സമാനതകളില്ലാത്ത ക്രൂരതകൾ, അതിൽ തന്നെ കേട്ടാലറയ്ക്കുന്നതും തലകുനിച്ചു പോകുന്നതുമായ ചെയ്തികൾ... വിപഞ്ചികയെന്ന പെൺകുട്ടി ഭർത്താവിൽ നിന്നും അവരുടെ വീട്ടുകാരിൽ നിന്നും അനുഭവിച്ച വേദനകൾ ഇനിയൊരു പെണ്ണിനും സംഭവിക്കരുതേ എന്ന് തോന്നിപ്പോകും. ജന്മം നൽകിയ കുഞ്ഞിനെ പോലും തിരിഞ്ഞു നോക്കാത്ത അച്ഛൻ, ഒരേ സമയം മറ്റൊരു പെൺകുട്ടിയുമായി ബന്ധം പുലർത്തിയ ഭർത്താവ്. ഒരു മനുഷ്യ ജന്മത്തിൽ പലരും ചെയ്യാൻ മടിക്കുന്നതും അറയ്ക്കുന്നതുമായ കാര്യങ്ങളാണ് നിതീഷ് ചെയ്തു കൂട്ടിയത്.
‘എല്ലാ സമ്മർദ്ദങ്ങളും അനുഭവിച്ചത് ഞാനാണ്. എന്റെ കുഞ്ഞ് പട്ടിക്കുഞ്ഞിനെ പോലെ വീട്ടിൽ കിടക്കുന്നു. സ്വന്തം കാര്യമല്ലാതെ മറ്റൊന്നും നോക്കില്ല. നിതീഷിന് അയാളുടെ കാര്യം മാത്രം നോക്കി നടന്നാൽ മതി. ഒരു വർഷത്തിനിടയ്ക്ക് അയാൾ കൊച്ചിനെ നാലോ അഞ്ചോ തവണ മാത്രമേ വെളിയിൽ കൊണ്ടുപോയിട്ടുള്ളൂ. അതും നാട്ടുകാരെ ബോധിപ്പിക്കാൻ. അമ്പലത്തിലോ മറ്റോ ഒന്നു കൊണ്ടുപോകും. എന്നാൽ അയാൾ അയാളുടെ സഹോദരിയോടും അവരുടെ കുട്ടിയോടുമൊപ്പം എപ്പോഴും യാത്ര ചെയ്തും മറ്റും സന്തോഷത്തോടെ കഴിയുന്നു. അയാളുടെ വായിൽ നിന്ന് പുറത്തുവരുന്ന വാക്കുകൾ മറ്റുള്ളവരോട് പറയാൻ പറ്റാത്തവിധം വളരെ മോശമാണ്. അതുകൊണ്ട് അതിവിടെ ഞാൻ പറയുന്നില്ല. ഞാനും മോളും ഇവിടെ ഉരുകിയുരുകി കഴിയുകയാണ്.’– മനസു നുറുങ്ങി മരിക്കാനിറങ്ങിത്തിരിക്കും മുൻപ് വിപഞ്ചിക ഉറ്റവരോടായി പറഞ്ഞ വാക്കുകൾ വാക്കുകൾ.
വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പും അവൾ അനുഭവിച്ച യാതനകൾ അടിവരയിടുന്നു. ഒന്നാംപ്രതി നാത്തൂന്‍, രണ്ടാംപ്രതി ഭര്‍ത്താവ്, മൂന്നാംപ്രതി അമ്മായിയപ്പന്‍, എന്നു തുടങ്ങുന്ന പേജുകളും ഡയറിയിലുണ്ട്. ഭക്ഷണം കഴിക്കാന്‍ പോലും ഭര്‍ത്താവ് സമ്മതിക്കുന്നില്ലെന്നും നല്ല സ്ഥാപനത്തില്‍ ജോലിയുണ്ടായിട്ടും ഗാര്‍ഹിക, സ്ത്രീധന പീഡനത്തിനും ലൈംഗിക ചൂഷണത്തിനും വിധേയയായെന്നും വ്യക്തമാക്കുന്നതാണ് കുറിപ്പ്. ഇതിനുമപ്പുറം അമ്മായിയപ്പനും വിപഞ്ചികയെ ലൈംഗികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളും ഡയറിക്കുറിപ്പിലുണ്ട്.
