ആയിഷയ്ക്കു രണ്ടു വയസ്സായപ്പോൾ പപ്പ ഒരു പാവ വാങ്ങിക്കൊടുത്തു. കുഞ്ഞായിഷയോളം വലുപ്പമുണ്ടായിരുന്നു അതിന്. സ്കൂൾ കാലത്തും ആയിഷ പാവയെ ഒപ്പം കൂട്ടി. പിന്നെ, പാവയെ ഒരുക്കലായി. വ്യത്യസ്ത ഡിസൈനിലുള്ള ഉടുപ്പു തുന്നലായി. അങ്ങനെ കാലത്തിനൊപ്പം ആയിഷയെന്ന ഡിസൈനറും വളർന്നു.
മോസ്കോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലെ ഫാഷൻ ഷോയിൽ ഇന്ത്യൻ സാന്നിധ്യമായിരുന്നു ഈ 42കാരി. റഷ്യൻ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചാണു നാലു ദിവസത്തെ പരിപാടിയിൽ പങ്കെടുത്തത്. ജർമൻ ഗ്ലോബൽ ഇക്കണോമിക് ഫോറത്തില്‍ സെനറ്റ് അംഗവുമാണ്. ഭാരത് സേവക് സമാജ് പുരസ്കാരം, സമം വനിതാരത്നം പുരസ്കാരം എന്നിവയും ആയിഷയെ തേടിയെത്തി. മോഡസ്റ്റ് ഫാഷൻ വസ്ത്രങ്ങളുടെ (ശരീരം കൂടുതൽ മറയ്ക്കുന്ന തരത്തിലുള്ളവ) വ്യത്യസ്തമായ കളക്‌ഷനുകളിലൂടെ വിദേശവിപണി വരെ കീഴടക്കിയ വ്യവസായി ആണിന്ന് ആയിഷ.
കോവിഡ് കാലം വരെ ‘മെഹർ’ എന്ന ആയിഷയുടെ ബ്രാൻഡിനു നിരവധി ഷോറൂമുകളുണ്ടായിരുന്നു. ലോക്ഡൗണിൽ ഷോറൂമുകൾക്കു ലോക്കിട്ടു കയറ്റുമതി രംഗത്തു പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചു. 2018ൽ റിവെയ്ൽ എന്ന പേരിൽ ആർക്കും ഉപയോഗിക്കാവുന്ന മോഡസ്റ്റ് വസ്ത്രങ്ങളുടെ ബ്രാൻഡിനും തുടക്കമിട്ടു.
‘‘കോവിഡിൽ ലോകം നിശ്ചലമായ കാലത്താണു സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് അമ്മയുടെ പേരിൽ മറിയം ഫൗണ്ടേഷനു തുടക്കമിട്ടത്. അതുവഴി നിരവധി സ്ത്രീകളുടെ ജീവിതത്തിനു വെളിച്ചം പകരാൻ കഴിയുന്നു എന്നതു മറ്റൊരു സന്തോഷം.
മുംബൈയിൽ എയർ ടിക്കറ്റിങ് ഏജൻസി ബിസിനസ് ആയിരുന്നു പപ്പ ഒ.കെ. ഖാദറിന്. നാട്ടിൽ വരുമ്പോഴൊക്കെ ബോളിവുഡ് സുന്ദരികൾ വസ്ത്രങ്ങൾ വാങ്ങുന്ന സ്റ്റോറുകളിൽ നിന്നുള്ള പുതുഡിസൈനുകളുമായാണു പപ്പയുടെ വരവ്. ആ നിറങ്ങളും വ്യത്യസ്തമായ പാറ്റേണുകളും സ്വാധീനിച്ചിട്ടുണ്ടാകാം. പതിയെ ഫാഷനാണ് പാഷൻ എന്നു സ്വയം മനസ്സിലാക്കി.
