വർഷം ഒന്നാകുന്നു എന്റെ പ്രിയപ്പെട്ടവർ ഉരുളി ൽ ഒലിച്ചുപോയിട്ട്. അതിനു ശേഷം ഒരു ദിവസമേ ഞാൻ ചൂരൽമലയിലേക്ക് പോയിട്ടുള്ളൂ. അച്ഛന്റെ, അമ്മയുടെ, അനുജത്തിയുടെ മരണാനന്തര ചടങ്ങു നടന്ന 41ാം ദിവസം. പിന്നീടൊരിക്കലും അങ്ങോട്ടു പോകാൻ തോന്നിയിട്ടില്ല.
കുടുംബസ്വത്തായി കിട്ടിയ നാലു സെന്റിലായിരുന്നു ഞങ്ങളുടെ വീട്. കടം വാങ്ങി വീടു വയ്ക്കരുതെന്നായിരുന്നു അച്ഛൻ ശിവണ്ണയുടെ നിർബന്ധം. അതുകൊണ്ട് വീട് പൂർത്തിയാക്കാൻ എട്ടു വർഷമെടുത്തു. ഇപ്പോൾ ആ വീടിരുന്ന സ്ഥാനത്തു വീടിനെക്കാൾ വലിയൊരു പാറ ഇരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്.’’ വയനാട് ചൂരൽമല മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിൽ കുടുംബാംഗങ്ങളെയും വീടും നഷ്ടമായ ശ്രുതിയുടെ വാക്കുകളിലേക്കു മുള്ളു പോലെ നോവിക്കുന്ന തണുപ്പിരമ്പി വന്നു.
2018–ലെ പ്രളയത്തെ അതിജീവിച്ചവരാണു ഞങ്ങൾ. അന്ന് അച്ഛന്റെ തയ്യൽക്കട ഒലിച്ചു പോയി. പക്ഷേ, തയ്യൽ മെഷീനും കെട്ടിവച്ചിരുന്ന തുണികളും കിട്ടി. പിന്നെ, വീട്ടിലിരുന്നായിരുന്നു അച്ഛൻ തയ്ച്ചിരുന്നത്. അമ്മ സബിത പഞ്ചായത്ത് മെംബറായിരുന്നു. സഹോദരി ശ്രേയ. കഷ്ടപ്പാടുകൾ ഒരുപാടുണ്ടായിരുന്നെങ്കിലും സന്തോഷമായാണു ഞങ്ങൾ കഴിഞ്ഞിരുന്നത്. സമാധാനം കളയുന്ന ഒന്നും ചെയ്യരുതെന്നാണ് അച്ഛൻ പഠിപ്പിച്ചിട്ടുള്ളത്. സമ്പാദിക്കാവുന്ന പൈസയ്ക്ക് അനുസരിച്ചു ഘട്ടം ഘട്ടമായി വീടുപണി തീർത്തതു പോലും അതുകൊണ്ടാണ്.

കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണു ഞങ്ങൾ വീടിന്റെ പണി പൂർത്തിയാക്കി പാലു കാച്ചിയത്. അന്നേ ദിവസം മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. എന്റെ വിവാഹനിശ്ചയം. പത്തു വർഷത്തിലേറെ നീണ്ട ഞങ്ങളുടെ പ്രണയം പൂവണിഞ്ഞ ദിവസം. ഞങ്ങൾ കന്നട ഹിന്ദുക്കളും ജെൻസൻ ക്രിസ്തുമത വിശ്വാസിയുമായിരുന്നു.
വിവാഹനിശ്ചയം ഞങ്ങളുടെ ആചാരപ്രകാരവും വിവാഹം ജെൻസന്റെ മതപരമായ ചടങ്ങുപ്രകാരവും നടത്താം എന്നു നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെ വീടിന്റെ പാലുകാച്ചലും വിവാഹനിശ്ചയവും ജൂൺ രണ്ടിനു ഒരുമിച്ചു നടത്തി. എല്ലാം നഷ്ടപ്പെടാൻ പോകുന്ന ഒരുവൾ കുറച്ചു നാൾ സന്തോഷിച്ചോട്ടെ എന്നു വിധി കരുതിയിരിക്കാം.
