ആൽഫ്രഡും എമിലീനയും പോവുകയാണ്, ഇനിയൊരു മടക്കമില്ലാത്ത ലോകത്തേക്ക്. കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ അമ്മ എൽസിക്ക് ഇപ്പോഴും ബോധം തെളിഞ്ഞിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളി പൂളക്കാട്ടിൽ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ കത്തി ഉണ്ടായ അപകടത്തിൽ മരിച്ച ആൽഫ്രഡിന്റെയും എമിലീനയുടെയും സംസ്കാരം ഇന്നു നടക്കും. എൽസിക്ക് അവസാനമായി ഒരുനോക്കു കാണാനാണ് കുട്ടികളുടെ മൃതദേഹം രണ്ടു ദിവസം മോർച്ചറിയിൽ സൂക്ഷിച്ചത്.
എന്നാൽ, സ്ഥിതി മെച്ചപ്പെടാതെ അബോധാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിലാണ് സംസ്കാരച്ചടങ്ങുകൾ ഇന്നു നടത്താൻ തീരുമാനിച്ചത്. ഇന്നു രാവിലെ 9.30നു കുട്ടികൾ പഠിച്ചിരുന്ന പൊൽപ്പുള്ളിയിലെ കെവിഎംയുപി സ്കൂളിൽ പൊതുദർശനത്തിനായി എത്തിക്കും. 10.45 മുതൽ 11 മണിവരെ ഇടവകയായ ചിറ്റൂർ ഹോളി ഫാമിലി ചർച്ചിൽ പൊതുദർശനം. വൈകിട്ട് 3 മണിയോടെ കുട്ടികളുടെ അമ്മയുടെ അട്ടപ്പാടി താവളത്തെ വീട്ടിലെത്തിക്കും.
ആ പൊന്നുമക്കൾ മോർച്ചറിയിൽ ഉറങ്ങുന്നു, ജീവനായിരുന്ന അമ്മ നൽകുന്ന അവസാന യാത്രയയപ്പും കാത്ത്: തീരാനോവ്
3.15 മുതൽ താവളം ഹോളി ട്രിനിറ്റി ദേവാലയം പാരിഷ് ഹാളിലാണു പൊതുദർശനം.തുടർന്ന് ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും. 35 ശതമാനം പൊള്ളലേറ്റ മൂത്ത സഹോദരി അലീന കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എൽസിയുടെയും അലീനയുടെയും ചികിത്സയ്ക്ക് പണം കണ്ടെത്താനായി ചിറ്റൂർ ഹോളി ഫാമിലി പള്ളി ഭാരവാഹികൾ ശ്രമം ആരംഭിച്ചിട്ടുണ്ട്.