മണ്ണോടു ചേരുന്നില്ല, മരണം ഉറപ്പിച്ചിട്ടും മണ്ണിൽ പുനർജനിക്കുകയാണ് ഐസക് ജോര്‍ജ് എന്ന ചെറുപ്പക്കാരൻ. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം കൊട്ടാരക്കര ബഥേല്‍ ചരുവിള വടവോട് സ്വദേശി ഐസക് ജോര്‍ജ് (33) ഇനി ആറുപേരിൽ ജീവിക്കും. ഐസക് ജോർജിന്റെ ഹൃദയം ഉള്‍പ്പടെയുള്ള 6 അവയങ്ങളാണ് ദാനം ചെയ്തത്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 28 വയസ്സുകാരനായ അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിനാണ് ഐസക് ജോർജിന്റെ ഹൃദയം നൽകിയത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, 2 നേത്രപടലങ്ങള്‍ തിരുവനന്തപുരം സര്‍ക്കാര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കുമാണ് നല്‍കിയത്.
കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിന്റെ (33) ഹൃദയം ഇനിയും സ്പന്ദിക്കും. ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ലിസി ആശുപത്രിയില്‍ അങ്കമാലി സ്വദേശിയായ 28-കാരനില്‍ ഐസക്കിന്റെ ഹൃദയം തുന്നിച്ചേര്‍ത്തത്. കഴിഞ്ഞ അവിട്ടം ദിനത്തിലാണ് ഐസക്കിന് അപകടം സംഭവിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. ഐസക്ക് ഇനി ജീവിതത്തിലേക്ക് മടങ്ങിയെത്തില്ല എന്ന് മനസ്സിലാക്കിയ കുടുംബം അത്യന്തം വേദനയോടെയെങ്കിലും അവയവദാനത്തിന് തയ്യാറാകുകയായിരുന്നു.
തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ഐസക് ജോർജിന്റെ കുടുംബാഗങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമെത്തി. മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ‘മറ്റൊരു ഹൃദയയാത്രയ്ക്ക് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് നമ്മുടെ നാടെന്ന് പിണറായി വിജയൻ പറഞ്ഞു. അവയവദാനത്തിന് ഐസക്ക് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നുവെന്നത് നമുക്കേവർക്കും പ്രചോദനപരമായ കാര്യമാണ്. കരൾ, വൃക്കകൾ, കണ്ണിന്റെ കോർണിയ എന്നിവയും ദാനം ചെയ്‌ത് 2 പേർക്ക് കാഴ്ചയും നാലുപേർക്ക് പുതുജീവനും പകർന്നുനൽകി അദ്ദേഹം അനശ്വരനായിരിക്കുകയാണ്.’– മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഐസക് ജോർജിന്റെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും നന്ദി അറിയിച്ചു. അവയവ വിന്യാസം വേഗത്തിലാക്കിയ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ സോട്ടോ), പോലീസ് സേന, ജില്ലാ ഭരണകൂടങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയ എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം അവയവങ്ങള്‍ എത്രയും പെട്ടെന്ന് അതത് ആശുപത്രികളില്‍ എത്തിക്കാന്‍ കെ-സോട്ടോ നടപടി സ്വീകരിച്ചു. എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റര്‍ ആണ് ഉപയോഗിച്ചത്. റോഡ് മാര്‍ഗമുള്ള ഗതാഗതവും പോലീസ് ക്രമീകരിച്ചിരുന്നു. കെ സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.
കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കില്‍ വെച്ച് സെപ്റ്റംബര്‍ ആറിന് രാത്രി 8 മണിയോടെ ഐസക് നടത്തുന്ന പള്ളിമുക്കിലെ റസ്റ്ററന്റിന് മുന്‍വശത്ത് റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഐസകിനെ ഉടന്‍ തന്നെ അടുത്തുള്ള കൊട്ടാരക്കര ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സെപ്റ്റംബര്‍ 10ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. ഭാര്യ നാന്‍സി മറിയം സാം, രണ്ട് വയസ്സുള്ള മകള്‍ അമീലിയ നാന്‍സി ഐസക്, സി.വൈ. ജോര്‍ജ് കുട്ടി (ലേറ്റ്), മറിയാമ്മ ജോര്‍ജ് എന്നിവരാണ് ഐസക്കിന്റെ കുടുംബാംഗങ്ങള്‍. സംസ്‌കാര ചടങ്ങുകള്‍ സെപ്റ്റംബര്‍ 13ന് ശനിയാഴ്ച ബഥേല്‍ ചരുവിള വീട്ടില്‍ വച്ച് നടക്കും.
ബുധനാഴ്ച രാത്രിയോടെയാണ് ലിസി ആശുപത്രിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ കെസോട്ടോയില്‍ നിന്നും സന്ദേശം എത്തിയത്. പ്രാഥമിക പരിശോധനയില്‍ ഐസക്കിന്റെ ഹൃദയം ലിസി ആശുപത്രിയില്‍ ഹൃദയത്തിനായി കാത്തിരിക്കുന്ന അങ്കമാലി സ്വദേശിയായ 28-കാരന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ഹൃദയം എടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും ചെയ്തു. ദാതാവില്‍ നിന്നും ഹൃദയം എടുത്ത് നാല് മണിക്കൂറിനുള്ളില്‍ സ്വീകര്‍ത്താവിൽ സ്പന്ദിച്ചു തുടങ്ങിയാലേ ഏറ്റവും നല്ല ഫലം ലഭിക്കുകയുള്ളൂ എന്നതുകൊണ്ട് തിരുവനന്തപുരത്തു നിന്നും ഹൃദയം ചുരുങ്ങിയ സമയം കൊണ്ട് എത്തിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു.
തുടര്‍ന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ മന്ത്രി പി. രാജീവിനെ വിവരം അറിയിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയിരുന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും സംസ്ഥാന സര്‍ക്കാര്‍ പൊലീസ് സേനയ്ക്കായി വാടകയ്ക്ക് എടുത്തിരിക്കുന്ന ഹെലികോപ്റ്റർ അവയവം കൊണ്ടുവരുന്നതിനായി വിട്ടുനല്‍കുന്നതിനുള്ള ഏര്‍പ്പാടുകള്‍ നടത്തുകയും ചെയ്തു. പൂര്‍ണ്ണമായും സൗജന്യമായാണ് ഹെലികോപ്റ്റർ സേവനം വിട്ടു നല്‍കിയത്.
ഹൃദയധമനികള്‍ക്ക് വീക്കം സംഭവിക്കുന്ന കവാസാക്കി എന്ന അസുഖമായിരുന്നു ഹൃദയം സ്വീകരിച്ച വ്യക്തിക്ക് ഉണ്ടായിരുന്നത്. 2012-ല്‍ അദ്ദേഹം മറ്റൊരു ആശുപത്രിയില്‍ ബൈപ്പാസ് സര്‍ജറിക്കും പിന്നീട് ആൻജിയോപ്ലാസ്റ്റിക്കും വിധേയനായിരുന്നു. അതിനുശേഷം ഹൃദയപരാജയം സംഭവിക്കുകയും ലിസി ആശുപത്രിയില്‍ എത്തുകയുമായിരുന്നു. അദ്ദേഹത്തെ പരിശോധിച്ച ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെയും ഡോ. റോണി മാത്യു കടവിലിന്റെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഹൃദയം മാറ്റിവയ്ക്കലാണ് ഏക പോംവഴിയെന്ന് നിര്‍ദ്ദേശിക്കുകയും തുടര്‍ന്ന് ഹൃദയത്തിനായി കെസോട്ടോയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു.
രാവിലെ നാലുമണിയോടെ ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. ശ്രീശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കിംസ് ആശുപത്രിയിലേക്ക് തിരിക്കുകയും എട്ടു മണിയോടെ അവിടെയെത്തി ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 12:35-ന് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ഹെലികോപ്റ്റർ 1:30-ഓടെ ഹയാത്തിന്റെ ഹെലിപ്പാടിൽ എത്തുകയും കേവലം നാല് മിനിറ്റുകൊണ്ട് പൊലീസ് സേന ഒരുക്കിയ ഗ്രീൻ കോറിഡോറിലൂടെ ലിസി ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. നാലുമണിക്കൂറിനുള്ളിൽ തന്നെ ഹൃദയം പുതിയ ശരീരത്തിൽ സ്പന്ദിക്കുവാൻ തുടങ്ങി.