വിവാഹത്തിന് എട്ടു നാൾ മുൻപേ എന്നെ തനിച്ചാക്കി ജെൻസനും പോയി. ഒരു രാത്രി പെയ്ത മഴയിൽ എനിക്ക് ഉറ്റവരെ നഷ്ടമായി. പകൽ പെയ്ത മഴയിൽ എന്റെ ജെൻസനെയും.
ദുരന്തങ്ങളുടെ ജൂലൈ
കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു എനിക്കു ജോലി. എല്ലാ ആഴ്ചയും വയനാട്ടിലെ വീട്ടിൽ പോകാറില്ല. പക്ഷേ, ആ ആഴ്ച വീട്ടിൽ പോകണമെന്നു തോന്നി. പക്ഷേ, ശക്തമായ മഴ. അത്തരം സാഹചര്യങ്ങളിൽ ചുരത്തിൽ നല്ല ബ്ലോക് ഉണ്ടാകും. ‘ഞാനിന്നു വരുന്നില്ല, മഴ ഉ ടനേ കഴിയുമെന്നു തോന്നുന്നില്ല.’ ഞാൻ അമ്മയെ വിളിച്ചു പറഞ്ഞു. അമ്മയുടെ മറുപടിയിൽ ഭയത്തിന്റെ നിഴലുകൾ ഉണ്ടായിരുന്നു. ‘ഞങ്ങളെല്ലാം പേടിച്ചിരിക്കുകയാണ്. പുഴയിൽ വെള്ളം നിറഞ്ഞു. മഴയുമുണ്ട്.’ അതു കേട്ടപ്പോൾ എനിക്ക് ആധി കൂടി.
രാത്രി വൈകി ഞാൻ അമ്മയെ വീണ്ടും വിളിച്ചു. മഴ പിന്നെയും കനത്തതുകൊണ്ടു ബന്ധുക്കളെല്ലാം ഞങ്ങളുടെ വീട്ടിലുണ്ട്. അച്ഛന്റെ രണ്ടു സഹോദരങ്ങളും അവരുടെ കുടുംബവും ഞങ്ങളുടെ വീടിനോടു ചേർന്നാണു താമസിക്കുന്നത്. അവരും വീട്ടിൽ വന്നിട്ടുണ്ട്. കാരണം ഞങ്ങളുടെ വീടു കുറച്ച് ഉയർന്ന സ്ഥലത്താണ്. മാത്രമല്ല, രണ്ടാം നിലയിൽ ഒരു മുറിയുണ്ട്. എല്ലാവരും അവിടെയാണ് ഇരിക്കുന്നത്. താരതമ്യേന സുരക്ഷിതമായ സ്ഥലം. നിലത്തു പായ വിരിച്ച് എല്ലാവരും കിടക്കാനുള്ള തയാറെടുപ്പിലായിരുന്നു. രാവിലെ വിളിക്കാമെന്നു ഞാൻ അമ്മയോടു പറഞ്ഞു.

എങ്കിലും ഉറക്കം വന്നില്ല. പിന്നീടു പല തവണ വിളിച്ചിട്ടും അമ്മ ഫോൺ എടുക്കുന്നില്ല. അതിനിടെ അവിടെ എന്തോ അപകടം നടന്നുവെന്നു പറഞ്ഞു നാട്ടിൽ നിന്നൊരു വിളി വന്നു. നേരം പുലരുമ്പോഴേക്കും മേപ്പാടിയിലെത്തി. വരുന്ന വഴിക്കെല്ലാം ഞാൻ അമ്മയെ വിളിച്ചുകൊണ്ടിരുന്നു. പക്ഷേ, അമ്മയെ കിട്ടിയില്ല.
