നാരായണീയ’ത്തിൽ മൗനമാണിപ്പോൾ ഗാ നം. പക്ഷേ, ഓർമകളിൽ ശ്രുതി മീട്ടുന്നുണ്ടു പാട്ടിന്റെ മഞ്ഞലകൾ. തൃശൂർ പൂങ്കുന്നം സീതാറാം മിൽസിനു സമീപമുള്ള ഗുൽമോഹർ അപാർട്മെന്റ്സിൽ ഗായകൻ പി. ജയചന്ദ്രന്റെ വീട്.
കഴിഞ്ഞ ധനുമാസത്തിലായിരുന്നു പാട്ടിനെ നിലാവാക്കിയ പ്രിയഗായകന്റെ വേർപാട്. ഇവിടെയിപ്പോൾ സന്ദർശകരുടെ തിരക്കില്ല. ജയേട്ടന്റെ ഭാര്യ ലളിതയും മകൾ ലക്ഷ്മിയുമാണ് ഈ വീട്ടിൽ ഇപ്പോഴുള്ളത്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന മകൻ ദിനനാഥ് കുടുംബസമേതം ചെന്നൈയിലാണു താമസം.
മലയാളികളുടെ പ്രിയപ്പെട്ട പി. ജയചന്ദ്രൻ ജീവിതമെന്ന ഗാനം പാടി അവസാനിപ്പിച്ചത് ‘നാരായണീയ’ത്തിൽ വച്ചാണ്. ‘‘മരണശേഷം അച്ഛന്റെ പടമൊന്നും ഞങ്ങൾ ഈ വീട്ടിൽ വച്ചിട്ടില്ല. അച്ഛന്റെ ഒരുപാട്ടുപോലും ഈ വീട്ടിൽ നിന്ന് ഉയർന്നിട്ടില്ല. അതു കാണാനും കേൾക്കാനും കഴിയാത്തതുകൊണ്ടുകൂടിയാണ്.’’ അച്ഛനെക്കുറിച്ച് ല ക്ഷ്മി പറഞ്ഞുതുടങ്ങി.
‘‘പലരും പറഞ്ഞിട്ടുണ്ട് അച്ഛൻ എന്ന ദേഷ്യക്കാരനെപ്പറ്റി. എന്നാൽ വീട്ടിൽ ഒരിക്കലും അങ്ങനെയൊരാളെ ഞങ്ങൾ കണ്ടിട്ടേയില്ല. മക്കളെക്കാൾ അച്ഛന് ഇഷ്ടം മാമ്പഴമാണെന്നു ഞങ്ങൾ കളിയായി പറയും. പ്രമേഹമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് എത്രയാ മധുരം കഴിക്കുന്നതെന്ന് അച്ഛനു തന്നെ നിശ്ചയമുണ്ടായിരുന്നില്ല. അതുപോലെ എല്ലാ ദിവസവും ഊണിന് തൈരും കടുമാങ്ങയും വേണമെന്നതു നിർബന്ധമായിരുന്നു. വേറൊരു കറിയും വേണ്ട. പക്ഷേ, ഇതുരണ്ടും നിർബന്ധമായിരുന്നു.
അച്ഛമ്മ പറഞ്ഞു കേട്ടിട്ടുണ്ട്; കുട്ടിക്കാലത്ത് അച്ഛന് കിണ്ടിയിലായിരുന്നു പാലു കൊടുത്തിരുന്നതെന്ന്. മുതിർന്നപ്പോഴും നല്ല പശുവിൻ പാൽ ഇഷ്ടം പോലെ കുടിക്കുമായിരുന്നു. ജീവിതാവസാനം വരെ അച്ഛൻ വെജിറ്റേറിയൻ ആയിരുന്നു. എത്ര ദൂരത്തേക്കായാലും കാറോടിച്ചു പോകുന്നതാണു സന്തോഷം. വീട്ടിലുള്ളപ്പോൾ കടയിൽ പോയി പച്ചക്കറിയും സാധനങ്ങളും ഒക്കെ വാങ്ങും.
