സത്യവും മിഥ്യയും തിരിച്ചറിയും മുൻപ് മനുഷ്യരെ വിധിക്കുന്നവരുണ്ട്. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും പ്രിയപ്പെട്ടവനേയും നഷ്ടപ്പെട്ട ശ്രുതിയെന്ന പെൺകുട്ടിയും സോഷ്യൽ മീഡിയയുടെ അനാവശ്യ മുൻവിധികൾ നേരിടുകയാണ്. വേദനകളെ മനഃസാന്നിദ്ധ്യം കൊണ്ട് നേരിട്ട പെൺകുട്ടി എന്ന നിലയിൽ സോഷ്യൽ മീഡിയ വാഴ്ത്തിയ ശ്രുതി ഇന്ന് അധിക്ഷേപങ്ങൾ നേരിടുകയാണ്. ശ്രുതിക്ക് ഇൻബോക്‌സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് ശ്രുതി തനിക്ക് ഷെയര്‍ ചെയ്തതായി സാമൂഹിക പ്രവര്‍ത്തക താഹിറ കല്ലുമുറിക്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
ശ്രുതി ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ, അവള്‍ ചിരിച്ചാഘോഷിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്നു, ഇതൊക്കെയാണ് അധിക്ഷേപങ്ങൾക്ക് കാരണമെന്ന് താഹിറ കുറിക്കുന്നു. ശ്രുതി നന്ദിയില്ലാത്തവളായി മാറി എന്നൊക്കെയുള്ള അധിക്ഷേപങ്ങളും ഇന്‍ബോക്‌സില്‍ വരുന്നുണ്ട്.
ജെൻസണിന്‍റെ മരണത്തിന് മുൻപാണ് ശ്രുതിയെ പരിചയപ്പെടുന്നതെന്നും അവളുടെ സന്തോഷത്തിന്റെ വഴി കണ്ടെത്തി അവൾ ജീവിക്കാൻ പാടില്ല എന്ന് വിളിച്ചു പറയുന്ന മാന്യരായ മനുഷ്യരോട്, ഈ സംഭവിച്ചത് നിങ്ങൾക്കാണെങ്കിൽ നിങ്ങൾ ജനൽ കമ്പി പിടിച്ചു വിദൂരതയിലേക്ക് കണ്ണു നട്ട്, കണ്ണീർ പൊഴിച്ചിരുന്നോളൂ, പക്ഷെ അവൾ, അവളുടെ മനഃസാക്ഷിക്ക് ശെരി എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്ത് ജീവിച്ചു മുന്നോട്ട് പോകുക തന്നെ ചെയ്യട്ടെയെന്നും താഹിറ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഒരു സമയത്ത് മലയാളികൾ ഒന്നടങ്കം സങ്കടപ്പെട്ടതും പ്രാർത്ഥിച്ചതും ഈ കുട്ടിയുടെ ദുർ വിധിയെ ഓർത്തായിരുന്നു, അച്ഛനും അമ്മയും ആകെയുള്ള കൂടപ്പിറപ്പും, ഉറ്റ ബന്ധുക്കളുമെല്ലാം ഒറ്റ രാത്രി കൊണ്ട് ഇല്ലാതായവൾ, വെറും 23 വയസുകാരി.
പ്രിയപ്പെട്ടവനും പോയി, പിന്നെയവൾ മരണത്തെ മാത്രം സ്നേഹിച്ചു..ഞാൻ പരിചയപ്പെടുന്നത് അവന്റെ വിയോഗത്തിന് മുൻപായിരുന്നു, അവൾ ക്കൊപ്പം ഞങ്ങൾ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ആദ്യമേ പറഞ്ഞത്, ഇത്ത അവളെ കൗൺസിലിംഗ് ചെയ്യാത്ത രീതിയിൽ ഒന്ന് നോർമലായി സംസാരിക്കുമോ എന്നായിരുന്നു, അന്ന് തുടങ്ങിയതാണ് ബന്ധം, അവന്റെ മരണ ശേഷം അവളെ മുഖ മുഖം കണ്ടപ്പോൾ പറഞ്ഞത് ഇത്ത, ഞാൻ ഇനി കരയില്ല, കാരണം കരയാൻ പോലും അർഹതയില്ലത്തവളാണ് എന്റെ മനസ് കൈവിടാതെ ഞാൻ സൂക്ഷിച്ചോളാം..
