വളരെ ശരിയാണ്, ഈ രണ്ടു ചിത്രത്തിലുമുള്ളത് അഷിത തോമസ് എന്ന തൊടുപുഴക്കാരിയാണ്. പക്ഷേ, ഇവ തമ്മിൽ മൂന്നു വർഷത്തെ അകലമുണ്ടെന്നു മാത്രം.
ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് അവാർഡ് പ്രകടനത്തോടെ പാസ്സായി വന്ന അഷിത ഏഴു വർഷം മുൻപാണു കൊച്ചിയിൽ സ്വന്തം ബുട്ടീക് തുടങ്ങിയത്. ഒരു വർഷത്തിനിപ്പുറം 70 ലക്ഷം രൂപ മുടക്കിയ സംരംഭം പൂട്ടിക്കെട്ടി അച്ഛനമ്മമാരുടെയടുത്തേക്ക് അഷിത തിരിച്ചുപോയി. ജീവിതത്തിലും ചില തിരിച്ചടികളുമുണ്ടായി ആ ഘട്ടത്തിൽ.
സമ്മർദത്തെ അതിജീവിക്കാൻ അഷിത കൂട്ടുപിടിച്ചതു ഭക്ഷണത്തെ. 48 കിലോഗ്രാമിൽ നിന്നു ഭാരം എഴുപതിലേക്ക് അടുത്തപ്പോഴാണ് അഷിത ആ നിർണായക തീരുമാനമെടുത്തത്. ആരോഗ്യവും മനസ്സും വീണ്ടെടുക്കണം. അങ്ങനെ മൂന്നു വർഷത്തിനിപ്പുറം 46 കിലോഗ്രാമിലെത്തി. ആ രോഗ്യം വീണ്ടെടുത്ത അഷിത, പുതിയ സംരംഭത്തിലൂടെ നഷ്ടപ്പെട്ടതൊക്കെയും തിരിച്ചു പിടിച്ചുതുടങ്ങി. ആ കഥ ഇങ്ങനെ.
മോഹിച്ച കരിയറിലേക്ക്
തൊടുപുഴയിൽ ഫാർമസ്യൂട്ടിക്കൽ ബിസിനസ് നടത്തുന്ന തോമസ് മാത്യുവിന്റെയും ലൗലിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് അഷിത തോമസ്. അമ്മ ബ്ലൗസും ചുരിദാറുമൊക്കെ തയ്ക്കുന്നതു കണ്ടു കുട്ടിക്കാലത്തു തന്നെ മനസ്സിൽ കൂടിയതാണ് ഡിസൈനർ സ്വപ്നം. ‘‘അഞ്ചാം ക്ലാസ്സിൽ വച്ചു തന്നെ സ്വന്തമായി പാറ്റേൺ വെട്ടിയെടുത്തു തയ്ക്കാൻ പഠിച്ചു. അന്നേ ആരു ചോദിച്ചാലും പറയുമായിരുന്നു വലുതാകുമ്പോൾ ഫാഷൻ ഡിസൈനർ ആകുമെന്ന്.
തൊടുപുഴ വിമല സ്കൂളിൽ നിന്നു പ്ലസ്ടു പാസ്സായ പിറകേ നിഫ്റ്റിൽ അപേക്ഷിച്ചു. ചെന്നൈയിലാണു ഫാഷൻ ഡിസൈനിങ്ങിന് അഡ്മിഷൻ കിട്ടിയത്. നാലു വർഷം രസിച്ചാണു പഠിച്ചത്.
കരിയറും പഠനവും ഇഷ്ടമുള്ളതു കൊണ്ടു തന്നെ പഠനമികവിന് അവാർഡു വാങ്ങി പാസ്സായി. ഡെർബി എന്ന മെൻസ്‌വെയർ ബ്രാൻഡിലാണ് ആദ്യം ജോലി ചെയ്തത്. പിന്നെയൊരു കോളജിൽ അധ്യാപികയായി. ആ സമയത്തായിരുന്നു വിവാഹം. പ്രണയവിവാഹമായിട്ടും അദ്ദേഹം മറ്റൊരു മതസ്ഥൻ ആയിരുന്നിട്ടും പപ്പയും അമ്മയും സന്തോഷത്തോടെയാണു സമ്മതം മൂളിയത്.
കല്യാണം കഴിഞ്ഞു ഞങ്ങൾ കൊച്ചിയിൽ താമസമാക്കി. ആത്രേയി എന്ന പേരിൽ ബുട്ടീക് തുടങ്ങിയത് എന്റെ ഡിസൈനർ സ്വപ്നം പൂവണിയും പോലെയായിരുന്നു. ഓൺലൈനിൽ ആയിരുന്നു വിൽപന. സ്റ്റിച്ചിങ് യൂണിറ്റിനു വേണ്ടി ഒരു വീടും വാടകയ്ക്കെടുത്തു.

ഇഴ ചേരാത്ത ജീവിതം
ഇതിനിടയിൽ എപ്പോഴോ ഞങ്ങൾക്കിടയിൽ ചില പ്രശ്നങ്ങൾ വന്നു. ഒന്നിച്ചുപോകാൻ അഭിപ്രായവ്യത്യാസങ്ങൾ തടസ്സമായി. പിരിയുന്നതാണു രണ്ടു പേർക്കും നല്ലത് എന്നു തോന്നിയ ഘട്ടത്തിൽ അദ്ദേഹം വീട്ടിലേക്കു തിരിച്ചുപോയി. വിവാഹജീവിതം ഒന്നാം വാർഷികം ആഘോഷിച്ച പിറകേയായിരുന്നു അത്. ബൂട്ടിക്കും ജോലിയുമൊക്കെ മാനേജ് ചെയ്യാനാകാതെ ഞാൻ പ്രയാസപ്പെട്ടു. അമ്മയാണു കൊച്ചിയിലേക്കു കൂട്ടായി വന്നത്.
അടുത്ത മാസം വാടക കൊടുക്കുന്നതിനു മുൻപു വീ ടൊഴിയണമെന്ന ലക്ഷ്യത്തോടെ സാധനങ്ങളെല്ലാം വാരിക്കെട്ടി തൊടുപുഴയിലേക്ക്. അപ്പയുടെ പഴയ ഓഫിസ് കെട്ടിടത്തിൽ യൂണിറ്റ് പ്രവർത്തനം തുടങ്ങി. പക്ഷേ, കോവിഡ് വന്നതോടെ അതും നിർത്തേണ്ടി വന്നു. അപ്പ തന്ന 70 ലക്ഷം രൂപ കൊണ്ടാണു ബുട്ടീക് തുടങ്ങിയതും സാധനങ്ങൾ വാങ്ങിയതും. അതു മടക്കി കൊടുക്കാനാകാതെ സാധനങ്ങൾ കെട്ടിക്കിടന്നു നശിക്കാൻ തുടങ്ങി. ചെറുപ്പം മുത ലുള്ള സ്വപ്നം കൺമുന്നിൽ തകരുന്നതു കണ്ടു ഞാൻ പ തിയെ ഡിപ്രഷനിലേക്കു പോയി.
സമ്മർദം തോന്നുമ്പോൾ ഭക്ഷണത്തിലാണ് ആശ്വാസം കണ്ടെത്തിയത്. കാക്കനാട്ടെ ഫ്ലാറ്റിലേക്ക് എപ്പോഴും ഓ ൺലൈൻ ഫൂഡ് ഡെലിവറിക്ക് ആളു വരും. ഒരു ബിരിയാണി കഴിച്ചാൽ പോലും വിശപ്പ് മാറില്ല. കല്യാണം കഴിഞ്ഞ സമയത്തു 48 കിലോഗ്രാമായിരുന്നു ഭാരം. അതു കൂടിക്കൂടി എഴുപതോളമെത്തി.