ഒരിക്കൽ കടയിൽ നിന്നപ്പോൾ ഒരാൾ വന്നു പറഞ്ഞത്രേ! ‘നിങ്ങളെ കാണാൻ ഗായകൻ ജയചന്ദ്രനെപ്പോലെയുണ്ടല്ലോ’ എന്ന്. അതിന് അച്ഛൻ പറഞ്ഞ മറുപടി; ‘അ യ്യോ അതിന് ഒരു സാധ്യതയും ഇല്ല കേട്ടോ. നിങ്ങൾക്കു വെറുതെ തോന്നുന്നതാണ്...’
ഒരു ദോശ മതി സന്തോഷിക്കാൻ
‘‘രാവിലെ ഉറക്കമെണീറ്റാൽ എണ്ണ േതച്ചു വിസ്തരിച്ചൊരു കുളിയുണ്ട്. അതിനു മുൻപു കുറച്ചുസമയം വ്യായാമവും. രോഗബാധിതനാവുന്നതുവരെ നല്ല ആരോഗ്യത്തോടെയാണു ജീവിച്ചത്. ദോശയും ഇഡ്ഢലിയുമായിരുന്നു ഏറ്റവും ഇഷ്ടം.
ഇടയ്ക്കിടയ്ക്കു ഞാനും അച്ഛനും വഴക്കിടും. രണ്ടു ദിവസം മിണ്ടാതിരിക്കും. മൂന്നാം ദിവസം ഞങ്ങളിൽ ആരെങ്കിലും മുൻകൈയെടുത്തു വഴക്കു തീർക്കും. അച്ഛന് സുഹൃത്തുക്കൾ എന്നു പറഞ്ഞാൽ ജീവനാണ്. അതായിരുന്നു ഞങ്ങളുടെ വഴക്കിന്റെ ഒരുകാരണം.
പഴയ സിനിമകളോടു വലിയ താൽപര്യമായിരുന്നു. പ ഴയ ഹിന്ദി സിനിമകൾ അച്ഛൻ ധാരാളമായി കാണുമായിരുന്നു. പാട്ടിൽ സംഗീതം പോലെ തന്നെ വരികളും അച്ഛന് വളരെ പ്രധാനമായിരുന്നു. നല്ല വരികളാണെങ്കിൽ പാടാൻ വലിയ ഉത്സാഹമാണ്. നല്ല തൃപ്തിയോടെ പാടിയിട്ടു വന്നാൽ ആ പാട്ട് വീട്ടിൽ വന്നു പാടും. പാട്ടിൽ എന്തെങ്കിലും അതൃപ്തിയുണ്ടെങ്കിൽ സിനിമ വരുമ്പോൾ കേട്ടാൽ മതിയെന്നു പറയും.
അച്ഛന് മിമിക്രി വലിയ ഇഷ്ടമായിരുന്നു. അച്ഛൻ നന്നായി മിമിക്രി ചെയ്യുമായിരുന്നു. ചില ആൾക്കാരെ ഒരു ദിവസം കണ്ടാൽ മതി അച്ഛൻ അവരെ നന്നായി അനുകരിക്കും. വീട്ടിൽ ഞങ്ങൾ തമാശ പറയും; ‘അച്ഛന് പാട്ട് ഇല്ലെങ്കിലും നമുക്കു പ്രശ്നമില്ല. മിമിക്രിയുണ്ടല്ലോ’ എന്ന്. സിനിമയിൽ ശ്രീനിവാസൻ, ജഗതി, ഇന്നസെന്റ്, ഒടുവിൽ ഇവരെയൊക്കെ വലിയ ഇഷ്ടമായിരുന്നു. ഇവരെ നന്നായി അനുകരിക്കുകയും ചെയ്യുമായിരുന്നു.
