കശ്മീരിൽ ഭീകരരുടെ വെടിയേറ്റു മരിച്ച എൻ. രാമചന്ദ്രന് അന്ത്യാഞ്ജലി നൽകുകയാണ് നാട്. കൺമുന്നിൽ അച്ഛനെ നഷ്ടപ്പെട്ട വേദന മാധ്യമങ്ങൾക്കു മുന്നിൽ വേദനയോടെ പങ്കുവച്ച മകൾ ആരതിയുടെ വാക്കുകൾ ഏവരും ഏറ്റെടുത്തിരുന്നു. അതേസമയം ആരതിയുടെ പ്രതികരണങ്ങളെ വിമർശിച്ച് ഒരു വിഭാഗം രംഗത്തെത്തിയ സാഹചര്യത്തിൽ പ്രതികരണവുമായി എത്തുകയാണ് നടി മഞ്ജുവാണി ഭാഗ്യരത്നം.
ഈ വിമർശിക്കുന്നവർ ഒരു നിമിഷം ആരതിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ എന്നൊന്ന് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ എന്ന് മഞ്ജുവാണി ചോദിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ആരതിയെ വിമർശിക്കുന്നതും മറ്റൊരുതരം തീവ്രവാദമാണെന്നും നടി വ്യക്തമാക്കുന്നു.
‘‘നമുക്കു ചുറ്റും മനോരോഗികളുടെ എണ്ണത്തിൽ ഒരു കുറവുമില്ല. സ്ത്രീയെന്നോ പുരുഷനെന്നോ ഒരു വ്യത്യാസവുമില്ല. പഹൽഗാമിൽ വെടിയേറ്റ് മരിച്ച മലയാളി രാമചന്ദ്രൻ ഒരു ധീരനായ പിതാവായിരുന്നു എന്നതിന് ജീവിച്ചിരിക്കുന്ന, ഭീകരാക്രമണത്തിന്റെ ട്രോമയിൽ നിന്ന് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന, മകൾ ആരതി തന്നെ ഉദാഹരണം. എത്ര ധീരമായിട്ടാണ് ആ പെൺകുട്ടി താൻ നേരിട്ട് അവസ്ഥയെക്കുറിച്ചും, എടുത്ത തീരുമാനങ്ങളെക്കുറിച്ചും പതറാതെ സംസാരിക്കുന്നത്. തമാശ അതല്ല, ഈ പെൺകുട്ടിയെ വിമർശിക്കുന്നതിൽ നല്ലൊരു പങ്ക് സ്ത്രീകൾ ആണെന്നുള്ളതാണ്, അതും ചെറുപ്പകാരികൾ.
എന്തോ ഒന്ന് ചോദിക്കുന്നു, അറിയില്ല എന്ന് പറയുന്നു, പോയിന്റ് ബ്ലാങ്കിൽ തലയിലേക്ക് തോക്കിന്റെ കുഴൽ ചേർത്തുവച്ച് കാഞ്ചി വലിക്കുന്നു, കൊല്ലുന്നു. പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചാൽ ജീവൻ അവശേഷിക്കും എന്ന് ചിന്തിക്കാൻ മാത്രം വിഡ്ഢി അല്ല ആ പെൺകുട്ടി എന്ന് അവളുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാവും. ഈ വിമർശിക്കുന്നവർ ഒരു നിമിഷം ആരതിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ എന്നൊന്ന് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?
അച്ഛനും അമ്മയും ഒക്കെയായി തന്റെ മക്കളെയും ചേർത്തുപിടിച്ച് ഉല്ലാസയാത്രയ്ക്ക് കശ്മീരിലേക്ക് പുറപ്പെട്ട ആരതിയുടെ കൺമുമ്പിൽ അച്ഛൻ മരിച്ചു കിടക്കുകയാണ്, തീവ്രവാദികളുടെ വെടിയേറ്റ്. തന്റെ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തണം എന്നല്ലാതെ ഒരു അമ്മയായ ആരതി മറ്റെന്താണ് ചിന്തിക്കേണ്ടിയിരുന്നത്? അവർ ഉറക്കെ നിലവിളിച്ചു എന്നും മക്കളുടെ നിലവിളി കേട്ടപ്പോഴാണ് അച്ഛൻ പറഞ്ഞു തന്നിട്ടുള്ള കാര്യം ഓർത്ത് പാനിക് ആവാതെ ഇനിയെന്തുവേണമെന്ന് ചിന്തിച്ച് തീരുമാനിക്കണം എന്നവർ ഉറപ്പിച്ചത് എന്നും ഒക്കെ പറയുന്നുണ്ട്.
പക്ഷേ മനോരോഗികൾക്ക് അതൊന്നും പോര. കരയണം, തൊണ്ടയിടറണം, പറ്റുമെങ്കിൽ ഒരല്പം ഭയം അഭിനയിക്കണം. കാരണം അവർ പെണ്ണല്ലേ!!! സുധീരയായി തന്റെ അമ്മയെ നടന്നതൊന്നും അറിയിക്കാതെ സംരക്ഷിച്ച് വീട്ടിലേക്ക് എത്തിച്ച തന്റെ കുഞ്ഞുങ്ങൾക്ക് അപകടം ഒന്നും കൂടാതെ ചേർത്തുപിടിച്ച ആ അമ്മയെ, ആ മകളെ അവഹേളിക്കുന്ന സമൂഹമേ, നിങ്ങൾക്കും മാപ്പില്ല. ഇതും മറ്റൊരുതരം തീവ്രവാദം തന്നെ.’’–മഞ്ജുവാണിയുടെ വാക്കുകൾ.