എല്ലാ തൊഴിലിനും അതിന്റെതായ മഹത്വമുണ്ട്. തൊഴിലാണ് ദൈവമെന്നു വിശ്വസിക്കുന്നവർ സ്വന്തം മേഖലയില്‍ അഭിമാനം കൊള്ളും. അങ്ങനെയൊരാളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്. ജോലി കുറഞ്ഞപ്പോൾ വിസിറ്റിങ് കാർഡ് അച്ചടിച്ച് വിതരണം ചെയ്ത ‘കൂലിപ്പണിക്കാരൻ’ ഭാസ്കരന് കയ്യടിക്കുകയാണ് എല്ലാവരും. ജോലി കുറഞ്ഞപ്പോൾ വിസിറ്റിങ് കാർഡ് അച്ചടിച്ച് നാട്ടിൽ എല്ലാം വിതരണം ചെയ്താണ് അടൂർ മണക്കാല സ്വദേശി ഭാസ്കരന്‍ മാധ്യമശ്രദ്ധ നേടിയത്. വിസിറ്റിങ് കാർഡ് ശ്രദ്ധിക്കപ്പെട്ടതോടെ ഭാസ്കരന് ‘ജോലി ക്ഷാമം’ കുറഞ്ഞു, ഇപ്പോൾ എല്ലാ ദിവസവും ജോലിയുണ്ട്. തിരക്കേറി.
കാർഡ് അടിച്ച് വിതരണം ചെയ്തു തുടങ്ങിയ ശേഷം എന്നും ജോലിയുണ്ട്. നേരത്തെ ഫോൺ നമ്പർ കടലാസ്സിൽ എഴുതിക്കൊടുത്തിരുന്നു. പക്ഷേ, പലരും അതു സൂക്ഷിച്ചു വയ്ക്കാറില്ല. അങ്ങനെയാണ് വിസിറ്റിങ് കാർഡ് അച്ചടിച്ച് വിതരണം ചെയ്യാം എന്ന ആശയത്തിലേക്ക് എത്തിയതെന്ന് ഭാസ്കരൻ പറയുന്നു.
‘‘ഭാസ്കരൻ...കൂലിപ്പണിക്കാരൻ...ആരു കാർഡ് ചോദിച്ചാലും ഞാനങ്ങ് കൊടുക്കും...ആരും കളിയാക്കിയിട്ടില്ല. നല്ല പ്രോത്സാഹനമാണ്. പത്രത്തിലൊക്കെ ഇതിന്റെ വാർത്ത വന്നതോടെ കൂടുതല്‍ ആളുകൾ അറിഞ്ഞു. ഒരു ദിവസം പണിക്കു പോയില്ലെങ്കിൽ വല്ലാത്ത ബുദ്ധിമുട്ടാണ്. വീട്ടിൽ വെറുതേ ഇരിക്കുന്നത് ഇഷ്ടമല്ല. ഭ്രാന്ത് പിടിച്ച അവസ്ഥയാണ്. അരി മേടിക്കണ്ടേ, അതിനു വേണ്ടിയാ ഞാൻ ഇങ്ങനെ കാർഡ് അടിച്ച് എല്ലാവർക്കും കൊടുക്കുന്നത്. പതിനഞ്ചാമത്തെ വയസ്സ് മുതൽ കൂലിപ്പണിക്കിറങ്ങി. ഇപ്പോൾ 51 വയസ്സുണ്ട്. ഇപ്പോൾ ദിവസവും ജോലിയുണ്ട്. നല്ല സഹകരണമുള്ള ആൾക്കാരുമായി ഇടപഴകാനാകുന്നു’’. – ഭാസ്കരന്‍ പറയുന്നു.