചാണു മുറിവേറ്റയാളെ മൈനർ ഓപറേഷൻ തിയറ്ററിലെത്തിച്ചത്. അയാളുടെ കൂടെ വന്നയാളാകട്ടെ ഡോക്ടർമാർ സുഹൃത്തിനെ ഉപദ്രവിക്കുന്നു എന്നു പറഞ്ഞു വേറെ ആളുകളെ വിളിച്ചു വരുത്തി ബഹളം ഉണ്ടാക്കുന്നു.
നിരീക്ഷണ വിഭാഗത്തിൽ അഡ്മിറ്റാക്കിയ ഇയാളോടൊപ്പം അന്നു രാത്രി മുഴുവൻ ഞാനും ഒരു നഴ്സും മാത്രമാണ് ഉണ്ടായിരുന്നത്. അക്രമാസക്തനായിരുന്നു അയാൾ. ആ രാത്രി ഓർക്കുമ്പോൾ ഇന്നും ഭയം തോന്നും.
ഞാനും എന്റെ അനുജനും കുട്ടികളായിരുന്നപ്പോൾ അ ച്ഛനും അമ്മയും വീട്ടിലില്ലാത്ത നേരത്തു വീടിനു നേരെ കല്ലേറുണ്ടായി. മുതിർന്നയാളായി അമ്മമ്മ മാത്രമേയുള്ളൂ വീട്ടിൽ. ഗവൺമെന്റ് ഡോക്ടർമാരാണ് എന്റെ അച്ഛനും അമ്മയും. അമ്മയ്ക്ക് പെട്ടെന്നൊരു ശസ്ത്രക്രിയ വേണ്ടി വന്നതിനാൽ ലീവ് എടുക്കേണ്ടി വന്നു. അതിനാണു വീടു കണ്ടുപിടിച്ചു ചിലർ കല്ലെറിഞ്ഞത്.
ഇതൊക്കെ ഓർക്കുമ്പോൾ മനുഷ്യാവകാശം എന്നൊന്നു ഞങ്ങൾ ഡോക്ടർമാർക്ക് ഇല്ലേ എന്നു തോന്നിപ്പോകും. ഇതൊക്കെ അനുഭവിച്ചിട്ടും ഡോക്ടറാകാൻ തന്നെ തീരുമാനിച്ചത് ആതുര സേവനത്തോടുള്ള ആത്മാർഥമായ താത്പര്യം കൊണ്ടു മാത്രമാണ്.
ഏതു സമയവും എന്തും സംഭവിക്കാം എന്ന വിചാരത്തോടെയാണു ജോലി ചെയ്യുന്നത്. അത്യാഹിത വിഭാഗത്തിലാണ് ഇത്തരം സംഭവങ്ങൾ ഏറെ നടക്കാറുള്ളത്. അത്യാഹിത വിഭാഗത്തിലെത്തുന്നവരെ ഫിൽറ്റർ ചെയ്ത് ഏറ്റവും അത്യാവശ്യക്കാരെയും അല്ലാത്തവരെയും രണ്ടായി തിരിച്ചു ചികിത്സിക്കാനുള്ള സംവിധാനമെങ്കിലും നടപ്പാക്കിയാൽ പ്രശ്നങ്ങൾ കുറച്ചൊക്കെ ഒഴിവാക്കാനാകും.