കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിന്റെ ഒഴുക്കു നിലച്ചിട്ട് വർഷം ഒന്നാകുന്നു. 2024 ജൂലൈ എട്ടിന് അമരാവതിയുടെ വെളിച്ചമായ അർജുൻ, ഭാരത് ബെൻസ് ലോറിയുമായി ബെൽഗാമിലെ കൂപ്പിലേക്കു പുറപ്പെട്ടതാണ്. എ ന്നത്തേയും പോലെ ഒറ്റയ്ക്കായിരുന്നു ഈ യാത്രയും. അമ്മ ഷീലയുടെ കയ്യിൽ നിന്ന് അൻപതോ നൂറോ രൂപ കൈനീട്ടമായി വാങ്ങി പോകുന്നതാണു പതിവ്. എന്നാൽ ഇത്തവണ അതു തെറ്റി. അർജുൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ അച്ഛനും അമ്മയും അവിടെയുണ്ടായിരുന്നില്ല. ഭാര്യ കൃഷ്ണപ്രിയയോടും മകൻ അയനോടും യാത്ര പറഞ്ഞ് അർജുൻ പടിയിറങ്ങി. പോകും മുൻപ് അയനെ കോരിയെടുത്ത് ഉമ്മ വച്ചു. പപ്പ വരുമ്പോൾ മിഠായിയും കളിപ്പാട്ടങ്ങളും കൊണ്ടുവരാമെന്ന് വാക്കുകൊടുത്തു.
ലോറിയിൽ കയറും മുൻപ് അമ്മയെ ഫോണിൽ വിളിച്ചു. അനിയത്തി അഭിരാമിയുടെ വിവാഹനിശ്ചയം വരികയാണ്. അതിന് ആവശ്യമായതെല്ലാം ഒരുക്കി വയ്ക്കണമെന്ന് ഒാര്‍മിപ്പിക്കാനായിരുന്നു ആ വിളി. ‘‘അമ്മ എല്ലാം കുറിച്ചിടണം. അവസാന നിമിഷം എന്നെ കുഴപ്പിക്കല്ലേ. ട്രിപ് കഴിഞ്ഞാൽ പിന്നെ കുറച്ചു ദിവസത്തേക്ക് പണിസ്ഥലത്ത് ലീവ് ആക്കാം. വിവാഹനിശ്ചയത്തിന് ഒരു കുറവും വരരുത്...’’
അർജുന്‍ പറഞ്ഞേൽപ്പിച്ചതെല്ലാം അമ്മ ചെയ്തു. കളിപ്പാട്ടങ്ങളുമായെത്തുന്ന പപ്പയെ കാത്ത് അയൻ ഇരുന്നു. പക്ഷേ, വാക്കുകളൊന്നും പാലിക്കാന്‍ അര്‍ജുനായില്ല. വിവാഹനിശ്ചയം ഉറപ്പിച്ച ദിവസം നടന്നില്ല.
ഇപ്പോൾ അമരാവതി വീട്ടിലെത്തുന്ന ആെരങ്കിലും ഒരു മിഠായിയോ കളിപ്പാട്ടമോ കൊടുത്താല്‍ കുസൃതിച്ചിരിയുമായി രണ്ടര വയസ്സുകാരൻ ഉള്ളിലെ മുറിയിലേക്ക് ഓടും.
അവിടെ വച്ചിരിക്കുന്ന അർജുന്റെ ചിത്രത്തിനു മുന്നിലെത്തി കിട്ടിയ സമ്മാനം കാണിക്കും. എന്നിട്ട് കുടുകുടെ ചിരിക്കും. അയന്റെ ചിരി കാത്തുസൂക്ഷിക്കാൻ ദുഃഖമെല്ലാം ഉള്ളിലടക്കുകയാണ് കൃഷ്ണപ്രിയ. കണ്ണില്‍ നിറയുന്ന നീർമണികളെ നിയന്ത്രിക്കാൻ ശ്രമിക്കവേ അവ ചുണ്ടിലേക്കും കവിൾത്തടങ്ങളിലേക്കും വിറയലായി പടരുന്നു. കണ്ടുനിൽക്കുന്നവര്‍ക്ക് ഉള്ളു പൊള്ളുന്ന കാഴ്ച. അർജുൻ ഇറങ്ങിപ്പോയ ആ ദിനം, അവസാനമായി പറഞ്ഞ വാക്കുകൾ, കൂടപ്പിറപ്പായ അഞ്ജുവിന്റെ വാക്കുകളിലൂടെ...

പുലര്‍കാലത്തു കണ്ട സ്വപ്നം
ബെൽഗാമിലെ കൂപ്പിൽ നിന്ന് അക്കേഷ്യ തടി നിറച്ച ലോറിയുമായി നാട്ടിലേക്കു മടങ്ങിയതാണ് അർജുൻ. ജൂെെല 16ന് ഉച്ചയോടെ ഉത്തര കന്നട ജില്ലയിലെ അങ്കോളയിലെ ഷിരൂർ കുന്നിടിഞ്ഞുണ്ടായ അപകടത്തിൽ അർജുനും ലോറിയും കാണാമറയത്തു പോയി ഒളിച്ചു.
