മരുന്നു മണവും വേദനകളും മാത്രം ബാക്കിയാകുന്ന വേദനകളുടെ ലേബർ റൂമിൽ മകൾക്ക് കൂട്ടിരിക്കുന്ന ഒരു കുടുംബം. ദിയ കൃഷ്ണയുടെ ജീവിതത്തിലേക്ക് കുഞ്ഞു കൺമണിയെത്തിയ നിമിഷത്തിന് സാക്ഷിയായ കുടുംബത്തെക്കുറിച്ച് ഹൃദ്യമായി എഴുതുകയാണ് രേവതി രൂപേഷ്.
ഇത്രയും സുന്ദരമായ ഒരു പ്രസവം ഞാൻ കണ്ടിട്ടില്ല എന്ന ആമുഖത്തോടെയാണ് രേവതിയുടെ കുറിപ്പ്. ജീവിതത്തിലെ പ്രിയപ്പട്ടവര്‍ എല്ലാവരും പ്രസവ വേദനയുടെ നിമിഷങ്ങളിൽ സ്നേഹ സാന്ത്വനമായി അടുത്തു നിൽക്കുന്ന കാഴ്ച മനോഹരമാണെന്ന് രേവതി കുറിക്കുന്നു. ഒരു പെൺകുട്ടിക്ക് അവളായി ജീവിക്കാൻ അനുവദിക്കുന്ന, അവളുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കൂടെയുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന ചേർത്തുപിടിക്കുന്ന ഒരു കുടുംബമാണ് ദിയയുടേതെന്നും രേവതി പറയുന്നു..
ജൂലൈ അഞ്ചിന് രാത്രി 7.16ന് ആയിരുന്നു കുഞ്ഞിന്റെ ജനനം. നിയോം അശ്വിൻ കൃഷ്ണയെന്നാണ് ഇരുവരും മകന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് ഓമനപ്പേര്. 2.46 ആണ് കുഞ്ഞിന്റെ തൂക്കം. ദിയയുടെ അച്ഛന്‍ കൃഷ്ണകുമാറാണ് കുഞ്ഞ് ജനിച്ച വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇത്രയും സുന്ദരമായ ഒരു പ്രസവം ഞാൻ കണ്ടിട്ടില്ല... ഒരു കുടുംബം മുഴുവൻ ഒരു പെൺകുട്ടിയുടെ പ്രസവത്തിന് കൂടെ നിൽക്കുന്നു... അവൾ ആഗ്രഹിക്കുന്ന എല്ലാവരും അവളുടെ ഏറ്റവും വേദനയുള്ള സമയത്ത് അവളുടെ കൂടെ നിന്നു സമാധാനിപ്പിക്കുന്നു.. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സന്തോഷിക്കുന്ന സന്തോഷം കണ്ടെത്തുന്ന ലൈഫ് എൻജോയ് ചെയ്യുന്ന എന്തിനും ഏതിനും പരസ്പരം കൂട്ടായ് നിൽക്കുന്ന മക്കൾക്ക് വേണ്ടി ഏത് അറ്റം വരെ പോകുന്ന ഒരച്ഛനും അമ്മയും കൊണ്ടുപോകുന്ന മനോഹരമായ ഒരു കുടുംബം.
ഏറ്റവും സ്വാതന്ത്ര്യം ആഘോഷിക്കുന്ന പെൺകുട്ടികൾക്ക് ജന്മം കൊടുത്ത ഒരു അച്ഛനും അമ്മയും... പെൺകുഞ്ഞുങ്ങളെ ഏറ്റവും ഭംഗിയായി വളർത്തിക്കൊണ്ടുവന്ന ഒരു അച്ഛനും അമ്മയും... സമൂഹം എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കാതെ സ്വന്തം മക്കളുടെ കൂടെ നിന്ന ഒരച്ഛനും അമ്മയും... സിന്ധു എന്ന അമ്മ നാലു പെൺകുഞ്ഞുങ്ങളെ എന്തു ഭംഗിയായയാണ് വളർത്തിക്കൊണ്ടുവന്നത്.. ഒരു പെൺകുട്ടിക്ക് അവളായി ജീവിക്കാൻ അനുവദിക്കുന്ന അവളുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കൂടെയുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന ചേർത്തുപിടിക്കുന്ന ഒരു കുടുംബം.
കൃഷ്ണകുമാർ എന്ന അച്ഛൻ ആ കുടുംബത്തിന്റെ നെടുംതൂണാണ്... എന്റെ മക്കൾക്ക് വേണ്ടി ഞാൻ ഏതറ്റം വരെ പോകുമെന്ന് പറയുന്ന അച്ഛൻ.. ഏറ്റവും സന്തോഷത്തോടെയാണ് ആ പെൺകുഞ്ഞ് ലേബർ റൂമിലെക്ക് കയറിയത്... അവളുടെ കൂടെ ഒരു കുടുംബം മുഴുവൻ അവളുടെ കുഞ്ഞിനെ വരവേൽക്കാൻ കാത്തുനിൽക്കുന്നു.. അവളുടെ അച്ഛൻ അവളെ തലോടി ആശ്വസിപ്പിക്കുന്നു.. അവളുടെ അമ്മയും ഭർത്താവും കൂടെ നിൽക്കുന്നു.. ഏറ്റവും പ്രിയപ്പെട്ട എല്ലാവരും അവളുടെ ചുറ്റും നിൽക്കുന്നു ..
അങ്ങനെ ഏറ്റവും സന്തോഷത്തിലേക്ക് ഏറ്റവും മനോഹരത്യയിലേക്ക് ആ കുഞ്ഞു പിറന്നു വീഴുമ്പോൾ അവർ കൈയ്യടിച്ചതിനെ സ്വീകരിക്കുന്നു...ദിയ യുടെ ഭർത്താവിനോട് ആ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവളെ സ്വന്തമാക്കിയ ആ നിമിഷത്തിനു ശേഷo ഏറ്റവും സുന്ദരമായ നിമിഷമാണിതെന്ന് ആ ചെറുപ്പക്കാരൻ പറയുന്നു.. അതായത് കുഞ്ഞിന്റെ അമ്മയെ ഏറ്റവും സ്നേഹിക്കുന്നു അവൾ കാരണമാണ് കുഞ്ഞ് ലഭിച്ചതെന്ന് അയാൾ അഭിമാനിക്കുന്നു..
ചുറ്റും സ്നേഹത്തിന്റെ ചൂട്... സന്തോഷത്തിന്റെ തിരകൾ.... ദിയ പുഷ്... ബേബി ഇപ്പോ വരുമെന്ന് അത് കണ്ടിരുന്ന ഞാനും കൂടി പറഞ്ഞു ... കുഞ്ഞു പുറത്തു വന്നപ്പോൾ ചുറ്റുമുള്ളവരോടൊപ്പം ഞാനും കരഞ്ഞു... അത്രയും സ്നേഹത്തിലേക്ക്, ആഘോഷത്തിലേക്ക് ഒരു കുഞ്ഞ്... സമൂഹത്തെയും മറ്റുള്ളവരെയും പേടിച്ച് തന്റെ പെൺകുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കാതിരുന്ന , അവരുടെ സന്തോഷം തല്ലിക്കൊടുത്താതിരുന്ന കൃഷ്ണകുമാർ എന്ന അച്ഛനും സിന്ധു എന്ന അമ്മയ്ക്കും ഒരായിരം സ്നേഹം..