ADVERTISEMENT

ഞങ്ങളുടെ വൃക്കകൾ ഒാക്കെയല്ലേ? നേരത്തേ തിരിച്ചറിയൂ, വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കൂ’ എന്നതാണ് ഈ വർഷത്തെ വൃക്ക ദിനത്തിന്റെ പ്രമേയം. വൃക്കരോഗികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതൽ ശ്രദ്ധിക്കേണ്ടതും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതും സ്ത്രീകളാണോ പുരുഷന്മാരാണോ?

വൃക്കസംബന്ധമായ രോഗങ്ങൾ പുരുഷന്മാരെക്കാൾ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നുവെന്ന് പഠനങ്ങൾ പറയുന്നു. വൃക്കരോഗങ്ങൾക്കു വഴിയൊരുക്കുന്ന ചില പ്രധാനരോഗങ്ങൾ വേഗത്തിൽ ബാധിക്കുന്നത് സ്ത്രീകളെയാണ് എന്നതാണ് ഇതിനു പിന്നിലെ പ്രധാന കാരണം. വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നതിനും വൃക്കരോഗങ്ങൾ തടയുന്നതിനും സ്ത്രീകൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു നോക്കാം.

ADVERTISEMENT

വൃക്കരോഗങ്ങൾ കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയാണെന്നു പഠനങ്ങൾ പറയുന്നു. എന്താകാം ഇതിനു കാരണം?

മൂത്രാശയ അണുബാധ (യൂറിനറി ഇൻഫെക്‌ഷൻ) പുരുഷന്മാരേക്കാൾ കൂടുതലായി കണ്ടുവരുന്നതു സ്ത്രീകളിലാണ്. നീളം കുറഞ്ഞ മൂത്രനാളിയാണ് ഇതിനു പ്രധാന കാരണം. മൂത്രനാളി മലദ്വാരത്തോടു ചേർന്നു സ്ഥിതിചെയ്യുന്നതും അണുബാധയ്ക്ക് ഇടയാക്കും. വെള്ളം കുടിക്കുന്നതു കുറയുന്നതും മൂത്രം പിടിച്ചുവയ്ക്കുന്ന ശീലവും ബഹുഭൂരിപക്ഷം സ്ത്രീകളിലും കാണാം. യാത്രകളിൽ പൊതുശൗചാലയങ്ങൾ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടാണ് പലരും കാരണമായി പറയുന്നത്. ഇതിനുപുറമേ ആർത്തവം, ഗർഭകാലം, ആർത്തവവിരാമം എന്നീ അവസ്ഥകളിൽ സ്ത്രീശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും വൃക്കകളുടെ പ്രവർത്തനത്തെ സ്വാധീനിക്കും.

ADVERTISEMENT

വ്യക്തിശുചിത്വം നിലനിർത്തുന്നതു വളരെ പ്രധാനമാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നതും മൂത്രാശയ ആണുബാധയ്ക്കു കാരണമാകും. ഗർഭകാലത്തുണ്ടാകുന്ന രക്താതിമർദവും സ്ത്രീകളിൽ വൃക്കരോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈസ്ട്രജൻ ക്രീമുകളും ഹോർമോണൽ തെറപ്പിയും എടുക്കുന്നത് ഏറെ ഫലപ്രദമാണ്.

ഇതിനുപുറമേ Systemic Lupus Erythematosus (SLE) പോലെയുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളും വൃക്കയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കിഡ്നി സ്‌റ്റോൺ, പ്രമേഹം, രക്താതിമർദം മുതലായവ മൂലമുണ്ടാകുന്ന വൃക്കരോഗങ്ങൾ തുടങ്ങിയവ സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ ബാധിക്കുന്നതാണ്.

ADVERTISEMENT

സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന വൃക്കരോഗങ്ങളുടെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?

‌മൂത്രമൊഴിക്കുമ്പോൾ നീറ്റലോടു കൂടിയ വേദന, അതിയായ മൂത്രശങ്ക, അടിവയറിലെ വേദന, പനി തുടങ്ങിയവയാണ് മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങൾ. മൂത്രാശയ അണുബാധ തടയാ‌ൻ സ്ത്രീകൾ ധാരാളം വെള്ളം കുടിക്കണം. ഗർഭകാലത്തുണ്ടാകുന്ന ഉയർന്ന രക്തസമ്മർദം പ്രത്യേകം ശ്രദ്ധിക്കണം. സന്ധികളിലെ വേദന, മുടികൊഴിച്ചിൽ, ത്വക്കിലുണ്ടാകുന്ന ചുവന്ന പാടുകൾ, ഇടവിട്ടുവരുന്ന പനി എന്നിവയാണ് SLEയുടെ ലക്ഷണങ്ങൾ. വൃക്കരോഗ ലക്ഷണങ്ങൾ ആദ്യ നാളുകളിൽ പ്രകടമാകില്ല എന്നതു പ്രശ്നം ഗുരുതരമാക്കുന്നു. രോഗം പഴകുന്തോറും ക്ഷീണം, വിശപ്പില്ലായ്മ, കാലുകളിൽ നീര് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

