ഷാർജയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾക്കു പറയാനുള്ളത് കൊടിയ പീഡനത്തിന്റെ കഥകൾ.കേരളപുരം സ്വദേശി മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുള്ള മകൾ വൈഭവി എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറിൽ മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു.
ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിപഞ്ചികയുടെ ബന്ധുകൾ രംഗത്തെത്തി. വിപഞ്ചികയ്ക്കും മകൾ വൈഭവിക്കും നീതി കിട്ടുന്നതിന് ഏതറ്റം വരെയും പോകുമെന്നു വിപഞ്ചികയുടെ അമ്മ ഷൈലജ പറഞ്ഞു. ബുധൻ രാവിലെ വീട്ടുജോലിക്കാരി ഫ്ലാറ്റിൽ എത്തി വിളിച്ചപ്പോൾ കതക് തുറന്നില്ല. തുടർന്ന് മാറി താമസിച്ചിരുന്ന ഭർത്താവ് നിതീഷിനെ അറിയിക്കുകയും നിതീഷെത്തി കതക് പൊളിച്ചു അകത്തു കടന്നപ്പോഴാണു മരണ വിവരം അറിയുന്നത്. ഷാർജയിലുള്ള വിപഞ്ചികയുടെ സഹോദൻ വിനോദിന്റെ ഭാര്യയുടെ ബന്ധുവാണു വിവരം നാട്ടിൽ അറിയിച്ചത്.
എല്ലാവർക്കും ഇഷ്ടമുള്ള കുട്ടിയായിരുന്നു വിപഞ്ചിക. പഠിക്കാൻ സമർഥയായിരുന്നു. മികച്ച മാർക്കോടെ എംബിഎ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഷാർജയിലെ കമ്പനിയിൽ എച്ച്ആർ വിഭാഗം മാനേജരായി ജോലി ലഭിക്കുന്നത്. 2020 നവംബറിലായിരുന്നു വിപഞ്ചികയും കോട്ടയം പനച്ചിക്കാട് പൂവൻത്തുരുത്ത് വലിയവീട്ടിൽ നിതീഷുമായുള്ള വിവാഹം. ഭർത്താവുമായി ഉള്ള വിഷയങ്ങൾ ഒന്നും നാട്ടിലെ ബന്ധുക്കളെ അറിയിച്ചിരുന്നില്ലെന്നു ഷൈലജ പറഞ്ഞു. നല്ല കുടുംബം ആണെന്ന് കരുതിയെങ്കിലും തെറ്റിപ്പോയി. നിതീഷിന്റെ കൊടിയ പീഡനം സഹിക്കാൻ കഴിയാതെയാണു വിപഞ്ചിക കടുംകൈ ചെയ്തത്. എന്തെങ്കിലും നിവർത്തി ഉണ്ടായിരുന്നെങ്കിൽ രക്ഷപ്പെട്ടു നാട്ടിൽ വരുമായിരുന്നു.
നിതീഷും സഹോദരി നീതുവും ചേർന്നാണു തന്റെ മകളെ പീഡിപ്പിച്ചതെന്നു ഷൈലജ പറയുന്നു. നിതീഷ് വിപഞ്ചികയുമായി അടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം നീതുവും പിതാവ് മോഹനനും ചേർന്ന് അകറ്റി. സ്വന്തം കുഞ്ഞിനെ പോലും സ്നേഹിക്കാൻ നിതീഷിനെ നീതു അനുവദിച്ചില്ലായിരുന്നുവെന്നു ഷൈലജ ആരോപിച്ചു. നീതുവും വിപഞ്ചികയെ മർദിച്ചിട്ടുണ്ട്. നീതുവിന്റെ ഭർത്താവിനെ വിളിച്ചു തന്നെ ഉപദ്രവിക്കരുതെന്നു കാലുപിടിച്ച് വിപഞ്ചിക അപേക്ഷിച്ചിരുന്നു. എന്നിട്ടും ആരും തടുത്തില്ല.