പ്യാരി കമ്പനിയിൽ കെമിസ്റ്റായി ജോലി നോക്കിയിരുന്നു അച്ഛൻ. അച്ഛന് ഏറ്റവും ദേഷ്യമുള്ള ജോലിയായിരുന്നു അത്. കാരണം അവിടെ ജോലി ചെയ്യുന്ന സമയത്തു പാടാൻ കഴിയില്ല. ജോലിക്കിടയിൽ അച്ഛൻ പാടും. ചിലപ്പോൾ ഗാനമേളയ്ക്കു പോകും. അതൊന്നും അവർക്ക് ഇഷ്ടമാവില്ല. അങ്ങനെ ജോലിക്കിടയിൽ ഏതോ ഒരു ഗാനമേളയ്ക്കു അച്ഛൻ പാടിയ ‘ചൊട്ട മുതൽ ചുടല വരെ’ എന്ന പാട്ടു കേട്ടിട്ടാണു ശോഭന പരമേശ്വരൻ നായരും ഛായാഗ്രാഹകൻ വിൻസെന്റും അച്ഛനെ സിനിമയിലേക്കു വിളിക്കുന്നത്.

‘കുട്ടി’കളായി അച്ഛനും അമ്മയും
അച്ഛനും അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചതാണോ എന്നു പലരും ചോദിക്കാറുണ്ട്. ഒരുപക്ഷേ അച്ഛൻ പാടിയ പ്രണയാർദ്രമായ പാട്ടു കേട്ടിട്ടുള്ളവർക്ക് അങ്ങനെ തോന്നാം. തൃശൂർ വിവേകോദയം സ്കൂളിലാണ് അമ്മ പഠിച്ചിരുന്നത്. അവിടെ ഒരിക്കൽ ഒരു പൂർവവിദ്യാർഥി സമ്മേളനം നടന്നു. സമ്മേളനത്തോട് അനുബന്ധിച്ച് ഒരു ഗാനമേളയും ഉണ്ടായിരുന്നു. ആ ഗാനമേളയിൽ പാടുമ്പോഴാണ് അമ്മ ആദ്യമായി അച്ഛനെ കാണുന്നത്.
അച്ഛനെ കണ്ടപ്പോൾ മുത്തശ്ശി പറഞ്ഞത്രേ പാട്ടു പാടിയ ആ പയ്യൻ കൊള്ളാമല്ലോ? മോൾക്ക് ആലോചിച്ചാലോ എന്ന്. മുത്തച്ഛനും അങ്ങനെ തന്നെ പറഞ്ഞു. അപ്പോൾ പക്ഷേ, തമാശയ്ക്കു പറഞ്ഞതാണ്. അത് എല്ലാവരും മറക്കുകയും ചെയ്തു. പിന്നെയും രണ്ടു മൂന്നു വർഷം കഴിഞ്ഞതിനുശേഷമാണ് അച്ഛന്റെ ആലോചന വരുന്നത്. അച്ഛന്റെ ഇളയ സഹോദരി ജയന്തിയും അമ്മയുടെ കുടുംബവും തമ്മിൽ അടുപ്പമുണ്ടായിരുന്നു. അങ്ങനെയാണ് കല്യാണാലോചന വരുന്നത്. രണ്ടുകൂട്ടർക്കും ഇഷ്ടമായി. കല്യാണം ഉറപ്പിച്ചു.
പാടാറില്ലെങ്കിലും അമ്മയ്ക്ക് സംഗീതം വളരെ ഇഷ്ടമാണ്. ആകാശവാണിയാണ് അന്നത്തെ പാട്ടുപെട്ടി. വൈകുന്നേരം 7 മുതൽ 7.30 വരെ തൃശൂർ നിലയത്തിൽ നിന്ന് ചലച്ചിത്രഗാനങ്ങൾ ഉണ്ട്. എവിടെയാണെങ്കിലും അതു കേൾക്കാൻ അമ്മ ഓടിവരും. കരിമുകിൽ കാട്ടിലെ, മഞ്ഞലയിൽ മുങ്ങിത്തോർത്തി, പൂവും പ്രസാദവും തുടങ്ങിയ ഹിറ്റുകൾ അന്ന് ആകാശവാണിയിലൂടെ വന്നു തുടങ്ങിയ സമയം. അങ്ങനെയങ്ങനെ ജയചന്ദ്രൻ എന്ന ശബ്ദത്തെയാണ് അമ്മ ആദ്യം സ്നേഹിച്ചത്. പിന്നീട് അതേ ശബ്ദത്തിന്റെ ഉടമ അമ്മയുടെ ജീവിതപങ്കാളിയായി.