‘ഫിസിക്കലി ഉപയോഗിച്ചിട്ട് എപ്പോഴും അബദ്ധം പറ്റിയതാണെന്ന് പറയും, ഒരേ സമയം എന്നോടും നിതീഷിന്റെ പെണ്‍സുഹൃത്തിനോടുമൊപ്പം കിടക്ക പങ്കിടും, ആ പെണ്ണിന്റെ ഭര്‍ത്താവിനു കാര്യങ്ങളറിയാം, ഒരു തവണ നിതീഷിനെ വിളിച്ച് ചീത്ത പറഞ്ഞിട്ടുണ്ട്, വൈകൃതമുള്ള മനുഷ്യനാണ് നിതീഷ്, കാണാന്‍ പാടില്ലാത്ത വിഡിയോ കണ്ടിട്ട് അതെല്ലാം ബെഡില്‍ വേണമെന്ന് ആവശ്യപ്പെടും. ഭാര്യയുടെ കൂടെക്കിടക്കുന്നതിനെക്കുറിച്ച് മറ്റൊരു പെണ്ണിനോട് ഡിസ്കസ് ചെയ്യും, സഹിക്കാന്‍ വയ്യ, പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല, എന്റെ ലോക്കറിന്റെ കീ നിതീഷിന്റെ അച്ഛന്റെ കൈവശമായിരുന്നു, അത് ഞാന്‍ വാങ്ങിയതും വലിയ പ്രശ്നമായി, പുറത്തോ നാട്ടിലോ കൊണ്ടുപോകില്ല, എല്ലാം ക്ഷമിക്കുന്നതും സഹിക്കുന്നതും കുഞ്ഞിനു വേണ്ടിയാണ്, അവര്‍ക്കെന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കണം, എന്റെ ഓഫീസിലെ എല്ലാവര്‍ക്കും കൂട്ടുകാര്‍ക്കും ഇതെല്ലാം അറിയാം. നിതീഷും പെങ്ങളും അച്ഛനും കൂടി എന്നെ ദ്രോഹിക്കുന്നത് എല്ലാവര്‍ക്കുമറിയാം.’
‘ഒരുപാട് കാശ് ഉള്ളവരാണ്, എന്നാലും എന്റെ സാലറിക്കുവേണ്ടി ദ്രോഹിക്കും, നിതീഷിന്റെ പെങ്ങള്‍ എന്റെയും കുഞ്ഞിന്റേയും സ്വര്‍ണമുള്‍പ്പെടെ കൈക്കലാക്കി, ഒരു മാലക്ക് വേണ്ടി ദ്രോഹിച്ചോണ്ടിരിക്കുകയാണ്, ഈ കൊലയാളികളെ വെറുതേവിടരുത്, മരിക്കാന്‍ ആഗ്രഹമില്ല,എന്റെ കുഞ്ഞിന്റെ ചിരികണ്ട് കൊതി തീര്‍ന്നിട്ടില്ല, കല്യാണം ആഢംബരമായി നടത്തിയില്ല, കാര്‍ കൊടുത്തില്ല, സ്ത്രീധനം കുറഞ്ഞു, കാശില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍, എന്നു പറഞ്ഞതെല്ലാം നിതിഷിനോടുള്ള സ്നേഹംകൊണ്ട് ഞാന്‍ ക്ഷമിച്ചു, പക്ഷേ അമ്മായിയപ്പന്‍ എന്നോട് മിസ് ബിഹേവ് ചെയ്തിട്ടും ഭര്‍ത്താവ് നിതീഷ് ഒന്നും പ്രതികരിച്ചില്ല, പകരം എന്നെ കല്യാണം കഴിച്ചത് അയാള്‍ക്ക് കൂടിവേണ്ടിയാണ് എന്നു പറഞ്ഞു. നാത്തൂന്‍ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല, നിതീഷുമായി കലഹം ഉണ്ടാക്കിക്കുകയായിരുന്നു അവരുടെ പ്രധാന ജോലി’–ഇതാണ് വിപഞ്ചിക എഴുതിയ ഡയറിക്കുറിപ്പിലുള്ളത്.
ചൊവ്വാഴ്ചയാണ് കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെയും മകളുടെയും മൃതദേഹങ്ങൾ ഷാർജയിലെ ഫ്ലാറ്റിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും മാനസിക ശാരീരിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് വിപഞ്ചികയുടെ ബന്ധുക്കളുടെ ആരോപണം.