അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബം മറിച്ചു നോക്കി എല്ലാ മക്കളും കരയും, ങ്ഹീ... ഇതിൽ ഞാനില്ലല്ലോ. എന്നാൽ അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബത്തിൽ ഉൾപ്പെടാനുള്ള ഭാഗ്യം കിട്ടിയ മക്കളെ കുറിച്ചാണ് ഇവിടെ പറയുന്നത്. വിവാഹമോചനവും രണ്ടാം വിവാഹവുമൊക്കെ ഇന്നു സർവ സാധാരണമാണ്. പക്ഷേ, അതൊക്കെ ‘വലിയ പ്രശ്ന’മായിരുന്ന ഒരു കാലമുണ്ട്.
വിവാഹം കഠിനമാണെങ്കിലും എല്ലാം സഹിച്ചു മിണ്ടാതെ തള്ളിനീക്കുന്ന കാലം. പരാജയപ്പെട്ട വിവാഹത്തിന്റെ കയ്പുനീർ കുടിച്ചു ജീവിതകാലം മുഴുവൻ ഒറ്റയ്ക്കു കഴിയുന്നവരുടെ കാലം. ആ കാലത്തിൽ നിന്ന് ഇറങ്ങിവന്നു സന്തോഷത്തിന്റെ കൈപിടിച്ച ഒരമ്മയുടെ കഥ...
20 വർഷത്തിനു ശേഷം അമ്മ സമ്മതം മൂളി
ആറു വയസ്സുള്ളപ്പോൾ അമ്മയുടെ കയ്യും പിടിച്ചു കുടുംബവീട്ടിലേക്കു വന്നതാണ് ഗായത്രി. നാലു വയസ്സുള്ള അനിയനെയും കൊണ്ട് അ മ്മ തിരിച്ചുവന്നത് എന്തിനെന്ന് അന്നവൾക്ക് അറിയില്ലായിരുന്നു. ഇടയ്ക്ക് അമ്മ വിഷമിച്ചിരിക്കുന്നതു കണ്ടിട്ടുണ്ടെങ്കിലും അച്ഛൻ എന്തേ വരാത്തത് എന്നു ചോദിച്ച് അവർ രണ്ടുപേരും അമ്മയെ വിഷമിപ്പിച്ചിട്ടേയില്ല.
20 വർഷത്തിനിപ്പുറം അമ്മയെ കൈപിടിച്ചു വിവാഹപന്തലിലേക്കു കയറ്റാനുള്ള ചുമതല ഗായത്രിയും അനിയൻ അഭിനവും ഏറ്റെടുത്തു. അമ്മയുടെ വിവാഹത്തിന്റെ കാരണവസ്ഥാനത്തു നിന്ന അനുഭവം അഡ്വ. ഗായത്രി കൃഷ്ണയും അനിയൻ അഭിനവ് കൃഷ്ണയും പറയുന്നു.
അറിയാ പ്രായം, അറിയാ സങ്കടം
വിവാഹമോചനം അത്ര സാധാരണമല്ലാത്ത കാലത്താണു ഗായത്രിയും അനിയൻ അഭിനവും മാവേലിക്കരയിലെ ഒരു നാട്ടിൻ പുറത്തു സ്കൂൾ വിദ്യാർഥികളായത്. പക്ഷേ, സുഹൃത്തുക്കളോ ടീച്ചർമാരോ ചുറ്റുമുള്ളവരോ ഇക്കാര്യം ചോദിച്ചു വിഷമിപ്പിച്ചിട്ടേയില്ലെന്നു ഗായത്രി പറയുന്നു.

‘‘വിവാഹജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണമാണ് അച്ഛനും അമ്മയും വേർപിരിഞ്ഞതെന്ന് അന്ന് അറിയില്ലായിരുന്നു. മാവേലിക്കരയിലെ അമ്മ വീട്ടിൽ എത്തിയ ശേഷമാണു എന്നെ ഒന്നാം ക്ലാസ്സിൽ ചേർത്തത്. സ്കൂളിലേക്ക് എല്ലാ കാര്യത്തിനും അമ്മയാണു വന്നിരുന്നത്. അ ച്ഛനില്ലാത്തതിന്റെ കുറവ് അറിയിച്ചിട്ടേയില്ല.
അമ്മയുടെ അമ്മയും അച്ഛനും എല്ലാ പിന്തുണയും നൽകിയതോടെ അമ്മ ജോലിക്കു പോകാൻ തുടങ്ങി. ആ സമയത്തു തന്നെ രണ്ടാം വിവാഹത്തിനായി കുറേ ആലോചനകൾ വന്നു.
ബന്ധുക്കളും പരിചയക്കാരും സുഹൃത്തുക്കളുമൊക്കെ കൊണ്ടുവന്ന നല്ല ആലോചനകളായിരുന്നു അതെങ്കിലും ‘ഇനി വിവാഹം വേണ്ട, മക്കൾക്കു വേണ്ടിയാണ് ജീവിതം’ എന്നായിരുന്നു അമ്മയുടെ തീരുമാനം. ഇതിനിടെ സ്കൂൾ കഴിഞ്ഞു ഞാൻ ജേണലിസം പഠിച്ചു. പിന്നെ അതു നിർത്തി എൽഎൽബിക്കു ചേർന്നു. അനിയൻ സോഷ്യൽ വർക്കാണു പഠിച്ചത്.’’