ശരീരം വണ്ണം വച്ചെങ്കിലും ഒട്ടും ആരോഗ്യമില്ലാത്ത അവസ്ഥയായി. രാവിലെ എഴുന്നേറ്റു പല്ലു തേക്കാൻ പോലും മടി. കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ആ അവസ്ഥ അനുഭവിച്ചവർക്കു വളരെ ഭീകരമായി തോന്നും. അത്രമാത്രം മനസ്സു മടുത്തു. വീട്ടിൽ തനിച്ചിരുന്നു സങ്കടപ്പെടുന്നത് ഒഴിവാക്കാൻ അപ്പയാണ് ആ ഐഡിയ തന്നത്, ഫാർമസ്യൂട്ടിക്കൽ ബിസിനസിൽ സഹായിക്കാമല്ലോ. അങ്ങനെ അപ്പയ്ക്കൊപ്പം ഓഫിസിലേക്കു പോകാൻ തുടങ്ങി. ബിസിനസ്സിൽ പാലിക്കേണ്ട അച്ചടക്കം പഠിച്ചത് അവിടെ നിന്നാണ്. ഒരു ജോലി തീരാതെ അടുത്തതിലേക്കു കടക്കാൻ പാടില്ല. പാതി മനസ്സോടെ ജോലി ചെയ്യാനുമാകില്ല.
മാനസികപ്രശ്നങ്ങൾ സഹിക്കാനാകാതെ മനഃശാസ്ത്ര വിദഗ്ധനായ ഡോ.സി.ജെ. ജോണിനെ കണ്ടതു വ ലിയ മാറ്റം ഉണ്ടാക്കി. അദ്ദേഹമാണു മനസ്സിലെ പല അലട്ടലുകൾക്കും ഉത്തരം തേടാൻ സഹായിച്ചത്. ജീവിതത്തിൽ പെട്ടെന്ന് ഒറ്റയ്ക്കായതിന്റെ ഷോക്ക് ഉണ്ടായിരുന്നെങ്കിലും ഒറ്റയ്ക്കു ജീവിക്കുമ്പോഴാണ് ഹാപ്പിയായി ഇരിക്കുന്നതെന്ന തിരിച്ചറിവു വന്നു. മുൻപു വണ്ണം കുറയ്ക്കാൻ ജിമ്മിൽ ചേർന്നെങ്കിലും തുടരാനായിരുന്നില്ല.
കോടതി വഴി വിവാഹമോചനം ലഭിച്ചതോടെ മൂന്നു വർഷം കൊണ്ടുമനസ്സു മാത്രമല്ല ശരീരവും നഷ്ടപ്പെടുത്തി എന്ന ചിന്ത വന്നു. അങ്ങനെയാണ് ഓൺലൈനായി ട്രെയ്നറെ തേടിയത്. കോട്ടയത്തെ ടീനയെ കണ്ടെത്തിയതോടെ വീട്ടിലിരുന്നു വർക് ഔട്ട് തുടങ്ങി.
ഒരു യെമണ്ടൻ തിരിച്ചറിവ്
മുൻപ് ഇൻസ്റ്റഗ്രാമിൽ കേളി ഹെയർ റുട്ടീൻ ഒക്കെയായി ചില വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ, ഫിൽറ്റർ ഇടാതെ ഫോട്ടോ പോലും എടുക്കാൻ മടിയായിരുന്നു. മുഖത്തും നിറയെ കുരുക്കളും പ്രശ്നവും. അതൊക്കെ മ നസ്സു മാറ്റിയതിൽ ഘടകങ്ങളായി.
ആയിടയ്ക്കാണു മുടി കളർ ചെയ്യാൻ സലൂണിൽ പോയത്. അതു മറ്റൊരു യെമണ്ടൻ തിരിച്ചറിവാണു തന്നത്. ഞാൻ സെലക്ട് ചെയ്ത നിറം പക്ഷേ, ചെയ്തുവന്നപ്പോ ൾ ഒട്ടും ഇണങ്ങുന്നില്ലെന്നു മാത്രമല്ല ആകെ ക്ഷീണിച്ച ലുക്കാണു തരുന്നത്. കാരണം കണ്ടുപിടിക്കാനായി ഗൂഗിൾ ചെയ്തപ്പോഴാണ് കളർ അനാലിസിസ് എന്ന പ്രക്രിയയെ അടുത്തു പരിചയപ്പെട്ടത്.