ടച്ച് സ്ക്രീൻ ഉള്ള മൊബൈൽ ഫോൺ വാങ്ങണമെന്ന് അമ്മയ്ക്കു വലിയ ആഗ്രഹമായിരുന്നു. കഴിഞ്ഞ വർഷം ഞാൻ അമ്മയ്ക്ക് ഒരു ഫോൺ വാങ്ങിക്കൊടുത്തു. എനിക്ക് അറിയാമായിരുന്നു അമ്മ അത് അനുജത്തിക്കു കൊടുക്കുമെന്ന്. അതുപോലെ തന്നെ അമ്മ ഫോൺ അവൾക്കു കൊടുത്തു. കൽപറ്റ ഗവൺമെന്റ് കോളജിൽ വിദ്യാർഥിയായിരുന്നു അനുജത്തി ശ്രേയ. അനുജത്തിയുടെ ജന്മദിനം ഓഗസ്റ്റിലാണ്. അന്ന് അവൾക്കു സർപ്രൈസ് കൊടുക്കാൻ തീരുമാനിച്ചതാണ്, ഒരു മൊബൈൽ ഫോൺ.
അപ്പോൾ അവൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോ ൺ അമ്മയ്ക്കു കിട്ടുമല്ലോ? പക്ഷേ, ആ സമ്മാനം സ്വീകരിക്കാൻ അവൾ നിന്നില്ല.
ദുരന്തത്തിനുശേഷം ആദ്യം കിട്ടിയത് അവളുടെ ശരീരമാണ്. അവസാനം കിട്ടിയത് എന്റെ അച്ഛനെയും അമ്മയെയും. അതും കിലോമീറ്ററുകൾ അകലെ നിലമ്പൂർ പുഴയിൽ നിന്ന്. എന്റെ വിവാഹത്തിനായി 15 പവൻ സ്വർണവും അഞ്ചു ലക്ഷത്തോളം രൂപയും അച്ഛനും അമ്മയും കൂട്ടി വച്ചിരുന്നു. അതും മണ്ണിൽ എവിടെയോ പുതഞ്ഞു.
ജെൻസൻ; പ്രണയത്തിന്റെ േപര്
പ്രണയത്തിന് ജെൻസൻ എന്നൊരു പേരു കൂടിയുണ്ടായിരുന്നു. പത്തു വർഷമായി ഞങ്ങൾ പ്രണയത്തിലായിരുന്നു. എന്നെക്കാൾ അഞ്ചു വയസ്സ് മൂത്തതാണു ജെൻസൻ. സ്കൂൾ കാലത്തേ തുടങ്ങിയ ഇഷ്ടമാണ്. ആദ്യമൊക്കെ രണ്ടു മതക്കാരാണെന്ന തരത്തിലുള്ള എതിർപ്പുകൾ ഉണ്ടായിരുന്നു. ഞാൻ ജെൻസനോടു പറഞ്ഞു; വീട്ടുകാരെ വേദനിപ്പിച്ച് ഒളിച്ചോടാൻ ഞാനില്ല. രണ്ടു വീട്ടുകാരും എന്നു സമ്മതിക്കുന്നോ അന്നേ നമ്മുടെ വിവാഹം നടക്കൂ. ജെൻസനും അതിനോടു യോജിച്ചു. എന്റെ ഇച്ചായന് എന്നെ അത്രയ്ക്കും ഇഷ്ടമായിരുന്നു.
വീട്ടിൽ പ്രണയത്തെക്കുറിച്ചു പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു; ‘നീയിപ്പോൾ പഠിക്കുകയല്ലേ? കല്യാണക്കാര്യം നമുക്കു പിന്നീട് ആലോചിക്കാം.’ പഠനം കഴിഞ്ഞു. എനിക്കു കോഴിക്കോട് മിംസ് ആശുപത്രിയിൽ അക്കൗണ്ടന്റ് ആ യി ജോലി കിട്ടി.
വീട്ടുകാർ തമ്മിൽ സംസാരിച്ചു ധാരണയായി. അങ്ങനെ പാലുകാച്ചലും വിവാഹനിശ്ചയവും ഒരു ദിവസം തന്നെയാക്കി. പലരും അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിച്ചപ്പോൾ അച്ഛൻ പറഞ്ഞു; ‘മക്കളുടെ ആഗ്രഹവും ജീവിതവുമല്ലേ വലുത്. പതിനെട്ടു വയസ്സു തികഞ്ഞപ്പോൾ അവൾ അവനോടൊപ്പം ഒളിച്ചോടി പോയിരുന്നെങ്കിലോ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലല്ലോ? അവളുടെ ആഗ്രഹം അതാണെങ്കി ൽ അങ്ങനെ നടക്കട്ടെ.’
എനിക്കുള്ളതെല്ലാം ഉരുളെടുത്തപ്പോഴും തകർന്നുപോകാതെ ഇച്ചായനും വീട്ടുകാരും എന്നെ ചേർത്തു പിടിച്ചു. അതുകൊണ്ടാണ് ഇതുപറയാൻ ഞാനിപ്പോൾ ഇവിടെയുള്ളത്.
മേപ്പാടി ദുരിതാശ്വാസ ക്യാംപിൽ ആയിരുന്ന സമയത്ത് ദേഹത്തു ചെളി മൂടുന്നു എന്ന ദുഃസ്വപ്നം കണ്ടു ഞാൻ ഞെട്ടി ഉണരുമായിരുന്നു. അപ്പോഴൊക്കെ ക്യാംപിനു താഴെയുള്ള റോഡിൽ നിർത്തിയിട്ട വാനിനുള്ളിൽ ഉറങ്ങാതെ എനിക്കു കാവലായി ജെൻസനുണ്ട് എന്നതായിരുന്നു ആശ്വാസം. ഉരുളിന്റെ സങ്കടപ്പെയ്ത്തിൽ രാത്രിയും പകലും ജെൻസൻ എനിക്കു കാവലിരുന്നു. ആ തണൽ ഇത്ര പെട്ടെന്ന് ഇല്ലാതാകുമെന്നു ഞാൻ കരുതിയില്ല.
ഓർക്കുക, നീ തനിച്ചല്ല
ചൂരൽമല ദുരന്തം നടന്നു രണ്ടുമാസം ആയപ്പോൾ ജെ ൻസൻ പറഞ്ഞു. ‘ഇനിയും നീ ആരുമില്ലാത്തവളായി പുറത്തു നിൽക്കണ്ട. നമുക്കു വൈകാതെ തന്നെ വിവാഹം നടത്താം.’ പക്ഷേ, വിവാഹദിനത്തിനു എട്ടു നാൾ മുൻപായിരുന്നു ആ അപകടം.
വിവാഹത്തിനു മുൻപ് ജെൻസൻ ഒരു ബിസിനസ് തുടങ്ങി. ജെറ്റ് പമ്പ് ഉപയോഗിച്ച് വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുന്ന ജോലി. ‘ജെ.എസ്. ജെറ്റ് സർവീസ്’ എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. അതിലെ ജെ ജെൻസനും എസ് ശ്രുതിയുമായിരുന്നു. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു ഞങ്ങൾക്ക്. ഒരുപാടു പദ്ധതികളുണ്ടായിരുന്നു ജെൻസന്. പക്ഷേ, വിധി അതൊന്നും അനുവദിച്ചില്ല.
ഈ ജീവിതമെന്നു പറയുന്നതു ഞാണിന്മേൽക്കളി പോലെയാണ്. ചിലർ വീണുപോവും. എന്നും എന്നോടൊപ്പമുണ്ടാകും എന്നാണ് ഇച്ചായൻ പറയാറുണ്ടായിരുന്നത്. എ ന്നിട്ടും പോയില്ലേ.

എനിക്കു ചിലപ്പോൾ തോന്നാറുണ്ട്. എന്നെ എന്തിനോ വേണ്ടി ദൈവം ബാക്കിവയ്ക്കുകയാണെന്ന്. അല്ലെങ്കിൽ വീട്ടിലേക്കുള്ള ആ യാത്ര ഞാൻ മാറ്റിവയ്ക്കുമായിരുന്നോ? അപകടസമയത്ത് ഞാനും ജെൻസനും അടുത്തടുത്താണ് ഇരുന്നത്. എന്നിട്ടും ഞാൻ പരുക്കുകളോടെ രക്ഷപ്പെട്ടു. കൽപറ്റയിൽ നിന്നു കുടുംബസമേതം ലക്കിടിയിലേക്കു പോകവെയാണു ഞങ്ങൾ സഞ്ചരിച്ച വാനും ബസും കൂട്ടിയിടിച്ചത്.
എഴുതാനാകുന്നില്ല ഒന്നും
ചൂരൽമലയിൽ നിന്നു ദൂരെ എമിലി പള്ളിക്ക് അടുത്തുള്ള വാടകവീട്ടിലാണ് ഇപ്പോൾ താമസം. കൂട്ടിനു ദുരന്തം ബാക്കി വച്ച രണ്ടു മുത്തശ്ശിമാരുമുണ്ട്. പിന്നെ, അച്ഛന്റെ സഹോദരങ്ങളുടെ രക്ഷപ്പെട്ട മക്കളും അവരുടെ കുഞ്ഞുങ്ങളും. അങ്കിതും അതിഥിയും ആദിരശ്മിയുമൊക്കെ എ ന്നോടൊപ്പം എപ്പോഴുമുണ്ട്.
ചിലർ പറയും; വിധിയാണ് ഇതൊക്കെ. വിധിക്കെതിരെ പോരാടാൻ പോരാടണം എന്നു പറയാൻ എളുപ്പമാണ്. ഇ ങ്ങനെയൊരു വിധിയിൽ വന്നുപെടുമ്പോഴാണ് അതിന്റെ വേദന നാം അറിയുന്നത്. പലരും പറഞ്ഞു ഈ ജീവിതാനുഭവങ്ങളൊക്കെ എഴുതണം. സത്യത്തിൽ എനിക്കും ആഗ്രഹമുണ്ട് എഴുതാൻ. പക്ഷേ, എഴുതാനിരിക്കുമ്പോൾ ഉരുൾ മറിച്ചിട്ട നാലു സെന്റ് ഭൂമിയും അവിടെ എട്ടു വർഷം കൊണ്ടു കെട്ടിപ്പൊക്കിയ വീടും ഒരുപാടു സ്വപ്നങ്ങൾ കണ്ട വേണ്ടപ്പെട്ടവരുമാണു മുന്നിൽ. എഴുതാനാവുന്നില്ല.
ചൂരൽമല ഇപ്പോൾ ഓർമയാണ്. സുന്ദരമായിരുന്നു ഞ ങ്ങളുെട ഗ്രാമം. തേയിലത്തോട്ടങ്ങളും പുന്നപ്പുഴയും പിന്നെ, കാട്ടരുവികളും കാടുമൊക്കെയുള്ള സുന്ദരമായ ഗ്രാമം. പക്ഷേ, അന്നു ഞാൻ അവിടെ കണ്ടത് ഞങ്ങളുടെ ഗ്രാമമല്ല. ഒരു പ്രേതഭൂമിയാണ്. മരണം അവശേഷിപ്പിച്ചതുമാത്രമേ അവിടെയുള്ളു.
ഞങ്ങൾ ഓടിക്കളിച്ച മണ്ണ് ഇപ്പോൾ അവിടെയില്ല. ഒ ന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഞാൻ പഠിച്ച വെള്ളാർമല സ്കൂൾ ഒരു ദുരന്തസ്മാരകം പോലെ നിൽക്കുന്നു. എങ്കിലും ആ പള്ളിക്കൂടത്തിൽ നിന്നുയർന്ന ആരവങ്ങൾ ഇപ്പോഴും ഞങ്ങളുടെ കാതുകളിലുണ്ട്. 2015–ൽ നടന്ന സംസ്ഥാനസ്കൂൾ യുവജനോത്സവത്തിൽ വഞ്ചിപ്പാട്ടിനു ഞങ്ങൾക്കായിരുന്നു സമ്മാനം.
പുന്നപ്പുഴയുടെ കരയിൽ ഞങ്ങളെ കൊണ്ടുപോയി വ ഞ്ചിപ്പാട്ട് ഉറക്കെ ചൊല്ലി പഠിപ്പിച്ചത് എപ്പോഴും ഓർക്കും. അമ്പലപ്പുഴക്കാരനായ ഉണ്ണി സാറാണ്. ഞങ്ങളെ വഞ്ചിപ്പാട്ടു പഠിപ്പിച്ചത്. അമ്പലപ്പുഴ നിന്നു വന്നു ഞങ്ങളുടെ നാട്ടിൽ സ്ഥിരതാമസമാക്കിയ, ഞങ്ങളെ അഗാധമായി സ്നേഹിക്കുന്ന അധ്യാപകനാണ് ഉണ്ണിസാർ. ഉരുളിൽ നിന്നു സാ റും കുടുംബവും കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
പുന്നപ്പുഴയും പുഴക്കരയിലെ ആൽമരവും അതിനടുത്തുള്ള ശിവക്ഷേത്രവും ഞങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. അതിനടുത്തായിരുന്നു അച്ഛന്റെ തയ്യൽക്കട. അവിടെയിപ്പോൾ ഒന്നുമില്ല. പുഴ പോലും വഴി മാറി സഞ്ചരിച്ചു തുടങ്ങിയെന്നു കേട്ടു.
അച്ഛനും അമ്മയും അനുജത്തിയും ചെറിയച്ഛനും വല്യച്ഛനും അവരുടെ ഭാര്യമാരും ഉൾപ്പെടെ പ്രിയപ്പെട്ട ഒൻപതു പേരെയാണ് ഉരുൾ കൊണ്ടുപോയത്. പ്രിയപ്പെട്ടവരുടെ ജീവൻ മാത്രമല്ല ആ മണ്ണിൽ ഞങ്ങൾ കൂട്ടിവച്ച സ്വപ്നങ്ങളും ചിതറിക്കിടക്കുന്നതു കാണാം; കല്ലായും കഞ്ഞിപ്പാത്രമായും കളിപ്പാട്ടമായും. അന്നു കണ്ട കാഴ്ചകളിൽ തണുത്ത് മരവിച്ചതാണു മനസ്സ്. ഇപ്പോഴും അതുപോലെ തന്നെ.
എന്തിനു കണ്ണാ, എന്നോടിങ്ങനെ?
എന്നോടു പലരും ചോദിക്കാറുണ്ട്. ൈദവത്തിൽ ഇപ്പോഴും വിശ്വസിക്കാറുണ്ടോ? എന്ന് ഞാൻ പൂർണമായും ദൈവത്തിൽ വിശ്വസിക്കുന്നു. ൈദവവിശ്വാസം ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്റെ അവസ്ഥ? പക്ഷേ, ജെൻസന്‍ പോയപ്പോൾ പിന്നെ, അമ്പലങ്ങളിലേ പോകാൻ തോന്നാതായി. ശ്രീകൃഷ്ണ ഭക്തയാണു ഞാൻ. എന്നെങ്കിലും തൊഴണമെന്നു തോന്നിയാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേ പോകൂ എന്നു തീരുമാനിച്ചിരുന്നു.
കഴിഞ്ഞ മാസം ഒരു കല്യാണത്തിനു കൂട്ടുകാരോടൊപ്പം ഗുരുവായൂരിൽ പോയി. അവിടെ ചെന്നപ്പോൾ കണ്ണനെ ഒന്നു കണ്ടുതൊഴണമെന്നു തോന്നി. എനിക്കു പരാതികളൊന്നും പറയാനില്ല. ഇനിയൊന്നും ചോദിക്കാനുമില്ല. പക്ഷേ, ശ്രീകോവിലിനു മുന്നിലെത്തിയപ്പോൾ, ഗുരുവായൂരപ്പനെ കൺമുന്നിൽ കണ്ടപ്പോൾ സ്വയം നിയന്ത്രി ക്കാൻ ഞാൻ നന്നേ പാടുപെട്ടു. അലറിക്കരയുന്ന മനസ്സിനെ അടക്കി കരഞ്ഞും കരയാതെയും ഞാൻ ഭഗവാനോടു ചോദിച്ചു. ‘എന്നോട്, എന്തിനാണു ഭഗവാനേ...?’
കണ്ണൻ മറുപടിയൊന്നും തോന്നിച്ചില്ല. പറയുമെന്ന ഉ റച്ച വിശ്വാസമുണ്ടെനിക്ക്. പക്ഷേ, ഇടയ്ക്കൊക്കെ ഞാൻ സ്വയം ചോദിക്കും.
‘ ഇനിയെന്ത്?’