‘കുട്ടീ....’ എന്നാണു അവർ പരസ്പരം വിളിച്ചിരുന്നത്. ‘അത്താഴത്തിന് കുട്ടിക്ക് എന്താണു വേണ്ടതെന്ന് അമ്മ ചോദിക്കും. ‘ദോശ മതി കുട്ടീ... ’എന്ന് അച്ഛൻ മറുപടി പറയും. അവസാനകാലത്ത് അച്ഛൻ അമ്മയോടു ചോദിച്ചു. ‘ഈ അസുഖങ്ങളൊക്കെ മാറുമോ കുട്ടീ....’ ‘മാറും’ എന്നു പറഞ്ഞ് അമ്മ ആശ്വസിപ്പിക്കുമായിരുന്നു.
അന്ന് സിനിമ മുഴുവൻ ചെന്നൈയിൽ ആയതുകൊണ്ട് കല്യാണം കഴിഞ്ഞ് ആറുമാസത്തിനു ശേഷം അച്ഛനും അമ്മയും ചെന്നൈയിൽ വീട് എടുത്തു താമസം തുടങ്ങി. പിന്നെ, ദേവരാജൻ മാഷിനെപ്പോലെയുള്ളവരും അവിടെയുണ്ടല്ലോ. അച്ഛന് അവരുടെ സാന്നിധ്യം വലിയ അനുഗ്രഹമായിരുന്നു. അമ്മയ്ക്ക് അന്ന് പാചകം അത്ര നന്നായിട്ടൊന്നും അറിയില്ല. അച്ഛനാണെങ്കിൽ ആഹാരകാര്യങ്ങളിലൊക്കെ കർശനമായ നിഷ്ഠയുളള ആൾ. അവസാനം പരാതിയെത്തിയത് ദേവരാജൻ മാസ്റ്ററുടെ മുന്നിൽ. മാസ്റ്റർ പറഞ്ഞു;‘ഓ... ഇതൊന്നും വലിയ കാര്യമാക്കണ്ടടാ.... വിട്ടേക്ക്. പാചകമൊക്കെ ശരിയായിക്കൊള്ളും.’ മാസ്റ്റർ അന്ന് അങ്ങനെ പറഞ്ഞതുകൊണ്ടു താൻ രക്ഷപ്പെട്ടെന്ന് അമ്മ പറയും. പിന്നീട് എത്ര താമസിച്ചാലും വീട്ടിൽ വന്ന് അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ചാലേ നന്നാവൂ എ ന്നൊരു അവസ്ഥയിലേക്ക് അച്ഛൻ എത്തി.
അച്ഛൻ എന്നും മോഡേൺ ആയിരുന്നു. ‘ഡ്യൂഡേ ഡാഡീ.....’ എന്നു ഞങ്ങൾ അച്ഛനെ കളിയാക്കും. ചെരുപ്പ്, ഡ്രസ്സ്, ആക്സസറീസ്, വാച്ച്, പേന ഇവയിലൊക്കെ അച്ഛന് കമ്പമുണ്ടായിരുന്നു. കണ്ടിട്ടില്ലേ? അച്ഛന് ഒ ട്ടും ചേരാത്ത ഡ്രസ് ഒക്കെയിട്ടു പാടാൻ നിൽക്കുന്നത്. പറഞ്ഞാലൊന്നും അച്ഛൻ കേൾക്കില്ല. കളിയാക്കലൊന്നും അച്ഛനെ ബാധിക്കുന്ന കാര്യങ്ങളുമല്ല.
യേശുദാസും ജയചന്ദ്രനും
സ്കൂൾ യുവജനോത്സവത്തിലാണ് അവർ ആദ്യം കണ്ടത് എന്നു അറിയാമല്ലോ? പിന്നെ, വർഷങ്ങളോളം അവർ തമ്മിൽ കണ്ടിട്ടില്ല. അച്ഛൻ ഒരു മെഡിക്കൽ കമ്പനിയി ൽ ജോലി ചെയ്യാൻ വേണ്ടി മദ്രാസിൽ പോയി. അവിടെ അച്ഛന്റെ മൂത്ത സഹോദരൻ സുധാകരൻ വല്യച്ഛനോടൊപ്പമായിരുന്നു താമസം. അച്ഛനേക്കാൾ വലിയ ഗായകനായിരുന്നു വല്യച്ഛൻ. വല്യച്ഛനോടൊപ്പം മ റ്റൊരാൾ കൂടി ആ വീട്ടിൽ താമസം ഉണ്ടായിരുന്നു. വല്യച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത്; യേശുദാസ്.
