ADVERTISEMENT

അച്ഛൻ മരിച്ച ശേഷം അമ്മ തനിച്ചാക്കിപ്പോയ സഹോദരങ്ങളെ പോറ്റാൻ സർവീസ് സ്റ്റേഷനിൽ വാഹനം കഴുകുകയാണ് അട്ടപ്പാടി ഗൂളിക്കടവിലെ ആദിവാസി യുവതി പ്രിയ. ജീവിതദുരിതങ്ങൾക്കിടയിൽ അട്ടപ്പാടി ഗവ. കോളജിൽ നിന്നു ബിരുദം പൂർത്തിയാക്കിയെങ്കിലും ഒരു വിഷയത്തിൽ ജയിക്കാനായില്ല. 2012ൽ പ്രിയയുടെ അച്ഛൻ അയ്യപ്പൻ മരിച്ചു. അധികം വൈകാതെ അമ്മ ബീന ജോലി തേടിപ്പോയി. ആദ്യമൊക്കെ വീട്ടിലേക്കു വരുമായിരുന്നെങ്കിലും പിന്നീട് തീരെ വരാതായെന്നു പ്രിയ പറഞ്ഞു.

പ്രിയയുടെ സഹോദരി പാലക്കാട്ടെ കോളജിൽ ബിരുദ വിദ്യാർഥിയാണ്. ഇളയ സഹോദരനു പ്ലസ്ടു പൂർത്തിയാക്കാനായില്ല. കൂലിപ്പണിക്കു പോവുകയാണ്. ജീർണിച്ച മേൽക്കൂരയിൽ പ്ലാസ്‌റ്റിക് വലിച്ചുകെട്ടിയ ഇടിഞ്ഞുവീഴാറായ 4 ചുമരുകൾക്കുള്ളിലാണു പ്രിയയുടെയും സഹോദരങ്ങളുടെയും ജീവിതം. ശുചിമുറിയില്ല, ശുദ്ധജല കണക്‌ഷനില്ല. വീടിരിക്കുന്നതു ഗൂളിക്കടവ് ടൗണിനടുത്തു പ്രധാന റോഡരികിൽ മുത്തച്ഛന്റെ പേരിലുള്ള ഭൂമിയിലാണ്. ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പട്ടികവർഗ വകുപ്പ് അനുവദിച്ച വീടുനിർമാണം മുടങ്ങി.

ADVERTISEMENT

പ്രിയയുടെയും സഹോദരങ്ങളുടെയും ദുരിതം ‘മനോരമ ന്യൂസി’ലൂടെയാണ് പുറംലോകം അറിഞ്ഞത്. തുടർന്ന് കലക്ടറും റവന്യു, പട്ടികവർഗ വകുപ്പുകളും ഇടപെട്ടു. ജില്ലാ അസി. സെക്രട്ടറി മണികണ്ഠൻ പൊറ്റശേരിയുടെ നേതൃത്വത്തിൽ സിപിഐ നേതാക്കളും ഇടപെട്ടു. കഴിഞ്ഞ ദിവസം പ്രിയയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ടു പേരെ അഗളി പൊലീസ് താക്കീതു ചെയ്തു. ഇന്നലെ ജില്ലാ ശിശുക്ഷേമ സമിതി ചെയർപഴ്സൻ എം.വി.മോഹനൻ പ്രിയയുടെ വീട്ടിലെത്തി.വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കാൻ നടപടിക്കു ശുപാർശ നൽകുമെന്നും ചെയർപഴ്സൻ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT