ADVERTISEMENT

ഒരു ആയുസിന്റെ പ്രാർഥന, കാത്തിരിപ്പ്, കണ്ണീർ... മരണമുഖത്തു നിന്നും നിമിഷ തിരികെയെത്തുന്ന നിമിഷത്തിനായി ഒരു നാടൊന്നാകെ കാത്തിരിക്കുകയാണ്. യെമനി പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ തത്വത്തിൽ ധാരണ ആയെന്ന വാർത്തയാണ് ഏറ്റവും പുതിയ വാർത്ത. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രനാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചിട്ടുള്ളത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്നും തുടർനടപടികൾ‍ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസല്യാരും അറിയിച്ചിട്ടുണ്ട്.

പ്രാർഥനകളും പ്രതീക്ഷകളും അതിന്റെ സഫലതകളിലേക്ക് അടുക്കുമ്പോൾ പുറത്ത് തന്റെ മമ്മിക്കായി കാത്തിരിക്കുകയാണ് നിമിഷയുടെ മകൾ. ഛായ പെൻസിലുകളും കളിപ്പാട്ടങ്ങളുമായി മമ്മി വരാൻ കാത്തിരുന്ന മകളുടെ 10 വർഷത്തെ കാത്തിരിപ്പാകും ശുഭവാർത്ത കിട്ടിയാൽ സഫലമാകാൻ പോകുന്നത്.

ADVERTISEMENT

'എന്റെ മമ്മീനെ എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചു തരണം. കാണാൻ കൊതിയാകുവാ. ഐ മിസ് യു മമ്മീ, ഐ ലവ് യു മമ്മീ...' യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മകൾ മിഷേലിന്റെ വാക്കുകളാണിവ. കഴിഞ്ഞ 10 വർഷമായി മിഷേൽ തന്റെ അമ്മയെ കണ്ടിട്ടില്ല.

നിമിഷപ്രിയയുടെ മോചനത്തിനായി ഭർത്താവ് ടോമി തോമസും മകൾ മിഷേലും ഇപ്പോൾ ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടനയുടെ സ്ഥാപകനുമായ ഡോ. കെ.എ പോളിനൊപ്പം യെമനിലെ സനയിലാണ്. മിഷേലിനും ടോമി തോമസിനും ഒപ്പം യെമൻ അധികൃതരെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. കെ.എ. പോൾ സംസാരിക്കുന്ന വിഡിയോയാണ് ഇപ്പേൾ പുറത്തുവന്നിരിക്കുന്നത്. വിഡിയോയിൽ ടോമി തോമസും നിമിഷപ്രിയയുടെ മോചനത്തിനായി അഭ്യർഥിക്കുന്നുണ്ട്. 'നിമിഷപ്രിയയെ എത്രയും പെട്ടെന്ന് രക്ഷിച്ച് നാട്ടിലെത്തിക്കുക. ഐ മിസ് യു നിമിഷ', എന്ന് തോമസ് പറഞ്ഞു.

ADVERTISEMENT

വാർത്താ ഏജൻസിയായ പിടിഐ ആണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ 16-ന് നടക്കാനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ തടഞ്ഞ ഭരണകൂടത്തിന് അദ്ദേഹം നന്ദി അറിയിച്ചു. 'നിമിഷയുടെ ഏക മകൾ 10 വർഷമായി അവളെ കണ്ടിട്ടില്ല. മിഷേൽ ഇവിടെയുണ്ട്. തലാൽ കുടുംബത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ നിമിഷയെ മോചിപ്പിച്ചാലുടൻ, നാളെ, മറ്റന്നാൾ, ഞങ്ങൾ വളരെ നന്ദിയുള്ളവരായിരിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു', ഡോ. കെ.എ. പോൾ പറഞ്ഞു.

അതേസമയം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാൽ കുടുംബം ഇതുവരെ വാഗ്ദാനം സ്വീകരിച്ചിട്ടില്ല, പകരം വധശിക്ഷ നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ADVERTISEMENT

2018 മാർച്ചിലാണ് തലാലിനെ കൊലപ്പെടുത്തിയ കേസിൽ നിമിഷയെ ശിക്ഷിച്ചത്. 2020 ൽ യെമൻ കോടതി അവർക്ക് വധശിക്ഷ വിധിച്ചു. 2024 ഡിസംബറിൽ യെമൻ പ്രസിഡന്റ് റഷാദ് അൽ-അലിമി അവരുടെ വധശിക്ഷയ്ക്ക് അംഗീകാരം നൽകിയതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിമിഷയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമായി തുടരുകയാണ്.

ADVERTISEMENT