ADVERTISEMENT

ഉത്ര, വിസ്മയ, വിപഞ്ചിക, അതുല്യ... ഇനിയും എത്ര പെൺകുട്ടികളുടെ ജീവൻ പൊലിഞ്ഞാലാണ് പ്രബുദ്ധ മലയാളിയുടെ കണ്ണുതുറക്കുക. ഭർതൃവീട്ടിൽ നരകതുല്യമായ വേദന അനുഭവിച്ച് ഒടുവിൽ എല്ലാം ഈ മണ്ണിൽ ബാക്കിവച്ച് മരണത്തിൽ അഭയം പ്രാപിക്കുന്നവരുടെ എണ്ണം ഒന്നിലോ രണ്ടിലോ ഒടുങ്ങുന്നില്ല. അനുഭവിക്കാനുള്ളതെല്ലാം അവരുടെ വിധിയാണെന്ന് നിസംഗമായി കരുതുന്ന കാർന്നോമ്മാരുടെ കാലത്ത് ചില സുപ്രധാന കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് അനി അനു. ഭർത്താവിന്റെ പീ‍ഡനങ്ങളും വൈകൃതങ്ങളും വീട്ടുകാരെ അറിയിക്കുമ്പോൾ ‘അഡ്ജസ്റ്റ് ചെയ്യ്...’ എന്ന് പറയുന്ന ദയനീയമായ അവസ്ഥ അനി ഓർമിപ്പിക്കുന്നു.

‘ഭർത്താവിനെ ചേർത്തു പിടിച്ചു അഭിനയിച്ചാൽ കുറെ സെൽഫിയും സോഷ്യൽ മീഡിയയിൽ ഇട്ടാൽ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ ആകില്ല.. ഇനി അഥവാ കെട്ടിയാടുന്ന വേഷം കോമാളിയുടെ ആണെങ്കിൽ അത് അഴിച്ചു മാറ്റാൻ മാറ്റാരുടേം ആവശ്യം ഇല്ല. ആരെയും ലൈഫ് ലോങ്ങ്‌ ബോധിപ്പിക്കേണ്ട ആവശ്യവുമില്ല..സ്വയം കുരുതി കൊടുക്കേണ്ട കാര്യമില്ല...’– അനി കുറിക്കുന്നു.

ADVERTISEMENT

പീഡനങ്ങളും വേദനകളും ആവോളം സഹിച്ച് ഒടുവില്‍ വിഷക്കുപ്പിയിൽ എല്ലാം അവസാനിപ്പിച്ച സ്വന്തം അമ്മയുടെ അനുഭവം കൂടി ചേർത്തുവച്ചാണ് അനിയുടെ വികാരനിർഭരമായ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ADVERTISEMENT

വിസ്മയ, വിപഞ്ചിക, അതുല്യ അങ്ങനെ ഈ പാവം പെൺകുട്ടികളുടെ ജീവൻ പൊലിഞ്ഞത്, സ്ത്രീധനം കൂടുതൽ കൊടുത്തത് കൊണ്ട് തന്നെയാണ്...

കൂടാതെ, ഓരോ സങ്കടങ്ങൾ വീട്ടിലേയ്ക്ക് വിളിച്ചു പറയുമ്പോൾ, അഡ്ജസ്റ്റ് ചെയ്യ്, ഇല്ലെങ്കിൽ സമൂഹത്തിന്റെ മുമ്പിൽ നാണം കെടും എന്ന് പറഞ്ഞു ഇവരെ കൊലയ്ക്ക് കൊടുത്ത വീട്ടുകാരെ ആണ് ആദ്യം പ്രതികൾ ആക്കേണ്ടത്. ഇക്കാര്യം ഞാൻ വിസ്മയ മരിച്ച സമയത്തു തന്നെ പറഞ്ഞിരുന്നു.

ADVERTISEMENT

സ്വന്തം പെണ്മക്കൾക്ക് ആൺ തുണയോടെ ജീവിക്കാൻ കാശു കൊടുത്തു ഒരു പുരുഷനെ മേടിക്കുമ്പോൾ, അവൻ ഡിമാൻഡുകൾ പിന്നേയും പിന്നേയും വെച്ചുവെങ്കിൽ നിങ്ങൾ മാതാപിതാക്കൾ തന്നെയാണ് ആദ്യ കുറ്റക്കാർ. ആ താല്പര്യമില്ലാത്ത ജീവിതത്തിന് മകളെ പ്രേരിപ്പിച്ചവർ നിങ്ങളാണ്. കൊലയ്ക്ക് കൊടുത്തത് നിങ്ങൾ ആണ്..

ഒന്നും വിചാരിക്കരുത് ഷാർജയിൽ മരിച്ച രണ്ടു സഹോദരികളോടും എനിക്കു സഹതാപം ഇല്ല. ക്ഷമിക്കുക അവർക്ക് വേറൊരു വഴി തിരഞ്ഞെടുക്കാമായിരുന്നല്ലോ എന്ന വേദനയാണ് കാരണം ഒരൊറ്റ ഫോൺ കോളിലോടെ ഷാർജ പോലീസിനെ അറിയിച്ചിരുന്നെങ്കിൽ, നിങ്ങൾ ജീവനോടെ ഇന്നും ഉണ്ടായിരുന്നേനെ..സമൂഹത്തിനു നല്ലൊരു മെസ്സേജ് കൊടുക്കുവാൻ കഴിഞ്ഞേനെ.. ഇനി ഒരു പെണ്ണിനെ തൊടാൻ ഒരു ആണിന്റേം കൈ പൊങ്ങില്ലായിരുന്നു..

എന്തൊക്കെയോ കാണാതെ പഠിച്ചു, കുറെ മാർക്കുകൾ മേടിച്ചു, കുറെ സർട്ടിഫിക്കറ്റുകൾ സമ്പാദിച്ചാൽ ജീവിത വിജയം ആകില്ല..ഭർത്താവിനെ ചേർത്തു പിടിച്ചു അഭിനയിച്ചാൽ കുറെ സെൽഫിയും സോഷ്യൽ മീഡിയയിൽ ഇട്ടാൽ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ ആകില്ല.. ഇനി അഥവാ കെട്ടിയാടുന്ന വേഷം കോമാളിയുടെ ആണെങ്കിൽ അത് അഴിച്ചു മാറ്റാൻ മാറ്റാരുടേം ആവശ്യം ഇല്ല. ആരെയും ലൈഫ് ലോങ്ങ്‌ ബോധിപ്പിക്കേണ്ട ആവശ്യവുമില്ല..സ്വയം കുരുതി കൊടുക്കേണ്ട കാര്യമില്ല..

എല്ലാ സുഖസൗകര്യങ്ങളിലും വളർന്നവരാണ് പിടിച്ചു നിൽക്കാൻ കഴിയാതെ സ്വയം മരിക്കുന്നത്.. അതിന് കാരണക്കാർ അവരവരുടെ മാതാപിതാക്കളും..ഉറ്റ സുഹൃത്തുക്കളും തന്നെ ആണ്..

ചാച്ചന്റെ അടിയും, ഇടിയും സഹിച്ചു, എല്ലു മുറിയെ പണിയെടുത്തു മക്കളെ ഒറ്റയ്ക്ക് വളർത്തിയ എന്റെ അമ്മച്ചി, ചാച്ചനെ തോൽപ്പിക്കാൻ നെഞ്ചും വിരിച്ചു മരണത്തിലേക്ക് ഇറങ്ങി പോയിട്ട് 36 കൊല്ലമായി എല്ലാ ദുരിതങ്ങളും അനുഭവിച്ച അമ്മച്ചി പെട്ടെന്നൊരു ദിവസം തോന്നാ ബുദ്ധി ചെയ്തതല്ല. പലവട്ടം അമ്മവീട്ടിൽ പോയി പറഞ്ഞു. കുറച്ച് നാൾ ഞങ്ങൾ മക്കളെ ഒക്കെ കൂട്ടി അമ്മ വീട്ടിൽ പോയി താമസിച്ചു.പിന്നെ ചാച്ചൻ വന്നു വിളിച്ചപ്പോൾ കൂടെ പോയി. കെട്ടിയ താലിമാല പോലും വിറ്റ് ചാച്ചൻ കള്ളു കുടിച്ചപ്പോൾ, ചോര നീരാക്കി കൂലിപ്പണി എടുത്തു അമ്മച്ചി പിന്നേയും അടുത്ത താലിമാല വാങ്ങി അമൂല്യമായ ദാമ്പത്യ ബന്ധത്തെ ആ മാലയിൽ കോർത്തിട്ടു.. ചാച്ചൻ ആ പുതിയ മാലയും എടുത്തു കള്ളു കുടിക്കാതെ ഇരിക്കാൻ മാറി മാറി കടുക്‌ പാത്രത്തിലും, മല്ലി പാത്രത്തിലും ഇട്ടു വെച്ചു. എന്നിട്ടും അതെടുത്തു ചാച്ചൻ.. ആ ഒരൊറ്റ കാരണത്താൽ ആണ് 1989 ജൂൺ 2 നു എന്റെ അമ്മച്ചി വിഷം കുടിച്ചു മരിച്ചത്.

പലവട്ടം പോലീസിൽ പരാതി കൊടുത്തു, ഒരിക്കൽ ബന്ധം വേർപെടുത്താൻ ഒപ്പിട്ടു കൊടുത്തിട്ട് കൂത്താട്ടുകുളം പോലീസ് സ്റ്റേഷന്റെ അടുത്തുള്ള ചായക്കടയിൽ ഇരുന്ന് രണ്ടു പേരും ചായ കുടിച്ചു കൊണ്ട്, ഇനി രണ്ടു വഴി എന്ന മട്ടിൽ മനസ്സിൽ വെല്യ തീരുമാനം എടുത്തിട്ടും, ചായ കുടിച്ചു പുറത്തിറങ്ങിയപ്പോൾ ചാച്ചന്റെ രാജദൂത് ബൈക്കിന്റെ പുറകിൽ കേറിയിരുന്നു അമ്മച്ചി വീട്ടിൽ പോന്നു..

ഞാൻ ഇന്നാളും കൂടി കുഞ്ഞമ്മാവനോട് ചോദിച്ചു ചാച്ചൻ ദ്രോഹിക്കുന്ന കാര്യം ഒക്കെ അമ്മച്ചി എപ്പോഴും പറയുമ്പോൾ ഒരിക്കലെങ്കിലും ഇവിടെ മണ്ണത്തൂർ വീട്ടിൽ (അമ്മ വീട്) നിന്നോ ചാച്ചി എന്ന് എന്തു കൊണ്ടാ പറയാത്തത്. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അമ്മച്ചി ഇന്ന് ഉണ്ടാകുമായിരുന്നില്ലേ.. ഇന്നെനിക്കു ഇതു പോലെ അനുഭവിക്കണമായിരുന്നോ.. എന്നെ ഒന്ന് കേൾക്കാൻ എങ്കിലും അമ്മച്ചി ഉണ്ടാകുമായിരുന്നില്ലേ...

വാവിട്ടു കരഞ്ഞു പതം പറയുന്ന എന്റെ സങ്കടം കണ്ടപ്പോൾ കുഞ്ഞമ്മാവൻ പറഞ്ഞു " എത്ര വട്ടം ഞാൻ പറഞ്ഞതാ, വീട്ടിൽ കൊണ്ടു വന്ന് നിർത്തിയതാ.. ഒന്നുകിൽ വന്നിട്ട് നേരത്തോട് നേരം ആകണേനും മുമ്പേ ചാച്ചി തന്നെ തിരിച്ചു പോകും. അല്ലേൽ അളിയൻ വന്നു വിളിക്കുമ്പോൾ കൂടെ പോകും."