തുന്നൽ വിദ്യ പാരമ്പര്യമായി പകർന്നു കിട്ടിയതാണ്. പേർഷ്യയിലേക്കും ഇറാഖിലേക്കുമൊക്കെ അന്നത്തെ കാലത്തു തളങ്കര തൊപ്പി കയറ്റുമതി ചെയ്തിരുന്നു. അക്കാലത്തു നാട്ടിലെ മുസ്‌ലിം സ്ത്രീകളുടെ പതിവു തൊഴിലായിരുന്നു അത്. തളങ്കര തൊപ്പി തുന്നുന്നതിൽ വിദഗ്ധയായിരുന്നു ഉപ്പുമ്മയുടെ ഉമ്മ. മണിക്കൂറുകളോളം ഇരുന്നു കൈത്തുന്നലിട്ടു വളരെ പെർഫക്‌ടായി ഉടുപ്പുകളുമുണ്ടാക്കും. ആ വേഗവും കൃത്യതയും കണ്ടാണു വളർന്നത്. പക്ഷേ, അ തിൽ മാത്രം ഒതുങ്ങിയിരുന്നില്ല മനസ്സ്. പഠിക്കാൻ വലിയ ഇഷ്ടമായിരുന്നു. രണ്ടോ മൂന്നോ ദിവസത്തേക്കാണെങ്കിലും അ വധി കിട്ടിയാൽ അപ്പോൾ തന്നെ പപ്പയുടെ അടുത്തേക്കു പോകും. പിന്നെ, മുംബൈയിലെ ട്രെൻഡി വസ്ത്രങ്ങളുമായി കാസർകോട്ടേക്കു മടക്കം. അങ്ങനെ പള്ളമെന്ന ഞങ്ങളുടെ ചെറുപട്ടണത്തിൽ അന്നത്തെ രീതിയിൽ ട്രെൻഡ് സെറ്ററാകാനും പറ്റി.

സ്കൂൾ കാലത്തേ എനിക്കു നല്ല പൊക്കമുണ്ടായിരുന്നു. അന്നത്തെ രീതിയനുസരിച്ചു നേരത്തെ കല്യാണാലോ ചനകൾ തുടങ്ങും. എട്ടാം ക്ലാസ്സിലെത്തിയപ്പോഴേ എനിക്കും ആലോചനകൾ വന്നു തുടങ്ങി. പക്ഷേ, പ്രോഗ്രസീവായി ചിന്തിച്ചിരുന്നയാളാണു പപ്പ. ഡ്രൈവിങ് പഠിക്കാനും സ്വന്തം ആഗ്രഹങ്ങൾ മറക്കാതെ ജീവിക്കാനും പഠിപ്പിച്ചിരുന്നു. ‘നല്ല കഴിവുള്ള കുട്ടിയാണ്. അവൾ പഠിക്കട്ടെ. കല്യാണം ഇപ്പോൾ വേണ്ട.’ ആലോചനകളുമായി വന്ന പലരോടും സ്കൂൾ കാലത്ത് ഇതു തന്നെയായിരുന്നു മറുപടി.
പക്ഷേ, പ്ലസ്‌ടു സമയത്തു ഞാൻ കെട്ടിപ്പൊക്കിയ മതിലുകളൊക്കെ കടന്ന് ഒരാലോചനയെത്തി. പാലക്കാട് തുണിനിർമാണവും വിൽപനയുമുള്ള ബിസിനസ് കുടുംബം. ‘പ്ലസ്ടു പാസ്സായി നിഫ്റ്റിൽ നിന്നു ബിരുദമെടുക്കണമെന്നാണു മോളുടെ ആഗ്രഹം’ പപ്പ ആദ്യമേ തന്നെ പറഞ്ഞു. വിവാഹം പഠനത്തിനു തടസ്സമാകില്ലെന്ന നിലപാടായിരുന്നു അവരുടേത്.
ഫാഷൻ കർമരംഗമാക്കണമെന്നു മോഹിച്ച എനിക്കുയോജിച്ചൊരു ബന്ധമാണിതെന്നു കുടുംബത്തിലും അഭിപ്രായമുണ്ടായി. അങ്ങനെ വിവാഹിതയായി. പക്ഷേ, തുട ർപഠനത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഭർത്താവ് പറഞ്ഞു, ‘നിർബന്ധമാണെങ്കിൽ ബിസിനസിൽ ചേരൂ. നിഫ്റ്റിലെ പഠനമൊന്നും ആലോചിക്കുകയേ വേണ്ട.’ അങ്ങനെ ആ സ്വപ്നം പാതിയിൽ തെന്നിവീണു.

വീട്ടിലെ ജോലികൾക്കും ശമ്പളം
സാമ്പത്തിക അച്ചടക്കം പഠിച്ചതു പപ്പയിൽ നിന്നാണ്. വീട്ടിൽ സഹായികളും നല്ല സാമ്പത്തിക സ്ഥിതിയുമൊക്കെയുണ്ട്. പക്ഷേ, ഞങ്ങൾ മൂന്നു പെൺമക്കൾക്കും വെറുതേ പോക്കറ്റ് മണിയൊന്നും തരാറേയില്ല. പണം സമ്പാദിക്കണമെങ്കിൽ സ്വയം അധ്വാനിക്കണം. അതായിരുന്നു പപ്പയുടെ തിയറി. സ്കൂൾ വിട്ടു വന്നാൽ പഠനത്തിനൊപ്പം എത്ര കൂടുതൽ ജോലി ചെയ്യുന്നുവോ അതിനുള്ള ശമ്പളമാണു പോക്കറ്റ് മണി. സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാനുള്ള ആദ്യപാഠമായിരുന്നു അത്. അതു നല്ലവണ്ണം മനസ്സിൽ പതിഞ്ഞതു കൊണ്ടു പിന്നീടു വന്ന തിരിച്ചടികളിൽ തളർന്നുവീണില്ല. മൂന്നര വർഷം മുൻപായിരുന്നു വിവാഹമോചനം. അനിയത്തിമാരിൽ മൂത്തയാൾ ഫാത്തിമ രുക്സാർ ഇൻഫ്ലുവൻസറാണ്. ഇളയവൾ റുമ ഇസ്ജാൻ ഞങ്ങളുടെ എക്സ്പോർട്ട് കമ്പനിയിൽ ഫാക്ടറി മാനേജറും.
മക്കൾ മൂന്നു പേരുണ്ട്. മൂത്തയാൾ ഷെഹൻഷാ വിഐ ടി അമരാവതി ക്യാംപസിൽ ആർട്ടിഫിഷല്‍ ഇന്റലിജൻസ് പഠിക്കുന്നു. മകൾ സോയ പ്ലസ് വൺ തുടങ്ങി. മറ്റൊരു ഞാനാണ് അവളെന്നു തോന്നാറുണ്ട്. എന്നെപ്പോലെ നിഫ്റ്റിൽ പഠിക്കണമെന്ന സ്വപ്നം അവൾക്കുമുണ്ട്. എനിക്കു സാഹചര്യങ്ങൾ പഠനത്തിനെതിരായി. അവൾക്ക് എ ല്ലാം ഫേവറബിളാണ്. മൂന്നാമത്തെ മകൻ സുൽത്താൻ നാ ലാം ക്ലാസുകാരൻ.
കട്ടിങ് ടേബിളും പാഠപുസ്തകം
ചിന്മയ വിദ്യാലയത്തിലെ പ്ലസ് ടുവിൽ പഠനം നിലച്ചു. പിന്നെ, ഭർതൃകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലും ഓഫിസിലുമായിരുന്നു ശ്രദ്ധ. ആറു മാസം കൊണ്ട് അക്കൗണ്ട്സ്, സ്പിന്നിങ്, ഡൈയിങ് എന്നു വേണ്ട തുണിനിർമാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വശമാക്കി. കട്ടിങ് ടേബിൾ ഒരു പാഠപുസ്തകം, തയ്യൽ മെഷീൻ മറ്റൊരു പുസ്തകം.
പക്ഷേ, അപ്പോഴും പഠിക്കണമെന്ന മോഹം മനസ്സിൽ പ ച്ച കെടാതെ നിന്നു. സ്വന്തമായെന്തെങ്കിലും കച്ചവടം തുടങ്ങിക്കോളൂ എന്നാണ് എനിക്കു കിട്ടിയ മറുപടി. അങ്ങനെ 2001ൽ ജെനെസിസ് ട്രെൻഡ് സെറ്റേഴ്സ് എന്ന പേരിൽ ഒ രു അപ്പാരൽ മാനുഫാക്ചറിങ് യൂണിറ്റ് തുടങ്ങി.
ആ സമയത്തു ഹിജാബിൽ അധികം വൈവിധ്യമുള്ള ഡിസൈനുകൾ ലഭിക്കുമായിരുന്നില്ല. തട്ടവും എല്ലാം ഒരേ പാറ്റേണിലാകും. അത് അവസരമായി കണ്ടു വിവിധ ഡിസൈനുകളിലുള്ള മോഡസ്റ്റ് വസ്ത്രങ്ങൾ മെഹർ എന്ന ബ്രാൻഡ്‌നെയിമിൽ കേരളത്തിലെ പല ഭാഗങ്ങളിൽ എ ത്തിച്ചു. കഴിവുള്ള സ്ത്രീകൾ ധാരാളമുണ്ടു നമുക്കു ചുറ്റും. പക്ഷേ, നേതൃസ്ഥാനത്തെത്താനോ തീരുമാനങ്ങളെടുക്കാനോ പലർക്കും കഴിയാറില്ല. പാട്ടും സ്പോർട്സും എ ല്ലാമുള്ളതായിരുന്നു കുട്ടിക്കാലം. പപ്പ സമ്മാനിച്ച സോണിയുടെ വാക്മാൻ ഉണ്ടായിരുന്നു എനിക്ക്. പാട്ടുകളുമായി അന്നേ തുടങ്ങിയതാണു കൂട്ട്. പിന്നെ, മുതിർന്ന ശേഷം സംഗീതം പഠിച്ചു.
