പാലക്കാട് മുണ്ടൂരില്‍ കാട്ടാന അലന്റെ ജീവൻ കവർന്നെടുത്ത ഏപ്രിൽ 6 അച്ഛന്റെയും അമ്മയുടെയും 25ാം വിവാഹ വാർഷിക ദിനമായിരുന്നു. വീട്ടിലെത്തി കേക്ക് മുറിച്ചു സർപ്രൈസ് കൊടുക്കാമെന്ന സന്തോഷത്തിൽ അമ്മ വിജിക്കൊപ്പം വരുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായതും കൊല്ലപ്പെടുന്നതും.
സഹോദരി ആൻമേരിക്ക് ഇക്കാര്യം അറിയാമായിരുന്നുവെങ്കിലും അമ്മയോട് ഇക്കാര്യം അലൻ പറഞ്ഞില്ല. വീട്ടിൽ എത്തിയ ശേഷം ആഘോഷമൊരുക്കാനായിരുന്നു പരിപാടി. അതിനായി അലന്റെ സഹോദരീ ഭർത്താവിന്റെ ബന്ധു മനു മണികണ്ഠനോട് രാത്രി കേക്കു വാങ്ങി വീട്ടിലെത്തിക്കാൻ പറഞ്ഞു.
ജോലി കഴിഞ്ഞു വരുന്നതിനിടെ കേക്ക് വാങ്ങിച്ച് അലന്റെ വീട്ടിലേക്കു പുറപ്പെട്ട മനു, ആൻമേരിക്ക് ഫോൺ ചെയ്തപ്പോൾ എടുത്തില്ല. പലതവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. പന്തികേട് തോന്നിയ മനു, വിജിയുടെ ഫോണിലേക്കു വിളിച്ചപ്പോഴാണ് ഫോൺ എടുത്ത ബന്ധു വിവരമറിയിച്ചത്. ഉടനെ മനു ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.