ലോകം എത്ര വികസിച്ചാലും നമ്മുടെ പെണ്ണുങ്ങൾക്ക്‌ ഒരു പ്രശ്നം ഉണ്ട്. പിണങ്ങി മാറി നിൽക്കുമ്പോൾ കൂടെ കഴിഞ്ഞ ആണൊരുത്തൻ, അല്ലെങ്കിൽ മക്കളുടെ അപ്പൻ എത്ര തെമ്മാടിത്തരം കാണിച്ചാലും, തല്ലിയാലും, തെറി വിളിച്ചാലും, കൊല്ലാക്കൊല ചെയ്താലും അവർ വന്ന് വിളിക്കുമ്പോൾ കൂടെയിറങ്ങി പോകും..എപ്പോൾ എങ്കിലും ഇച്ചിരെ സ്നേഹം, കരുതൽ കിട്ടിയേക്കും എന്ന അടങ്ങാത്ത കൊതിയാൽ പിന്നെ എല്ലാം അങ്ങ് സ്വയം ക്ഷമിക്കും, സഹിക്കും... എന്നിട്ട് വീരേതിഹാസ പട്ടം സ്വയമങ്ങു ചാർത്തി ജീവിച്ചു തീർക്കും..അല്ലെങ്കിൽ പൊരുതി തോൽക്കുന്നത് ഞാൻ good book ൽ പേര് സമ്പാദിച്ചല്ലോ എന്ന കൃതാർത്ഥതയോടെ ആവട്ടെ എന്ന മട്ടിൽ മരണത്തെ ഇറുക്കെ പിടിച്ചു കടന്നു പോവും... ബാക്കിയൊക്കെ ജീവിച്ചിരിക്കുന്ന മക്കൾ അനുഭവിക്കുന്നത്.

മക്കളുടെ വിധി

അതുകൊണ്ട്, ഒറ്റപ്പെട്ടു പോയി, തകർന്നു പോയി, കൺമുന്നിൽ ആത്മഹത്യയല്ലാതെ വേറൊരു വഴി ഇല്ലെന്ന് ഇനിയും ചിന്തിക്കാൻ പോകുന്ന പെൺകുട്ടികളേ, ഭർത്താവിനെ മാനുഷനാക്കാൻ സ്വന്തം ജീവൻ വരെ തുല്യം വച്ചു കൊണ്ട്, ജീവിതമെന്ന അദ്ധ്യായത്തിലെ സ്നേഹവും , കരുണയും ഒക്കെ നിറഞ്ഞ പാഠങ്ങൾ തന്റെ മരണ ശേഷവും പഠിപ്പിക്കാൻ, ഇനിയും സ്വയം കുരുതി കൊടുക്കാൻ ശ്രമിക്കുന്ന അമ്മമാരേ..

നിങ്ങളോട് ഒരു വാക്ക്:-

നിങ്ങൾ മരിച്ചാൽ ഒന്നും ഒരു കാമുകനും, ഭർത്താവും ഒരു പാഠവും പഠിക്കില്ല. ജീവിതകാലം ദുരിതം അനുഭവിക്കുന്നത് പാവം കുട്ടികൾ മാത്രം ആണ് സാമ്പത്തിക ഭദ്രതയും, ജോലിയും ഉണ്ടായിട്ടും നരക ജീവിതത്തിൽ തുടരുന്നത് നിങ്ങളുടെ കഴിവുകേടാണ് പെണ്ണുങ്ങളേ..ഇറങ്ങി പോകൂ.. ആരുമില്ലെങ്കിലും ഒറ്റയ്ക്ക് ജീവിക്കാനുള്ള ആർജ്ജവം സാമ്പാദിക്കൂ...

എന്റെ അമ്മച്ചി പറഞ്ഞിരുന്നത് പോലെ, "ചത്ത്‌ പതിനാറ് കഴിയുന്നേനു മുമ്പേ അവർ പെണ്ണും കെട്ടി സുഖമായി ജീവിക്കും"..നിങ്ങൾ മരിച്ചാലും നിങ്ങളുടെ ഭർത്താവിന്റെ ഉള്ളിൽ നിങ്ങളോട് ദീനാനുകമ്പ എന്നത് ഉണ്ടാകില്ല...കാരണം കാശു കൊടുത്തു നിങ്ങൾ മേടിച്ചതാണ് ആ so called ഭർത്താവിനേം അവന്റെ കാടത്തം നിറഞ്ഞ സ്വഭാവത്തേയും...അതിനെ നന്നാക്കാൻ ശ്രമിച്ചു പരാജയപ്പെടുമ്പോൾ തിരഞ്ഞെടുക്കേണ്ടത് ആത്മഹത്യ അല്ല...

ഒരു നിയമവും അവരെ ശിക്ഷിക്കില്ല..അവർ നന്നാകില്ല.. അതുകൊണ്ട് അമിത പ്രതീക്ഷ ഒഴിവാക്കൂ.. ആർക്കും ആരും ഇമ്പോർട്ടന്റ് അല്ല എന്നൊന്ന് മനസ്സിലാക്കൂ.. ജീവിത യാഥാർഥ്യങ്ങളെ ഉൾക്കൊള്ളൂ.. ഓരോ അമ്മയുടേം നഷ്ട്ടം അവരവരുടെ മക്കൾക്ക്‌ മാത്രം ആണെന്ന് മനസ്സിലാക്കൂ.. ജീവിക്കാൻ വേണ്ടി സമൂഹത്തിൽ നാനാവിധ തൊഴിലുകൾ ചെയ്യുന്ന സ്ത്രീകളെ മാതൃകയാക്കൂ ചില അമ്മമാർ മരിക്കുമ്പോൾ മക്കളെയും കൂടെ കൊണ്ടു പോകുന്നതും അമ്മയില്ലാതെ അവർ വേദനിക്കേണ്ട എന്നും കരുതിയാവും അതൊരു നീതിയില്ലാത്ത നീക്കം തന്നെയാണ്...

കേരളത്തിലെ മീഡിയക്കാരോട് കൂടിയൊരു വാക്ക്:-

വിവാഹിതരായ സ്ത്രീകൾ ആത്മഹത്യ ചെയ്തു കഴിഞ്ഞ് നിങ്ങൾ മീഡിയക്കാർ വാക്ധോരണിയോടെ റീച്ച് കൂട്ടിയാൽ ഒരു സ്ത്രീ ജീവിതത്തിന്റെ നഷ്ട്ടം നികത്താൻ കഴിയില്ല... ജീവിക്കാൻ ഒരു രീതിയിലും വയ്യ എന്ന് തോന്നിയാൽ ധൈര്യമായി മീഡിയയെ സമീപിക്കൂ എന്ന് പറയാൻ കേരളത്തിലെ മീഡിയക്കാർ തയ്യാർ ആകണം സാമൂഹ്യ പ്രതിബന്ധത എന്നൊന്ന് ഉണ്ടെങ്കിൽ അതുപോലെ നമ്മുടെ വിദ്യാഭ്യാസ രീതിയിൽ, നിയമ വ്യവസ്ഥയിൽ ഒക്കെ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

എന്ന് കാലാ കാലങ്ങളിൽ ഈ ദുരിതങ്ങളൊക്കെ നേരിട്ടു കണ്ടതും, അനുഭവിച്ചവളും, ഇപ്പോഴുമാ ഒറ്റപ്പെടൽ അനുഭവിക്കുന്നതും ആയ ഈ ഞാൻ...

ADVERTISEMENT