ADVERTISEMENT

ദിവസങ്ങൾക്കു മുൻപുവരെ കളിചിരികളുമായി സ്കൂൾ മുറ്റത്തും ക്ലാസ് മുറികളിലും കൂടെയുണ്ടായിരുന്നവർ... അവരിന്നലെ ചേതനയറ്റ് സ്കൂൾ കവാടം കടന്നെത്തിയപ്പോൾ ഹൃദയം പൊട്ടുന്ന വേദനയോടെയാണ് സഹപാഠികളും അധ്യാപകരും സ്വീകരിച്ചത്. പൊൽപ്പുള്ളി പൂളക്കാട്ട് സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ കത്തിയുണ്ടായ അപകടത്തിൽ മരിച്ച ആൽഫ്രഡ് മാർട്ടിൻ (6), എമിലീന (4) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെ ഒൻപതരയോടെ കുട്ടികൾ പഠിച്ചിരുന്ന പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിൽ എത്തിച്ചപ്പോൾ കണ്ടുനിന്നവരുടെ കണ്ണു നനഞ്ഞു. പൊള്ളലേറ്റ കുഞ്ഞുങ്ങളുടെ മുഖം കാണാത്തവിധം പൂക്കളാൽ മൂടിയിരുന്നു. അവരുടെ ചിരിക്കുന്ന ചിത്രം പതിച്ച പെട്ടിയിൽ തൊട്ടുവണങ്ങിയാണ് സഹപാഠികൾ യാത്രയാക്കിയത്.

പ്രിയപ്പെട്ടവരെല്ലാം യാത്ര പറഞ്ഞപ്പോഴും അമ്മ എൽസിക്ക് അവരെ അവസാനമായി ഒരുനോക്കു കാണാനായില്ല. പിഞ്ചോമനകൾ വിടപറഞ്ഞതറിയാതെ ആശുപത്രിക്കിടക്കയിൽ തുടരുന്ന എൽസി ഇടയ്ക്കു ബോധം വന്ന സമയത്തെല്ലാം ഒന്നുമാത്രമേ ചോദിച്ചിരുന്നുള്ളൂ... ‘എന്റെ മക്കളെവിടെ?’സ്കൂളിലെ പൊതുദർശനത്തിനു ശേഷം മൃതദേഹങ്ങൾ പത്തരയോടെ പ്രാർഥനാ ചടങ്ങുകൾക്കായി ഇവരുടെ ഇടവകയായ ചിറ്റൂർ ഹോളി ഫാമിലി ചർച്ചിൽ എത്തിച്ചു. പാലക്കാട് രൂപതാ വികാരി ജനറൽ മോൺ. ജീജോ ചാലക്കൽ, സഹകാർമികരായ തത്തമംഗലം ഫൊറോന പള്ളിവികാരി ഫാ. ബെറ്റ്സൺ തൂക്കുപറമ്പിൽ, വടക്കഞ്ചേരി ലൂർദ് മാതാ വികാരിയും പാലക്കാട് രൂപതാ പിആർഒയുമായ ഫാ.റെജി മാത്യു പെരുമ്പള്ളി, ഹോളി ഫാമിലി ചർച്ച് വികാരി ഫാ. ജോബിൻ മേലേമുറിയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണു പ്രാർഥനാ ചടങ്ങുകൾ നടത്തിയത്.

ADVERTISEMENT

തുടർന്ന് സംസ്കാരച്ചടങ്ങുകൾക്കായി അമ്മയുടെ നാടായ അട്ടപ്പാടി താവളത്തേക്കു കൊണ്ടുപോയി. അപകടത്തിൽ പരുക്കേറ്റ മുത്തശ്ശി ഡെയ്സിയുൾപ്പെടെയുള്ള (എൽസിയുടെ അമ്മ) ബന്ധുക്കളും താവളത്തെ വീട്ടിലുണ്ടായിരുന്നു.പ്രാർഥനകൾക്കുശേഷം മൃതദേഹങ്ങൾ താവളം ഹോളി ട്രിനിറ്റി ഫൊറോന പള്ളിയിലെത്തിച്ചു. പാരിഷ് ഹാളിൽ പ്രാർഥനകൾക്കു സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ആന്റണി നെടുംപുറത്ത്, ഫാ.സോജി ഓലിക്കൽ, ഫാ.സാംസൺ മണ്ണൂർ (റൂഹാ മൗണ്ട്), സിഎംസി പാലക്കാട് പ്രൊവിൻഷ്യൽ സിസ്റ്റർ റോസാൻ എന്നിവർ നേതൃത്വം നൽകി. വൈദികരും കന്യാസ്ത്രീകളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി എത്തിയിരുന്നു.

palakakd-33
ആൽഫ്രഡിന്റെയും എമിലീനയുടെയും മ‌ൃതദേഹങ്ങൾ അട്ടപ്പാടി താവളം ഹോളി ട്രിനിറ്റി ഫൊറോന പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന വല്ല്യമ്മച്ചി ഡെയ്സി. കാറിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഡെയ്സിക്കും പൊള്ളലേറ്റിരുന്നു.

ഒരു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനും പ്രാർഥനകൾക്കും ശേഷം മൃതദേഹങ്ങൾ പള്ളിയിലെത്തിച്ചു. പള്ളിയിൽ പ്രാർഥനകൾക്കു ബിഷപ് മാർ പീറ്റർ കൊച്ചുപുരക്കൽ, ബിഷപ് ഇമെരിറ്റസ് ജേക്കബ് മനത്തോടത്ത്, വികാരി ഫാ.ബിജു പ്ലാത്തോട്ടം എന്നിവർ നേതൃത്വം നൽകി.സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു, ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.ഓമനക്കുട്ടൻ, യുവജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് ടി.മഹേഷ്, ചിറ്റൂർ–തത്തമംഗലം നഗരസഭാധ്യക്ഷ കെ.എൽ.കവിത, പൊൽപ്പുള്ളി പ‍ഞ്ചായത്ത് പ്രസിഡന്റ് പി.ബാലഗംഗാധരൻ എന്നിവർ അന്തിമോപചാരമർപ്പിക്കാനെത്തി.

child-demise-1
പാലക്കാട് പൊൽപുള്ളിയിൽ കാറിനു തീപിടിച്ച് മരിച്ച 6 വയസ്സുകാരൻ ആൽഫ്രഡ് മാർട്ടിന്റെയും സഹോദരി എമിലീനയുടെയും മൃതദേഹങ്ങൾ ചിറ്റൂർ ഹോളി ഫാമിലി പള്ളിയിൽ പൊതുദർശനത്തിനു വച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കുന്നവർ. ചിത്രം: മനോരമ
ADVERTISEMENT

ചികിത്സച്ചെലവിൽ ആശങ്ക

ഗുരുതരമായി പൊള്ളലേറ്റു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടരുന്ന എൽസിക്കും മൂത്തമകൾ അലൈനയ്ക്കും ഒരുദിവസം ഒരു ലക്ഷത്തിലേറെ രൂപയാണു ചികിത്സാ ചെലവു വരുന്നത്. ഇരുവരും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥ തരണം ചെയ്തെന്നു പറയാറായിട്ടില്ല. ആശുപത്രിയിലെ ചികിത്സാ ചെലവുകൾ സർക്കാർ നേരിട്ടു വഹിക്കുന്ന തരത്തിൽ ക്രമീകരിച്ചിട്ടുണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ നൽകിയ ശേഷം സിഎംഡിആർഎഫ് വഴി പണം തിരിച്ചു ലഭിക്കുമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ADVERTISEMENT

നിലവിൽ ആശുപത്രി അധികൃതർ പണം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഉടൻ നൽകേണ്ടിവരും. അത്രയും വലിയ തുക നൽകാനുള്ള സാമ്പത്തിക ശേഷി കുടുംബത്തിനില്ല. പള്ളി കമ്മിറ്റികൾ മുഖേന പണം കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അതിനും പരിമിതികളുണ്ട്. ആശുപത്രി ചെലവുകൾ സർക്കാർ നേരിട്ടു വഹിക്കുകയാണെങ്കിൽ മാത്രമേ ചികിത്സ സുഗമമായി മുന്നോട്ടുപോകൂ. അതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നു പള്ളി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ADVERTISEMENT