ഡിസൈനിങ്ങിൽ കളർ തിയറിയൊക്കെ പഠിക്കുമെങ്കിലും നിറങ്ങൾ എങ്ങനെ മനുഷ്യരുടെ സ്കിൻ ടോണുമായി ഇണങ്ങുമെന്നൊന്നും ആഴത്തിൽ പഠിക്കുന്നില്ല. ഓരോരുത്തരുടെയും ചർമത്തിലെ അണ്ടർടോൺ അനുസരിച്ച് ചേരുന്ന നിറങ്ങളും വ്യത്യാസപ്പെടുമെന്നു പഠിച്ചതോടെ സ്റ്റൈലിങ് ചെയ്യാമെന്നു തീരുമാനിച്ചു. പക്ഷേ, വീണ്ടും പണം മുടക്കാൻ അപ്പയോട് ആവശ്യപ്പെടാനും പറ്റില്ലല്ലോ. അതുകൊണ്ട് അനിയത്തിയുടെ ലാപ്ടോപ് കടം വാങ്ങി ജോലി തുടങ്ങി.
ജീവിതം തിരിച്ചുതന്ന നിറങ്ങൾ
2023 ആഗസ്റ്റിൽ അൺസ്റ്റൈൽഡ് എന്ന ബ്രാൻഡ് ലോഞ്ച് ചെയ്തു. എല്ലാവരും സ്റ്റൈൽ ചെയ്യുന്നവരാണ്. പ ക്ഷേ, ആ സ്റ്റൈലിനെ പൊളിച്ചെഴുതിയാണു ഞാൻ തുടങ്ങിയത്. അതുകൊണ്ടാണ് അൺസ്റ്റൈൽഡ് എന്നു പേരിട്ടത്. ഇൻസ്റ്റഗ്രാമിൽ ആദ്യം പോസ്റ്റ് ചെയ്തത് എന്റെ കഥ തന്നെയാണ്. പേഴ്സനൽ കളർ കണ്ടെത്തി സ്റ്റൈലിങ് ചെയ്യുന്ന ആശയം ഇന്ത്യയിൽ തന്നെ അത്ര പോപ്പുലറല്ല. ആദ്യ കുറച്ചു വിഡിയോകൾ ചെയ്തപ്പോൾ ഒരു മാസം കൊണ്ട് ഏതാണ്ട് 500 ഫോളോവേഴ്സായി. അങ്ങനെയിരിക്കെ ബെംഗളൂരുവിൽ നിന്ന് ആദ്യത്തെ എൻക്വയറി വന്നു. സംസാരിച്ചു ഡീൽ ഉറപ്പിച്ചതോടെ അഡ്വാൻസ് അക്കൗണ്ടിലെത്തി. പിന്നെ തുടർച്ചയായി ഓർഡറുകൾ വന്നു.
കളർ അനാലിസിസ്, പേഴ്സനൽ സ്റ്റൈലിങ്, ബ്രൈഡൽ സ്റ്റൈലിങ് എന്നിങ്ങനെ മൂന്നു തരത്തിലാണു സേവനം നൽകുന്നത്. എല്ലാവർക്കും എല്ലാ ചുവപ്പും ചേരില്ലല്ലോ. ഓരോരുത്തർക്കും ഇണങ്ങുന്ന കളർ ഷേഡുകൾ കണ്ടുപിടിക്കുന്ന ഘട്ടമാണ് കളർ അനാലിസിസ്. ഓരോരുത്തരുടെയും ശരീരത്തിന്റെ പ്രത്യേകതകൾ എടുത്തു കാണിക്കാനും മോശമായവ മറയ്ക്കാനും പറ്റുന്ന ഡ്രസ്സ് പാറ്റേണുകൾ കണ്ടെത്തുന്നതാണു പേഴ്സനൽ സ്റ്റൈലിങ്.