അന്നു വെളുപ്പിന് രണ്ടരയ്ക്ക് അർജുന്റെ സഹോദരി അഞ്ജു ഒരു ദുഃസ്വപ്നം കണ്ടു ഞെട്ടിയുണർന്നു. അകാരണമായൊരു ഭയം അവളെ പൊതിഞ്ഞു. പെട്ടെന്നു തന്നെ അർജുനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഉറക്കമായിരിക്കുമെന്നു കരുതി വാട്സാപ്പിൽ വോയിസ് മെസേജ് അയച്ചു. ‘കുഴപ്പമൊന്നുമില്ലല്ലോ, ശ്രദ്ധിക്കണേ...’ എന്നും പറഞ്ഞു.
രാവിലെ അഞ്ജു ഉണർന്നപ്പോഴേക്കും അർജുന്റെ വാട്സാപ്പ് സന്ദേശം എത്തിയിരുന്നു. ‘എടീ ചേച്ചീ, കുഴപ്പമൊന്നുമില്ല. ഭയങ്കര തണുപ്പാണ്. പുതപ്പെടുക്കാൻ ഉണർന്നപ്പോഴാണ് മെസേജ് കണ്ടത്. നീ ഉറങ്ങിക്കോ. രാവിലെ വിളിക്കാം.’ മറുപടി അഞ്ജുവിന് ആശ്വാസമേകിയെങ്കിലും ആ സമാധാനത്തിന് ആയുസ്സ് കുറവായിരുന്നു.
പതിവായി വിളിക്കുന്ന സമയമായിട്ടും അർജുന്‍റെ ഫോ ണ്‍ വന്നില്ല. അച്ഛൻ പ്രേമനും അമ്മ ഷീലയും പരസ്പരം വേവലാതി പങ്കിട്ടു. അങ്ങോട്ടു വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ്. അർജുന്റെ വിവരമൊന്നുമില്ലെന്ന് ഷീല, അഞ്ജുവിന്റെ ഭർത്താവ് ജിതിനെ അറിയിച്ചു. വെളുപ്പിന് മൂന്നു മണിവരെ അർജുൻ ഓൺലൈനിൽ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ ഉറങ്ങുകയായിരിക്കുമെന്നും പറഞ്ഞ് ജിതിൻ ഷീലയെ ആശ്വസിപ്പിച്ചു. അൽപസമയം കഴിഞ്ഞ് െടലിവിഷനിലൂെട ജിതിൻ കാണുന്നത് ഷിരൂരിലെ മണ്ണിടിച്ചിലിന്റെ വാർത്തയാണ്.
‘‘അതു കണ്ടപാടെ എന്റെ ഉള്ളൊന്നാളി. പക്ഷേ, ഓന്റെ വണ്ടി ആ പ്രദേശം താണ്ടിക്കാണും എന്നോര്‍ത്തു സമാധാനിച്ചു.’’ ജിതിന്‍ ഒാര്‍ക്കുന്നു. ‘‘ഉച്ചകഴിഞ്ഞും വിവരമൊന്നും കിട്ടാതായതോടെ ഓന്റെ മുതലാളിമാരായ മനാഫിനെയും മുബീനെയും വിവരമറിയിച്ചു. അവരപ്പോൾ തന്നെ അങ്കോള പൊലീസിനെ വിളിച്ചു. സന്ധ്യയോടെ ഷിരൂർക്ക് പുറപ്പെടുകയും ചെയ്തു.
അർജുനെ നേരിൽ കണ്ടെന്നൊക്കെ പറഞ്ഞു പലരും വിളിച്ചു. ഓരോ വിളികളും ഞങ്ങൾക്കു തന്നത് വലിയ പ്രതീക്ഷയാണ്. രാത്രിയോടെ ‘വണ്ടി മണ്ണിനടിയിൽപ്പെട്ടു പോയെന്നു’ പറഞ്ഞ് ഒരു കോൾ വന്നു. വീട്ടിലുള്ളവര്‍ ഒന്നുമറിയാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രദ്ധിച്ചു. ഞാനും അർജുന്റെ അനിയൻ അഭിജിത്തും അപ്പോൾ തന്നെ ഷിരൂർക്ക് പോയി. അവിടെയെത്തിയപ്പോഴാണ് കാര്യങ്ങളുടെ ഭീകരത നേരിൽ കാണുന്നത്.’’ നിയന്ത്രിക്കാൻ ശ്രമിച്ച കണ്ണുനീര്‍ ജിതിന്റെ കണ്ണുകളിൽ ചുവപ്പായി പടർന്നു.
വനിത 2024 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ലേഖനം