പാട്ടിൽ ‘പഞ്ചാര’യിട്ട പോലാണു സുജാത പാടുന്നത്. കേൾക്കുന്നവർ ആ മധുരത്തിൽ അലിഞ്ഞുപോകും. വരികളിലും ലയത്തിലും അതിമധുരം നിറച്ചു സുജാത പാടിത്തുടങ്ങിയിട്ട് 50 വർഷമായി. എങ്കിലും മലയാളിക്കു സുജാത കൊഞ്ചിച്ചിരിക്കുന്ന ബേബിയാണ്.
1975ൽ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന സിനിമയ്ക്കു വേണ്ടി ആദ്യമായി റെക്കോർഡിങ് സ്റ്റുഡിയോയിൽ നിൽക്കുമ്പോൾ ബേബി സുജാതയ്ക്ക് ഒന്നു മാത്രമേ അറിയൂ, പഠിപ്പിച്ചു തന്നത് അതുപോലെ പാടുക. പക്ഷേ, പാട്ടിന്റെ 50 വർഷത്തിൽ വനിതയോടു സംസാരിക്കുമ്പോൾ പാട്ടിന്റെ എൻസൈക്ലോപീഡിയയാണു മുന്നിലെന്നു തോന്നിപ്പോയി.

‘‘ഞാനും ശ്വേതയും ഒന്നിച്ചൊരു സിംഗിൾ ഇതുവരെ വന്നിട്ടില്ല. എന്റെ 50ാം വർഷം ആഘോഷിക്കുന്നത് അങ്ങനെയൊരു പാട്ടിലൂടെയാണ്. മുൻപു ശ്വേത എന്നെപറ്റി ‘അമ്മ’ എന്ന പാട്ടു പാടിയിട്ടുണ്ട്. ഇക്കുറി അൾട്ടിമേറ്റ് മദർ – പ്രകൃതി ആണ് തീം. എസ്.രമേശൻ നായർ വരികളെഴുതി വിദ്യാസാഗർ സംഗീതം ചെയ്തു ഞാനും ശ്വേതയും കൂടി പാടിയ ‘മാതേ...’ എന്ന പാട്ട് ഉടൻ പുറത്തിറങ്ങും.’’ പാട്ടും സിനിമയും ചിരിയും സന്തോഷവും നിറഞ്ഞ 50 വർഷത്തെ ഓർമകൾ കേൾക്കാം.

സുജാത പാടുമെന്ന് ആദ്യം പറഞ്ഞത് ആരാണ് ?
ഒന്നാം ക്ലാസ് മുതൽ ബിഎ വരെ പഠിച്ചത് എറണാകുളം സെന്റ് തെരേസാസിലായിരുന്നു. ഏഴാം വയസ്സിൽ പാട്ടു പഠിക്കാൻ തുടങ്ങി. അതിനൊരു കാരണമുണ്ട്. കോളജിൽ പഠിക്കുമ്പോൾ അമ്മ നന്നായി പാടുമായിരുന്നെന്ന് അമ്മയുടെ കൂട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്. ‘ദേവിയുടെയത്രയൊന്നും മോളു പാടില്ല’ എന്നായിരുന്നു അക്കാലത്ത് അവരുടെ അ ഭിപ്രായവും. അമ്മയുടെ സഹോദരിയായ ഗിരിജ ചേച്ചി (രാധിക തിലകിന്റെ അമ്മ) ഡാൻസിൽ വലിയ പ്രതിഭയായിരുന്നു. അമ്മയുടെ കസിൻസെല്ലാം കലാകാരികളും കലാകാരന്മാരുമായിരുന്നു.
ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ ലൂസീനയാണു സ്കൂൾ പ്രാർഥനാഗാനം പാടാൻ എന്നെ ചുമതലപ്പെടുത്തിയത്. അമ്മയുടെ ചേച്ചി ലീല വല്യമ്മയാണു പാട്ടു മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചത്. അങ്ങനെയൊരിക്കൽ എറണാകുളത്തെ ഒരു സ്റ്റേജിൽ പാടുന്നത് അമ്മയുടെ കൂട്ടുകാരിയായ മോഹനം ആ ന്റി കണ്ടു. ‘മോള്‍ അസ്സലായി പാടി, പാട്ടു പഠിപ്പിക്കണം കേട്ടോ’ എന്ന് അമ്മയോടു പറഞ്ഞത് ആന്റിയാണ്. കല്യാണസുന്ദരം ഭാഗവതരും നെയ്യാറ്റിൻകര വാസുദേവൻസാറും ഓച്ചിറ ബാലകൃഷ്ണൻ സാറുമാണു ഗുരുക്കന്മാർ.
സ്കൂൾ കലോത്സവത്തിൽ ലളിതഗാനവും പദ്യപാരായണവുമായിരുന്നു എന്റെ ഐറ്റംസ്. ലോകമേ തറവാട്, എനിക്കീ ചെടികളും പൂക്കളും പുഴുക്കളും കൂടി തൻ കുടുംബക്കാർ... എന്റെ ഗുരുനാഥൻ എന്ന കവിത അഞ്ചു രാഗത്തിൽ ചിട്ടപ്പെടുത്തി തന്നതു ഗുരുനാഥനായ നെയ്യാറ്റിൻകര വാസുദേവൻ സാറാണ്. ആ സംസ്ഥാന കലോത്സവത്തിനു തിരുവനന്തപുരത്തു നിന്നുവന്ന ഒരു കുട്ടിക്കാണു പദ്യപാരായണത്തിൽ ഒന്നാം സമ്മാനം കിട്ടിയത്. അതാണ് ഇന്നത്തെ ഗായിക അരുന്ധതി.