എനിക്കറിയില്ല. ഞാനാഗ്രഹിച്ച വഴികളിലൂടെയൊന്നും സഞ്ചരിക്കാൻ വിധി അനുവദിച്ചില്ല. ദൈവം എനിക്കു വേണ്ടി ഒരു വഴി കണ്ടിട്ടുണ്ടാവും എന്നു കരുതുന്നു.
ബാക്കി വന്ന ജീവിതം
ബാക്കി വന്ന എന്റെ ജീവിതത്തെ പലരും ചേർത്തുപിടിക്കുന്നുണ്ട്. കേരള സർക്കാർ എനിക്കു ജോലി തന്നു. അതുകൊണ്ട് വലിയ ആശ്വാസമായി. ഒരുപാട് പേരുകളുണ്ട് പറയാൻ മനസ്സിൽ. എല്ലാം ഇവിടെ പറയുന്നില്ല. എങ്കിലും ചി ലരെക്കുറിച്ചു പറയാതെ വയ്യ. റവന്യൂ മന്ത്രി കെ. രാജൻ, ടി. സിദ്ധിഖ് എംഎൽഎ. ഇവരുടെ സ്നേഹവും കാരുണ്യവുമൊക്കെയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഡെനിഷ് ഡേവിഡ്, ഇനോക്ക് ജോസഫ് ആന്റണി എന്നിവർ ചേർന്ന് എനിക്കൊരു വീടു വയ്ക്കുന്നുണ്ട്. വീടിന്റെ പണി കഴിഞ്ഞാൽ അങ്ങോട്ടു മാറും.
അതുപോലെ നോവലിസ്റ്റ് കൂടിയായ ഡോ. താഹിറ കല്ലുമുറിക്കൽ. മനസ്സിനു അൽപം തെളിച്ചം കിട്ടാൻ ഒരു യാത്ര പോകാമെന്നു പറഞ്ഞാണു താഹിറ എന്നെ ഗൾഫിലേക്കു കൊണ്ടുപോയത്. പുസ്തകങ്ങൾ ഏറെ ഇഷ്ടമുള്ള എന്നെ ഷാർജ ബുക് ഫെസ്റ്റിവലിൽ പങ്കെടുപ്പിച്ചു.
മഴയെടുത്തതാണ് എന്റെ ജീവിതം. പക്ഷേ, മനുഷ്യരുടെ തണലുള്ളതു കൊണ്ടു ഭയം തോന്നാറില്ല. തുടരെ വന്ന ദുരന്തങ്ങളിലും ഒരു കാര്യം കൈവിടാതിരിക്കാൻ ഞാൻ എ ന്നെ തന്നെ പരിശീലിപ്പിച്ചു. സംസാരിക്കുന്നവരോടു ചിരിച്ചു കൊണ്ടു തന്നെ മറുപടി പറയാൻ ശ്രമിക്കുന്നു. ഉള്ളിലെ കരച്ചിൽ ഞാൻ മാത്രം അറിഞ്ഞാൽ മതിയല്ലോ?
വായിച്ചതിൽ ഏറെ ഇഷ്ടം തോന്നിയ പുസ്തകം എൻ. മോഹനന്റെ ‘ഒരിക്കൽ’ ആണ്. അതിലൊരു വാചകമുണ്ട്; ‘ഒന്നിക്കലും വേർപിരിക്കലും എന്നേ കഴിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആദ്യത്തേതിന്റെ മാധുര്യവും രണ്ടാമത്തേതിന്റെ സങ്കടവും രണ്ടായിത്തന്നെ നിൽക്കട്ടെ! ആദ്യത്തേതു മാത്രം നമുക്ക് ഓർമിച്ചാൽ മതി.’
ഇപ്പോഴും ധാരാളം പുസ്തകങ്ങൾ വായിക്കുന്നു. വായന മാത്രമല്ല ചിത്രം വരയ്ക്കുകയും ചെയ്യും. എന്നെ തന്നെയാണു കൂടുതലായും വരയ്ക്കുന്നത്. ഞാൻ വരച്ച എന്നെ കാണുമ്പോൾ സന്തോഷം തോന്നും. ചിലപ്പോൾ പേടിയും.