ഒപ്പമൊരു കൂട്ട്
‘‘കോളജിൽ പഠിക്കുന്ന കാലത്താണ് അമ്മ ഇടയ്ക്കു വിഷമിച്ചിരിക്കുന്നതും ആ സങ്കടമൊക്കെ ആരോടാകും പറയുക എന്നുമൊക്കെ ചിന്തിച്ചു നോക്കിയത്.
എല്ലാം പറയാനും പങ്കുവയ്ക്കാനും ഒരു കൂട്ട് അമ്മയ്ക്കു വേണം എന്നും തോന്നി. മക്കൾ അമ്മയ്ക്ക് എത്ര കെയറും സപ്പോർട്ടും സാമ്പത്തിക പിന്തുണയുമൊന്നും കൊടുത്തിട്ടും കാര്യമില്ല, പാർട്ണർഷിപ് വളരെ പ്രധാനമാണ്. അതിനു പകരക്കാരാകാൻ ഞങ്ങൾക്കാകില്ലല്ലോ.
അങ്ങനെ ഞാനും അനിയനും കൂടി വിവാഹക്കാര്യം അമ്മയോടു സംസാരിച്ചു. അതിനു ശേഷം വന്ന ആലോചനകളും പക്ഷേ, അമ്മ സമ്മതിച്ചില്ല.
അങ്ങനെയിരിക്കേ ചെന്നൈയിൽ നിന്നു ബിസിനസുകാരനായ ഒരാളുടെ വിവാഹാലോചന ഒരു സുഹൃത്തു വ ഴി വന്നു. പതിവുപോലെ അമ്മയുടെ മറുപടി ‘നോ’ ആയിരുന്നു. കുറച്ചു മാസങ്ങൾ കഴിഞ്ഞ് അദ്ദേഹം ഒരിക്കൽ കൂടി അന്വേഷിച്ചു, തീരുമാനം മാറിയോ? അപ്പോൾ ഞങ്ങളെല്ലാം കൂടി നിർബന്ധിച്ചിട്ട് അമ്മ സംസാരിക്കാൻ തയാറായി.
പരസ്പരം സംസാരിച്ചപ്പോൾ അമ്മയുടെ മനസ്സു മാറി. ബിസിനസും തിരക്കുമൊക്കെയായി വിവാഹം കഴിക്കാൻ ഏറെ വൈകിപ്പോയ ഒരാളായിരുന്നു അദ്ദേഹം.
മക്കൾ നടത്തിയ കല്യാണം
20 വർഷം സിംഗിൾ മദറായിരുന്ന അമ്മ വിവാഹത്തിനു സ മ്മതിച്ചതോടെ ബാക്കി കാര്യങ്ങൾ പെട്ടെന്നായി. ഞങ്ങളും സുഹൃത്തുക്കളും കസിൻസും വിവാഹത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു.
ആഘോഷമായി പോയി കല്യാണസാരിയും ആഭരണങ്ങളും വാങ്ങി. 2024 സെപ്റ്റംബർ എട്ടിനാണു വിവാഹം നടത്തിയത്. ഞങ്ങളുടെ ആഗ്രഹപ്രകാരം അടുത്തു തന്നെയുള്ള ധന്വന്തരി ക്ഷേത്രത്തിലാണു വിവാഹം നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി വളരെ കുറച്ചുപേർ ചടങ്ങുകൾക്കെത്തി.
ഡിസംബർ 31നു വിവാഹവിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ ആശംസകൾ നേർന്നതു നിരവധി പേരാണ്. സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെയും ചിന്താഗതിയിൽ വന്ന മാറ്റം അതിൽ വ്യക്തമായിരുന്നു. പ്രത്യേകിച്ചു യുവതലമുറക്കാരുടെ പിന്തുണയും സ്നേഹവും കമന്റുകളിൽ വ്യക്തമായിരുന്നു. ഞാൻ കുടുംബ കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയിട്ടു രണ്ടു വർഷമായി. ഡിവോഴ്സ് കേസ് കൈകാര്യം ചെയ്യുമ്പോൾ രണ്ടു കാര്യങ്ങൾ മനസ്സിലാകും, അസംതൃപ്തമായ കുടുംബജീവിതം കൊണ്ട് ആളുകൾ എത്ര പൊറുതിമുട്ടുന്നുണ്ട് എന്നും പാർട്ണർഷിപ്പിന്റെ പ്രാധാന്യം എത്ര വലുതാണെന്നും. ന ല്ലൊരു പങ്കാളിയുണ്ടെങ്കിൽ ജീവിതം അടിപൊളിയാണ്.
അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്നു കൂട്ടുകാർ ചോദിക്കും. പക്ഷേ, ആ മിസ്സിങ്ങിനേക്കാൾ വലുതാണ് അമ്മയുടെ പുതിയ ജീവിതം കാണുമ്പോഴുള്ള സന്തോഷം.’’