വിവാഹത്തിനായി വധുവിനെ തയാറാക്കുന്നതാണു ബ്രൈഡൽ സ്റ്റൈലിങ്. വിവാഹദിനത്തിൽ മുടിയുടെ പാ ർട്ടീഷൻ എടുക്കുന്നതു മുതൽ വിവാഹാഭരണങ്ങളുടെ നിറവും സ്വർണത്തിന്റെ ടോണും ബുട്ടീക്, മേക്കപ് ആർട്ടിസ്റ്റ് എന്നിവർക്കു വേണ്ട നിർദേശങ്ങൾ കൊടുക്കുന്നതുമൊക്കെ അതിൽ പെടും. 2026ൽ വിവാഹം കഴിക്കാനൊരുങ്ങുന്നവരുടെ ഓർഡറാണ് ഇപ്പോൾ എടുക്കുന്നത്. അതുവരെയുള്ള സ്ലോട്ടുകൾ ബുക്കിങ്ങായി.

സന്തോഷം പഠിപ്പിച്ച പൂച്ച
ദിവസം ഒരു മണിക്കൂർ വർക് ഔട്ടാണ് ചെയ്യുന്നതെങ്കിലും ബാക്കി 23 മണിക്കൂറും ഉത്സാഹത്തോടെ ഇരിക്കാനുള്ള ഊർജം അതു തരുന്നുണ്ട്. പല്ലു തേക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ നിന്ന് ഓടിനടന്നു കാര്യങ്ങൾ ചെയ്യാനുള്ള ഉത്സാഹത്തിലേക്ക് മനസ്സും ശരീരവുമെത്തി. ഭക്ഷണനിയന്ത്രണവും നന്നായി ചെയ്യുന്നു.
ജീവിതത്തിലെ സങ്കടദിനങ്ങളിൽ മറ്റൊന്നു കൂടിയുണ്ടായി. ചെന്നെയിൽ അഭിഭാഷകയായ അനിയത്തി അശ്വതി സമ്മാനിച്ച പേർഷ്യൻ ക്യാറ്റ് ഞങ്ങളെ വിട്ടു പോയി. നല്ല മീശയുണ്ടായിരുന്നതു കൊണ്ടു അവനു മംഗലശ്ശേരി നീലകണ്ഠൻ എന്നാണു പേരിട്ടിരുന്നത്. സ്നേഹത്തോടെ നീലു എന്നും വിളിച്ചു. ഞാൻ ജീവിതത്തിലേക്കു കരുത്താർജിച്ചപ്പോൾ സങ്കടപരീക്ഷണമായി അവൻ പോയി. വീണ്ടുമൊരു കൂട്ട് വേണമെന്ന തോന്നലിൽ അതേ ലുക്കുള്ള മറ്റൊരു പൂച്ചയെ തേടി കണ്ടുപിടിച്ചു. ഇവളും പേർഷ്യനാണ്. നീലുവെന്ന പേരിൽ മാറ്റമൊന്നും വരുത്തിയില്ല.
പൂച്ചയുടെ സ്വഭാവത്തിൽ നിന്നാണു ഞാൻ ‘നോ’ പറയാൻ പഠിച്ചത്. പറയുന്നതെല്ലാം അനുസരിക്കുന്നതല്ല സ്നേഹമെന്നു പൂച്ചയ്ക്കറിയാം. തനിച്ചു തീരുമാനമെടുക്കാനും സ്വന്തം സന്തോഷത്തിനു വേണ്ടി സമയം കണ്ടെത്താനും ഇപ്പോൾ എനിക്കുമറിയാം. 70 ലക്ഷം രൂപ നഷ്ടത്തിൽ ബിസിനസ് നിർത്തിയ ഞാൻ പുതിയ ബിസിനസ്സി ൽ ആദ്യ ആറുമാസം കൊണ്ടുതന്നെ നഷ്ടത്തിന്റെ ഒരു പങ്കു തിരിച്ചു പിടിച്ചു. ആരോഗ്യം മാത്രമല്ല, കരിയറും മനസ്സും വീണ്ടെടുത്തതിന്റെ സന്തോഷവും ചെറുതല്ല.’’