ദാസ് അങ്കിൾ സിനിമയിൽ പാടിത്തുടങ്ങിയ സമയം. അ ന്ന് ആദ്യമായി കണ്ടതിനെക്കുറിച്ച് അച്ഛൻ പറഞ്ഞത് ഓർമയുണ്ട്. ‘ഓർമയുണ്ടോ’ എന്ന് ദാസ് അങ്കിൾ ചോദിച്ചു. ‘എവിടെയോ കണ്ടു മറന്നു’ എന്ന് അച്ഛൻ. യേശുദാസാണ് എന്നു പറഞ്ഞപ്പോൾ അച്ഛന് അദ്ഭുതമായി. അന്നുമുതൽ ദാസ് അങ്കിൾ അച്ഛനെയും കൂടെ കൂട്ടി.
അങ്ങനെയാണ് അച്ഛൻ റിക്കോർഡിങ് സ്റ്റുഡിയോ ആദ്യമായി കാണുന്നതും വലിയ ഗായകരെയും സംഗീതസംവിധായകരെയുമൊക്കെ പരിചയപ്പെടുന്നതും. ‘മാണിക്യവീണയുമായെൻ മനസ്സിന്റെ താമരപ്പൂവിലുണർന്നവളേ....’ എന്ന പാട്ടു പാടാൻ അച്ഛനും ദാസ്അങ്കിളും ഒരുമിച്ചാണ് സ്കൂട്ടറിൽ സ്റ്റുഡിയോയിൽ പോയത്.
വല്യച്ഛന്റെ സ്കൂട്ടറിലായിരുന്നു യാത്ര. വല്യച്ഛനോടൊപ്പമാണല്ലോ അച്ഛൻ ദാസ് അങ്കിളിനെ കാണുന്നത്. വല്യച്ഛനോടുള്ള സ്നേഹവും ബഹുമാനവും അ ച്ഛൻ ദാസ് അങ്കിളിനും എപ്പോഴും കൊടുത്തിരുന്നു. മാത്രമല്ല, എപ്പോൾ േനരിൽ കണ്ടാലും അച്ഛൻ ദാസ് അങ്കിളിന്റെ കാലിൽ തൊട്ടു നമസ്കരിക്കും.
യേശുദാസ് അങ്കിളുമായി താരതമ്യം ചെയ്യുന്നതു ത ന്നെ അച്ഛന് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. ‘പ്രതിഭ കൊണ്ടും സംഗീതത്തോടുള്ള അർപ്പണം കൊണ്ടും ദാസേട്ടൻ എത്രയോ ഉയരത്തിൽ നിൽക്കുന്ന ആളാണ്. സംഗീതലോകത്തിന് എത്രയോ സംഭാവന നൽകിയ ആളാണ്. എന്തിനാണ് എന്നെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത്’ എന്ന് അച്ഛൻ ചോദിക്കുമായിരുന്നു. ‘ഞാൻ ഒരിക്കലും ദാസേട്ടനാകാൻ ശ്രമിച്ചിട്ടില്ല. അങ്ങനെ ആകാവുന്ന ആളല്ല യേശുദാസ്. അതെനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ ജയചന്ദ്രനായി പാടി. ദാസേട്ടൻ യേശുദാസായും പാടി...’

പാട്ടിന്റെ ‘ഭാർഗ്ഗവി നിലയം’
അച്ഛനു പഴയ പാട്ടുകളും പഴയ സിനിമയുമായിരുന്നു ഇഷ്ടം എന്നു പറഞ്ഞല്ലോ. ഞങ്ങൾ ഒരുമിച്ചിരുന്ന് കാണുന്നതും അത്തരം സിനിമകളൊക്കെത്തന്നെയാണ്. ഇപ്പോ ൾ പഴയൊരു പാട്ടു കേട്ടാൽ, പഴയൊരു സിനിമാ സീൻ കണ്ടാൽ അച്ഛനെയാണ് ഓർമ വരുന്നത്.
