ഇംഗ്ലീഷ് കോട്ട തകർത്ത് എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ വിജയം നേടിയിരുന്നു. ഇന്ത്യയുടെ വിജയ നേട്ടത്തിനൊപ്പം ഒരു പുതി താരോദയത്തെ കൂടി രാജ്യം ഹൃദയത്തിലേറ്റു വാങ്ങി. 10 വിക്കറ്റ് പ്രകടനവുമായി ഇംഗ്ലീഷ് കോട്ട തകർത്ത ആകാശ് ദീപ്. കളിക്കളത്തിലെ മിന്നുംതാരം കൂടപ്പിറപ്പിനെ ഹൃദയത്തോടു ചേർക്കുന്ന സ്നേഹനിധിയായ സഹോദരൻ കൂടിയാണെന്ന് വ്യക്തമാക്കുകയാണ് പുതിയ വാർത്തകൾ. ഇംഗ്ലണ്ടിലെ 10 വിക്കറ്റ് നേട്ടം കാൻസറിനോട് സന്ധിയില്ലാതെ പോരാടുന്ന സഹോദരിക്കാണ് ആകാശ് സമർപ്പിച്ചത്.
‘ഓരോ തവണ ഞാൻ പന്ത് കയ്യിലെടുക്കുമ്പോഴും ജ്യോതിയെക്കുറച്ചുള്ള ചിന്തകൾ എന്റെ മനസ്സിലൂടെ മിന്നിമറയും. ഈ പ്രകടനം ഞാൻ അവൾക്കായി സമർപ്പിക്കുന്നു.’ – ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് 10 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയമുറപ്പിച്ച ശേഷം ആകാശ്ദീപ് പറഞ്ഞു.
ലക്നൗ സ്വദേശിയായ ജ്യോതിക്ക് 2025ലാണ് സ്റ്റേജ് ത്രീ കാൻസർ സ്ഥിരീകരിച്ചത്. ആ നിമിഷം മുതൽ കുടുംബാംഗങ്ങളുടെ സ്നേഹത്തണലിൽ നിന്നു കൊണ്ട് കാൻസറിനോട് പോരാടുകയാണ് ജ്യോതി.
‘ഇതേക്കുറിച്ച് ഞാൻ ആരോടും ഇന്നുവരെ പറഞ്ഞിട്ടില്ല. 2 മാസം മുൻപാണ് എന്റെ സഹോദരിക്കു കാൻസർ സ്ഥിരീകരിച്ചത്. ‘‘ഈ ടെസ്റ്റിലെ എന്റെ പ്രകടനം അവളെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ടാവും. എനിക്ക് അവളോട് പറയാനുള്ളത്, ഞങ്ങളെല്ലാവരും നിന്നോടൊപ്പമുണ്ട് എന്നാണ്’’ സങ്കടം അടക്കിപ്പിടിച്ച് ആകാശ് പറഞ്ഞു.
"2025 ലെ ഐപിഎല്ലിൽ ആകാശ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വേണ്ടി കളിക്കുമ്പോഴാണ് തനിക്ക് കാൻസർ രോഗം കണ്ടെത്തിയതെന്ന് ജ്യോതി ഒരു സ്വകാര്യ മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു. ‘ശസ്ത്രക്രിയ ആവശ്യമായി വന്ന ഘട്ടത്തിൽ. പ്രാക്ടീസ് പൂർത്തിയാക്കിയ ശേഷം ആകാശ് എല്ലാ ദിവസവും എന്നെ ആശുപത്രിയിൽ സന്ദർശിക്കുമായിരുന്നുവെന്നും ജ്യോതി പറഞ്ഞു.. അവൻ എന്നെക്കുറിച്ച് വളരെയധികം വിഷമിച്ചിരുന്നു.’–ജ്യോതിയുടെ വാക്കുകൾ. ലക്നൗവിൽ സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥനാണ് ജ്യോതിയുടെ ഭർത്താവ്.
ടെസ്റ്റ് അരങ്ങേറ്റത്തിനു മുൻപ് മാസങ്ങൾക്കു മുൻപ് സ്കൂൾ അധ്യാപകനായ പിതാവിനെയും ജ്യേഷ്ഠനെയും ആകാശ് ദീപിന് നഷ്ടപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 336 റൺസിനു വിജയിച്ച ഇന്ത്യയ്ക്കു വേണ്ടി രണ്ട് ഇന്നിങ്സുകളിലുമായി പത്ത് വിക്കറ്റുകളാണ് ആകാശ് നേടിയത്.