ADVERTISEMENT

‘‘വിശപ്പിന്റെ വില എത്രയാണെന്ന് അറിയാമോ...?’’ ചോദിക്കുന്നതു മുണ്ടക്കയം സ്വദേശിനി റബീന സിയാദാണ്. ‘മറ്റൊരാളുടെ കയ്യിൽ നിന്നു ഭക്ഷണം വാങ്ങി കഴിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന അഭിമാനനഷ്ടത്തിന്റെ ആകെത്തുകയാണ് ആ വില’യെന്നു റബീന പറയും. ചെറുപ്രായത്തിൽ അതു വിശപ്പിന്റെ ആഴത്തിൽ അറിഞ്ഞിട്ടുള്ളതിനാൽ തന്നെ കുറച്ചു പേരുടെയെങ്കിലും വിശപ്പകറ്റാൻ ശ്രമിക്കുകയാണ് അൻപത്താറുകാരിയായ വീട്ടമ്മ. ഒപ്പം സഹായവുമായി ഒട്ടേറെ വീട്ടമ്മമാരും ചേർന്നപ്പോൾ സാധുജന പരിപാലനത്തിന്റെ വിവിധ പദ്ധതികൾ നന്മയുടെ സന്ദേശവുമായി ഇവിടെ നിന്ന് ഉയരുന്നു.

ആർക്കും വയ്ക്കാം, ആർക്കും എടുക്കാം

ADVERTISEMENT

∙ ബൈപാസ് റോഡിൽ ചാച്ചിക്കവലയ്ക്കു സമീപം വഴിയരികിലെ ഉദ്യാനത്തിൽ ഒരു ചെറിയ പെട്ടിയുണ്ട്. ആർക്കും ഇതിൽ പൊതിച്ചോറു വയ്ക്കാം, എടുക്കുകയും ചെയ്യാം. ദിവസവും ഇതിൽ പത്തോളം പൊതികൾ വരാറുണ്ട്. അവയെല്ലാം ആരൊക്കെയോ എടുത്തുകൊണ്ടു പോകാറുമുണ്ട്. ആർക്കും ആരുടെയും മുൻപിൽ കൈ നീട്ടാതെ ഭക്ഷണം ലഭ്യമാക്കുക എന്നതാണു പദ്ധതി. ഇങ്ങനെയൊരു ചിന്ത ഉയരാൻ കാരണമുണ്ടെന്നു റബീന പറയുന്നു. തന്റെ വീടിനടുത്തുള്ള പ്രായമായ ഒരാൾ ഒരു ദിവസം വീട്ടിൽ വന്നു ഭക്ഷണം ചോദിച്ചു. 

വളരെ ദിവസങ്ങൾ വിശന്നു നടന്ന ശേഷം അഭിമാനം ഉപേക്ഷിച്ച് ഭക്ഷണത്തിനായി ഇയാൾ കൈനീട്ടുകയായിരുന്നു എന്നു തിരിച്ചറിഞ്ഞതോടെയാണ്, ഇനി ആർക്കും ഈ അവസ്ഥ വരരുത് എന്നുറപ്പിച്ച് പൊതിച്ചോറ് പദ്ധതി തുടങ്ങിയത്. റബീന ഉൾപ്പെടെ സമീപത്തെ വീട്ടമ്മമാർ രാവിലെ പത്തോടെ പൊതികൾ പെട്ടിക്കുള്ളിൽ വയ്ക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ ഇവ ആവശ്യക്കാർ എടുത്തു കൊണ്ടുപോകുകയും ചെയ്യും.

ADVERTISEMENT

ഒരു ഫ്ലാഷ് ബാക്ക്...∙

വെറുതേ തീ പുകയുന്ന അടുപ്പിനു മുൻപിൽ കാലിവയറുമായി നിന്ന കുട്ടികൾ അയൽപക്കത്തെ വീട്ടിൽ നിന്ന് ആഹാരം ചോദിച്ച് വാങ്ങിക്കഴിക്കുന്ന അനുഭവമുണ്ട് റബീനയ്ക്ക്. അതറിഞ്ഞാൽ അഭിമാനിയായ അമ്മയുടെ വഴക്കും കേൾക്കേണ്ടിവരുന്നു.  അഞ്ചാം ക്ലാസിൽ പഠിപ്പു നിർത്തി ജോലിക്കു പോയ സഹോദരങ്ങൾ. അങ്ങനെ ഉണ്ണാനും ഉടുക്കാനും ഇല്ലാത്ത സാഹചര്യങ്ങൾ പഠിപ്പിച്ചതാണ് ഇൗ നന്മമനസ്സിലെ പാഠങ്ങൾ. അതിനിപ്പോൾ ഭർത്താവ് സിയാദും കുടുംബാംഗങ്ങൾ എല്ലാവരും കൂടെ നിൽക്കുമ്പോൾ ബൈപാസ് റോഡിലെ സാഹിറ മൻസിലിൽ നിന്നു നന്മയുടെ സുഗന്ധം പടരുകയാണ്.

ADVERTISEMENT

സേവനപാതയിൽ കൂട്ടായ നേട്ടം

∙ സൗമ്യത കുടുംബശ്രീയുടെ സെക്രട്ടറി കൂടിയാണു റബീന. തണൽ അയൽക്കൂട്ടത്തിലെ അംഗങ്ങളാണു റബീനയുടെ ഒപ്പം സേവനപാതയിലുള്ളത്. പത്തിലേറെ വീട്ടമ്മമാർ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. മാലിന്യം തള്ളുന്ന കേന്ദ്രമായിരുന്ന ബൈപാസ് റോഡരിക് തെളിച്ച് പൂച്ചെടികൾ നട്ടായിരുന്നു ആദ്യ പ്രവർത്തനം. വേനലിൽ വഴിയാത്രക്കാർക്കു കുടിക്കാൻ കുടത്തിൽ വെള്ളം വച്ചു. പിന്നീട് ഭക്ഷണപ്പൊതി പദ്ധതി നടപ്പാക്കി. 

ഇതിനൊപ്പം വച്ചിരിക്കുന്ന ചാരിറ്റി ബോക്സിൽ ആളുകൾ പണം നിക്ഷേപിക്കുന്നുണ്ട്. ഈ പണം ഉപയോഗിച്ച് എല്ലാ മാസത്തിലെയും അവസാനത്തെ ശനിയാഴ്ച ചാരിറ്റി പ്രവർത്തനങ്ങൾ നടത്തും. അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും ഭക്ഷണവും വസ്ത്രവും നൽകും. തന്റെ കൂടെയുള്ള ആളുകളുടെ ഉന്നമനം ലക്ഷ്യമാക്കി ഇവിടെ പലഹാരക്കടയും തുടങ്ങിയിട്ടുണ്ട്. കിട്ടുന്ന വരുമാനം എല്ലാവർക്കുമായി വീതിച്ചു നൽകും. വീടിനുള്ളിൽ മാത്രം കഴിഞ്ഞിരുന്ന വീട്ടമ്മമാർക്കു യാത്രകളിലൂടെ സമൂഹത്തെ അറിയാനുള്ള പദ്ധതികളും നടത്തുന്നു.

ADVERTISEMENT