ലേബർ റൂമിലെ ശീതീകരിച്ച മുറിയിൽ വേദനയും കടിച്ചമർത്തി ഒറ്റയ്ക്ക് എല്ലാം അനുഭവിക്കുന്ന പെണ്ണ്. പക്ഷേ കാലം മാറുമ്പോൾ അവളുടെ വേദനയ്ക്കും ആശങ്കകൾക്കും കൂട്ടിരിക്കാൻ ഒരു കുടുംബം ഒന്നാകെ എത്തുന്ന കാഴ്ച. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണ ആൺകുഞ്ഞിന് ജന്മം നൽകിയ വാർത്തയ്ക്കൊപ്പം ഈ സന്തോഷ കാഴ്ചയും ഹൃദയം നിറയ്ക്കുകയാണ്. കുഞ്ഞാവയെ കയ്യിലേന്തി ലേബർ റൂമിൽ നിന്നുള്ള അഹാനയുടെ ചിത്രങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയില്‍ വൈറലാണ്. ഇതിനിടെ നിഷാ പി പങ്കുവച്ച ഹൃദ്യമായൊരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
പ്രസവ മുറിയിലേക്ക് പോകുന്ന സ്ത്രീകളെ നോക്കി നഖം കടിച്ചു നിൽക്കുന്നതോടെ ഉത്തരവാദിത്തം അവസാനിക്കുന്ന ഭർത്താക്കൻമാരുടെ കാലം കഴിഞ്ഞു പോയെന്ന് നിഷ കുറിക്കുന്നു. താങ്ങും തണലും തലോടലും സ്നേഹ വായ്പുകളുമായി കുഞ്ഞിന് ജന്മം നൽകാനായത് പുണ്യമാണ്. വേദനകൾക്കിടെ അവളുടെ കാതിനും കണ്ണിനും അരികിൽ കൈ വിരലിൽ നിന്നും ഒരു നിമിഷം പിടി വിടാതെ അവളുടെ ആളുണ്ടായിരുന്നുവെന്നും നിഷ കുറിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ആ പെൺകുടുംബത്തിൽ ഒരു ആൺകുട്ടി ജനിച്ചു...
ആ ജനനത്തിന് ആ കുടുംബം മുഴുവൻ ചിരിച്ചു കൊണ്ടും കരഞ്ഞു കൊണ്ടും അവൾക്കൊപ്പം നിന്നു...
അവരുടെ ആ സന്തോഷം
അവര്‍ കുടുംബം പോലെ അവർക്കൊപ്പം നിൽക്കുന്ന ഫോളോവേഴ്സിനോട് പങ്കു വെച്ചു....
ഒരു കുടുംബം മുഴുവൻ... അതിൽ ഭർത്താവ് മുതൽ അച്ഛൻ വരെ ആ വേദനയിൽ തഴുകി കൊണ്ട് അവൾക്കൊപ്പം ഉണ്ടാവുക എന്ന് പറഞ്ഞാൽ അതിന്റെ പ്രാധാന്യം എത്രയാണെന്ന് അറിയുന്നുണ്ടോ..
സാധാരണ പ്രസവ മുറികളിൽ കയറ്റി കൊണ്ട് പോകുന്ന സ്ത്രീകളെ നോക്കി നഖം കടിച്ചു നില്കുന്നത്തോടെ ഉത്തരവാദിത്വം അവസാനിക്കുന്ന ഭർത്താവിന്റെ ഒക്കെ കാലം കഴിഞ്ഞു പോയി..
ആ മുറിക്കുള്ളിൽ നെഞ്ച് പിളർക്കുന്ന വേദനയിൽ ഒറ്റക്കായി പോകുന്ന പെണ്ണുങ്ങളുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ... ഒന്നുറച്ചു കൈ പിടിക്കാൻ പോലും അറിയുന്നവർ ആരുമില്ലാതെ പതുക്കെ പതുക്കെ മുറുകി വരുന്ന വേദനയിൽ തണുത്ത മുറിയിൽ ഉറക്കെ കരയുന്ന മറ്റു സ്ത്രീകൾക്ക് ഇടയിൽ ഉള്ളിലെ ഭയത്തിൽ കുരുങ്ങി തിരക്കുള്ള നഴ്സ്മാരുടെ കനിവിന് കാത്ത് ആ നിമിഷങ്ങൾ ആയിരിക്കും വേദനയെക്കാളും അവളെ ഭയപ്പെടുത്തുന്നത് ഇതിനിടയിൽ പൂ പറിക്കുന്ന ലാഘവത്തോടെ പ്രസവം എടുക്കുന്ന നഴ്സ്മാരും ഡോക്ടർമാരും അളവിനധികം കരയുന്ന സ്ത്രീകളോട് ചോദിക്കുന്ന ചില വൃത്തികെട്ട ചോദ്യങ്ങൾ ഉണ്ട്...
ഭർത്താവുമായി ശയിക്കുമ്പോൾ ഈ വേദനയെ കുറിച്ച് ഓർത്തില്ലാരുന്നോ
എന്ന് ആ സമയത്ത് കേൾക്കേണ്ടി വന്നിട്ടുള്ള സ്ത്രീകളുണ്ട്...
എന്റെ കുട്ടിയോട് അങ്ങനെ സംസാരിക്കരുത് എന്ന് പറയാനോ
സംരക്ഷിക്കാനോ ആ തണുത്ത മുറിയിൽ നീല ഉടുപ്പിനുള്ളിൽ കിടക്കുന്ന അവൾക്ക് ആരുമുണ്ടാവില്ല ശരീരത്തിന്റെ വേദനക്കൊപ്പം അപമാനത്തിന്റെ വേദന കൂടി സഹിച്ചാണ് കാശില്ലാത്ത വീട്ടിലെ പെണ്ണുങ്ങൾ പ്രസവിക്കുന്നത്... അതിനിടയിലാണ്.... വീട്ടിലെ പരീക്ഷണങ്ങളിൽ പെട്ട് ഒരു പെയിൻ കില്ലർ പോലും ഇല്ലാതെ പെറ്റിടുന്ന പെണ്ണുങ്ങൾ....
ദിയയെ പോലെ അല്ലെങ്കിൽ അങ്ങനെ ഉള്ള ഒട്ടനവധി സ്ത്രീകളെ പോലെ
താങ്ങും തണലും തലോടലും സംരക്ഷണവുമായി ആ മരണ വേദനയിലൂടെ കടന്നു പോകാൻ പുണ്യം ചെയ്യണം....
അവളുടെ കാതിനും കണ്ണിനും അരികിൽ
കൈ വിരലിൽ നിന്നും ഒരു നിമിഷം പിടി വിടാതെ
അവളുടെ ആളുണ്ടായിരുന്നു
അത്രക്ക് പ്രണയത്തിൽ അല്ലെങ്കിൽ ആ സമയത്ത് ഭർത്താവിന്റെ മുഖത്ത് നോക്കാൻ പോലും ഒരു സ്ത്രീക്ക് കഴിയില്ല എന്നത് വേറൊരു നഗ്ന സത്യം.