നിഫ്റ്റിൽ പഠിക്കണമെന്നു മോഹിച്ച എനിക്കു സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർഥികൾക്കു ക്ലാസ് എടുക്കാൻ കഴിഞ്ഞു. പ്ലസ്ടു കഴിഞ്ഞു കച്ചവടക്കാരിയായ എനിക്കതു വലിയ സന്തോഷം തന്നെയാണ്. പഠനം മുടങ്ങിയ സങ്കടം പിന്നീടു പഠിച്ചു തന്നെ മാറ്റി. ഐഐഎമ്മിൽ നിന്നു നേരിട്ടും ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ഓൺലൈനായും കോഴ്സുകൾ പഠിച്ചു. നിഫ്റ്റിൽ നിന്നു പഠിച്ചിറങ്ങിയ കുട്ടികൾക്കു ജോലി നൽകാനും കഴിഞ്ഞിട്ടുണ്ട്.
നിഫ്റ്റിന്റെ ഫൗണ്ടിങ് ചെയർമാനായ ഡോ. ഡാർലി ഉമ്മൻ കോശിയുടെ ജീവിതകഥയും പഠനങ്ങളും പറയുന്ന ‘ഓൾ ബൈ ഡിസൈൻ’ എന്ന പുസ്തകം പ്രകാശനം ചെയ്ത വേദിയിൽ നന്ദി പറയാൻ അടുത്തിടെ അവസരം കിട്ടിയതും അവിചാരിതമായാണ്. എനിക്ക് എല്ലാ സ്ത്രീകളോടും ഒന്നേ പറയാനുള്ളൂ. പണം സമ്പാദിക്കുന്നയാളുടെ വാക്കിനു മാത്രമേ കുടുംബത്തിൽ വിലയുണ്ടാകൂ. തീരുമാനങ്ങളെടുക്കാനും അവർക്കേ കഴിയൂ. അതുകൊണ്ടു നിങ്ങൾക്കു കരുത്തുള്ള മേഖലയിൽ മുന്നിട്ടിറങ്ങുക.’’ ആയിഷ വാക്കുകളിൽ കൊളുത്തി വയ്ക്കുന്നുണ്ട് ആത്മവിശ്വാസത്തിന്റെ നിലാവെട്ടം.

കടൽ കടന്ന തളങ്കര തൊപ്പി
പതിനാലാം നൂറ്റാണ്ടിൽ കാസർകോട് തളങ്കരയിൽ വ്യാപകമായി നിർമിച്ചിരുന്ന കരകൗശല ഉൽപന്നമാണ് തളങ്കര തൊപ്പി. അറബ് രാജ്യങ്ങളിലേക്കും തുർക്കിയിലേക്കും കയറ്റുമതി ചെയ്തിരുന്നു. തളങ്കരയുെട സാമ്പത്തിക സാംസ്കാരിക ചരിത്രത്തിൽ പ്രത്യേക സ്ഥാനം ഈ തൊപ്പികൾക്കുണ്ട്.
∙ ഒമാൻ തൊപ്പി എന്നും വിളിപ്പേരുണ്ട്.
∙ പരമ്പരാഗത രീതിയിൽ തൊപ്പി നിർമിച്ചിരുന്നത് 15 മുതൽ 20 വരെ ദിവസമെടുത്താണ്.
∙ കോട്ടൺ നൂലുകൾ ഡൈ ചെയ്തു പ്രത്യേക രീതിയിൽ നെയ്തെടുത്താണ് ഇവയുടെ നിർമാണം. വശങ്ങൾ കട്ടിയേറിയതും മനോഹരമായ ഹാൻഡ് എംബ്രോയ്ഡറി കൊണ്ടു മോടി പിടിപ്പിച്ചതുമായിരിക്കും.
∙ മെഷീൻ നിർമിത തൊപ്പികൾ ചൈനയിൽ നിന്നു ചെറിയ വിലയിൽ ലഭ്യമായിത്തുടങ്ങിയതോടെ പരമ്പരാഗത രീതിയിലുള്ള തളങ്കര തൊപ്പിയുടെ നിർമാണം തീരെ കുറഞ്ഞു.