‘ഭാർഗ്ഗവി നിലയം’ സിനിമ അച്ഛൻ 58 പ്രാവശ്യം കണ്ടിട്ടുണ്ട് എന്നു ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. അതിലെ പാട്ടുകൾ കേൾക്കാൻ വേണ്ടി മാത്രം. ആ സിനിമയിെല ദാസ് അങ്കിള്‍ പാടിയ ‘താമസമെന്തേ വരുവാൻ....’ കേൾക്കാനും പാടാനും അച്ഛന് ഇഷ്ടമായിരുന്നു.
കോളജിൽ പഠിക്കുന്ന സമയത്ത് കോളജിനടുത്തു പൊളിഞ്ഞുവീഴാറായ പഴയ ഒരു വീട് ഉണ്ടായിരുന്നു. അച്ഛനും കൂട്ടുകാരും ആ വീടിനു മുന്നിൽ ഭാർഗ്ഗവി നിലയം എന്ന് എഴുതി വച്ചു. ഒഴിവുസമയങ്ങളിൽ സുഹൃത്തുക്കൾ ആ വീട്ടിൽ കൂടും. സിനിമാപാട്ടുകൾ പാടാനുള്ള സദസ്സായിരുന്നു അത്. അച്ഛനായിരുന്നു പ്രധാന പാട്ടുകാരൻ.
യഥാർഥത്തിൽ അതായിരുന്നു അച്ഛന്റെ ആദ്യത്തെ പൊതുവേദി. അവിടെ ഏറ്റവും കൂടുതൽ പാടിയിട്ടുള്ള പാട്ട് ‘താമസമെന്തേ വരുവാൻ....’തന്നെയായിരുന്നു. അതുപോലെ കമുകറയുടെയും ബ്രഹ്മാനന്ദന്റെയും പാട്ടുകളും അച്ഛൻ സ്ഥിരമായി പാടിയിരുന്നു. കമുകറയുടെ പാട്ടുകൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ തന്നെ അച്ഛൻ നന്നായി പാടുമായിരുന്നു. റഫി സാബ് ഉൾപ്പെടെയുള്ള ഹിന്ദി പാട്ടുകളും വലിയ ഇഷ്ടമായിരുന്നു. ഒരു പാട്ട് ഹിറ്റാണെന്നതുകൊണ്ടുമാത്രം അതു നല്ല പാട്ടാണെന്ന അഭിപ്രായം അച്ഛന് ഉണ്ടായിരുന്നില്ല.
റഫി സാഹിബിന്റെ ടൈ
ഞങ്ങളുടെ വീട്ടിൽ ഏറ്റവും അമൂല്യമായ ഒരു നിധിയുണ്ട്. അത് അച്ഛന് ഒരാൾ സമ്മാനമായി കൊടുത്തതാണ്. ഒരു ടൈ ആണ് അത്. അച്ഛന് അത് അത്രയ്ക്കും പ്രിയപ്പെട്ടതാകാൻ കാരണം അത് മുഹമ്മദ് റഫി സാഹിബ് കെട്ടിയിരുന്ന ടൈയാണ് എന്നതാണ്. റഫി സാഹിബിന്റെ മരണശേഷം അച്ഛൻ ഒരുദിവസം അദ്ദേഹത്തിന്റെ വീട്ടിൽ പോയി. അവിടെ സാഹിബിന്റെ മകനോ മരുമകനോ ഉണ്ടായിരുന്നു. അവരോട് അച്ഛൻ പറഞ്ഞു; സാഹിബിന്റെ ഓർമയ്ക്ക് എനിക്ക് എന്തെങ്കിലും തരണം. അങ്ങനെയാണ് അവർ ഒരു ടൈ അച്ഛനു കൊടുത്തത്. അത് പ്രത്യേക ഫ്രെയിം ഉണ്ടാക്കി അച്ഛൻ സൂക്ഷിച്ചു. ‘എനിക്കു കിട്ടിയ ഓസ്കർ അവാർഡാണ് ഇത്’ എന്നാണ് അച്ഛൻ പറയാറുണ്ടായിരുന്നത്.
