‘കിണറിന്റെ മധ്യഭാഗത്തു തൊടിയിൽ നിന്ന എന്റെ കൺമുന്നിലൂടെയാണ് ഇരുവരും വെള്ളത്തിലേക്കു വീണത്’ – രണ്ടു യുവാക്കൾ വടം പൊട്ടി കിണറ്റിൽ വീഴുന്നത് കിണറിനുള്ളിൽ നിന്നു കണ്ട കല്ലുവാതുക്കൽ മണ്ണയം ചരുവിള പുത്തൻവീട്ടിൽ കുഞ്ഞുമോൻ പറയുന്നു. മണ്ണയം തൊടിയിൽ വിഷ്ണു(23), ധവളക്കുഴി കണ്ണാപുല്ലുവിള വീട്ടിൽ ഹരിലാൽ(25) എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്. വെള്ളം കോരുന്നതിനിടെ പാലം ഒടിഞ്ഞു വിഷ്ണു കിണറ്റിൽ അകപ്പെട്ടത് അറിഞ്ഞാണ് തൊട്ടടുത്ത വീട്ടിൽ നിന്നു കുഞ്ഞുമോൻ എത്തുന്നത്. ഈ സമയം താഴെയുള്ള ഫുഡ് ഫാക്ടറിയിലെ ജീവനക്കാരൻ ഹരിലാൽ, വിഷ്ണുവിനെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയിരുന്നു.
പിന്നാലെ സഹായിക്കാനായി കുഞ്ഞുമോനും കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. വിഷ്ണുവിന്റെ സഹോദരി രേണുക, കുഞ്ഞുമോന്റെ മകൾ ആതിര ഉൾപ്പെടെ കുറച്ചു പേർ കരയിലും നിന്നു. ‘‘തൊടിയിൽ ചവിട്ടിനിൽക്കണേ എന്നു പറഞ്ഞപ്പോൾ ഒരു കുഴപ്പവുമില്ലെന്ന് ഹരിലാൽ പറഞ്ഞു. വിഷ്ണുവിന്റെ ശരീരത്തു കയർ കെട്ടി ഹരിലാൽ മുകളിലക്കു കയറി വരുകയായിരുന്നു. ഞാൻ ഇവർക്കു താഴെയുള്ള തൊടിയിലായിരുന്നു നിന്നത്. പെട്ടെന്നാണ് ഇരുവരും കയർ പൊട്ടി താഴേക്കു പതിക്കുന്നത്. എന്റമ്മേ.... എന്ന് ഉച്ചത്തിൽ വിളിക്കാനേ കഴിഞ്ഞുള്ളൂ. പിന്നെ ഞാനും എങ്ങനെയോ കരയിലേക്ക് കയറി’’–കുഞ്ഞുമോൻ പറഞ്ഞു. അഞ്ചു തൊടി കൂടി കയറിയിരുന്നെങ്കിൽ അവർ കരയിൽ എത്തുമായിരുന്നുവെന്ന് ദൃക്സാക്ഷിയായ ആതിര പറഞ്ഞു. മണ്ണയം മലയിലെ കിണറിനു എഴുപത് അടിയോളം താഴ്ചയുണ്ട്. താഴേക്കും ചെല്ലുമ്പോൾ പാറ തള്ളി നിൽക്കുന്നതും കാണാം. തൊട്ടി ഇറക്കുമ്പോൾ പാറയിൽ തട്ടും’–ആതിര പറഞ്ഞു.
ഹരിലാൽ പോയി; ഹൃദയം നുറുങ്ങി കുരുന്നുകൾ
തങ്ങൾക്ക് താങ്ങും തണലുമായി നിന്ന പ്രിയപ്പെട്ട ഹരിലാലേട്ടന് ഹൃദയം നുറുങ്ങുന്ന വേദനയുമായി അന്ത്യാഞ്ജലി അർപ്പിച്ച് മൂന്നു കുരുന്നുകൾ. മയ്യനാട് ധവളക്കുഴി കണ്ണാപുല്ലുവിള വീട്ടിൽ ഹരിലാലിന്റെ (24) വേർപാടാണ് വർക്കല സ്വദേശികളായ മൂന്നു കുരുന്നുകൾക്ക് തീരാ വേദനയായത്. മാതാവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് മുത്തശ്ശിക്കൊപ്പം കഴിയുന്ന മൂന്നു കുട്ടികളുടെയും സംരക്ഷണം ഹരിലാലാണ് നോക്കി വന്നത്.
മൂന്ന് കുട്ടികളുടെയും അവസ്ഥ വാർത്തകളിലൂടെ അറിഞ്ഞ ഹരിലാൽ അവർക്ക് സാമ്പത്തിക സഹായവും പഠനസഹായവും നൽകുകയായിരുന്നു. ഇതിൽ രണ്ട് കുട്ടികൾക്ക് വൃക്ക സംബന്ധമായ അസുഖം ഉള്ളവരാണ്. ഈ കുട്ടികൾക്കുള്ള ചികിത്സയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഹരിലാൽ സാമ്പത്തിക സഹായവും നൽകിയിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെ വീട്ടിലേക്കു കൊണ്ടു വന്ന മൃതദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലിയാണ് ഹരിലാലിന്റെ വീട്ടിലേക്ക് എത്തിയത്. ഡിവൈഎഫ്ഐയുടെ മേഖല കമ്മിറ്റി അംഗമായിരുന്നു ഹരിലാൽ.