ബാലുശ്ശേരി സ്വർഗത്തിലുള്ള പിതാവിന് ഏഴാം ക്ലാസ് വിദ്യാർഥിയായ മകൾ എഴുതിയ കത്ത് വൈറലായി. മരിച്ചുപോയ അച്ഛന് ശ്രീനന്ദ എഴുതിയ കത്ത് വായിച്ച് എന്റെ കണ്ണ് നിറഞ്ഞു, ഓർമകൾക്ക് മരണമില്ലെന്നും പ്രിയപ്പെട്ടവരുടെ സ്നേഹം എപ്പോഴും നമ്മളോടൊപ്പം ഉണ്ടാകുമെന്നും വിദ്യാർഥിയുടെ കത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ച് മന്ത്രി വി.ശിവൻകുട്ടി കുറിച്ചു.
പനങ്ങാട് നോർത്ത് എയുപി സ്കൂളിൽ വിദ്യാരംഗം നടത്തിയ കത്തെഴുത്ത് മത്സരത്തിലാണു ഇനി ഒരിക്കലും തിരിച്ചു വരാത്ത അച്ഛനു വേണ്ടി ഈ മകൾ വേദനയോടെ സ്വർഗത്തിലേക്ക് എഴുതിയത് ‘അച്ഛൻ സ്വർഗത്തിലാണെന്നു ഞാൻ വിശ്വസിക്കുന്നു, അച്ഛന് സുഖമാണോ? അച്ഛനെ മറക്കാൻ എനിക്ക് കഴിയുന്നില്ല. അച്ഛൻ എന്നാണു തിരിച്ചു വരിക? ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു, അച്ഛന് അവിടെ കൂട്ടുകാർ ഉണ്ടാകുമല്ലോ, അച്ഛൻ ഇല്ലാത്തതു കൊണ്ട് ഞങ്ങൾക്കാർക്കും ഇവിടെ സുഖമില്ല.... എപ്പോഴെങ്കിലും ഒരിക്കൽ ഞാൻ അച്ഛനെ കാണും, ഞാൻ നന്നായി പഠിക്കുന്നുണ്ട്, പിന്നെ അമ്മ ഞങ്ങളെ നന്നായി നോക്കുന്നുണ്ട്. അച്ഛന് ഒരായിരം ഉമ്മ, ബാക്കി വിശേഷം പിന്നെ എഴുതാം’ തന്റെ നോവുകളും സ്നേഹവും പകർന്നു കത്ത് അവസാനിക്കുന്നു.
2024 ഏപ്രിൽ 10ന് ബൈക്കപകടത്തിലാണ് ശ്രീനന്ദയുടെ പിതാവ് പനങ്ങാട് നോർത്ത് നെരവത്ത് മീത്തൽ ബൈജു മരിച്ചത്. ബൈജു മികച്ച പാട്ടുകാരനായിരുന്നു. ശ്രീനന്ദയുടെ അമ്മ ചെറിയ ജോലി ചെയ്താണ് കുടുംബത്തെ നോക്കുന്നത്. വായിക്കുന്നവരുടെ കണ്ണിൽ നനവു പടർത്തുന്ന ഈ കത്ത് മത്സരത്തിൽ ഒന്നാം സ്ഥാനവും നേടി.