നാടിനും വീടിനും പൊന്നോമനയായവൻ... അനാസ്ഥയിലും അനിവാര്യമായ വിധിയിലും ജീവൻ പൊലിഞ്ഞ വിദ്യാർഥി മിഥുനെ ഓർത്ത് തേങ്ങുകയാണ് നാട്. സ്കൂളിലെ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥിയായ മിഥുനെ മരണം കവർന്നത്. സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് മിഥുന് ഷോക്കേറ്റത്. ഇലക്ട്രിക് ലൈൻ താഴ്ന്നു കിടന്നതും ദുരന്തത്തിന്റെ കാരണമായി.
ഇപ്പോഴിതാ കൂട്ടുകാരൻ മരണത്തിന് കീഴടങ്ങുന്നതിന് സാക്ഷിയാകേണ്ടി വന്ന പത്താം ക്ലാസ് വിദ്യാർഥിയുടെ വാക്കുകളും ഹൃദയഭേദകമാണ്.
‘രാവിലെ ഏതാണ്ട് എട്ടരയോടെയാണ് സംഭവം. മിഥുൻ ഇവിടെ ഫുട്ബോൾ കളിക്കുകയായിരുന്നു. അതിനിടെ ചെരുപ്പ് ഷെഡിനു മുകളിൽ വീണു. അതെടുക്കാൻ കയറിയപ്പോൾ ഷോക്കടിക്കുകയായിരുന്നു. ഞാൻ കാണുമ്പോൾ അവൻ വൈദ്യുതിക്കമ്പിയിൽ കിടക്കുകയായിരുന്നു. വായിൽനിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. വല്ലാത്തൊരു അവസ്ഥയായിരുന്നു. എല്ലാവരും രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു’– വിദ്യാർഥിയുടെ വാക്കുകൾ.
‘‘രാവിലെ ട്യൂഷൻ കഴിഞ്ഞ് ബസ് കയറി പോയതാണ്. സമയം പോയി എന്നു പറഞ്ഞാ അവൻ പോയത്. ഇപ്പോ ദേ പോയെന്നു പറയുന്നു.. എന്തു പറയാനാ. എങ്ങനെ സംഭവിച്ചെന്നൊന്നും അറിയില്ല.’’– മിഥുന്റെ പിതാവിന്റെ സഹോദരൻ കണ്ണീരോടെ പറഞ്ഞു.
സ്കൂൾ ഷെഡിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിച്ചപ്പോഴാണ് മിഥുന് ഷോക്കേറ്റതെന്നാണ് വിവരം. വൈദ്യുതി ലൈൻ താഴ്ന്നു കിടക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി.
രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ക്ലാസ് ആരംഭിക്കുന്നത് 9 മണിക്കു ശേഷമാണ്. അതിനു മുന്‍പു കുട്ടികൾ മൈതാനത്ത് കളിക്കുകയായിരുന്നു. ഇതിനിടെ മിഥുന്റെ ചെരുപ്പ് സൈക്കിൾ ഷെഡിനു മുകളിലേക്ക് വീണു. അതെടുക്കാൻ കയറിയപ്പോഴാണ് ഷോക്കേറ്റത്.