വിപഞ്ചികയുടെയും അതുല്യയുടെയും മരണത്തിന്റെ നടുക്കം മാറും മുന്‍പ് പ്രവാസികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം. കണ്ണൂര്‍ തളാപ്പ് അരയക്കണ്ടി സ്വദേശി ഡോക്ടര്‍ ധനലക്ഷ്മിയെ (54) ആണ് അബുദാബി മുസഫയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സദാ പുഞ്ചിരിയുമായി അബുദാബിയിലെ കലാ- സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന ഇവരുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് മലയാളി സുഹൃത്തുക്കള്‍ പറയുന്നു.
ഇപ്പോഴിതാ, ധനലക്ഷ്മിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വേദനയോടെ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരി ശ്രീപാർവ്വതി.
‘എങ്ങനെ ഇത് കാണണം എന്നറിയില്ല. വർഷങ്ങൾക്ക് മുൻപ് ധനലക്ഷ്മിയുടെ ആദ്യ പുസ്തകം ഇറക്കിയത് കണിക്കൊന്ന പബ്ലിക്കേഷൻസ് ആയിരുന്നു.- കനകമുന്തിരികൾ.
കുഞ്ഞ് കുഞ്ഞ് കാരണത്താൽ (ഓർമ്മയില്ല അതെന്താ എന്ന്) പിന്നെ മിണ്ടാതായി. കണിക്കൊന്നയുടെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു ചേച്ചി.
പിന്നെ ബന്ധം മുറിഞ്ഞു, കുഞ്ഞു ഈഗോ, പിണക്കങ്ങൾ ആണെന്ന് തോന്നുന്നു. കക്ഷി എവിടെയോ മറഞ്ഞു. ഇടയ്ക്കിടയ്ക്ക് ഞാൻ എഫ് ബിയിലും ഇൻസ്റ്റായിലും തിരഞ്ഞു, കിട്ടിയില്ല. വളരെ യാദൃശ്ചികമായി ഈ ഞായറാഴ്ച ചേച്ചി ഇങ്ങോട്ട് വന്നു മിണ്ടി, പുസ്തകം എല്ലാം വായിച്ചു, സ്നേഹം അനിയത്തി കുട്ടി എന്ന് പറഞ്ഞു. സന്തോഷം തോന്നി, വർഷങ്ങളായി കൊണ്ട് നടന്ന ഒരു അപൂർണമായ സ്നേഹം മുഴുമിക്കപ്പെട്ട പോലെ സമാധാനം തോന്നി. വർഷങ്ങൾ പഴയ ഈഗോകളെയും പിണക്കങ്ങളെയും കടൽ എന്ന പോലെ എടുത്തു കളയും. എന്തിനാ മിണ്ടാതായേ എന്ന് പോലും ഓർമ തൊടില്ല. സമാധാനം മാത്രം ബാക്കിയാകും. അങ്ങനെ ഒരു നിലയിൽ ഇരിക്കുമ്പോഴാണ് ഈ വാർത്ത.
എന്താ ചേച്ചിക്ക് സംഭവിച്ചത് എന്നറിയില്ല. പ്രശ്നങ്ങൾ ഒന്നും സംസാരിച്ചുമില്ല, പ്രശ്നങ്ങൾ എല്ലാം പതിവ് പോലെ കടന്നു പോകുന്നു എന്ന് മാത്രം പറഞ്ഞു അവസാനിപ്പിച്ചു.
ഇതെന്തൊരു അവസാനിക്കൽ ആയിരുന്നു ചേച്ചി’.– ശ്രീപാർവതി കുറിച്ചു.
അബുദാബി ലൈഫ് കെയര്‍ ആശുപത്രിയില്‍ ഡെന്‍റിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ധനലക്ഷ്മി. പത്തു വര്‍ഷത്തിലേറെയായി യുഎഇയിലാണ് ഡോ. ധനലക്ഷ്മി താമസിക്കുന്നത്. രണ്ടു ദിവസമായി ഫോണില്‍ വിളിച്ചിട്ട് കിട്ടാതെയായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ജീവനറ്റ നിലയില്‍ കണ്ടെത്തിയത്.
രണ്ടു ദിവസമായി ഡ്യൂട്ടിക്കും എത്തിയിരുന്നില്ല. മൃതദേഹം നിലവില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് അനുസരിച്ച് നാട്ടിലെത്തിക്കും. അണ്‍ഫിറ്റഡെന്ന പുസ്തകവും ഡോ. ധനലക്ഷ്മി എഴുതിയിട്ടുണ്ട്.