എന്തൊക്കെയാണ് വൃക്ക രോഗങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങൾ?

പ്രമേഹം, രക്താതിമർദം, അമിതവണ്ണം, വേദനസംഹാരികളുടെ അമിതോപയോഗം, മൂത്രാശയ അണുബാധ കൃത്യമായി ചികിത്സിക്കാതിരിക്കുക, കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ എന്നിവയാണ് വൃക്കരോഗങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ.

നിസാരമെന്നു കരുതുന്ന കിഡ്നി സ്‌റ്റോണും വില്ലനാണോ?

അടിക്കടി വരുന്ന മൂത്രാശയ കല്ലുകളെ നിസ്സാരമായി കാണരുത്. ഇവ മാരക അണുബാധയ്ക്കിടയാക്കും. കൂടാതെ വലിയ കല്ലുകൾ മൂത്രവാഹിനിയില്‍ തടസ്സമുണ്ടാക്കുകയും വൃക്കകളുടെ തകരാറിലേക്കു നയിക്കുകയും ചെയ്തേക്കാം. വയറുവേദന, മൂത്രത്തിൽ രക്തത്തിന്റെ അംശം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം.

ആരോഗ്യമുള്ള ഒരു വ്യക്തി ഏതു പ്രായം മുതൽ വൃക്ക സംബന്ധമായ പരിശോധനകൾ നടത്തണം? എന്തൊക്കെ ടെസ്റ്റുകൾ ചെയ്യാം?

പുതിയ കണക്കുകൾ പ്രകാരം പ്രമേഹം, രക്താധിമർദം തുടങ്ങിയ രോഗങ്ങൾ 30 വയസ്സിനു മുകളിൽ കാണപ്പെടുന്നു. അതുകൊണ്ടു തന്നെ മുപ്പതുകളുടെ തുടക്കത്തിലേ വൃക്കയുടെ ആരോഗ്യവും ശ്രദ്ധിച്ചു തുടങ്ങാം. ആൽബുമിന്റെ അളവ് പരിശോധിക്കുന്നതിനായുള്ള മൂത്രപരിശോധന, രക്തത്തിലെ ക്രിയാറ്റിനിൻ അറിയുന്നതിനായുള്ള ടെസ്റ്റ് എന്നിവയിലൂടെ വൃക്കയുടെ പ്രവർത്തനം വിലയിരുത്താം. സ്ത്രീകൾ ഗർഭം ധരിക്കുമ്പോൾ മുതൽ പരിശോധനകൾ ആരംഭിക്കുന്നതാണ് ഉചിതം.

വൃക്കരോഗങ്ങൾ ഏതു പ്രായത്തിലുള്ള സ്ത്രീകളിലാണ് അധികമായി കണ്ടുവരുന്നത്?

ഇരുപതുകളിലും മുപ്പതുകളിലുമുള്ള പെൺകുട്ടികളിലാണ് മൂത്രാശയ അണുബാധ കൂടുതലായി കണ്ടുവരുന്നത്. അതേസമയം പ്രത്യുൽപാദന പ്രായത്തിലുള്ള യുവതികളിലും ആർത്തവവിരാമത്തിലെത്തിയ സ്ത്രീകളിലും വൃക്കരോഗങ്ങൾ കൂടുതലായി കാണപ്പെടുന്നു. പ്രമേഹം, രക്താതിമർദം തുടങ്ങിയവയുടെ ഫലമായുണ്ടാകുന്ന വൃക്കരോഗങ്ങൾ കണ്ടുവരുന്നതു താരതമ്യേന മുതിർന്ന സ്ത്രീകളിലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാൻ പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കണം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. എബി എബ്രഹാം എം.

ഡയറക്ടർ ആൻഡ് ചീഫ്,

നെഫ്രോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാന്റ്

വിപിഎസ് ലേക്‌ഷോർ, കൊച്ചി

ADVERTISEMENT