പിന്നെയൊരിക്കൽ സംസ്ഥാന കലോത്സവം മാവേലിക്കരയിൽ നടക്കുന്നു. സമാപന സമ്മേളനത്തിൽ വിജയികളുടെ പരിപാടികൾ അവതരിപ്പിക്കും. ലളിതഗാനത്തിനു സമ്മാനം കിട്ടിയ ‘ഇന്നത്തെ മോഹനസ്വപ്നങ്ങളേ... ഈയാംപാറ്റകളേ...’ എന്ന പാട്ടു ഞാൻ പാടി. വർഷങ്ങൾക്കു ശേഷം സിനിമയിലൊക്കെ പാടി പ്രശസ്തയായ കാലത്തു നടൻ സോമനെ കണ്ടു. ‘നീല ഫ്രോക്കിട്ടു സ്റ്റേജിൽ നിന്നു പാട്ടുപാടുന്ന ആ പഴയ സുജാതയെയാണ് എനിക്കു കൂടുതലിഷ്ടം...’ എന്നു പറഞ്ഞു സോമേട്ടൻ ഈ പാട്ടിന്റെ വരികൾ മൂളി. മാവേലിക്കരക്കാരനായ സോമേട്ടൻ അന്നു കാണികളിൽ ഒരാളായി ഉണ്ടായിരുന്നത്രേ.
അമ്മ പാടുമായിരുന്നോ ?
അമ്മ ദേവി നന്നായി പാടുമായിരുന്നു, പക്ഷേ, അന്നത്തെ കാലത്തൊന്നും ആരും പിന്തുണയ്ക്കാൻ ഉണ്ടായിരുന്നില്ല. അമ്മ പറവൂരുകാരിയാണ്. വിവാഹം കഴിച്ചു കൊണ്ടുപോയതു സേലത്തേക്കും. വർഷങ്ങൾക്കു മുൻപേ സേലത്തേക്കു കുടിയേറിയ മലയാളി കുടുംബമാണ് അച്ഛന്റേത്. അനസ്തെറ്റിസ്റ്റ് ഡോക്ടർ ആയിരുന്നു അ ച്ഛൻ ഡോ. വിജയേന്ദ്രൻ. എനിക്കു രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പിന്നെ അമ്മ എറണാകുളത്തേക്കു തിരി ച്ചു വന്നു. രവിപുരത്ത് അച്ഛൻ വീടുപണി പൂർത്തിയാക്കിയിരുന്നു. കസിൻസായിരുന്നു കൂട്ട്. അനു, രവി ചേട്ടൻ, രഘു ചേട്ടൻ, രാധിക, ഉമ, മാലിനി, പത്മജ, ലക്ഷ്മി, ബാലു.
അച്ഛന്റെ വീട്ടുകാരെല്ലാം ചെന്നൈയിലാണ്. എല്ലാ വെക്കേഷനും അച്ചാച്ഛന്റെ വീട്ടിലേക്കു പോകും. അവിടെയുമുണ്ട് കസിൻസ്. വിനോദ്, വിദ്യ, സുനു, രാജീവ്, സുമി ചേച്ചി, ജയൻ ചേട്ടൻ... അച്ചാച്ഛന്റെ അമ്മാവനാണ് ജി. വേണുഗോപാലിന്റെ മുത്തച്ഛൻ. വേണു ചേട്ടൻ, സഹോദരി രാധിക, വല്യമ്മയുടെ മക്കളായ വിനയൻ ചേട്ടനും ലതിക ചേച്ചിയുമൊക്കെയായി കുട്ടിക്കാലം രസമായിരുന്നു.
അച്ഛൻ മരിക്കുമ്പോൾ അമ്മയ്ക്ക് 26 വയസ്സേ ഉള്ളൂ. പിന്നീടുള്ള ജീവിതം എനിക്കു വേണ്ടിയായിരുന്നു. വീടും അത്യാവശ്യം സമ്പാദ്യവും അച്ഛനുണ്ടായിരുന്നു. അമ്മ നന്നായി ചിത്രം വരയ്ക്കും. ലേഡീസ് ക്ലബ് പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പെയിന്റിങ്ങുകൾ അവിടെ വിൽക്കാന്‍ വയ്ക്കുന്നതും സാരിയിൽ പെയിന്റ് ചെയ്തു കൊടുക്കുന്നതുമൊക്കെയായിരുന്നു അമ്മയുടെ രസങ്ങൾ.
മറ്റൊരു കാര്യം പറയാം. ഞാൻ ഗാനമേളയിൽ പാടി തുടങ്ങിയ കാലത്ത് ‘മകളെ പാടിച്ചു സമ്പാദിക്കുകയാണ്...’ എന്നു ചിലരൊക്കെ അടക്കം പറയുന്നത് അമ്മയുടെ ചെവിയിലെത്തി. അതോടെ അമ്മയൊരു ദൃഢനിശ്ചയമെടുത്തു. ഒരു പാട്ടിനു പോലും പ്രതിഫലം വാങ്ങില്ല. അന്നുതൊട്ടു വിവാഹം കഴിയുന്നതു വരെ ഞാൻ ഗാനമേളയ്ക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല.