ADVERTISEMENT

കാർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ തിരികെ ജീവിതത്തിലേക്ക്. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കയ്പമംഗലത്തെ കാർ അപകടത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന 3 പേരിൽ ഒരാളായ മഹേഷ് മുഖത്തും കയ്യിലും സാരമായ പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്. രണ്ടാഴ്ച ആശുപത്രിവാസത്തിനു ശേഷം വീട്ടിലെത്തിയെങ്കിലും ഇനിയും ചികിത്സകൾ ബാക്കി. തകർന്ന 7 പല്ലുകൾ ശരിയാക്കണം. മൂക്കിലും മുഖത്തും ശസ്ത്രക്രിയകൾ വേണം. ഇരു കവിളുകളിലെയും അസ്ഥികൾ ചേരാൻ ഇട്ടിരിക്കുന്ന കമ്പികൾ നീക്കം ചെയ്യണം. ഇന്നലെയും ആശുപത്രിയിൽ പരിശോധനയ്ക്കായി പോയിരുന്നു.

കഴിഞ്ഞ 5ന് വടകരയിലെ പരിപാടി കഴിഞ്ഞ് സുധി, ബിനു അടിമാലി, ഉല്ലാസ് അരൂർ എന്നിവർക്കും ഒപ്പം കാറിൽ എറണാകുളത്തേക്കു മടങ്ങവെയായണ് അപകടം. പിൻ സീറ്റിൽ ബിനുവിനൊപ്പമായിരുന്നു യാത്ര. അപകടം നടന്നത് പാതി മയക്കത്തിൽ. ആംബുലൻസിൽ കയറ്റുമ്പോൾ അനുഭവപ്പെട്ട തീവ്ര വേദനയാണ് ഓർമയെ ഉണർത്തിയത്. ജീവിതത്തെ തിരിച്ചു പിടിക്കണമെന്ന യാഥാർഥ്യം വെല്ലുവിളിയായി മഹേഷ് ഏറ്റെടുത്തു കഴിഞ്ഞു.

ADVERTISEMENT

ഏഴു സെന്റിലെ പണി തീരാത്ത ചെറിയ വീട്ടിൽ നിന്ന് കഠിന പ്രയത്നത്തിലൂടെ കലാ രംഗത്ത് ഉയർന്നു വരാൻ ശ്രമിക്കുമ്പോഴായിരുന്നു വിധിയുടെ അപ്രതീക്ഷിത പ്രഹരം. വീട്ടിലേക്ക് ഇപ്പോഴുള്ളത് നടപ്പു വഴി മാത്രം. കൂലിപ്പണിക്കാരനായ അച്ഛൻ കുഞ്ഞുമോനും അമ്മ തങ്കമ്മയും സഹോദരൻ അജേഷും ഉൾപ്പെടുന്ന കുടുംബത്തിന്റെ അത്താണി ആയിരുന്നു മഹേഷ്. 25 താരങ്ങളെ തുടർച്ചയായി അനുകരിച്ച് ആളുകളെ വിയ്മയിപ്പിച്ചാണ് വടകരയിൽ നിന്നു പോന്നത്. അതിന്റെ തുടർച്ചയ്ക്കായി കാത്തിരിക്കുകയാണ് മഹേഷിന്റെ ആരാധകർ. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കുള്ള എല്ലാ സഹായവും കഴിഞ്ഞ ദിവസം വീടു സന്ദർശിച്ച കെ.ബി. ഗണേഷ്കുമാർ എംഎൽഎ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT