പിഞ്ചുദേഹങ്ങളില്‍ നിന്നും ജീവൻ വെടിയുന്ന നിമിഷം, ഓമനത്തമുള്ള ആ മുഖങ്ങൾ ജീവന്‍ നിലച്ച് നിശ്ചലമായി പോകുന്ന അവസ്ഥ... ഈ ഭൂമിയിൽ ഇതിനോളം വലിയൊരു ഉണ്ടാകുമെന്ന് തോന്നില്ല. നൊന്തു പെറ്റവരുടേയും ഉറ്റവരുടെയും ചങ്കുതകർത്ത് പൊന്നു മക്കൾ മരണത്തിന്റെ ലോകത്തേക്ക് മറയുന്നത് ഒരു മനുഷ്യായുസിന്റെ മൊത്തം വേദനയാണ്. എന്നാൽ പോസ്റ്റുമോർട്ടം ടേബിളിൽ അവരുടെ പഞ്ഞിപോലുള്ള പിഞ്ചു ദേഹങ്ങൾ കീറിമുറിക്കുന്നതിലെ മരവിപ്പും വേദനയും പങ്കുവയ്ക്കുകയാെണ് ഒരു ആശുപത്രി അറ്റൻഡർ.
അടുത്തിടെ ആത്മഹത്യയിലും കൊലപാതകങ്ങളിലും അപകടങ്ങളിലുംപെട്ട് ജീവൻ നഷ്ടപെട്ട് നിരവധി കുരുന്നുകളാണ് മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തുന്നത്. ഇവരുടെ മൃതദേഹങ്ങൾ കീറിമുറിക്കുന്നതിലെ വേദനയാണ് മോർച്ചറി അറ്റൻഡർ വി. വിമൽ പങ്കുവെച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി അറിയാൻ തുറന്ന കത്ത് എന്ന തലക്കെട്ടിലാണ് പോസ്റ്റ്.
‘ദിവസവും ഒരുപാട് മൃതശരീരങ്ങൾ കണ്ട് മനസ്സ് മുരടിക്കാറുണ്ട്. ഞങ്ങൾ കരയാറില്ല എന്നാലും പലപ്പോഴും ഞങ്ങൾ കരഞ്ഞുപോകും. എന്തെന്ന് ചോദിച്ചാൽ ഇപ്പോൾ നമ്മുടെ കുഞ്ഞുമക്കൾ ദിനംപ്രതി ആത്മ ഹത്യ ചെയ്യുന്നതാണ് കാരണം. വളരെ ലളിതമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കുന്നത്. എന്റെ ചൂണ്ടുവിരൽ വിറക്കും. കാരണം പോസ്റ്റ്മോർട്ടം കഴിഞ്ഞ് കുഞ്ഞുങ്ങളെ വസ്ത്രങ്ങൾ അണിയിച്ച് ഒരുക്കി വിടാറുണ്ട്. പക്ഷേ, പലപ്പോഴും ഞങ്ങൾ പതറിപോകാറുണ്ട്.’– വിമൽ കുറിക്കുന്നു.
എനിക്കും ഒരു മകളുണ്ട്. അവളെ ഞാനും എന്റെ ഭാര്യയും പൊന്നു പോലെയാണ് നോക്കുന്നത്.ഇത് പോലെയാണ് എല്ലാ അച്ഛനമ്മമാരും മക്കളെ നോക്കുന്നത്. മക്കൾ നമ്മോടൊപ്പം ചിരിച്ചും സന്തോ ഷിച്ചും ജീവിക്കട്ടെ. അവരെ മരണത്തിന് വിട്ടു കൊടുക്കാതെ നമുക്ക് ചേർത്തുപിടി ക്കാം. അതിനായി ഒന്നിക്കാം. സ്നേഹപൂർ വ്വം വിമൽ വി. നളന്ദ എന്ന് സൂചിപ്പിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം:
ബഹുമാനപ്പെട്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി സർ അറിയുന്നതിന് അങ്ങയുടെ സമക്ഷം ഇതു എത്തുന്നതിനു വേണ്ടി ഒരു തുറന്ന കത്ത്...... സർ എന്റെ പേര് വിമൽ. വി എന്നാണ് സാർ ഞാൻ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ HDS. ന്റെ കീഴിൽ ജോലി ചെയ്യുന്ന മോർച്ചറി അറ്റെൻഡർ ആണ് സാർ...
എന്റെ വിഷയം സാർ നമ്മുടെ കുഞ്ഞുങ്ങൾക്ക് ആഴ്ചയിൽ ഒരു ദിവസം കൗൺസലിംഗ് ക്ലാസും കൂടാതെ പാരന്റ്സ് മീറ്റിങ്ങും വെക്കണം കാരണം സാർ ദിവസവും ഒരുപാട് മൃത ശരീരങ്ങൾ കണ്ടു മനസു മരടിച്ചു പോകാറുണ്ട് ഞങ്ങൾ കരയാറില്ല എന്നാലും പലപ്പോഴും ഞങ്ങൾ കരഞ്ഞു പോകും എന്ത് എന്നു ചോദിച്ചാൽ സാർ ഇപ്പോൾ നമ്മളുടെ കുഞ്ഞു മക്കൾ ദിനം പ്രതി ആത്മഹത്യ ചെയ്യുവാണ് കാരണം വളരെ ലളിതം ആണ് അച്ഛനും അമ്മയും വാങ്ങി കൊടുത്ത മാലയ്ക്കു നീളം കുറവ് ക്രിക്കെറ്റ് കളിച്ചു വന്നിട്ട് കുളിക്കാൻ പറഞ്ഞാൽ അമ്മ വഴക്ക് പറഞ്ഞാൽ പുതിയ മൊബൈൽ വാങ്ങി കൊടുക്കാത്ത കൊണ്ട്. സർ ഇങ്ങനെ കുറെ അധികം വാശികൾ കുഞ്ഞു മക്കളുടെ ജീവൻ എടുക്കുവാന് സർ ഹൃദയ വേദനയോടെ ആണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്.
സാർ ഇന്നും എന്റെ ചൂണ്ടു വിരൽ വിറക്കും കാരണം പോസ്റ്റ്മോർട്ടം കഴിഞ്ഞു കുഞ്ഞുങ്ങൾ ആയാലും മറ്റു പലരും ആയാലും നല്ല വണ്ണം ഒരുക്കി ഉടുപ്പും വസ്ത്രവും ഇട്ട് ഈ വരുന്ന മൃതശരീരങ്ങൾ ഞങ്ങൾ ഒരുക്കി വിടാറുണ്ട്... പക്ഷെ സർ പലപ്പോഴും ഞങ്ങൾ പതറി പോകാറുണ്ട് എനിക്കും ഒരു മകൾ ഉണ്ട് ഇന്ന് അവളെ ഞാനും എന്റെ ഭാര്യയും പൊന്നു പോലെ ആണ് നോക്കുന്നത്.. ഇത് പോലെ ആണ് എല്ലാ അച്ഛൻമാരും അമ്മയും കുഞ്ഞുങ്ങളെ നോക്കുന്നത് എന്നും എനിക്ക് അറിയാം സാർ എനിക്കും അവർക്കും അവരെ വളർത്തി വലുതാക്കി അവർക്കു വേണ്ടി ജീവിക്കാനേ അറിയൂ സാർ ഇത് അങ്ങേക്കും പൊതുവെ ഈ എഴുത്തു കാണുന്ന എല്ലാവർക്കും വേണ്ടി ആണ് ഇന്ന് ഇത് എഴുതാൻ കാരണം 13 വയസ് ഉള്ള കുഞ്ഞു ഇന്നും തൂങ്ങി മരിച്ചു സാർ ഇത് ഒരു റിക്വസ്റ്റ് ആയി സ്വീകരിച്ചു വേണ്ട നടപടി കൈ കൊള്ളണം എന്നു വിനീതമായി അപേക്ഷിക്കുന്നു
എന്നു വിമൽ. വി വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ. ആലപ്പുഴ 9400364681
ഈ എഴുത്തു കാണുന്നവർ പറ്റും എങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക നമ്മുടെ മക്കൾ നമ്മൾടെ കൂടെ ചിരിച്ചു സന്തോഷിച്ചു ജീവിക്കട്ടെ അവരെ പെടു മരണത്തിനു വിട്ടു കൊടുക്കാതെ നമുക്ക് ചേർത്ത് പിടിക്കാം സ്നേഹപൂർവ്വം വിമൽ. വി. നളന്ദ..............