ഞങ്ങൾ ഇപ്പോഴും ദൈവപടങ്ങൾക്കൊപ്പം വച്ച് പൂജിക്കുന്ന പടങ്ങളിലൊന്ന് എം.എസ്. വിശ്വനാഥൻ മാഷിന്റേതാണ്. അച്ഛന് ആ മനുഷ്യൻ ദൈവമായിരുന്നു. അതുപോലെ ദേവരാജൻ മാഷിന്റെ പടവും. മരിക്കുന്നതിന് ഏ താനും ദിവസം മുൻപ് അച്ഛൻ പറഞ്ഞു. ഇവരുെട രണ്ടുപേരുടെയും പടം ഗുരുവായൂരപ്പന്റെ പടത്തിന് ഒപ്പം വയ്ക്കണം എന്ന്. ദേവരാജൻ മാഷ് അച്ഛന്റെ ദൗർബല്യമായിരുന്നു. എന്നു റിക്കോർഡിങ്ങിനു പോയാലും മൂന്നുപേരുടെ പടങ്ങളിൽ തൊട്ടു തൊഴുതേ വീട്ടിൽ നിന്നു പുറത്തിറങ്ങൂ. ഗുരുവായൂരപ്പന്റെ പടമാണ് ഒന്ന്.
സുശീലാമ്മയോട് അച്ഛന് എന്നും ഭക്തിയായിരുന്നു. എന്നും വിളിക്കും. ‘അമ്മാ....പാദനമസ്കാരം’ എന്നു പറഞ്ഞാണു സംഭാഷണം തുടങ്ങുന്നതു തന്നെ. മരിക്കുന്നതിന് ഒരാഴ്ച മുൻപാണ് രോഗം കലശലായത്. തൃശൂർ അമല ആശുപത്രിയിലെ ക്രിട്ടിക്കൽ ഇന്റൻസീവ് യൂണിറ്റിൽ കഴിയുമ്പോഴും അച്ഛൻ പറഞ്ഞത് വീട്ടിൽ കിടന്നു മരിക്കണം എന്നാണ്. അച്ഛന്റെ ആഗ്രഹം സാധിച്ചു. അച്ഛൻ മരിക്കുന്ന ദിവസം രാവിലെ ഗാനരചയിതാവ് ഹരിനാരായണനും സുഹൃത്ത് ബാലുവും കൂടി അച്ഛനെ കാണാൻ വന്നു. അന്നും അച്ഛൻ ഹരിയോടു പറഞ്ഞു; ‘എനിക്കു പാടാൻ ഒരു നല്ല പാട്ട് എഴുതി തരണം.’
ഏകാദശി തുടങ്ങിയ സന്ധ്യയ്ക്കാണ് അച്ഛൻ മരിക്കുന്നത്. അമ്മ വിളക്കു വച്ചു. ഏകാദശി തുടങ്ങിയല്ലോ ഗുരുവായൂരപ്പാ എന്നു പ്രാർഥിച്ചു. മുറിയിൽ വന്നപ്പോഴേക്കും അച്ഛൻ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഏകാദശി കാത്തിരുന്നതുപോലെ. ഞങ്ങളെയൊക്കെ വിളിച്ച് അടുത്തിരുത്തി ഒരു പാട്ട് പാടി അവസാനിപ്പിക്കുന്നതുപോലെ അച്ഛൻ പോയി.
ഗുരുവായൂരപ്പനെക്കുറിച്ചുള്ള പാട്ടാണ് അവസാനമായി പാടിയത്. അത് പൂർത്തിയാക്കിയത് ദിനനാഥനാണ്.’’ യുട്യൂബിൽ ലിങ്ക് ഓൺ ആക്കി ലക്ഷ്മി പറഞ്ഞു നിർത്തി. മൊബൈൽ ഫോണിൽ നിന്നു പാട്ടലയായി ജയചന്ദ്ര നാദം ഉണർന്നു.
‘മഞ്ജുളയാലിൻ ഇലയുടെ മർമ്മരസ്തുതിയാൽ
കലാധരനെ വണങ്ങിനിന്നു ഞാൻ വണങ്ങിനിന്നു.....’