ഞാനും അവളോട് പറഞ്ഞത് നിന്റെ ജീവിതത്തിന്റെ, നിന്റെ മനസിന്റെ സന്തോഷത്തിന്റെ യൊക്കെ താക്കോൽ നിന്റെയടുത്ത് മാത്രമാണ്, അത് നീ മുറുകെ പിടിച്ചു നിന്റെ മനസിന് സന്തോഷമുള്ള കാര്യങ്ങൾ ഒക്കെ ചെയ്ത് മുന്നോട്ട് ജീവിക്കണം..
പിന്നെ ജീവിതയാത്രയിൽ കൂടെ കൂട്ടാം എന്ന് തോന്നിയ ഒരാളെ കണ്ടു മുട്ടിയാൽ ഒരുമിച്ചൊരു യാത്രയെ കുറിച്ചും ചിന്തിക്കണം, കാരണം നിനക്ക് 23 വയസ് മാത്രാണ്. ഒറ്റക്ക് ഒരു ജീവിതം വേണ്ടമോളെ, അതും ഉൾക്കൊള്ളണം എന്നുകൂടെ പറഞ്ഞിരുന്നു.. ചെയ്യുമെന്നും ചെയ്യില്ല എന്നും പറഞ്ഞില്ല ഇന്ന് രാവിലെ മുതൽ ആ കുട്ടി സംസാരിക്കുന്നത് അവൾക്ക് വരുന്ന വെറുപുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് അയച്ചു കൊണ്ടാണ്, ജെൻസണെ ആലോചിച് ജീവിക്കുന്നില്ലത്രേ, അവൾ ചിരിച്ചഘോഷിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇടുന്നു, ഇതൊക്കെ കാരണം അവൾ നന്ദിയില്ലാത്തവളായി മാറി എന്ന്. ജെൻസന്റെ അച്ഛൻ ചെയ്ത വിഡിയോ പ്രകാരം വീട് ജപ്തി ചെയ്യാൻ പോകുന്നു എന്നറിഞ്ഞു, അവൾ നല്ലൊരു തുക ആദ്യമേ കൈമാറിയിരുന്നു, ഒപ്പം അന്നാ സ്ഥാപനം തുടങ്ങാൻ വേണ്ടി കൊടുത്ത സ്വർണ്ണമൊന്നും അവൾ തിരിച്ചു വേടിച്ചില്ല എന്നതെല്ലാം അവളെ അറിയുന്നവർക്കറിയാം.. മരിച്ചുപോയവരെ കുറിച്ചോ അവന്റെ വീട്ടുകാരെ കുറിച്ചോ ഒന്നും പ്രതികരിക്കില്ല അവൾ, അതാണവളുടെ പ്രകൃതം.. ഇന്നും അവൾ ജീവിക്കുന്നത് വാടക വീട്ടിലാണ്, കാരണം വാഗ്ദാനങ്ങൾ ഒന്നും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല, ജോലി ഒഴിച്ച്.
ആ ജോലിയും ചെയ്തു, അവളുടെ സന്തോഷത്തിന്റെ വഴി കണ്ടെത്തി അവൾ ജീവിക്കാൻ പാടില്ല എന്ന് വിളിച്ചു പറയുന്ന മാന്യമായ മനുഷ്യരോട്, ഈ സംഭവിച്ചത് നിങ്ങൾക്കാണെങ്കിൽ നിങ്ങൾ ജനൽ കമ്പി പിടിച്ചു വിദൂരതയിലേക്ക് കണ്ണു നട്ട്, കണ്ണീർ പൊഴിച്ചിരുന്നോളൂ, പക്ഷെ അവൾ, അവളുടെ മനഃസാക്ഷിക്ക് ശെരി എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്ത് ജീവിച്ചു മുന്നോട്ട് പോകുക തന്നെ ചെയ്യട്ടെ.